Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൈദരാബാദിൽ അറസ്റ്റിലായ ഭീകരന്റെ ഡയറിയിൽ 'കറുത്ത കുപ്പായമണിഞ്ഞ കേരള വനിത'യെക്കുറിച്ചുള്ള പരമാർശം നിർണ്ണായകം; സ്വപ്നയുടെ ഫോണിലെ 'ടെലഗ്രാം' ആപ്പിൽ കണ്ടെടുത്തതും സുപ്രധാന വിവരങ്ങൾ; വിദേശ ചാരസംഘടനകളുമായുള്ള ബന്ധത്തിലും സ്‌പെയ്‌സ് പാർക്കിലെ ജോലിക്ക് പിന്നിൽ ചാര ദൗത്യമുണ്ടോ എന്നതിലും അന്വേഷണം; സ്വർണ്ണ കടത്തിൽ നിറയുന്നത് തീവ്രവാദ സ്വഭാവം തന്നെ; കനകമലക്കേസും പരിശോധനയിൽ; സ്വപ്‌നാ സുരേഷിനെ യുഎപിഎയിൽ തളയ്ക്കാൻ എൻഐഎ

ഹൈദരാബാദിൽ അറസ്റ്റിലായ ഭീകരന്റെ ഡയറിയിൽ 'കറുത്ത കുപ്പായമണിഞ്ഞ കേരള വനിത'യെക്കുറിച്ചുള്ള പരമാർശം നിർണ്ണായകം; സ്വപ്നയുടെ ഫോണിലെ 'ടെലഗ്രാം' ആപ്പിൽ കണ്ടെടുത്തതും സുപ്രധാന വിവരങ്ങൾ; വിദേശ ചാരസംഘടനകളുമായുള്ള ബന്ധത്തിലും സ്‌പെയ്‌സ് പാർക്കിലെ ജോലിക്ക് പിന്നിൽ ചാര ദൗത്യമുണ്ടോ എന്നതിലും അന്വേഷണം; സ്വർണ്ണ കടത്തിൽ നിറയുന്നത് തീവ്രവാദ സ്വഭാവം തന്നെ; കനകമലക്കേസും പരിശോധനയിൽ; സ്വപ്‌നാ സുരേഷിനെ യുഎപിഎയിൽ തളയ്ക്കാൻ എൻഐഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണ കടത്തിൽ അറസ്റ്റിലായ സ്വപ്‌നാ സുരേഷിന് തീവ്രവാദ ബന്ധങ്ങളുണ്ടെന്ന നിലപാടിൽ ഉറച്ച് എൻഐഎ. സ്വപ്ന സുരേഷ് അയൽരാജ്യത്തെ സംഘടനകളുമായി ബന്ധം സ്ഥാപിച്ചിരുന്നെന്നു കണ്ടെത്തി. സ്വപ്നയുടെ മൊബൈൽ ഫോണിൽനിന്നു കണ്ടെടുത്ത വിവരങ്ങൾ അതിനിർണ്ണായകമാണ്. അതുകൊണ്ട് തന്നെ കേസിൽ യുഎപിഎ നിലനിൽക്കുമെന്നാണ് എൻഐഎയുടെ നിലപാട്. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയതിലെ തീവ്രവാദ ബന്ധത്തെക്കുറിച്ച് എൻ.ഐ.എയുടെ സ്പെഷൽ ടീം നടത്തുന്ന അന്വേഷണം കേരളത്തിനു പുറത്തേക്കും വ്യാപിപ്പിക്കുകയാണ്. അറസ്റ്റിലായ ചിലരുടെ ഫോണുകളിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

ദേശവിരുദ്ധ പ്രവർത്തനത്തിനു ഹൈദരാബാദിൽ അറസ്റ്റിലായ ഒരാളുടെ ഡയറിയിൽ 'കറുത്ത കുപ്പായമണിഞ്ഞ കേരള വനിത'യെക്കുറിച്ച് പരാമർശമുണ്ടായിരുന്നു. ഇത് സ്വപ്‌നായാണെന്ന വിലയിരുത്തിലിലാണ് എൻഐഎ. ഇതാണ് സ്വർണ്ണ കടത്ത് കേസിൽ എൻഐഎ അന്വേഷണത്തിനുള്ള കാരണം. സ്വപ്നയുടെ ഫോണിലെ 'ടെലഗ്രാം' ആപ്പിൽനിന്നു കണ്ടെടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിദേശ ചാരസംഘടനകളുമായുള്ള ബന്ധം, കൂട്ടിയിണക്കിയ കണ്ണികൾ എന്നിവയെപ്പറ്റിയും അന്വേഷണമുണ്ടാകും. സ്‌പെയ്‌സ് പാർക്കിലെ ജോലിക്ക് പിന്നിൽ ചാര ദൗത്യമുണ്ടോ എന്നും പരിശോധിക്കും.

സ്വർണ്ണ കടത്ത് പണം കേരളത്തിന് പുറത്ത് തീവ്രവാദ പ്രവർത്തനത്തിന് പോയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇസ്ലാമിക് സ്റ്റേറ്റിന് (ഐ.എസ്) കേരളത്തിലും കർണാടകയിലും ആഴത്തിൽ വേരോട്ടമുണ്ടെന്ന യു.എൻ. റിപ്പോർട്ടും നിർണ്ണായകമാണ്. ഐ.എസിന് പാക് ചാരസംഘടന ഐ.എസ്‌ഐയുമായി പൊക്കിൾക്കൊടി ബന്ധമാണുള്ളത്. പ്രതികളായ ഫൈസൽ ഫരീദിനും റബിൻസിനും നേരത്തേ എൻ.ഐ.എ. അന്വേഷിച്ച കനകമല ഐ.എസ്. കേസിൽ പിടിയിലായ ചിലരുമായി ബന്ധമുണ്ട്.ു കസ്റ്റഡിയിലുള്ള കെ.ടി. റമീസ് ഇക്കാര്യം വെളിപ്പെടുത്തിയെന്നാണു വിവരം. ഇതും ഗൗരവത്തോടെ എൻഐഎ പരിശോധിക്കും.

പല കേസുകളിലായി പിടിക്കപ്പെട്ടവരുടെ കേസ് നടത്തിപ്പിനും കുടുംബങ്ങളുടെ ചെലവിനും സംഘടനാ പ്രവർത്തനത്തിനും മറ്റുമായാണ് സ്വർണക്കടത്തു പണം വിനിയോഗിക്കുന്നത്. ഇതിനായി വിദേശത്തു പിരിക്കുന്ന പണമാണു സ്വർണമായും ഹവാലയായും ഇന്ത്യയിലെത്തിക്കുന്നത്. ഫൈസലും റബിൻസും ദുബായിലെ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ഇവിടേക്കു കയറ്റിവടുന്നതിനു തടസമാകുന്ന തരത്തിൽ അവർക്കെതിരേ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നു വിദേശകാര്യ മന്ത്രാലയം വഴി യു.എ.ഇ. അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ യു.എ.യിലേക്കു മടങ്ങിയ തിരുവനന്തപുരം കോൺസുലേറ്റ് അറ്റാഷെ റാഷിദ് ഖമീസ് അൽ ഷമൈലിയുമായി സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഓൺലൈനിൽ സംസാരിക്കാൻ എൻഐഎ ശ്രമം തുടങ്ങി. യുഎഇ സർക്കാരിന്റെ അനുമതിക്കായാണ് ശ്രമം. സ്വർണക്കടത്തിൽ കോൺസുലേറ്റ് അധികൃതർക്ക് പങ്കുള്ളതായി എൻ.ഐ.എക്കു വിവരം ലഭിച്ചിരുന്നു. തനിക്കു പങ്കാളിത്തമുണ്ടെങ്കിൽക്കൂടി ഇക്കാര്യം അദ്ദേഹം സമ്മതിക്കുമെന്ന് അന്വേഷണസംഘം പ്രതീക്ഷിക്കുന്നില്ല. യു.എ.ഇയിൽ കടുത്ത ശിക്ഷ ലഭിക്കുമെന്നതാണു കാരണം.

ഭക്ഷ്യവസ്തുക്കൾ അയയ്ക്കാനാണു കോൺസുലേറ്റ് ഓർഡർ നൽകിയിരുന്നതെന്നാണ് അറ്റാഷെയുടെ വാദം. തന്റെ വീട്ടിൽനിന്നു ബാഗേജ് വന്നിട്ടുണ്ടെന്ന് അറ്റാഷെയാണു കസ്റ്റംസിനെ അറിയിച്ചത്. വിട്ടുകിട്ടാതെ വന്നപ്പോൾ തന്നെ വിളിച്ച് ബാഗേജ് എത്തിക്കാൻ ആവശ്യപ്പെട്ടെന്നാണു സരിത്തിന്റെ മൊഴി. അറ്റാഷെ ചതിച്ചെന്നാണു സ്വപ്ന ആവർത്തിക്കുന്നത്. ഒന്നും അറിയില്ലെന്ന സ്വപ്‌നയുടെ വാദം എൻഐഎ അംഗീകരിക്കുന്നില്ല. സ്വപ്ന സുരേഷ് കള്ളക്കടത്തിനൊപ്പം നിരവധി വൻകിട റിയൽ എസ്റ്റേറ്റ് - ബിസിനസ് സംരംഭങ്ങളിലും ഇടനിലക്കാരിയായെന്ന് തെളിയിക്കുന്ന രേഖകൾ കസ്റ്റംസിന് ലഭിച്ചിരുന്നു. ഇത് സമ്മതിച്ചുകൊണ്ട് സ്വപ്ന മൊഴിയും നൽകിയിട്ടുണ്ട്.

സ്വപ്നയുടെ ലോക്കറിൽ നിന്ന് ലഭിച്ച ഒരു കോടി രൂപയുടെ നിക്ഷേപം അടുത്തിടെ നടന്ന ഒരു ഡീലിന് ലഭിച്ച പ്രതിഫലമാണെന്നാണ് സ്വപ്ന പറയുന്നത്. തിരുവനന്തപുരത്തെ രണ്ട് ബാങ്ക് ലോക്കറുകളിൽ നിന്നായി ഏതാണ്ട് 1.05 കോടി രൂപയും ഏകദേശം 123 പവൻ, അതായത് ഒരു കിലോയോളം സ്വർണാഭരണങ്ങളുമാണ് കണ്ടെത്തിയിട്ടുള്ളത്. സ്വർണം വിവാഹസമ്മാനം ലഭിച്ചതാണെന്നാണ് സ്വപ്ന മൊഴി നൽകിയിരിക്കുന്നത്. ആദ്യത്തെ വിവാഹം കഴിഞ്ഞപ്പോൾ അഞ്ച് കിലോ സ്വർണമുണ്ടായിരുന്നെന്നും വീടുപണിക്കായി കുറച്ച് വിറ്റെന്നുമാണ് സ്വപ്ന പറയുന്നത്. എന്നാലിത് കസ്റ്റംസ് പൂർണമായും വിശ്വസിക്കുന്നില്ല.

അതേസമയം, ബാങ്ക് ലോക്കർ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകി. സ്വപ്ന സുരേഷിനൊപ്പം ബാങ്കിൽ ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ടാണെന്നാണ് ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി. സ്വപ്നയും ചാർട്ടേഡ് അക്കൗണ്ടന്റും ചേർന്നാണ് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഒരു ബാങ്കിൽ ലോക്കർ തുറന്നത്. ഈ ലോക്കറിൽ നിന്നാണ് സ്വർണ്ണവും പണവും എൻഐഎ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP