Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'എന്റെ വ്യക്തിപരമായ ജീവിതത്തിൽ നഴ്‌സുമാർ ചില പ്രശ്‌നമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്..അവരെ ഉദ്ദേശിച്ച് പറഞ്ഞതാണ്; പറഞ്ഞപ്പോ..അങ്ങനെ ആയി പോയി; അതല്ലാതെ ലോകത്തുള്ള എല്ലാ നഴ്‌സുമാരെയും കുറിച്ചല്ല പറഞ്ഞത്..എനിക്ക് ഒരുപാട് വിഷമമുണ്ട്..നഴ്‌സുമാരുടെ ജോലിയുടെ മഹത്വം എന്തെന്ന് അറിയില്ലായിരുന്നു..മാപ്പ്': പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമാപണവുമായി സോഷ്യൽ മീഡിയയിൽ നഴ്‌സുമാരെ അധിക്ഷേപിച്ച കണ്ണൻ.സി.അമേരിക്ക

'എന്റെ വ്യക്തിപരമായ ജീവിതത്തിൽ നഴ്‌സുമാർ ചില പ്രശ്‌നമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്..അവരെ ഉദ്ദേശിച്ച് പറഞ്ഞതാണ്; പറഞ്ഞപ്പോ..അങ്ങനെ ആയി പോയി; അതല്ലാതെ ലോകത്തുള്ള എല്ലാ നഴ്‌സുമാരെയും കുറിച്ചല്ല പറഞ്ഞത്..എനിക്ക് ഒരുപാട് വിഷമമുണ്ട്..നഴ്‌സുമാരുടെ ജോലിയുടെ മഹത്വം എന്തെന്ന് അറിയില്ലായിരുന്നു..മാപ്പ്': പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമാപണവുമായി സോഷ്യൽ മീഡിയയിൽ നഴ്‌സുമാരെ അധിക്ഷേപിച്ച കണ്ണൻ.സി.അമേരിക്ക

ആർ പീയൂഷ്

ആലപ്പുഴ: നഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും സമൂഹ മാധ്യമത്തിൽ കൂടി അപമാനിച്ച അലപ്പുഴ മണ്ണഞ്ചേരി സ്വദേശി കണ്ണൻ മാപ്പപേക്ഷയുമായി ഫേസ്‌ബുക്കിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് തെറ്റു പറ്റിപ്പോയി എന്ന് സമ്മതിച്ച് മാപ്പ് പറയുന്നത്. എല്ലാ നഴ്സുമാരും എന്നോട് ക്ഷമിക്കണം. ഞാൻ എന്റെ വ്യക്തിപരമായ കാര്യം പറഞ്ഞതാണ. പക്ഷേ അത് എല്ലാവരെയും അടച്ച് ആക്ഷേപിക്കുന്നത് പോലെ ആയിപ്പോയി. മാപ്പ്..എന്ന് പറഞ്ഞു കൊണ്ടാണ് ഇയാൾ രംഗത്തെത്തിയിരിക്കുന്നത്. നഴ്സുമാരെ അപമാനിച്ചത് തെറ്റായിപ്പോയി എന്നും അവർ ചെയ്യുന്ന ജോലിയുടെ മഹത്വം എന്താണെന്ന് അറിയാത്തതു കൊണ്ടാണ് ഇത്തരം ഒരു വീഡിയോ ചെയ്തത്. തന്റെ ജീവിതത്തിൽ നഴ്സുമാർ വ്യക്തിപരമായി ചില പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അവരെ പറ്റി മാത്രമാണ് അങ്ങനെയൊക്കെ പറഞ്ഞതെന്നും ലോകത്തുള്ള എല്ലാ നഴ്സുമാരെയും പറ്റിയല്ലാ എന്നും വീഡിയോയിൽ പറയുന്നു. വീഡിയോയ്ക്കിടയിൽ ഏങ്ങലടിച്ചു കരയുന്നതും കാണാം.

ഇയാൾക്കെതിരെ പൊലീസിൽ പരാതി കൊടുത്തതിന് പിന്നാലെ നാട്ടുകാരുടെ കൂടി പ്രതിഷേധം ശക്തമാതോടെയാണ് മാപ്പ് പറഞ്ഞ് എത്തിയത്. മണ്ണഞ്ചേരി പാതിരാപ്പള്ളി ഗ്ലാസ് ഫോക്ടറിക്ക് സമീപം താമസിക്കുന്ന കണ്ണൻ എന്നയാൾക്കെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായെത്തിയത്. സമൂഹ മാധ്യമത്തിൽ പ്രചരിച്ച വീഡിയോ കണ്ടതോടെ നാട്ടുകാർ ഇയാളെ തേടി വീട്ടിൽ എത്തിയെങ്കിലും കടന്നു കളഞ്ഞു. ഒളിവിൽ പോയിരിക്കുന്ന ഇയാളെ കയ്യിൽ കിട്ടിയാൽ കൈകാര്യം ചെയ്തിട്ടേ പൊലീസിൽ നൽകൂ എന്നും നാട്ടുകാർ പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും ഫെയ്സ് ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്.

അതേസമയം, വാവിട്ട വാക്ക് തിരിച്ചെടുക്കാനാവില്ലെന്ന് നഴ്‌സുമാരുടെ സംഘടനയായ യുഎൻഎയുടെ അഖിലേന്ത്യ പ്രസിഡന്റ് ജാസ്മിൻ ഷാ ഫേസ്‌ബുക്കിൽ പറഞ്ഞു. അറിയാത്ത കാര്യങ്ങളെ കുറിച്ച് ഇനിയെങ്കിലും സംസാരിക്കരുതെന്നും, കണ്ണീർ ആത്മാർത്ഥതയോടെ എന്ന് കരുതുന്നതായും അദ്ദേഹം കുറിച്ചു.

ജാസ്മിൻ ഷായുടെ കുറിപ്പ് ഇങ്ങനെ:

അറിയാത്ത കാര്യത്തെപ്പറ്റി ഇനിയെങ്കിലും സംസാരിക്കരുത് കണ്ണൻ സി അമേരിക്ക.

തെറ്റ് പറ്റിയാൽ തിരുത്തണം.തിരുത്തിയാൽ പിന്നീട് അതാണ് ഏറ്റവും വലിയ കാര്യം.ഒരു സമൂഹത്തെ അങ്ങേയറ്റം അപമാനിച്ചാണ് സംസാരിച്ചത്.അതുകൊണ്ടാണ് ഞങ്ങളുടെ പ്രതികരണവും രൂക്ഷമായത്.രാവിലെ താങ്ങളുടെ വീട്ടിലേക്ക് യുഎൻഎക്കാർ വരുന്നത് വരെ ഞങ്ങളുടെ ധാരണ താങ്ങൾ അമേരിക്കയിൽ വസിക്കുന്ന ഒരാളായിരുന്നുവെന്നാണ്. എന്തായാലും ആ വീട്ടുകാരെക്കൂടി നിന്റെ പ്രവർത്തി വേദനിപ്പിച്ചു.താങ്ങളുടെ കണ്ണീർ ആത്മാർത്ഥയോടെയാണ് എന്ന് ഞങ്ങൾ കരുതുന്നു. എല്ലാം ക്ഷമിക്കാനും, പൊറുക്കാനും കഴിയുന്നവരാണ് നേഴ്‌സുമാർ. വാവിട്ട വാക്ക് തിരിച്ചെടുക്കാൻ പ്രയാസമാണ്.

എന്തായാലും താങ്ങളുടെ കണ്ണീർ ആത്മാർത്ഥയോടെയാണ് എന്ന് കരുതുന്നു.

നഴ്സ്സ്, ലാബ് ടെക്‌നിഷ്യൻ, അറ്റെന്റർ ഇവരൊന്നും മെഡിക്കൽ ഫീൽഡിൽ ഒരു ഉണ്ടയുമല്ല എന്നത് സമൂഹം ചിലപ്പോഴൊക്കെ മറക്കുന്നു'' എന്ന് തുടങ്ങിയാണ് കണ്ണൻ സി അമേരിക്ക എന്ന ഫെസ് ബുക്ക് പ്രൊഫൈലിൽ നിന്നുള്ള വീഡിയോ തുടങ്ങുന്നത്. മെഡിക്കൽ രംഗത്തുള്ള നേഴ്‌സുമാരേയും ലാബ് ടെക്‌നീഷ്യന്മാരേയും അറ്റൻഡർമാരേയും വീഡിയോയിൽ ഉടനീളം അപമാനിക്കുകയാണ്. സമൂഹ മാധ്യമത്തിൽ വീഡിയോ പ്രചരിച്ചതോടെ നഴ്സുമാരാണ് ആദ്യം പ്രതിഷേധവുമായെത്തിയത്. പിന്നീട് നഴ്സിങ് സംഘടനകൾ ഏറ്റെടുത്തു. തുടർന്ന് നഴ്‌സിങ് സംഘടനകൾ പൊലീസിന് പരാതിയും നൽകി. നേഴ്‌സുമാരേയും മറ്റ് ആരോഗ്യ പ്രവർത്തകരേയും തീർത്തും താഴ്‌ത്തി കെട്ടുന്നതാണ് ഈ വീഡിയോ. തനിക്ക് ആരോടും എതിർപ്പില്ലെന്ന് പറഞ്ഞ് കണ്ണൻ സി അമേരിക്ക നടത്തുന്ന ഈ വീഡിയോ കോവിഡുകാലത്ത് ജീവൻ മറന്ന് രോഗികൾക്കൊപ്പം കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകരെ അപമാനിക്കുകയാണ്.

ഡ്രൈവറായി ജോലി ചെയ്യുന്ന കണ്ണൻ രണ്ട് ദിവസം മുൻപാണ് തന്റെ ഫേസ്‌ബുക്ക് പേജിൽ വീഡിയോ പോസ്റ്റ് ചെയ്തത്. നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ മുതൽ പേജിൽ മലയാളികൾ ഒന്നടങ്കം പ്രതിഷേധവുമായെത്തുകയും പൊലീസിൽ പരാതിയും എത്തിയതോടെ ഇന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. നാട്ടുകാർ ഇയാളെ തിരക്കി ഇറങ്ങി എന്നറിഞ്ഞതോടെ ഒളിവിൽ പോകുകയായിരുന്നു. യു.എൻ.എയുടെ നേതൃത്വത്തിലുള്ളവരും പാതിരപ്പള്ളിയിലെ വീട്ടിലെത്തിയിരുന്നു. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇയാൾ താമസിക്കുന്നത്. ഇന്ന് യു.എൻ.എയുടെ നേതൃത്വത്തിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

അതേ സമയം കഴിഞ്ഞ ദിവസം കേരളാ നേഴ്‌സിങ് യൂണിയൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യമെമ്പാടുമുള്ള നേഴ്‌സുമാർ രാപകൽ വിശ്രമമില്ലാതെ പ്രവർത്തിക്കുയാണ്. ഈ ഘട്ടത്തിലാണ് കണ്ണൻ സി അമേരിക്ക എന്ന ഫെയ്‌സ് ബുക്ക് പേജിലൂടെ നേഴ്‌സുമാരേയും ആരോഗ്യ പ്രവർത്തകരേയും അവരുടെ കുടുംബങ്ങളേയും അപമാനിക്കും വിധം വീഡിയോ പബ്ലിഷ് ചെയ്യുന്നതെന്നാണ് നൽകിയ പരാതിയിലുള്ളത്.

കോവിഡിൽ മുന്നണി പോരാളികളായ നേഴ്‌സുമാരെ ഉൾപ്പെടെ അപമാനിക്കുന്ന പോസ്റ്റുകൾ ഇനി പബ്ലിഷ് ചെയ്യാത്ത തരത്തിൽ സൈബർ നിയമം അനുസരിച്ച് നടപടികൾ എടുക്കണമെന്നാണ് ആവശ്യം. പത്തനംതിട്ട പൊലീസിന് ഇന്ത്യൻ നേഴ്‌സസ് യൂണിയനും പരാതി നൽകിയിട്ടുണ്ട്. സ്വന്തം ജീവൻ പണം വച്ച് ജോലിയിൽ സന്നിദ്ധരായി പ്രതിഫല ഇച്ഛയില്ലാതെ ആരോഗ്യ മേഖലയുടെ നെടുംതൂണുകളായ നേഴ്‌സുമാരെ അപമാനിക്കുന്നതാണ് വീഡിയോ എന്നാണ് അവരുടെ പരാതി

സമൂഹം അർഹതപ്പെട്ടവർക്ക് അംഗീകരാം നൽകുന്നില്ലെന്ന കുറ്റപ്പെടുത്തലോടെയാണ് കണ്ണന്റെ വീഡിയോ. ഇതിന് ഉദാഹരണമാണ് മെഡിക്കൽ ഫീൽഡിൽ നേഴ്‌സുമാർക്ക് കിട്ടുന്ന പരിഗണന. ഡോക്ടർമാരുടെ കഷ്ടപ്പാടിനെ ആരും കാണുന്നില്ലെന്ന തരത്തിലാണ് വീഡിയോ. വിദേശത്ത് ആരും മക്കളെ നഴ്‌സിങ് പഠിപ്പിക്കില്ല. അത്രയും കൊള്ളരുതാത്ത ജോലിയാണ് നേഴ്‌സെന്ന് വ്യാഖ്യാനിച്ചാണ് വീഡിയോ. ലാബ് ടെക്‌നീഷ്യന്മാരുടെ വിചാരം ജനിതക എൻജിനിയർമാരാണെന്നും ആശുപത്രികളിൽ അറ്റൻഡർമാർ പ്രവർത്തിക്കുന്നത് ഐഎഎസുകാരെ പോലെയാണെന്നും കുറ്റപ്പെടുത്തുന്നു.

നേഴസുമാരെ വെറുതെ പൊക്കി പിടിക്കുകയാണ്. രോഗികളുടെ രോഗം കണ്ടെത്തുന്നതും മരന്ന് എന്തുകൊടുക്കണമെന്ന് തീരുമാനിക്കുന്നതും ഡോക്ടറാണ്. എത്ര അളവിൽ മരുന്ന് കൊടുക്കണമെന്നും ഡോക്ടർ പറയുന്നു. ഇത് എടുത്തു നൽകുന്നവർ മാത്രമാണ് നേഴ്‌സുമാർ. എന്നിട്ടും കൊറോണക്കാലത്ത് നേഴ്‌സുമാരെ അരിയും പൂവും ഇട്ട് സ്വീകരിക്കുന്നു. വലിയ വിദ്യാഭ്യാസം ഇല്ലാത്തവരാണ് നേഴ്‌സുമാർ. ഡോക്ടർമാരും പൊരി വെയിലത്ത് ജോലിയെടുക്കുന്ന പൊലീസുകാരും കൊറോണക്കാലത്ത് വലിയ സേവനങ്ങൾ നടത്തുന്നു. ഇതൊന്നും കാണാതെ വെറുതെ നേഴ്‌സുമാരെ പുകഴ്‌ത്തുന്നുവെന്ന കുറ്റപ്പെടുത്തലും പരിഹാസവുമാണ് വീഡിയോയിലുള്ളത്.

ആർക്കും അറ്റൻഡറാകാം. ആശുപത്രിയിൽ പോയി തൂക്കുക, കക്കൂസ് കഴുകുക, ഛർദ്ദിൽ വാരുക എന്നിവയാണ് ചെയ്യുന്നത്. അവർക്കും അനാവശ്യമായ പ്രോത്സാഹനം നൽകുന്നുവെന്നാണ് കണ്ണന്റെ പരിഭവം. നേഴ്‌സുമാരെ സേവനത്തിന്റെ മാലാഖമാർ എന്നു പറയുന്നു. ചുരുങ്ങിയ ചെലവിൽ ആർക്കും നേഴ്‌സിങ് പഠിക്കും. സ്വകാര്യ കോളേജുകൾ ഏറെയുണ്ട്. ഈ സ്വകാര്യ കോളേജ് മാനേജ്‌മെന്റിന്റെ പരസ്യമായിരുന്നു സേവനത്തിന്റെ മാലാഖമാരാകാൻ പഠിക്കാം എന്നത്. ഈ പരസ്യവാചകത്തെ ഇപ്പോഴും അറിവില്ലായ്മ കൊണ്ട് പൊക്കി കൊണ്ടു നടക്കുന്നു-വീഡിയോയിൽ കുറ്റപ്പെടുത്തുന്നു.

ഡോക്ടർ എഴുതി കൊടുക്കുന്ന കുറുപ്പടി നോക്കി മരുന്ന് എടുത്തു കൊടുക്കുന്ന വെറും ഹെൽപ്പർ മാത്രമാണ് നേഴ്‌സ് എന്നാണ് വ്യാഖ്യാനിക്കൽ. അധികം വിദ്യാഭ്യാസമൊന്നും അവർക്കില്ല. നേഴ്‌സും ലാബ് ടെക്‌നീഷ്യനും അറ്റൻഡറും വലിയ തസ്തികയെന്നാണ് ഏവരും കരുതുന്ന്. അവർ തമ്പുരാന്മാരോ തമ്പുരാട്ടിമാരോ അല്ല. അവർ പഠിച്ചത് ശാസ്ത്രത്തിന്റെ മറ്റേ അറ്റത്തിന്റെ സംഭവമാണെന്ന് പലരും കരുതുന്നു. ആതുര സേവനത്തിന്റെ മാലാഖമാർ എന്നത് കച്ചവടത്തിന്റെ ഭാഗമായുള്ള പരസ്യം മാത്രം.

പ്ലസ് ടു കഴിഞ്ഞാൽ ജനറൽ നേഴ്‌സിങ് പഠിക്കാം. കൂടുതൽ പഠിച്ച് അദ്ധ്യാപകരും മറ്റും ആകാൻ പറ്റില്ലെന്ന് ഉറപ്പായവരാണ് ഇത് പഠിക്കാൻ പോകുന്നത്. വിദേശത്ത് ജോലി സാധ്യതയുണ്ട്. ഇതിന് കാരണം വിദേശത്ത് ആരും മക്കളെ ഈ കോഴ്‌സിന് വിടില്ല. വിദേശ ജോലി മോഹിച്ച് പലരും നേഴ്‌സിങ് പഠിക്കുന്നു. പാവാട വിസയ്ക്കായി ഇവരെ കെട്ടുന്നവരുമുണ്ട്. അങ്ങനെ വിദേശത്തെ അടിമപ്പണിയാണ് അവർ ചെയ്യുന്നത്. അതുകൊണ്ടാണ് വിദേശത്ത് എത്തുന്ന നേഴ്‌സുമാർ ആരും നാട്ടിലേക്ക് തിരിച്ചു വരാത്തതുമെന്ന് തെറ്റിധരിപ്പിക്കൽ വീഡിയോയിൽ വിശദീകരിക്കുന്നു,

പ്രസവ വാർഡിൽ മാലാഖമാരാണ് നേഴ്‌സുമാരെന്ന് പറയുന്നു. അമ്മ മയങ്ങി കിടക്കുമ്പോൾ കുട്ടിയെ എടുക്കുന്നത് നേഴ്‌സുമാരാണെന്നും പറയുന്നു. എന്നാൽ അത് സത്യമല്ലെന്നും ഡോക്ടർമാരാണ് കുട്ടിയെ എടുക്കുന്നതെന്നും കളിയാക്കുന്നു. ഈ സാഹചര്യത്തിലാണ് നേഴ്‌സിങ് അസോസിയേഷനുകൾ പരാതിയുമായി എത്തുന്നത്. എന്നാൽ ഇപ്പോൾ നാട്ടുകാരും എല്ലാ ലപ്പോർട്ടുകളോടും കൂടി രംഗത്തെത്തിയിട്ടുണ്ട്. ഇയാൾ ഒരു നിരീശ്വരവാദിയാണെന്ന് നാട്ടുകാർ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP