Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കഴക്കൂട്ടം എസിയും സംഘവും വീടുകളിൽ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളെ അടക്കം ബലമായി ഉണർത്തി സ്‌റ്റേഷനിലെത്തിച്ചു; പിന്നാലെ ബുൾഡോസർ കൊണ്ടുവന്ന് ഗുണ്ടകൾ ഇടിച്ചു നിരത്തിയത് ഏഴു വീടുകൾ; വില്ലേജ് ഓഫീസ് രേഖകളിൽ കൃത്രിമം കാണിച്ച് ഭൂമാഫിയ തട്ടിയെടുത്തത് തലമുറകളായി ദളിത് കുടുംബാംഗങ്ങൾ താമസിച്ച ഭൂമി; കുടിയിറക്കാൻ വേണ്ടി നടന്നത് ആസൂത്രിത നീക്കങ്ങൾ; ഹൈക്കോടതി വിധിയുടെ പിൻബലത്തിൽ തലസ്ഥാനത്തെ മൺവിളയിൽ കോവിഡ് കാലത്ത് നടന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത

കഴക്കൂട്ടം എസിയും സംഘവും വീടുകളിൽ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളെ അടക്കം ബലമായി ഉണർത്തി സ്‌റ്റേഷനിലെത്തിച്ചു; പിന്നാലെ ബുൾഡോസർ കൊണ്ടുവന്ന് ഗുണ്ടകൾ ഇടിച്ചു നിരത്തിയത് ഏഴു വീടുകൾ; വില്ലേജ് ഓഫീസ് രേഖകളിൽ കൃത്രിമം കാണിച്ച് ഭൂമാഫിയ തട്ടിയെടുത്തത് തലമുറകളായി ദളിത് കുടുംബാംഗങ്ങൾ താമസിച്ച ഭൂമി; കുടിയിറക്കാൻ വേണ്ടി നടന്നത് ആസൂത്രിത നീക്കങ്ങൾ; ഹൈക്കോടതി വിധിയുടെ പിൻബലത്തിൽ തലസ്ഥാനത്തെ മൺവിളയിൽ കോവിഡ് കാലത്ത് നടന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത

എം മനോജ് കുമാർ

തിരുവനന്തപുരം: വീട്ടിൽ ഉറങ്ങിക്കിടന്നവരെ അതിരാവിലെ തട്ടിയുണർത്തി പുറത്താക്കിയശേഷം വീടുകൾ ഇടിച്ചു നിരത്തി കുടിയിറക്കൽ. കഴക്കൂട്ടം മൺവിളയിലെ ചെങ്കൊടിക്കാടാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വിധത്തിൽ ഏഴു വീടുകളിലെ ദളിത് കുടുംബാംഗങ്ങളെ കഴിഞ്ഞ ബുധനാഴ്ചയാണ് കുടിയൊഴിപ്പിച്ചത്. ഹൈക്കോടതി വിധിയുടെ പിൻബലത്തിൽ ഗുണ്ടകളും പൊലീസും ചേർന്നു അതിരാവിലെ നടത്തിയ നരനായാട്ടിൽ മരവിച്ചിരിക്കുകയാണ് കഴക്കൂട്ടത്തെ മൺവിള. മഹാമാരി പോലെ മരണവും ദുരിതവും വിതച്ച് കോവിഡ് പടരുമ്പോൾ അത് പോലും കൂസാതെയാണ് കഴക്കൂട്ടം അസിസ്റ്റന്റ്‌റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുടിയോഴിപ്പിക്കലും വീട് ഇടിച്ചു നിരത്തലും നടത്തിയത്.

കോവിഡ് പടരുന്നതിനാൽ സമരങ്ങൾക്ക് പോലും ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയിരിക്കെയാണ് ധൃതി പിടിച്ചുള്ള കുടിയൊഴിപ്പിക്കൽ. അതുകൊണ്ട് തന്നെ ഇതിനു പിന്നിൽ രാഷ്ട്രീയ സ്വാധീനം വ്യക്തമാണ്. അതിരാവിലെ പൊലീസും ഗുണ്ടകളും ചേർന്ന് വീട്ടുകാരെ മുഴുവൻ ബലമായി വീടുകളിൽ നിന്ന് പിടിച്ച് ഇറക്കിയശേഷം ബുൾഡോസർ ഉപയോഗിച്ച് വീടുകൾ ഇടിച്ചു നിരത്തുകയായിരുന്നു. പൊലീസുകാർ കൈകെട്ടി നിന്നപ്പോൾ ഗുണ്ടകളാണ് ബുൾഡോസർ എടുത്ത് വീടുകൾ തകർത്ത് തരിപ്പണമാക്കിയത്. ഭൂമിയിലെ മരങ്ങൾ വരെ രാവിലെ പത്ത് മണിക്ക് മുൻപ് തന്നെ ഇവർ മുറിച്ച് വീഴ്‌ത്തുകയും ചെയ്തു.

നൂറു വർഷമായി തലമുറകളായി കൈവശം വെച്ച് താമസിച്ചിരുന്ന ഭൂമിയിൽ നിന്നാണ് ദളിത് കുടുംബാംഗങ്ങൾ കുടിയോഴിപ്പിക്കപ്പെട്ടത്. ഉടുതുണിക്ക് മറുതുണി എടുക്കാൻ പോലും അനുവദിക്കാതെയാണ് സ്ത്രീകളും കുട്ടികളും വൃദ്ധരും അടങ്ങുന്ന വീട്ടുകാരെ കഴക്കൂട്ടം സ്റ്റെഷനിലേക്ക് പൊലീസ് മാറ്റിയത്. എല്ലാ രേഖകളും സ്വർണാഭരണങ്ങൾ ഉൾപ്പെടെ എല്ലാം ഇവർക്ക് വീട് ഇടിച്ചു നിരത്തലിൽ നഷ്ടമാവുകയും ചെയ്തു. മൺവിള ചെങ്കൊടിക്കാട് വർഷങ്ങളായി ഇവർ താമസിച്ചിരുന്ന ഭൂമി രേഖകൾ പ്രകാരം മറ്റു വ്യക്തികളുടെ പേരിലാണ്. കോടതിയിൽ എതിർ വ്യക്തികൾ കേസ് നൽകിയപ്പോൾ ഭൂമി തങ്ങളുടേത് എന്ന് കോടതിയിൽ തെളിയിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. ഇതോടെയാണ് ദളിത് കുടുംബാംഗൾക്ക് എതിരായി വഞ്ചിയൂർ കോടതി വിധി വന്നത്.

1980 മുതൽ നടക്കുന്ന കേസിന്റെ വിധി ഇവർ ഭൂമി ഒഴിഞ്ഞു കൊടുക്കണം എന്ന രീതിയിലാണ് വന്നത്. 2017-ൽ വന്ന വിധിയാണിത്. ഈ വിധിയാണ് കോവിഡിന്റെ മറവിൽ ബലമായി നടപ്പിലാക്കപ്പെട്ടത്. ഹൈക്കോടതിയിൽ പോയാണ് ആ വിധിയുടെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കൽ നടന്നത്. നൂറു വർഷമായി ഭൂമി ഇവരുടെ കയ്യിൽ ഉണ്ടെങ്കിലും വില്ലേജ് ഓഫീസിലെ രേഖകൾ പ്രകാരം ഭൂമി ഇവരുടെ കൈവശമല്ല. രേഖകൾ തിരുത്തി ചിലർ കേസിന് പോയതാണ് ഇവരുടെ കുടിയൊഴിപ്പിക്കലിലും വീടി ഇടിച്ചു നിരത്തലിലും കലാശിച്ചത് എന്നാണ് നാട്ടുകാരുടെ ആരോപണം. ആറ്റിപ്ര വില്ലേജ് ഓഫീസിന്റെ സഹായം കേസിന് പോയവർക്ക് ലഭിച്ചിട്ടുണ്ടെന്നും പിന്നിൽ ഭൂമാഫിയ ആണെന്നും നാട്ടുകാർ ആരോപിക്കുന്നു. ഭൂമി നഷ്ടമായവർ കഴിഞ്ഞ മൂന്നു ദിവസമായി നാട്ടുകാർക്കും ബിജെപി പ്രവർത്തകർക്കുമൊപ്പം ആറ്റിപ്ര വില്ലേജ് ഓഫീസിനു മുന്നിൽ കുത്തിയിരിക്കുകയാണ്.

ആറ്റിപ്രയിലെ വാർഡ് കൗൺസിലറും നാട്ടുകാരും കുടിയൊഴിപ്പിക്കൽ അറിഞ്ഞു എത്തുമ്പോഴേക്കും വീടുകളിൽ ഉള്ളവരെ സ്റ്റേഷനിൽ എത്തിക്കുകയും വീടുകൾ ഇടിച്ചു നിരത്തുകയും ചെയ്തിരുന്നു. കേട്ടാലറയ്ക്കുന്ന തെറിവിളയും ബലപ്രയോഗവും നടത്തിയാണ് വീടുകളിൽ ഉറങ്ങിക്കിടന്നവരെ കുടിയോഴിപ്പിച്ചത്. നൂറു വർഷമായി തലമുറകളോളം കൈവശം വെച്ച് താമസിക്കുന്ന സ്ഥലത്ത് നിന്നാണ് ഇവരെ പൊലീസും ഗുണ്ടകളും ഇവരെ കുടിയൊഴിപ്പിച്ചു വിട്ടത്. സ്റ്റേഷനിൽ എത്തിച്ച വീട്ടുകാരെ പൊലീസ് ഒരു കുടുസു മുറിയിൽ പൂട്ടിയിട്ടതും വിവാദമായിട്ടുണ്ട്. ഇവരെ വീടുകളിൽ നിന്നും വലിച്ചിഴച്ച് പുറത്താക്കിയപ്പോൾ ഒരു സാധനം പോലും എടുക്കാൻ അനുവദിക്കാത്ത പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടു ഭക്ഷണം പോലും ഇവർക്ക് നൽകിയതുമില്ല. സിപിഎമ്മുകാരായ ദളിത് കുടുംബാംഗങ്ങളെ രാഷ്ട്രീയ പ്രശ്‌നങ്ങളും ഭൂമാഫിയയുടെ സ്വാധീനവും മുൻ നിർത്തി പാർട്ടി കയ്യൊഴിഞ്ഞപ്പോൾ ഹിന്ദു ഐക്യവേദിയും ബിജെപിയുമാണ് ഇവരുടെ സഹായത്തിനു രംഗത്തുള്ളത്. പത്തു മണിക്കൂറോളം സ്റ്റേഷനിൽ കഴിഞ്ഞ കുടുംബം അവിടുന്ന് മോചിതരാകാൻ കാരണവും ഹിന്ദു ഐക്യവേദി പ്രവർത്തകരുടെ ഇടപെടൽ തന്നെ. പെരുമഴയത്ത് ഇവർ നിസ്സഹായരായി നിന്നപ്പോൾ താത്കാലിക താമസത്തിന് ഒരു വീട് നല്കിയതും ബിജെപി പ്രവർത്തകരാണ്.

തൃപ്പാദപുരം ക്ഷേത്ര കാര്യങ്ങളുമായി ബന്ധപ്പെട്ടു ശ്രീചിത്തിര തിരുനാളിന്റെ ഭരണകാലത്ത് ഇവർക്ക് അനുവദിച്ച് കിട്ടിയ അരയേക്കറോളം ഭൂമിയിലാണ് ഏഴു വീടുകളിലായി ഇവർ താമസിക്കുന്നത്. ഈ വസ്തുവാണ് ഒരു സുപ്രഭാതത്തിൽ ഇവരിൽ നിന്നും ചിലർ കോടതി വിധിയുടെ പിൻബലത്തിൽ തട്ടിയെടുത്തത്. വീട്ടു നമ്പറും ആധാറും ഒക്കെ കയ്യിലുണ്ടെങ്കിലും ഭൂമിയുടെ പ്രമാണം ഇവരുടെ പേരിലില്ല. സർക്കാരോ രാജകുടുംബമോ ഇവർക്ക് പതിച്ച് നൽകിയതായി രേഖകൾ നിലവിലില്ല. ഇത് മനസിലാക്കി സർവേ നമ്പരിൽ കൃത്രിമം നടത്തിയാണ് ഭൂമി ചിലർ അധീനപ്പെടുത്തിയത് എന്നാണ് ആരോപണം. തൃപ്പാദപുരം ക്ഷേത്രത്തിൽ ഉത്സവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കുമ്പോൾ ചൂട്ടു പിടിക്കാൻ അവകാശം ഈ കുടുംബാംഗങ്ങൾക്കാണ്. അതിനാലാണ് ക്ഷേത്രത്തിനു സമീപമുള്ള സ്ഥലം ഇവർക്ക് രാജ ഭരണകാലത്ത് പതിച്ച് നൽകിയത്. ഇങ്ങനെ പതിച്ച് നൽകിയപ്പോൾ രേഖാപരമായി ഉടമസ്ഥാവകാശം സ്ഥാപിക്കാൻ അജ്ഞത കാരണം ഇവർക്ക് കഴിഞ്ഞില്ല. ഇത് മനസിലാക്കിയുള്ള ചിലർ നടത്തിയ നീക്കമാണ് ഇവർക്ക് ഭൂമി നഷ്ടമാക്കിയത് എന്നാണ് ആരോപണം. ഇന്നും ക്ഷേരതരത്തിലെ ഈ ചടങ്ങ് ഇവർ തന്നെയാണ് ചെയ്യുന്നത്.

നാട്ടുകാർ ഈ സംഭവത്തെക്കുറിച്ച് മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ: പ്രഭാകരൻ എന്ന വ്യക്തിക്ക് ഇവിടെ സ്ഥലമുണ്ട്. രണ്ടേക്കർ സ്ഥലം ഇയാൾക്കുണ്ട്. അത് ഒന്നര ഏക്കർ ഒരു പള്ളിക്ക് കൊടുത്തു. ബാക്കി അൻപത സെന്റ് അവർ ഭാഗപത്രം ചെയ്ത് മറ്റുള്ളവർക്ക് നൽകി. ദേവസ്വം ബോർഡ് നൽകിയ വസ്തുക്കൾ എല്ലാവരും രേഖാപരമായി പതിച്ച് എടുത്തു. ഇവർ പതിക്കാൻ പോയില്ല. രേഖാപരമായി അവകാശം ഇവർക്ക് നഷ്ടമായി. കുടികിടപ്പ് അവകാശം എന്ന രീതിയിലാണ് ഇവർ തുടർന്നത്. വീട് നമ്പർ ഉണ്ട്, റേഷൻ കാർഡ് ഉണ്ട്, അധാർ ഉണ്ട്. എല്ലാം ഇവരുടെ പേരിലുണ്ട്. കരംതീരുവ ഇപ്പോഴും ഈ കുടുംബത്തിന്റെ അപ്പൂപ്പന്റെ പേരിലാണ്. പ്രമാണം ചെയ്തു വാങ്ങിയിട്ടില്ല. ഇവർ താമസിക്കുന്ന സർവേ നമ്പർ അല്ല കേസ് നൽകിയ ആളുടെ സർവേ നമ്പർ. ഇതിൽ കൃത്രിമം നടന്നിട്ടുണ്ട്.

കേസ് നൽകിയയാൾ അദ്ദേഹത്തിന്റെ സർവേ നമ്പർ കാണിച്ച് ആ വസ്തു ഇതാണ് എന്ന് കോടതിയിൽ തെളിയിച്ചു. ഇതാണ് ഇവർക്ക് വീടും സ്ഥലവും നഷ്ടമാക്കിയത്. വില്ലേജ് ഓഫീസിന്റെ സഹായം എതിർ പാർട്ടിക്ക് ലഭിച്ചിട്ടുണ്ട്. കോടതിയിൽ അനുകൂല രേഖകൾ സമർപ്പിച്ചാണ് എതിർപാർട്ടി വിധി വാങ്ങിയത്. ദേവസ്വം ബോർഡ് നൽകിയ ഭൂമിയാണ് കുടുംബാംഗങ്ങൾ കോടതിയിൽ പറഞ്ഞിട്ടില്ല. അത് അവരുടെ അജ്ഞത കാരണമാണ്. കേസ് നൽകിയ പ്രഭാകരൻ റിയൽ എസ്റ്റേറ്റ് ബിനാമിയായി അറിയപ്പെടുന്ന ആളാണ്.

വില്ലേജ് ഓഫീസ് രേഖകൾ പ്രകാരം ഭൂമി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബാംഗങ്ങളുടെ പേരിലല്ലെന്നാണ് ആറ്റിപ്ര വില്ലേജ് ഓഫീസർ രാജി മറുനാടനോട് പ്രതികരിച്ചത്. രേഖകൾ പ്രകാരം മാത്രമേ ഞങ്ങൾക്ക് മറുപടി നൽകാൻ കഴിയൂ. അവർക്ക് ഭൂമി പതിച്ച് നല്കിയതിനു രേഖയില്ല. നൂറു വർഷമായി തലമുറകളായി ഏഴു കുടുംബാംഗങ്ങൾ വീട് വെച്ച് താമസിക്കുമ്പോൾ എങ്ങനെയാണ് ഒരു സുപ്രഭാതത്തിൽ ഇവർക്ക് വീട് നഷ്ടമാവുക എന്ന ചോദ്യത്തിനു വില്ലേജ് ഓഫീസർ തക്കതായ മറുപടി നൽകിയില്ല. രേഖകൾ പ്രകാരം കേസ് വിജയിച്ചവരുടെതാണ് ഭൂമി. എപ്പോഴാണ് രേഖകൾ അവരുടെ പേരിലായത് എന്ന് ചോദിച്ചപ്പോൾ മൂന്നു വർഷം മുൻപാണെന്നും താൻ പുതിയ ആളായതിനാൽ കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നുമാണ് വില്ലേജ് ഓഫീസർ പറഞ്ഞത്. കുടിയൊഴിപ്പിച്ചത് ഹൈക്കോടതി വിധി പ്രകാരം കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്. പക്ഷെ രേഖകൾ അത് പ്രശ്‌നമല്ലെ എന്ന് ചോദിച്ചപ്പോൾ ഞാൻ ഒന്ന് കൂടി പരിശോധിക്കും എന്നാണ് വില്ലേജ് ഓഫീസർ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP