Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കണ്ടക്ടറായി ജോലിക്ക് കയറി രാഷ്ട്രീയ സ്വാധീനം കൊണ്ടു എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായവരെ ബിജു പ്രഭാകർ തെറിപ്പിക്കുമോ? എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ നിയമനം കെഎസ്ആർടിസി പുനഃപരിശോധിക്കുന്നു; മതിയായ യോഗ്യത പോലുമില്ലാതെ ഒന്നര ലക്ഷം ശമ്പളം വാങ്ങുന്ന ഡയറക്ടർമാരെ ഇനിയും തീറ്റിപ്പോറ്റാൻ ആകില്ലെന്ന നിലപാടിൽ എംഡി; ആനവണ്ടിക്ക് ജീവൻ വെക്കാൻ സുശീൽ ഖന്ന തയ്യാറാക്കിയ റിപ്പോർട്ട് വീണ്ടും പൊടിതട്ടി എടുക്കാൻ തീരുമാനം; കെഎസ്ആർടിസിയിൽ കോവിഡ് കാല ശുദ്ധീകരണം വരുമോ?

കണ്ടക്ടറായി ജോലിക്ക് കയറി രാഷ്ട്രീയ സ്വാധീനം കൊണ്ടു എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായവരെ ബിജു പ്രഭാകർ തെറിപ്പിക്കുമോ? എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ നിയമനം കെഎസ്ആർടിസി പുനഃപരിശോധിക്കുന്നു; മതിയായ യോഗ്യത പോലുമില്ലാതെ ഒന്നര ലക്ഷം ശമ്പളം വാങ്ങുന്ന ഡയറക്ടർമാരെ ഇനിയും തീറ്റിപ്പോറ്റാൻ ആകില്ലെന്ന നിലപാടിൽ എംഡി; ആനവണ്ടിക്ക് ജീവൻ വെക്കാൻ സുശീൽ ഖന്ന തയ്യാറാക്കിയ റിപ്പോർട്ട് വീണ്ടും പൊടിതട്ടി എടുക്കാൻ തീരുമാനം; കെഎസ്ആർടിസിയിൽ കോവിഡ് കാല ശുദ്ധീകരണം വരുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ് കെഎസ്ആർടിസി. ആനവണ്ടിയെ നന്നാക്കാൻ എത്തിയവരെ എല്ലാം തന്നെ യൂണിയൻ നേതാക്കൾ ഇടപെട്ട് ഭരിക്കാൻ സമ്മതിക്കാതെ പടിയിറക്കി വിട്ടു. ഇപ്പോൾ വീണ്ടും കോർപ്പറേഷന്റെ പ്രതീക്ഷ ബിജു പ്രഭാകർ ഐഎഎസിനെ നിയമിച്ചതോടെയാണ്. എന്നാൽ, അവിടെയും തടസമായി എക്‌സിക്യൂട്ടിവ് ഡയറക്ടർമാർ ഉണ്ടാകുമോ എന്ന ആശങ്കയും ശക്തമാണ്. എന്തായാലും ഈ കോവിഡ് കാലത്ത് കെഎസ്ആർടിസിയിൽ ചില ശുദ്ധീകരണങ്ങൾ വരുത്താൻ തന്നെയാണ് കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന്റെ നീക്കം.

എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ നിയമനം കെ.എസ്.ആർ.ടി.സി പുനഃപരിശോധിക്കാൻ ഒരുങ്ങുകയാണ്. മതിയായ യോഗ്യതയില്ലാത്തവരെ തരംതാഴ്‌ത്തണമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന ഒഴിവിലേക്ക് യോഗ്യരായവരെ ഡെപ്യൂട്ടേഷനിൽ നിയമിക്കണമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ നിർദ്ദേശം. അഞ്ച് എക്‌സിക്യൂട്ടീവ് തസ്തികയാണ് നിലവിൽ കെഎസ്ആർടിസിയിൽ ഉള്ളത്. ഇതിൽ 2016ന് ശേഷം സ്ഥാനക്കയറ്റം കിട്ടിയവരുടെ തസ്തികയാണ് പുനപ്പരിശോധിക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നത്.

2016ന് വരെ കെഎസ്ആർടിസിയിൽ ഡയറക്ടറായി സ്ഥാനക്കയറ്റം നൽകി നിയമനം വന്നിരുന്നില്ല. പിന്നീട് എക്‌സിക്യൂട്ടിവ് ഡയറക്ടർമാരായി സ്ഥാനക്കയറ്റം നൽകാൻ തീരുമാനിക്കുകയായിരുന്നു. ഡയറക്ടർ സ്ഥാനത്തേക്ക് എത്തിയവുടെ യോഗ്യത അടക്കം നേരത്തെ തന്നെ സംശയത്തിലായിരുന്നു. മെക്കാനിക്കവ് എൻജിനീയർ യോഗ്യത വേണ്ട സ്ഥാനത്തു പോലും മതിയായ യോഗ്യത ഇല്ലാത്ത ആളെയായിരുന്നു നിയമിച്ചിരുന്നത്. ഇനിയും സർക്കാർ അംഗീകരിക്കാത്ത നാല് ഉദ്യോഗസ്ഥരുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിലെ നിയമനങ്ങളാണ് തരം താഴ്‌ത്തണമെന്ന നിർദ്ദേശം കെഎസ്ആർടിസി എംഡി മുന്നോട്ടു വെച്ചിരിക്കുന്നത്.

ആകെ 6209 ബസുകളാണ് കെഎസ്ആർടിക്കുള്ളത്. അതിൽ എസി ബസുകൾ 220 എണ്ണം വരും. എന്നാൽ റോഡിൽ ഓടുന്നത് 4500 എണ്ണം മാത്രമാണ്. 4500 വണ്ടി ഓടിക്കാൻ ഒരു വർഷം സർക്കാർ ഖജനാവിൽ നിന്നും കൊടുക്കുന്നത് 1800 കോടിയാണ്. എന്നുവച്ചാൽ ഒരു കെഎസ്ആർടിസി ബസ് ഓടിക്കാൻ പ്രതിമാസം 40 ലക്ഷം രൂപ സർക്കാർ നൽകുന്നു. രാജ്യത്തെ ഏറ്റവും കൂടിയ വണ്ടിക്കൂലി ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുന്നത് കൂടാതെയാണ് നികുതി പണത്തിൽ കൈയിട്ടുവാരൽ. 72% മാത്രം ബസുകൾ നിരത്തിൽ. 20,000 ൽ അധികം സർക്കാർ ബസുകളുള്ള തമിഴ്‌നാട്ടിലും കർണാടകത്തിലും 98 ശതമാനവും വണ്ടികൾ നിരത്തിൽ ഓടികൊണ്ടിരിക്കുന്നു. അവിടെയാണ് കെഎസ്ആർടിസിയുടെ 72 ശതമാനവും.

ഇതിനെല്ലാം കാരണം, മറ്റൊന്നുമില്ല കണ്ടക്ടർമാരിൽ നിന്നും ഡ്രൈവർമാരിൽ നിന്നും നിയമവിരുദ്ധമായി സ്ഥാനകയറ്റം പിൻവാതിലിലൂടെ നേടി എക്സിക്യൂട്ടീവ് ഡയറക്ടർമാരായി എത്തിയവർ തന്നെയാണ്. ഇവരെ എത്രയും വേഗം കഴുത്തിൽ പിടിച്ച് പുറത്താക്കിയില്ലെങ്കിൽ ആനവണ്ടി കമ്പനി അടച്ചുപൂട്ടും എന്ന് ചൂണ്ടിക്കാട്ടിയത് എൽഡിഎഫ് സർക്കാർ നിയമിച്ച ആനവണ്ടിയുടെ പരിഷ്‌ക്കരണത്തെ കുറിച്ച് പഠിച്ചു റിപ്പോർട്ടു നൽകിയ സുശീൽ ഖന്ന തന്നെയാണ്. 2019 ഫെബ്രുവരി 27ന് സർക്കാരിന് നൽകിയ റിപ്പോർട്ടിന്റെ 81-ാം പേജിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

കണ്ടക്ടറായി ജോലിയിൽ കയറി ഡയറക്ടർമാരായവർ

കോർപറേഷനിൽ എംഡി കഴിഞ്ഞാൽ രണ്ടാമത്തെ ഉയർന്ന അധികാര കേന്ദ്രമാണ് എക്സിക്യൂട്ടീവ് ഡയറക്ടർമാർ. ഇവരെ നിയമിക്കണമെങ്കിൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആക്ട് 45-ാം വകുപ്പിലെ 2-ാം ഉപവകുപ്പ് പ്രകാരം കെഎസ്ആർടിസി തയ്യാറാക്കി സംസ്ഥാന സർക്കാർ അംഗീകരിക്കുന്ന റഗുലേഷൻ പ്രകാരം മാത്രമെ സാധിക്കുകയുള്ളൂ. സർക്കാർ അംഗീകരിച്ച റഗുലേഷൻ ഇല്ലെങ്കിൽ അത്തരം അത്തരം നിയമനങ്ങളും അധികശമ്പളം നൽകലും പൂർണമായി നിയമവിരുദ്ധമാണ്. നികുതി പണത്തിലാണ് ആനവണ്ടി ഓടുന്നതെങ്കിൽ അങ്ങനെ നടത്തുന്ന നിയമവിരുദ്ധ നിയമനങ്ങളുടെ പുറത്തു നൽകിയ അധിക ശമ്പളം നൽകൽ അഴിമതിയുടെ ഭാഗമാണെന്ന ആരോപണവും ശക്തമാണ്.

നിലവിൽ കെഎസ്ആർടിസിയിൽ 5 എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ തസ്തികയാണുള്ളത്. എന്നാൽ സർക്കാർ അംഗീകരിച്ച 1988 റഗുലേഷൻ പ്രകാരം കെഎസ്ആർടിസിയിൽ 2 എക്സിക്യൂട്ടീബ് ഡയറക്ടർ തസ്തിക മാത്രമാണ് സർക്കാർ അംഗീകൃത തസ്തികകൾ. അത് എക്സിക്യൂട്ടീബ് ഡയറക്ടർ ഓപ്പറേഷനും എക്സിക്യൂട്ടീവ് ഡയറക്ടർ (മെയിന്റനൻസ് ആൻഡ് വർക്ക്സ്) മാത്രം. ഇങ്ങനെ നിലനിൽക്കുന്ന രണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിലും നിയമിക്കപ്പെടണമെങ്കിൽ ഓപ്പറേഷൻ മേധാവിക്ക് റഗുലർ എംബിഎ വേണം. മെക്കാനിക്കൽ വിഭാഗം മേധാവിക്ക് എഞ്ചിനീയറിങ് ഡ്രിഗ്രി വേണം.

2011 മാർച്ച് മുതൽ വെറും പോളിടെക്നിക്കുകാരനായ സുകമാരൻ 632-ാം ഭരണ സമിതി തീരുമാനപ്രകാരം എക്സിക്യൂട്ടീവ് ഡയറക്ടറായി. നിശ്ചിത എഞ്ചിനീയറിങ് വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാൽ തന്നെ ഇദ്ദേഹത്തിന്റെ സ്ഥാനകയറ്റം നിയമവിരുദ്ധമാണെന്ന ആക്ഷേപം ശക്തമായിരുന്നു. നിയമവിരുദ്ധ പ്രൊമോഷനില്ലെങ്കിൽ 60,000 രൂപ മാത്രം ശമ്പളം കിട്ടേണ്ട ഈ പോളിടെക്നിക്ക് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ശമ്പളം 1.30 ലക്ഷം രൂപയാണ്. കഴിഞ്ഞ 9 വർഷങ്ങളായി പ്രതിമാസം 70,000 രൂപ നിയമ വിരുദ്ധമായി ശമ്പള ഇനത്തിൽ ഇങ്ങനെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ആൾ കൈപ്പറ്റുന്നു. പ്രതിവർഷം 8.4 ലക്ഷം രൂപ കഴിഞ്ഞ 9 വർഷം കൊണ്ട് അധികം നൽകിയത് 75 ലക്ഷം രൂപ.

ആശ്രിത നിയമനത്തിന്റെ മറവിൽ വെറും പ്യൂണായി കെഎസ്ആർടിസിയിൽ കയറിയ ശ്രീകുമാറും ഷറഫ് മുഹമ്മദും അന്നത്തെ ഭരണാധികാരികളെയും യൂണിയൻ നേതാക്കളെയും സ്വാധീനിച്ച് നിയമ വിരുദ്ധമായി ക്ലാർക്കായിട്ടാണ് കെഎസ്ആർടിസിയിൽ കയറിയത്. ശ്രീകുമാർ 29-12-1986 ലും ഷറഫ് മുഹമ്മദ് 23-08-1996 ലും ആണ് സർവീസിൽ കയറിയത്. ആന്റണി ചാക്കോ കെഎസ്ആർടിസി മാനേജിങ് ഡയറക്ടറായിരിക്കെ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രത്യേക താല്പര്യ പ്രകാരം 18-02-2016 നായിരുന്നു ഇരുവരെയും നിയമവിരുദ്ധമായി എക്സിക്യൂട്ടീവ് ഡയറക്ടർമാരാക്കിയത്. 387-ാം ഭരണസമിതിയാണ് സർക്കാർ അനുമതിയില്ലാതെയും സർക്കാർ അംഗീകൃത റഗുലേഷനില്ലാതെയും പ്രത്യേക താല്പര്യപ്രകാരം ശ്രീകുമാറിനെ മാനേജർ അക്കൗൺന്റ് എന്ന പദവിയിൽ നിന്നും റോക്കറ്റ് വേഗത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്‌മിനിട്രേറ്ററാക്കിയത്. ട്രാഫിക് മാനേജരായിരുന്ന ഷറഫ് മുഹമ്മദിനെയാണ് എക്സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷനാക്കി ഉയർത്തിയത്. 18-02-2016 ൽ കൂടിയ 387-ാം ഭരണസമിതി യോഗത്തിന്റെ അന്ന് തന്നെ ഇവരുടെ പ്രമോഷൻ ഉത്തരവിറങ്ങി എന്നതിൽ നിന്നു തന്നെ ശ്രീകുമാറിന്റെയും ഷറഫിന്റെയും സ്വാധീനം വളരെ വ്യക്തമാണ്.

ഈ രണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെയും പ്രത്യേക താല്പര്യവും സ്വാധീനവുമൊക്കെ തച്ചങ്കരി കെഎസ്ആർടിസി ഭരിച്ച കാലത്ത് പുറത്തുവന്നിരുന്നു. ഷറഫ് മുഹമ്മദ് എസ്റ്റേറ്റ് വിഭാഗത്തിന്റെ ചുമതല നോക്കിയപ്പോൾ കെഎസ്ആർടിസിയിലെ പരസ്യവരുമാനത്തിൽ കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി തച്ചങ്കരി 27-09-2018 ൽ ഷറഫ് മുഹമ്മദിന് നൽകിയ കാരണം കാണിക്കൽ നോട്ടീസ് തച്ചങ്കരി പോയതിന്റെ പിറ്റേദിവസം തന്നെ ഷറഫിന് വേണ്ടി ഭരണവിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീകുമാർ ഫയലിൽ നിന്നും തന്നെ നീക്കി. 388-ാം ഭരണസമിതി തീരുമാന പ്രകാരമാണ് 27-08-2016 മുതൽ സിപി രാജേന്ദ്രനെ എക്സിക്യൂട്ടീവ് ഡയറക്ടറാക്കിയത്. അത് പോളിടെക്നിക്കു മാത്രം യോഗ്യത കണക്കാക്കി. 394-ാം ഭരണ സമിതി തീരുമാനപ്രകാരമാണ് 23-08-2019 മുതൽ അനിൽ കുമാറിനെ എക്സിക്യൂട്ടീബ് ഡയറക്ടറാക്കിയത്. വെറും കണ്ടക്ടറായി സർവീസിൽ കയറിവരാണിവരൊക്കെ.

ശ്രീകുമാറിനെയും ഷറഫിനെയും എക്സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നിശ്ചയിച്ച അന്ന് തന്നെ ഉത്തരവിറങ്ങിയെങ്കിൽ ഇവരെയൊക്കെ തരംതാഴ്‌ത്തികൊണ്ടുള്ള 21-03-2017 ലെ ഭരണ സമിതി തീരുമാനം നാളിതുവരെയായി രണ്ടര വർഷം കഴിഞ്ഞിട്ടും നടപ്പിലാക്കിയില്ല. കെഎസ്ആർടിസിയുടെ മുൻ എംഡി രാജമാണിക്യം ആ സ്ഥാനം വിട്ടു പോയതിന് കാരണം പോലും ഇതായിരുന്നു. നിശ്ചിത യോഗ്യതയില്ലാത്ത എക്സിക്യൂട്ടീവ് ഡയറക്ടർമാരെ തരം താഴ്‌ത്താൻ രാജമാണിക്യത്തിന്റെ അദ്ധ്യക്ഷതയിൽ 21-03-2017 ൽ കൂടിയ ഭരണസമിതി തീരുമാനത്തെ വാക്കാൽ അട്ടിമറിച്ചത് ഭരണസമിതിയിലെ സിഐടിയു നേതാക്കളായിരുന്ന ടി കെ രാജനും വർഗീസും ആയിരുന്നു. ഈ ഭീഷണി അന്നുതന്നെ രാജമാണിക്യം മുഖ്യമന്ത്രിയെ അറിയിക്കുകയും എംഡി സ്ഥാനം ഒഴിയുകയും ആയിരുന്നു. 391 മത്തെ ഭരണ സമിതി യോഗത്തിൽ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതുവരെ പ്രൊമോഷൻ റദ്ദാക്കപ്പെട്ടവർക്ക് താൽക്കാലിക ചുമതല നൽകുകയായിരുന്നു.

സുശീൽ ഖന്ന പറഞ്ഞിട്ടും തെറിക്കാതെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാർ

കെഎസ്ആർടിസിയിൽ പ്രൊഫണലിസം കൊണ്ടുവരണം എന്ന സുശീൽ ഖന്ന റിപ്പോർട്ട് സംസ്ഥാന സർക്കാർ അംഗീകരിച്ചതിനെ തുടർന്ന് കെഎസ്ആർടിസിയുടെ ഭരണ നേതൃത്വത്തിൽ കഴിവുള്ളവരെ കണ്ടെത്താനായി അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഗതാഗത സെക്രട്ടറി, ഐടി സെക്രട്ടറി (ശിവശങ്കരൻ), കെഎസ്ആർടിസി എംഡി തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിൽ നിന്ന് ഒരു എഞ്ചിനിയറിങ് വിദഗ്ദ്ധൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് മാനേജ്മെന്റ് കോഴിക്കോട് നിന്നും ഒരു വിദഗ്ദ്ധൻ എന്നിവർ അടങ്ങിയ ഒരു സേർച്ച് കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. ഈ വിദഗ്ധ സമിതി എസ് അനന്തകുമാരിയെ ജനറൽ മാനേജർ ഫിനാൻസ് ആൻഡ് അഡ്‌മിനിസ്ട്രേഷൻ ആയിരും ജി വേണുഗോപാലിനെ ഡപ്യൂട്ടി ജനറൽ മാനേജർ ഓപ്പറേഷൻസ് ആയും 2018 ജൂലൈ മാസത്തിൽ നിയമിച്ചു. ജനറൽ മാനേജർ ടെക്നിക്കലയായി നിയമിച്ച ബിജു പിന്നീട് രാജിവെച്ച് പുറത്തുപോയി.

ഇങ്ങനെയൊരു സാഹചര്യത്തിൽ പിന്നീട് ഭരണസമിതി തീരുമാനപ്രകാരം സുകുമാരനെ മെക്കാനിക്കൽ എഞ്ചിനീയറായും, ശ്രീകുമാറിനെ മാനേജർ അക്കൗണ്ട്സ് ആയും ഷറഫ് മുഹമ്മദിനെ ചീഫ് ട്രാഫിക് മാനേജരായും സി വി രാജേന്ദ്രനെ മെക്കാനിക്കൽ എഞ്ചിനീയറായും അനിൽ കുമാറിനെ ചീഫ് ട്രാഫിക് ഓഫീസറാക്കിയും ഉത്തരവിറക്കാൻ നിലവിലെ എഡി ബിജു പ്രഭാകറിന് ആരുടെയും അനുവാദം ആവശ്യമില്ല. സ്ഥാനക്കയറ്റത്തിനായി ഈ ഡയറക്ടർമാർ കെഎസ്ആർടിസിയിൽ സമർപ്പിച്ചിരിക്കുന്ന എംബിഎ അടക്കമുള്ള വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ച് പലരും സംശയം പ്രകടിപ്പിച്ചുകഴിഞ്ഞു. ഇത് സംബന്ധിച്ച് നിലവിൽ പല കേസുകളും കോടതിയിലുണ്ട്. ഒരു വിജിലൻസ് അന്വേഷണത്തിനുള്ള സകല സാധ്യതയും ഇവിടെയുണ്ട്.

ശബരിമല സർവീസ് നടത്തിപ്പും, മാരാമൺ കൺവൻഷൻ നടത്തിപ്പിലും പരസ്യവരുമാനയിനത്തിലും ഷറഫ് മുഹമ്മദ് ആരോപണ വിധേയനാണ്. കെടിഡിഎഫ് സിയുമായുള്ള സാമ്പത്തിക നടപടിയിൽ 50 കോടി രൂപയുടെ തിരുമറി ആരോപണത്തിൽ പ്രതി സ്ഥാനത്ത് നിൽക്കുന്ന വ്യക്തിയാണ് ഷറഫ്. അനിൽകുമാറിന്റെ കാര്യത്തിലാകട്ടെ കെഎസ്ആർടിസി ജോലി നോക്കുന്ന സമയത്ത് തന്നെ റഗുലർ കോളജിൽ എംബിഎ പഠിച്ചു എന്ന രണ്ടിടത്ത് ഒരേ സമയത്ത് പ്രത്യക്ഷപ്പെടുന്ന അത്ഭുത മനുഷ്യനാണ് അനിൽകുമാർ. ചുരുക്കത്തിൽ ബിജു പ്രഭാകർ മനസുവച്ചാൽ 5 എക്സിക്യൂട്ടീവ് ഡയറക്ടർമാരെയും ഒതുക്കാൻ സാധിക്കും.

അതിനിടെ 2-06-2020 ൽ ഗതാഗത സെക്രട്ടറി 5 പേരെ തരം താഴ്‌ത്താൻ TRATS-A1/94/2019 ആയി ഉത്തരവിറക്കിയിരുന്നു. ഈ സാഹചര്യത്തിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാണ് താനും. സുകുമാരനെയും രാജേന്ദ്രനെയും മെക്കാനിക്കൽ എഞ്ചിനീയർമാരായും ശ്രീകുമാറിനെ മാനേജർ അക്കൗണ്ടസായി ജനറൽ മാനേജർക്ക് കീഴിലും, ഷറഫിനെയും അനിൽ കുമാറിനെയും സിടിഎം, സിടിഓ ആയി ഡിജിഎം വേണുഗോപാലിന് കീഴെയും സ്ഥലം മാറ്റി ഉത്തരവിറക്കാൻ ആരുടെയും സമ്മതം ആവശ്യമില്ലെന്ന സാഹച്യവും നിലനിൽക്കുന്നുണ്ട്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP