Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാമക്ഷേത്രം ആദ്യം വിഭാവനം ചെയ്തതിൽ നിന്നും വ്യത്യസ്തം; ഇപ്പോൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് നേരത്തെ തീരുമാനിച്ചതിനേക്കാൾ ഇരട്ടി വലുപ്പമുള്ള ക്ഷേത്രം; നഗര ശൈലിയിലുള്ള വാസ്തുവിദ്യയിൽ, കൂടുതൽ ഭക്തരെ ഉൾക്കൊള്ളുന്നതിനായി രണ്ടിനു പകരം അഞ്ച് താഴികക്കുടങ്ങൾ; ക്ഷേത്രത്തിന്റെ ഉയരവും മുൻ രൂപകൽപനയേക്കാൾ കൂടുതലായിരിക്കും; മുഖ്യശിൽപ്പിയായ 77കാരനായ ചന്ദ്രകാന്ത് സോംപുര 200 ഓളം ക്ഷേത്രങ്ങൾ രൂപകൽപന ചെയ്ത വാസ്തുശിൽപികളുടെ കുടുംബാംഗം

രാമക്ഷേത്രം ആദ്യം വിഭാവനം ചെയ്തതിൽ നിന്നും വ്യത്യസ്തം; ഇപ്പോൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് നേരത്തെ തീരുമാനിച്ചതിനേക്കാൾ ഇരട്ടി വലുപ്പമുള്ള ക്ഷേത്രം; നഗര ശൈലിയിലുള്ള വാസ്തുവിദ്യയിൽ, കൂടുതൽ ഭക്തരെ ഉൾക്കൊള്ളുന്നതിനായി രണ്ടിനു പകരം അഞ്ച് താഴികക്കുടങ്ങൾ; ക്ഷേത്രത്തിന്റെ ഉയരവും മുൻ രൂപകൽപനയേക്കാൾ കൂടുതലായിരിക്കും; മുഖ്യശിൽപ്പിയായ 77കാരനായ ചന്ദ്രകാന്ത് സോംപുര 200 ഓളം ക്ഷേത്രങ്ങൾ രൂപകൽപന ചെയ്ത വാസ്തുശിൽപികളുടെ കുടുംബാംഗം

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: ദ്വീർഘാകാലങ്ങളായുള്ള ആവശ്യത്തിന് ശേഷം നിയമപോരാട്ടത്തിനും ശേഷം അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ ഒരുങ്ങുകയാണ്. അതിവേഗം തന്നെ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ക്ഷേത്രത്തിന്റെ രൂപകൽപ്പനയിൽ അടക്കം മാറ്റം വരുത്താൻ ഒരുങ്ങുന്നു എന്ന വിവരമാണ് ഒടുവിൽ പുറത്തുവരുന്നത്. നേരത്തെ നിർമ്മിക്കാൻ പദ്ധതിയിട്ട ക്ഷേത്രത്തിന്റെ ഇരട്ടിയോളം വലുപ്പത്തിലാണ് ക്ഷേത്രത്തിന്റെ പുതിയ മാതൃക തയ്യാറാക്കുന്നത്.

ക്ഷേത്രത്തിന്റ മുഖ്യവാസ്തു ശിൽപ്പി തന്നെയാണ് രാമക്ഷേത്രത്തിന്റെ പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. നഗര ശൈലിയിലുള്ള വാസ്തുവിദ്യയിൽ, കൂടുതൽ ഭക്തരെ ഉൾക്കൊള്ളുന്നതിനായി രണ്ടിനുപകരം അഞ്ച് താഴികക്കുടങ്ങൾ ഉണ്ടായിരിക്കുമെന്നും ആർക്കിടെക്റ്റ് ചന്ദ്രകാന്ത് സോംപുര പറഞ്ഞു.

'സുപ്രീംകോടതി വിധിക്ക് ശേഷം ക്ഷേത്രത്തിന്റെ രൂപകൽപന പരിഷ്‌കരിച്ചു. നേരത്തേ ആസൂത്രണം ചെയ്തതിന്റെ ഇരട്ടി വലുപ്പത്തിലാണ് ഇപ്പോൾ പണിയുന്നത്. ഇപ്പോൾ ശ്രീകോവിലിനു മുകളിൽ ഒരു ഗോപുരം, രണ്ടെണ്ണത്തിനു പകരം അഞ്ച് താഴികക്കുടങ്ങൾ എന്നിവ ഉണ്ടാകും. ക്ഷേത്രത്തിന്റെ ഉയരം മുൻ രൂപകൽപനയേക്കാൾ കൂടുതലായിരിക്കും.' 77കാരനായ ചന്ദ്രകാന്ത് സോംപുര വ്യക്തമാക്കി. 200 ഓളം ക്ഷേത്രങ്ങൾ രൂപകൽപന ചെയ്ത ക്ഷേത്ര വാസ്തുശിൽപികളുടെ കുടുംബമാണു സോംപുരയുടേത്.

30 വർഷം മുമ്പ് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് അശോക് സിംഗാളാണു രാമക്ഷേത്രത്തിന് രൂപരേഖ തയാറാക്കാൻ ആവശ്യപ്പെട്ടത്. 1990ൽ ആദ്യമായി അയോധ്യയിലെ പ്രദേശം സന്ദർശിച്ചപ്പോൾ, സുരക്ഷാ കാരണങ്ങളാൽ ടേപ്പ് പോലും അകത്തേക്കു പ്രവേശിപ്പിച്ചില്ല. കാലടിപ്പാട് ഉപയോഗിച്ചാണ് അന്ന് അളവെടുത്തതെന്നു സോംപുര ഓർമിച്ചു. ഈ രൂപകൽപന അടിസ്ഥാനമാക്കി തൊണ്ണൂറുകളിൽ വിഎച്ച്പി അയോധ്യയിൽ കല്ലുകൾ കൊത്തുപണി ചെയ്യുന്ന യൂണിറ്റ് സ്ഥാപിച്ചു.

'ഇപ്പോൾ അഞ്ച് താഴികക്കുടങ്ങൾ ഉണ്ടാകും. അതിന് രണ്ടു കാരണങ്ങളുണ്ട്- ഒന്നാമതായി, ഇപ്പോൾ ക്ഷേത്രത്തിന് ഭൂമി ക്ഷാമമില്ല. രണ്ടാമത്തേത്, വളരെയധികം വാർത്താപ്രാധാന്യം നേടിയതോടെ ധാരാളം ഭക്തർ ദിവസവും ക്ഷേത്രം സന്ദർശിക്കുമെന്നാണു പ്രതീക്ഷ. അവരെ ഉൾക്കൊള്ളുന്നതിനായി വലുപ്പം കൂട്ടേണ്ടിവന്നു.' സോംപുര പറഞ്ഞു. മകൻ ആശിഷ് ആണു പുതുക്കിയ പദ്ധതി ജൂണിൽ ട്രസ്റ്റിനു മുന്നിൽ അവതരിപ്പിച്ചത്. ഇതിന് അംഗീകാരവും കിട്ടി.

ശ്രീരാമന്റെ ജന്മസ്ഥലത്ത് നിർമ്മിക്കുന്നതിനാൽ മറ്റേതു പദ്ധതിയേക്കാളും സവിശേഷകരമാണ് രാമക്ഷേത്രമെന്നും സോംപുര വാർത്താ ഏജൻസിയോടു പറഞ്ഞു. സോമനാഥ ക്ഷേത്രത്തിന്റെ പുനർ രൂപകൽപന മുത്തച്ഛൻ പ്രഭാശങ്കർ സോംപുരയാണു നിർവഹിച്ചത്. അഞ്ച് താഴികക്കുടങ്ങളുള്ള ക്ഷേത്രം അപൂർവമാണെന്നും ക്ഷേത്ര വാസ്തുവിദ്യയുടെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ആരാധനാലയമായി രാമക്ഷേത്രം വികസിപ്പിക്കുമെന്നും സോംപുര പറഞ്ഞു. ക്ഷേത്രത്തിന്റെ ഭൂമിപൂജ ഓഗസ്റ്റ് അഞ്ചിനു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കുകയാണു ലക്ഷ്യമെന്നു മേൽനോട്ടം വഹിക്കുന്ന ശ്രീറാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ പറഞ്ഞു.

ടൈം സ്‌ക്വയറിലും ഡിസ്‌പ്ലേക്ക് ഒരുങ്ങുന്നു

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന്റെ ആഘോഷത്തിൽ പങ്കുചേരാൻ ലോകത്തെ ഏറ്റവും പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ടൈംസ് സ്‌ക്വയറും ഒരുങ്ങുകയാണ്. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടക്കുന്ന ഓഗസ്റ്റ് 5ന് ടൈംസ് സ്‌ക്വയറിലെ പടുകൂറ്റൻ പരസ്യബോർഡുകളിൽ രാമക്ഷേത്രത്തിന്റെയും രാമന്റെയും 3ഡി ഛായാചിത്രങ്ങൾ പ്രദർശിപ്പിക്കും. രാമക്ഷേത്ര നിർമ്മാണം ചരിത്ര സംഭവമാക്കുന്നതിന്റെ ഭാഗമായാണിതെന്നു സംഘാടകർ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്ര നിർമ്മാണത്തിനു തറക്കല്ലിടുന്ന ചരിത്ര നിമിഷം ആഘോഷിക്കാൻ ന്യൂയോർക്കും തയ്യാറെടുത്തെന്ന് അമേരിക്കൻ ഇന്ത്യ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി പ്രസിഡന്റ് ജഗദീഷ് സെവാനി പറഞ്ഞു. വലിയ പരസ്യബോർഡുകൾ വാടകയ്‌ക്കെടുത്തു. കൂറ്റൻ നാസ്ഡാക്ക് സ്‌ക്രീനും 17,000 ചതുരശ്രയടി വലിപ്പത്തിൽ എൽഇഡി ഡിസ്‌പ്ലേ സ്‌ക്രീനും ഒരുക്കും. ലോകത്തിലെ ഏറ്റവും വലിയ തുടർച്ചയായ പരസ്യ ഡിസ്‌പ്ലേയും ടൈംസ് സ്‌ക്വയറിലെ ഉയർന്ന റെസല്യൂഷനുള്ള എൽഇഡി ഡിസ്‌പ്ലേയും ആയി ഇതു മാറും.

ഓഗസ്റ്റ് 5ന് രാവിലെ 8 മുതൽ രാത്രി 10 വരെ ഹിന്ദിയിലും ഇംഗ്ലിഷിലും 'ജയ് ശ്രീറാം' വാക്കുകൾ, രാമന്റെ ഛായാചിത്രങ്ങളും വിഡിയോകളും, ക്ഷേത്ര രൂപകൽപ്പനയുടെയും വാസ്തുവിദ്യയുടെയും 3ഡി ചിത്രങ്ങൾ, ശിലാസ്ഥാപന ദൃശ്യങ്ങൾ തുടങ്ങിയവയാണു പ്രദർശിപ്പിക്കുക. ആഘോഷിക്കുന്നതിനും മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നതിനുമായി ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങൾ ടൈംസ് സ്‌ക്വയറിൽ ഒത്തുകൂടും. മനുഷ്യരാശിയുടെ ചരിത്രത്തിൽ തന്നെ ഒരിക്കൽ മാത്രം വരുന്ന സംഭവമാണു രാമജന്മഭൂമി ശിലാസ്ഥാപനമെന്നും സെവാനി കൂട്ടിച്ചേർത്തു.

അതിനിടെ വിവാദ പ്രസ്താവനയുമായി ബിജെപി എംപിയും രംഗത്തെത്തി. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതോടെ കോവിഡ് ഇല്ലാതാകുമെന്ന് ബിജെപി എംപി ജസ്‌കൗർ മീന അഭിപ്രായപ്പെട്ടത്. രാജസ്ഥാനിലെ ദൗസയിൽ നിന്നുള്ള എംപിയാണ് ജസ്‌കൗർ. ഓഗസ്റ്റ് 5 നാണ് രാമക്ഷേത്രത്തിന് തറക്കല്ലിടുന്നത്. 'ഞങ്ങൾ ആത്മീയശക്തികളുടെ പിന്തുടർച്ചക്കാരും വിശ്വാസികളുമാണ്. രാമക്ഷേത്രം നിർമ്മിക്കുന്നതോടെ കോവിഡ് ഇല്ലാതാകും', മീന പറഞ്ഞു. നേരത്തെ സമാന പരാമർശവുമായി മധ്യപ്രദേശ് പ്രോടേം സ്പീക്കറും ബിജെപി നേതാവുമായ രാമേശ്വർ ശർമ്മയും രംഗത്തെത്തിയിരുന്നു. രാമക്ഷേത്രത്തിന്റെ നിർമ്മാണം തുടങ്ങുന്നതോടെ കൊറോണ വൈറസിന്റെ അവസാനത്തിന് തുടക്കമാവുമെന്നായിരുന്നു ശർമ്മ പറഞ്ഞിരുന്നത്.

സാമൂഹിക അകലം പാലിച്ച് 200ൽ അധികം ആളുകൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് ശ്രീ റാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രെസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി വിശദമാക്കിയിരുന്നു. വലിയ രീതിയിലുള്ള ഒരുക്കങ്ങളാണ് രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് പുരോഗമിക്കുന്നത്. 40 കിലോ ഭാരമുള്ള വെള്ളിക്കല്ലാണ് തറക്കല്ലിടൽ ചടങ്ങിന് ഉപയോഗിക്കുകയെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാൽ ദാസ് വിശദമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP