Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ വർഷം മാർച്ചിൽ താൻ രോഗാതുരനായി വിടവാങ്ങിയെന്ന് മാധ്യമങ്ങളിൽ അഭ്യൂഹം പരന്നപ്പോൾ അമർ സിങ് പറഞ്ഞു: 'ടൈഗർ സിന്ദാ ഹേ'; രാഷ്ട്രീയ തന്ത്രങ്ങളിലും ഉപജാപങ്ങളിലും വിരുതനായിരുന്ന നേതാവ് എക്കാലത്തും മുലായത്തിന് പ്രിയങ്കരൻ; സമാദ് വാദിയിലെ പ്രതാപത്തിന് മങ്ങലേറ്റത് ന്യൂജൻ നേതാവായ അഖിലേഷ് യാദവിന്റെ കരുനീക്കങ്ങളിൽ; ഇണങ്ങിയും പിണങ്ങിയും എസ്‌പിയിൽ തമ്പടിച്ച അമർ സിങ് പാർട്ടിക്ക് കരുത്തുറ്റ ദേശീയ മുഖം നൽകിയ തന്ത്രജ്ഞൻ

ഈ വർഷം മാർച്ചിൽ താൻ രോഗാതുരനായി വിടവാങ്ങിയെന്ന് മാധ്യമങ്ങളിൽ അഭ്യൂഹം പരന്നപ്പോൾ അമർ സിങ് പറഞ്ഞു: 'ടൈഗർ സിന്ദാ ഹേ'; രാഷ്ട്രീയ തന്ത്രങ്ങളിലും ഉപജാപങ്ങളിലും വിരുതനായിരുന്ന നേതാവ് എക്കാലത്തും മുലായത്തിന് പ്രിയങ്കരൻ; സമാദ് വാദിയിലെ പ്രതാപത്തിന് മങ്ങലേറ്റത് ന്യൂജൻ നേതാവായ അഖിലേഷ് യാദവിന്റെ കരുനീക്കങ്ങളിൽ; ഇണങ്ങിയും പിണങ്ങിയും എസ്‌പിയിൽ തമ്പടിച്ച അമർ സിങ് പാർട്ടിക്ക് കരുത്തുറ്റ ദേശീയ മുഖം നൽകിയ തന്ത്രജ്ഞൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:'ഒരുകാലത്ത് രാജ്യത്തെ ഏറ്റവും അധികാരശക്തിയുള്ള നേതാക്കളിൽ ഒരാളായിരുന്ന അമർ സിങ് അന്തരിച്ചു.' പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി ട്വിറ്ററിൽ കുറിച്ച വാക്കുകൾ. ഈ വർഷം മാർച്ചിലും അദ്ദേഹം മരിച്ചതായി അഭ്യൂഹം പരന്നിരുന്നു. അന്ന് അത് കേട്ടറിഞ്ഞ സിങ് പറഞ്ഞു: ടൈഗർ സിന്ദാ ഹേ.

രാജ്യസഭാംഗവും സമാജ് വാദി പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായിരുന്നു അമർ സിങ് ദീർഘകാലം. 2010 ജനുവരിയിൽ പാർട്ടിയിലെ എല്ലാ പദവികളും അദ്ദേഹം രാജി വച്ചു. പിന്നീട് 2010 ഫെബ്രുവരിയിൽ സിങ്ങിനെ മുലായം സിങ് യാദവ് പുറത്താക്കി. 2011 ൽ കുറച്ചുകാലം ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നു. പിന്നീട് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. 2016 ൽ സമാജ് വാദി പാർട്ടിയുടെ പിന്തുണയോടെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2016 ഒക്ടോബറിൽ പാർട്ടിയിലെ ജനറൽ സെക്രട്ടറിമാരിൽ ഒരാളായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

വിരോധികൾക്ക് പഞ്ഞമില്ലാത്ത നേതാവ്

2010ലാണ് പാർട്ടിയിൽനിന്നു പുറത്താകുമ്പോൾ ഒപ്പം ജയപ്രദയും ഉണ്ടായിരുന്നു. ആറുവർഷത്തിനുശേഷം തിരിച്ചുവന്ന അമർ സിങ്ങിനു ജനറൽ സെക്രട്ടറി സ്ഥാനം തിരിച്ചുകിട്ടി. കഴിഞ്ഞവർഷം രാജ്യസഭാ സീറ്റും നൽകിയതോടെ പാർട്ടിക്കകത്തെ അമർ സിങ് വിരോധികൾ അഖിലേഷിന്റെ നേതൃത്വത്തിൽ ഒരുമിക്കുകയായിരുന്നു.

എസ്‌പിയിൽനിന്നു പുറത്തായശേഷം 2011ൽ രാഷ്ട്രീയ ലോക് മഞ്ച് എന്ന പേരിൽ സ്വന്തം പാർട്ടിയുണ്ടാക്കിയ അമർ സിങ് 2012ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ഏതാണ്ട് എല്ലാ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തി മൽസരിപ്പിച്ചു. ഒരാളും ജയിച്ചില്ല. പിന്നീട് രാഷ്ട്രീയ ലോക്ദളിൽ ചേർന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഫത്തേപൂരിൽനിന്നു മൽസരിച്ചെങ്കിലും തോറ്റു. ഡൽഹിയിൽ സമാജ്വാദി പാർട്ടിയുടെ മുഖമായിരുന്ന കാലത്ത് ഒട്ടേറെ പ്രമുഖ വ്യവസായികളെ മുലായം സിങ് കുടുംബവുമായി അടുപ്പിച്ചത് അമർ സിങ്ങാണ്.

ഒരുകാലത്ത് മുലായത്തിന്റെ വിശ്വസ്തൻ

1996ൽ യുപി മുഖ്യമന്ത്രി വീർ ബഹാദൂറിന്റെ വസതിയിൽ വച്ചാണു മുലായം സിങ്ങുമായി അമർ സിങ് ആദ്യം കൂടിക്കാഴ്ച നടത്തുന്നത്. തുടർന്ന് എസ്‌പിയിൽ ചേർന്ന സിങ് മുലായത്തിന്റെ വിശ്വസ്തനായി. ഇംഗ്ലിഷ് വിരോധിയും പ്രാദേശികനേതാവുമായി കഴിഞ്ഞിരുന്ന മുലായത്തിനു ദേശീയ രാഷ്ട്രീയത്തിൽ സ്ഥാനമുണ്ടാക്കിക്കൊടുത്തതിനു പിന്നിൽ അമർ സിങ്ങിന്റെ രാഷ്ട്രീയതന്ത്രങ്ങളാണെന്നാണു വിലയിരുത്തൽ. പിന്നാമ്പുറ കളികളിൽ സമർഥനായ അമർ സിങ് 2008ൽ വിശ്വാസവോട്ടിൽ യുപിഎ സർക്കാരിന് അനുകൂലമായി നിലപാടെടുക്കാൻ ബിജെപി എംപിമാർക്കു കോഴ നൽകിയെന്ന വിവാദത്തിലും പെട്ടു.

അമർ സിങ്ങിന്റെ മടങ്ങിവരവിനുശേഷം അദ്ദേഹത്തെ രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾ യുപി മന്ത്രി അസം ഖാനും മുതിർന്ന നേതാക്കളായ രാം ഗോപാൽ യാദവും നരേശ് അഗർവാളും പരസ്യമായി എതിർത്തു. എസ്‌പിയിൽനിന്നു പുറത്താക്കപ്പെട്ട കാലത്ത് അമർ സിങ് മുലായത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. മുലായത്തിന്റെ തനിനിറം പുറത്താക്കുമെന്നു ഭീഷണിയും മുഴക്കി. എന്നിട്ടും അദ്ദേഹം തിരിച്ചെത്തി മുലായത്തിനു പ്രിയപ്പെട്ടവനായി തുടർന്നു.പാർട്ടിയുടെ ദേശീയമുഖം മിനുക്കാനും ഫണ്ട് സമാഹരണം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണു മുലായം അമർ സിങ്ങിനെ തിരിച്ചുകൊണ്ടുവന്നത്. എന്നാൽ അമർ സിങ്ങിന്റെ രാഷ്ട്രീയക്കളികളോടും ഉപജാപങ്ങളോടും യോജിപ്പില്ലാത്ത അഖിലേഷ് യാദവ് തന്നെയാണ് ഡൽഹിയിലെ കരുത്തനായ രാഷ്ട്രീയദല്ലാളിനെതിരെ കരുനീക്കം നടത്തിയത്.

പശ്ചാത്താപം പലരൂപത്തിൽ

ഒരുകാലത്ത് ബിഗ് ബി അമിതാബ് ബച്ചന്റെ അടുപ്പക്കാരനായിരുന്ന അമർ സിങ് പിന്നീട് അമിതാഭിന്റെയും ജയയുടെയും കടുത്ത വിമർശകനായി മാറി. അമിതാഭ് ബച്ചനും ജയയും അകന്നാണ് താമസിക്കുന്നതെന്നും ജയയും ഐശ്വര്യയും തമ്മിൽ നിരവധി പ്രശ്നങ്ങളുണ്ടെന്നും അമർ സിങ് ആരോപിച്ചിട്ടുണ്ട്. എന്നാൽ,രോഗാതുരനായപ്പോൾ സിങ് അതിനെല്ലാം ക്ഷമ ചോദിച്ച് സന്ദേശം അയച്ചു.അമർ സിങ്ങിന്റെ പിതാവിന്റെ ചരമ വാർഷിക ദിനത്തിൽ സന്ദേശമയച്ച അമിതാഭ് ബച്ചന് നൽകിയ മറുപടിയിലാണ് അമർ സിങ് ഇക്കാര്യം പറയുന്നത്. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള യുദ്ധത്തിലാണ് താനെന്നും അദ്ദേഹം തന്റെ ട്വീറ്റിൽ പറയുന്നു.

'ഇന്ന് എന്റെ അച്ഛന്റെ ചരമവാർഷികമാണ്. എനിക്ക് അമിത് ജിയുടെ സന്ദേശം ലഭിച്ചു. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള യുദ്ധത്തിനിടയിലാണ് ഇപ്പോൾ. അമിത് ജിക്കും കുടുംബത്തിനും എതിരെ ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോൾ ഖേദിക്കുന്നു. കുറ്റബോധം തോന്നുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ.' എന്നിങ്ങനെയായിരുന്നു അമർ സിങിന്റെ ട്വീറ്റ്. ഇപ്പോൾ അമർ സിങ് വിട വാങ്ങുമ്പോൾ അമിതാബ് കോവിഡ് ബാധിച്ച് ആശുപത്രിയിലും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP