Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സമരം; താമരശ്ശേരി ബിഷപ്പിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി കുറ്റപത്രം സമർപ്പിക്കും; ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിലിനെ ഒഴിവാക്കിയത് രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ ഭാഗമായെന്ന് ആരോപിച്ചു നാട്ടുകാരും; പൊലീസിനെതിരെ പ്രതിഷേധം ശക്തം; ബിഷപ്പിനും സാധാരണക്കാരനും രണ്ട് നിയമമാണോ എന്നും നാട്ടുകാരുടെ ചോദ്യം

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സമരം; താമരശ്ശേരി ബിഷപ്പിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി കുറ്റപത്രം സമർപ്പിക്കും; ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിലിനെ ഒഴിവാക്കിയത് രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ ഭാഗമായെന്ന് ആരോപിച്ചു നാട്ടുകാരും; പൊലീസിനെതിരെ പ്രതിഷേധം ശക്തം; ബിഷപ്പിനും സാധാരണക്കാരനും രണ്ട് നിയമമാണോ എന്നും നാട്ടുകാരുടെ ചോദ്യം

ജാസിം മൊയ്തീൻ

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സമരം ചെയ്ത താമരശ്ശേരി ബിഷപ്പിനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കി താമരശ്ശേരി പൊലീസിന്റെ കുറ്റപത്രം. താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിന് മുന്നിൽ കോഴിക്കോട് കർഷക കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ പങ്കെടുത്തവർക്കെതിരായ കേസിൽ നിന്നാണ് താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിനെ ഒഴിവാക്കിയത്. 13 പ്രതികളുള്ള പട്ടികയിൽ നിന്ന് ബിഷപ്പിനെ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്.

താമരശ്ശേരി ഡിവൈ.എസ്‌പി ടി.കെ.അഷ്‌റഫിന്റെ നിർദേശപ്രകാരം താമരശ്ശേരി എസ്ഐ എംപി.രാജേഷ് നടത്തിയ പുനഃപരിശോധനയെത്തുടർന്നാണ് നടപടി. പ്രതിഷേധ സമരം അവസാനിക്കാറായ സമയത്ത് ഫോറസ്റ്റ് ഓഫീസിലെത്തിയ ബിഷപ്പ്, ആർ.എഫ്.ഒയ്ക്ക് നിവേദനം നൽകി മടങ്ങവെയാണ് മാധ്യമങ്ങളോട് സംസാരിച്ചതെന്നാണ് പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയതിന് പൊലീസ് ഇപ്പോൾ പറയുന്ന കാരണം.

ജൂൺ 30നാണ് കാട്ടുപന്നിയെ വെടിവെച്ചുകൊന്ന കർഷകന് തോക്ക് ഉപയോഗിക്കാനുള്ള അനുമതി നിഷേധിച്ച വനംവകുപ്പ് നടപടിക്കെതിരെ കോഴിക്കോട് കർഷക കൂട്ടായ്മ താമരശ്ശേരി ആർ.എഫ്.ഒ കാര്യാലയത്തിന്റെ കവാടത്തിന് മുന്നിൽ പ്രതിഷേധസമരം നടത്തിയത്. സംസ്ഥാനത്ത് തന്നെ നിയമപ്രകാരം ആദ്യമായി കാട്ടുപന്നിയെ വെടിവെച്ചു കൊന്ന കോടഞ്ചേരി സ്വദേശിയുടെ തോക്ക് ഉപയോഗിക്കാനുള്ള അനുമതിയായിരുന്നു വനം വകുപ്പ് റദ്ദാക്കിയിരുന്നത്. വെടിവെച്ചു കൊന്ന കാട്ടുപന്നിയുടെ ശരീരത്തിൽ കാൽ കയറ്റിവെച്ച് ഫോട്ടോയെടുക്കുയും ജഡത്തോട് മര്യാദ കാണിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഇയാളുടെ തോക്ക് ഉപയോഗിക്കാനുള്ള അനുമതി വനം വകുപ്പ് റദ്ദാക്കുകയായിരുന്നു.

ഇതിനെതിരെയാണ് തോമരശ്ശേരി വനവകുപ്പ് ഓഫിസിന് മുന്നിൽ കോഴിക്കോട് കർഷക കൂട്ടായ്മ സമരം നടത്തിയത്. ഈ സമരത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് സമരത്തിൽ പങ്കെടുത്ത താമരശ്ശേരി ബിഷപ്പടക്കം 13 പേർക്കെതിരെ പൊലീസ് കേസെടുത്തത്. സമരത്തിന് നേതൃത്വം നൽകയവർക്കൊപ്പം കേസിൽ 13ാം പ്രതിയായിരുന്നു താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയൽ. എന്നാൽ പ്രതിഷേധ സമരം അവസാനിക്കാറായപ്പോൾ സ്ഥലത്തെത്തിയ ബിഷപ്പ് ആർ.എഫ്.ഒയ്ക്ക് നിവേദനം നൽകുകയും ഗേറ്റിന് പുറത്തെത്തി സംസാരിച്ച ശേഷം മടങ്ങുകയും ചെയ്തുവെന്നാണ് ഇപ്പോൾ പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിപ്പട്ടികയിൽ നിന്നും ബിഷപ്പിനെ ഒഴിവാക്കിയിരിക്കുന്നത്. കുറ്റപത്രം നാളെ സമർപ്പിക്കും. അതേ സമയം കേസിൽ നിന്ന് ബിഷപ്പിനെ മാത്രം ഒഴിവാക്കിയത് സമ്മർദ്ദങ്ങളുടെ ഭാഗമായിട്ടാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ഒരേ സമരത്തിൽ ഒരു പോലെ പങ്കെടുക്കുകയും ആൾകൂട്ടം സൃഷ്ടിട്ടിക്കുകയും ചെയ്ത സംഭവത്തിൽ ബിഷപ്പ് മാത്രം നിരപരാധിയാണെന്ന് പറയുന്നതിൽ ന്യായമില്ല. ന്യായവിരുദ്ധമായി സംഘം ചേർന്നതിനും, പൊതുജനങ്ങൾക്ക് മാർഗതടസ്സം സൃഷ്ടിച്ചതിനും ലോക്ഡൗൺ നിയന്ത്രണലംഘനത്തിനുമാണ് അന്ന് പൊലീസ് കേസെടുത്ത്. ഇതിൽ നിന്നും ബിഷപ്പ് മാത്രം എങ്ങനെ രക്ഷപ്പടുമെന്നും നാ്ട്ടുകാർ ആരോപിക്കുന്നു. സാധാരണക്കാരനും ബിഷപ്പിനും രണ്ട് നിയമമാണോ എന്നും നാട്ടുകാർ ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP