Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സോഷ്യൽ മീഡിയയെ ഇളക്കി മറിക്കുന്ന മൂവ്‌മെന്റായി 'വൺ ഇന്ത്യ, വൺ പെൻഷൻ' മാറിയതോടെ അവഗണന ഒഴിവാക്കി മുൻപേജിൽ വാർത്ത നൽകി മാധ്യമങ്ങൾ; തുറപ്പുചീട്ടായത് ജനപ്രീതി നേടിയ ആശയത്തെ തള്ളിക്കളഞ്ഞ പത്രങ്ങളെ ബഹിഷ്‌ക്കരിക്കണമെന്ന കാമ്പയിനും ശക്തമായത്; അപകടം മണത്ത് വാർത്ത നൽകിയത് മനോരമ അടക്കമുള്ള മാധ്യമങ്ങൾ; തൊഴിൽ വേർതിരിവ് പരിഗണിക്കാതെ എല്ലാവർക്കും പതിനായിരം രൂപ പെൻഷൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകി

സോഷ്യൽ മീഡിയയെ ഇളക്കി മറിക്കുന്ന മൂവ്‌മെന്റായി 'വൺ ഇന്ത്യ, വൺ പെൻഷൻ' മാറിയതോടെ അവഗണന ഒഴിവാക്കി മുൻപേജിൽ വാർത്ത നൽകി മാധ്യമങ്ങൾ; തുറപ്പുചീട്ടായത് ജനപ്രീതി നേടിയ ആശയത്തെ തള്ളിക്കളഞ്ഞ പത്രങ്ങളെ ബഹിഷ്‌ക്കരിക്കണമെന്ന കാമ്പയിനും ശക്തമായത്; അപകടം മണത്ത് വാർത്ത നൽകിയത് മനോരമ അടക്കമുള്ള മാധ്യമങ്ങൾ; തൊഴിൽ വേർതിരിവ് പരിഗണിക്കാതെ എല്ലാവർക്കും പതിനായിരം രൂപ പെൻഷൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എല്ലാവർക്കും ജോലി പരിഗണിക്കാതെ തുല്യ പെൻഷൻ നൽകണം എന്ന ആവശ്യവുമായി സോഷ്യൽ മീഡിയയിൽ തുടങ്ങിയ 'വൺ ഇന്ത്യാ വൺ പെൻഷൻ' കാമ്പയിൻ കണ്ടില്ലെന്ന് നടിച്ചവരും ഒടുവിൽ കണ്ടുതുടങ്ങി. ഇത്രയും സോഷ്യൽ മീഡിയയിൽ വലിയ കാമ്പയിനായ ഈ ആശയത്തെ പിന്തുണയ്ക്കാതിരുന്ന മുഖ്യധാരാ മലയാളം പത്രങ്ങലും ഒടുവിൽ ഈ ആശയത്തെ പിന്തുണച്ചു രംഗത്തുവന്നു. ഈ മാധ്യമങ്ങൾ വിഷയം ഏറ്റെടുത്ത് മുൻപേജിൽ വാർത്ത നൽകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. ഇതിന് ഇടയാക്കിയത് സോഷ്യൽ മീഡിയയും കൂട്ടായ്മയും ചേർന്നുള്ള വിരട്ടൽ തന്നെയാണ്.

സൈബർ ലോകത്ത് ലക്ഷങ്ങൾ പങ്കാളികൾ ആയിട്ടുള്ള കാമ്പയിൻ തുടങ്ങിയിട്ടും 'വൺ ഇന്ത്യ, വൺ പെൻഷൻ' ആശയത്തെ പത്രങ്ങൾ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. എന്നാൽ, ഈ ആശയത്തെ കണ്ടില്ലെന്ന് നടിക്കുന്ന മാധ്യമങ്ങളെ ബഹിഷ്‌ക്കരിക്കണം എന്ന പ്രചരണം കൂടി ശക്തമായതോടെ 'വൺ ഇന്ത്യ, വൺ പെൻഷൻ' കൂട്ടായ്മയെ കുറിച്ചു വാർത്ത നൽകാൻ മാധ്യമങ്ങൾ നിർബന്ധിതരായി. ഈ ജനകീയ കൂട്ടായ്മ ജനപ്രീതി നേടുന്നു എന്നു കാണിച്ചു മംഗളം ദിനപത്രം ഒന്നാം പേജിൽ വാർത്ത നൽകിയപ്പോൾ മറ്റുപത്രങ്ങളും ഈ ആശയത്തെ കുറിച്ചുള്ള വാർത്ത നൽകി. മലയാള മനോരമ അടക്കം ഇന്ന് 'വൺ ഇന്ത്യ, വൺ പെൻഷൻ' സംവിധാനത്തെ കുറിച്ച് വാർത്ത നൽകിയിട്ടുണ്ട്.

60 വയസ് പൂർത്തിയാകുന്ന എല്ലാവർക്കും കുറഞ്ഞത് 10000 രൂപ പെൻഷൻ നൽകണം എന്നാണ് സംഘടന മുന്നോട്ടു വയ്ക്കുന്ന ആവശ്യം. വികസിത രാജ്യങ്ങൾ മുതൽ ദരിദ്രരാജ്യമായ നേപ്പാൾ വരെ പല രീതിയിലുള്ള സാർവത്രിക പെൻഷൻ നടപ്പാക്കുന്നുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നുണ്ട്. കർഷകർ, കർഷകത്തൊഴിലാളികൾ, സ്വകാര്യമേഖലയിലെ ജീവനക്കാർ, ക്ഷീരകർഷകർ, മോട്ടോർ വാഹന തൊഴിലാളികൾ, സ്വയം സംരഭകർ, മറ്റു തൊഴിലാളികൾ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർക്ക് ജീവിത സായാഹ്നത്തിൽ താങ്ങാകാൻ ഇത്തരം സാമൂഹ്യസുരക്ഷാപദ്ധതികൊണ്ട് സാധിക്കുമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വിനോദ് കെ. ജോസ് ചൂണ്ടിക്കാട്ടി.

എല്ലാ മേഖലകളിലുമുള്ളവർക്കും തുല്യ പെൻഷൻ കിട്ടുന്നതോടെ പണം വിപണിയിലേക്ക് ഇറങ്ങുമെന്നും ക്രയവിക്രയം വർധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. ഇതു കൂടുതൽ സംരംഭങ്ങൾ തുടങ്ങാനും നാടിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താനും സർക്കാരിന്റെ നികുതിവരുമാനം വർധിപ്പിക്കാനും സഹായിക്കും എന്നതാണ് സംഘടന മുന്നോട്ടു വയ്ക്കുന്ന ആശയം. കഴിഞ്ഞ വർഷം ജൂലൈയിൽ സമാന ചിന്താഗതിക്കാർ കൂടിച്ചേർന്നു രൂപീകരിച്ച കൂട്ടായ്മയാണിത്. വളരെ വേഗംതന്നെ ആശയത്തിനു ജനപ്രീതി ലഭിക്കുകയും സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കൂട്ടായ്മകൾ രൂപപ്പെടുകയും ചെയ്തു. 24 അംഗങ്ങളുള്ള ട്രസ്റ്റ് ആണ് നേതൃത്വം നൽകുന്നത്.

അതിനിടെ സർക്കാർ കേന്ദ്രങ്ങളെയും വൺ ഇന്ത്യ, വൺ പെൻഷൻ ആശയക്കാർ സമീപിച്ചിട്ടുണ്ട്. പതിനായിരം രൂപ പെൻഷൻ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ആശയത്തെ പ്രോത്സാഹിപ്പിക്കുന്നവർ മുക്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും എല്ലാ എംഎൽഎമാർക്കും നിവേദനം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച ബിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് പാസാക്കണമെന്നും വിനോദ് കെ ജോസ് ആവശ്യപ്പെട്ടു.

കൊടുങ്കാറ്റിനേക്കാൾ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൺ ഇന്ത്യ, വൺ പെൻഷൻ എന്ന ആശയം പ്രചരിക്കുന്നത്. ഒരു മുഖ്യധാരാ മാധ്യമത്തിന്റെയും സഹായമില്ലാതെ. ഒരു സംഘടനയുടെയും പ്രത്യക്ഷമായ പിന്തുണയില്ലാതെ. കേരളത്തിന്റെ മുക്കിലും മൂലയിലും ഇന്ന് ഈ ആശയം ചർച്ചയായി കഴിഞ്ഞിരിക്കുന്നു. അതാണ് വൺ ഇന്ത്യ വൺ പെൻഷൻ. 60 വയസ്സ് പൂർത്തിയായ സകല ഇന്ത്യാക്കാർക്കും പതിനായിരം രൂപ വീതം മാസം പെൻഷൻ കിട്ടണമെന്ന ആവശ്യമാണ് ഇവർ ഉയർത്തുന്നത്. ചെരുപ്പുകുത്തി മുതൽ ഐ.എ.എസ്. ഉദ്യോഗസ്ഥൻവരെ. പ്രാദേശിക ജനപ്രതിനിധി മുതൽ പ്രധാനമന്ത്രി വരെ. എല്ലാവർക്കും തുല്യ പെൻഷൻ. വെറും ഒരു വർഷം കൊണ്ട് കേരളത്തിലെ മുഴവൻ ആളുകൾക്കും ഇടയിൽ എത്തുന്ന രീതിയിൽ ഈ മൂവ്‌മെന്റ് മാറിക്കഴിഞ്ഞു. കോവിഡ് കഴിഞ്ഞാൽ കേരളം ഇന്ന് ചർച്ച ചെയ്യുന്നത് ഈ ആശയമാണ്. സംഘടനയുടെ വാട്‌സാപ്പ് ഫേസ്‌ബുക്ക് കൂട്ടായ്മകളിൽ ആയിരക്കണക്കിന് പേരാണ് ഓരോ ദിവസവും ചേരുന്നത്.

ഒറ്റക്കേൾവിയിൽ എത്ര സുന്ദരമായ നടക്കാത്ത സ്വപനം എന്ന് തോന്നിപ്പോവും. 130 കോടി ജനങ്ങൾ ഉള്ള രാജ്യത്ത് 60 വയസ്സ് കഴിഞ്ഞവർ 10 കോടിയോളം പേർ ഉണ്ട്. വൺ ഇന്ത്യ വൺ പെൻഷൻ പദ്ധതിക്കാർ വിഭാവനം ചെയ്യുന്നത് പ്രായോഗികമായാൽ ഒരാൾക്ക് മാത്രം നൽകേണ്ടി വരിക ഒരു വർഷം ഒരുലക്ഷത്തി ഇരുപതിനായിരം രൂപയാണ്. 80 വയസ്സുവരെ ജീവിച്ചിരുന്നാൽ ഒരാൾക്കുമാത്രം 24ലക്ഷം രൂപ. അങ്ങനെ പത്തുകോടി പേർക്ക് കൊടുക്കണം. എന്നാൽ ഈ മൂവ്‌മെമന്റുമായി മുന്നോട്ടുപോകുന്നവർ എറയുന്നു സർക്കാറിന് ഒരു പൈസപോലും അധികം ചെലാവാക്കാതെ ഈ തുക ശേഖരിക്കാനും കൊടുക്കാനും കഴിയുമെന്നാണ്! അവിടെയാണ് മറ്റ് ഉട്ടോപ്യൻ പ്രസഥാനങ്ങളിൽനിന്ന് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്‌മെന്റ് വ്യത്യസ്മാവുന്നതും.

നിങ്ങളും ഒരു കോടിയുടെ നികുതിദായകനാണ്

ഒരിക്കലും നടക്കാത്ത ആശയത്തിന്റെ ഭാഗമല്ല, ലോകത്ത് സോഷ്യൽ ഡെമോക്രസിയിൽ ഊന്നിയുള്ള വികസിത രാഷ്ട്രങ്ങൾ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗം തന്നെയാണെന്ന് ഒ ഐ ഒ പി ഭാരവാഹികൾ പ്രതികരിക്കുന്നത്. ഇത് സാർവത്രിക പെൻഷൻ, അഥവാ യൂണിവേഴ്‌സൽ ബേസിക്ക് ഇൻകം എന്ന ആശയത്തിന്റെ ഭാഗമാണ്. അമേരിക്കയും ബ്രിട്ടനും അടങ്ങിയ ലോകത്തിലെ പാശ്ചാത്യ രാജ്യങ്ങളും വികസിത രാജ്യങ്ങളും അവരുടെ പൗരന്മാർക്ക് നാഷണൽ ഇൻഷൂറൻസ് അടക്കമുള്ള സംവിധാനങ്ങൾ കൊടുക്കുന്നുണ്ട്. അവർക്കൊക്കെയും അടിസ്ഥാനപരമായി പെൻഷന് അർഹതയുണ്ട്.

എന്നാൽ ഇന്ത്യയിൽ സർക്കാർ ക്ഷേമപെൻഷനു കൊടുക്കുന്നുണ്ട്. പക്ഷേ ആ തുക തീർത്തും അപര്യാപ്തമാണ്. വിധവകൾ, വൃദ്ധർ, കർഷകത്തൊഴിലാളികൾ എന്നിങ്ങനെ വിവിധ കാറ്റഗറിയിലായി തീർത്തും ചെറിയ തുകയാണ് നൽകുന്നത്. സംഘടിതമായ പ്രസ്ഥാനങ്ങൾ ഉള്ള കേരളത്തിൽപോലും വെറും 1300 രൂപയൊക്കെ ആയാണ് പെൻഷൻ വർധിപ്പിച്ചിട്ടുള്ളത്. ഈ നിസ്സാര തുക ഒന്നിനും തികയുന്നില്ല.

പക്ഷേ നമ്മൾ അറിയാത്ത കാര്യം നിങ്ങൾ ഓരോരുത്തരം നികുതിയായി വൻ തുക സർക്കാറിലേക്ക് കൊടുക്കുന്നുണ്ട് എന്നാണ്. ഇൻകംടാക്‌സ് അടക്കുന്നില്ലെങ്കിൽ നികുതിദായകൻ അല്ല എന്നത് വെറും തെറ്റിദ്ധാരണമാത്രമാണ്. ഇന്ത്യയിൽ വെറും ഒരു ശതമാനം പേർ മാത്രമാണ് ആദായനികുതി കൊടുക്കുന്നത് എന്നാണ് കണക്ക്. റിട്ടേൺ സമർപ്പിക്കുന്നവർ മൂന്നാനാലോ ശതമാനം വരുമെങ്കിലും. നിങ്ങൾ എന്ത് ക്രയവിക്രയം നടത്തിയാലും അതിൽ നികുതിയുണ്ട്. ഉദാഹരണമായി ഒരു സാധാരണ ഓട്ടോറിക്ഷാ തൊഴിലാളിയെ എടുക്കുക. ഓട്ടോ വാങ്ങുമ്പോൾ അയാൾ മുതൽ സർക്കാറിന് നികുതി കൊടുക്കുന്നു.

വാഹനനികുതി, ലോൺ എടുക്കുമ്പോൾ ബാങ്കിന് കൊടുക്കുന്ന പലിശ, 500 രൂപക്ക് പെട്രോൾ അടിച്ചാൽ 400ഉം നികുതിയാണ്. ഇൻഷൂർൻസ്, സ്‌പെയർ പാർട്‌സ് അങ്ങനെ അയാൾ ഇടപെടുന്ന ഓരോ കാര്യത്തിലും ജിഎസ്ടിയായും വാറ്റായും സർക്കാറിലേക്ക് നികുതി നൽകുന്നുണ്ട്. ഇങ്ങനെ ഒരോ പൗരനും അവന്റെ ജീവിതം കൊണ്ട് 50ലക്ഷം രൂപയെങ്കിലും നികുതിയായി അടക്കുന്നുണ്ടെന്നാണ് കണക്ക്. മറ്റ് ചെലവിലൂടെ 50 ലക്ഷം വേറെയും നിങ്ങൾ സർക്കാറിലേക്ക് നൽകുന്നുണ്ട്. സ്ഥലം വാങ്ങുന്നു, വീടെടുക്കുന്നു ,ആഭരണം വാങ്ങുന്നു, അങ്ങനെ എന്ത് ചെയ്താലും നിങ്ങളെ പിന്തുടർന്ന് ഒരു നികുതിഘടന ഒപ്പമുണ്ട്. അതായത് ഒരു സാധാരണക്കാരൻപോലും വിവിധ ക്രയവിക്രയങ്ങളിലായി ഒരു കോടിയോളം രൂപം ആയാളുടെ ജീവിതത്തിനിടയിൽ സർക്കാറിലേക്ക് നികുതിയായി കൊടുക്കുന്നുണ്ട്. നമ്മൾ പോലും അറിയുന്നില്ല നമ്മൾ കോടീശ്വരനായ നികുതി ദായകനാണെന്ന്. അപ്പോൾ അവന് പ്രതിമാസം പതിനിനായിരം രൂപ പെൻഷന് അർഹതയില്ലേ. തീർത്തും ന്യായമായ ചോദ്യമാണ് ഒ ഐ ഒ പി ഉയർത്തുന്നത്.

വൺ ഇന്ത്യ വൺ പെൻഷൻ പ്രസഥാനത്തിന്റെ തുടക്കം തന്നെ ജോലിയിൽ നിന്നും വിരമിച്ച ശേഷം വെറുതെയിരിക്കുന്നവർക്ക് ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകുന്നത് ശരിയല്ല എന്ന ചിന്തയിൽ നിന്നാണ്. കേരളത്തിലടക്കം സംസ്ഥാന സർക്കാറിന്റെ വരുമാനത്തിന്റെ 90 ശതാമാനവും കവർന്ന് എടുക്കുന്ന ശമ്പള- പെൻഷൻ വ്യവസ്ഥയോട് യുവാക്കളിൽനിന്ന് അടക്കം ഉണ്ടാകുന്ന അതിരൂക്ഷമായ വിമർശനമാണ് ഈ സംഘടനയെ ജനകീയമാക്കിയത്.

നമ്മുടെ നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം അനർഹമായി വൻ തുക ശമ്പളവും ആനുകൂല്യവും കൈപ്പറ്റിക്കൊണ്ടിരിക്കുന്നുവെന്നതിൽ യാതൊരു തർക്കവുമില്ല. ഒരുലക്ഷവും ഒന്നരലക്ഷവും വരെ പെൻഷൻ കൈപ്പറ്റുന്ന ആയിരങ്ങൾ നമ്മുടെ നാട്ടിലുണ്ട്. കാരണം പെൻഷൻ എന്ന് പറയുന്നത് അവസാനം കൈപ്പറ്റുന്ന ശമ്പളത്തിന്റെ 50 ശതമാനം ആണ്. കേന്ദ്ര സർക്കാറിന്റെ ശരാശരി പെൻഷൻ 35000 രൂപയാണ്. ഇപ്പോൾ കേന്ദ്രസർക്കാർ ജീവനക്കാർക്ക് മാത്രം 1.8ലക്ഷം കോടിരൂപയാണ് പെൻഷൻ ഇനത്തിൽ നൽകുന്നത്. അങ്ങനെ സംസ്ഥാനങ്ങളിലെ എല്ലാം കണക്കെടുക്കുമ്പോൾ ഏതാണ്ട് 12ലക്ഷം കോടിരൂപ പെൻഷനുവേണ്ടി മാത്രം ചെലവിടേണ്ടി വരുന്നു.

സംഘടനയുടെ ആദ്യ നിർദ്ദേശം സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ നിർത്തലാക്കി, അത് എല്ലാവർക്കും തുല്യമായി കൊടുക്കുക. അപ്പോൾ അധിക ബാധ്യത വരില്ല എന്നാണ്. അല്ലെങ്കിൽ അമിതമായ ശമ്പളവും പെൻഷനും വെട്ടിക്കുറക്കുക. ഒരു വിഭാഗത്തിന് മാത്രം കിട്ടുന്ന അമിതമായ ശമ്പളം കേരളത്തിലടക്കം കടുത്ത അസമത്വങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഉദാഹരണമായി ഒരു പ്രൈവറ്റ് സ്‌കൂളിലെ അദ്ധ്യാപകൻ 7000മുതൽ 20000 രൂപാവരെ മാത്രം ശമ്പളം വാങ്ങുമ്പോൾ, സർക്കാർ അദ്ധ്യാപകൻ 20000 മുതൽ 60000വരെ പെൻഷൻ മാത്രം വാങ്ങുന്നു. ഇത് നഗ്‌നമായ അസമത്വമല്ലേ എന്ന ചോദ്യത്തിന് വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കയും, പെൻഷൻ എല്ലാ വയോധികർക്കും തുല്യമായി വീതിക്കുകയും ചെയ്താൽ മതിയെന്നാണ് സംഘടനയുടെ വാദം.

ഒരു ലിറ്റർ പെട്രോൾ അടിച്ചാൽ നാൽപ്പത് രൂപയും കൊടുക്കുന്നത് നികുതിക്കാണ്. നിരവധി സെസുകൾ നാം പലപ്പോഴായി കൊടുക്കുന്നുണ്ട്. അത്തരത്തിൽ സർക്കാറിന്റെ ഏതെങ്കിലും ഒരു വരുമാനം വകമാറ്റുകയോ ചെറിയ പുതിയ സെസ് ഏർപ്പെടുത്തുകയോ ചെയ്താൽ, ഈ ആവശ്യത്തിനായി പണം കണ്ടത്താൻ കഴിയും. മാത്രമല്ല വിവിധ ക്ഷേമനിധിയായും വാർധക്യകാല പെൻഷനായും വിധവാ പെൻഷനായും നാം കൊടുക്കുന്ന വിവിധ പദ്ധതികൾ ഒഴിവാക്കാം. ദാരിദ്ര ലഘൂകരണത്തിന്റെ ഭാഗാമായ വിവിധ സബ്‌സിഡികളും ഒഴിവാക്കാം. അങ്ങനെ ഓരോ മേഖലയിലും ചെലവ് ചുരുക്കി ആസൂത്രണം ചെയ്താൽ രാജ്യത്തെ 60 വയസ്സിന് മുകളിലുള്ള പത്തുകോടി പേർക്കും പതിനായിരം രൂപ പെൻഷൻ കൊടുക്കാൻ കഴിയുമെന്നാണ് കൃത്യമായ ഡേറ്റ ഉദ്ധരിച്ച് വൺ ഇന്ത്യാ വൺ പെൻഷൻ വക്താക്കൾ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം കേരളത്തിലെ പ്രതിപക്ഷമായ യുഡിഎഫിനോ ബിജെപിക്കോ ഏറ്റെടുക്കാവുന്നതേയുള്ളൂ ഈ കാമ്പയിൻ. ജനം ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട വിഷയം അടുത്ത തവണ ഇലക്ഷൻ അജണ്ടയാവുമെന്ന് ഉറപ്പാണ്. ഈ ആശയത്തെ ആര് പിന്തുണക്കുന്നോ അവർക്കായിരിക്കും എന്റെ വോട്ട് എന്ന് 'വൺ ഇന്ത്യ വൺ പെൻഷൻ' ഗ്രൂപ്പിലെ പലരും പരസ്യമായി പ്രതികരിച്ചിട്ടുമുണ്ട്. സംഭവം നല്ലതാണ് പക്ഷേ പ്രായോഗികമാവില്ല എന്ന് പറയുന്നവരോട്, 'വൺ ഇന്ത്യ വൺ പെൻഷൻ' ഗ്രൂപ്പിന്റെ പ്രവർത്തകർക്ക് ഒന്നേ പറയാനുള്ളൂ. ഡൽഹിയിലെ ബസുകളിൽ വനിതകൾക്ക് സൗജന്യയാത്ര നടപ്പായില്ലേ എന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP