Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മൂന്നാമത്തെ ദിനമായി മാറിയ വെള്ളിയാഴ്‌ച്ച; പലയിടങ്ങളിലും താപനില 37 ഡിഗ്രി കടന്നു; ബീച്ചുകളും റോഡുകളും പബ്ബുകളും നിറഞ്ഞു കവിഞ്ഞതോടെ കോവിഡ് വ്യാപനം ഭയന്ന് സർക്കാർ

ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മൂന്നാമത്തെ ദിനമായി മാറിയ വെള്ളിയാഴ്‌ച്ച; പലയിടങ്ങളിലും താപനില 37 ഡിഗ്രി കടന്നു; ബീച്ചുകളും റോഡുകളും പബ്ബുകളും നിറഞ്ഞു കവിഞ്ഞതോടെ കോവിഡ് വ്യാപനം ഭയന്ന് സർക്കാർ

സ്വന്തം ലേഖകൻ

പെരുമഴയ്ക്ക് മുൻപുള്ള ശാന്തതയെന്നോണമായിരുന്നു ഇന്നലെ ബ്രിട്ടനിലെ അന്തരീക്ഷ നില. 24 മണിക്കൂറിനുള്ളിൽ മഴയെത്തുമെന്ന് പ്രവചിച്ചിരിക്കെ ഇന്നലെ രേഖപ്പെടുത്തിയത് ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ അന്തരീക്ഷ താപനില. ഊഷ്മമാപിനിയിലെ രസനിരപ്പ് 37 ഡിഗ്രി കടന്നതോടെ ബ്രിട്ടീഷുകാർ കൂട്ടത്തോടെ ബീച്ചുകളിലേക്കും പബ്ബുകളിലേക്കും ഇറങ്ങി. പലയിടങ്ങളിലും സോഷ്യൽ ഡിസ്റ്റൻസിങ് എന്നത് ഒരു മിഥ്യയായി മാറിയതോടെ കോവിഡ് വ്യാപനത്തിന്റെ ആശങ്കകൾ വീണ്ടുമുയർന്നു.

സന്ദർശകരുടെ എണ്ണത്തിൽ ആശങ്കപ്പെട്ട ബ്രൈറ്റൺ ആൻഡ് ഹൂവ് സിറ്റി കൗൺസിൽ യാത്രയൊഴിവാക്കുവാൻ തദ്ദേശവാസികളോട് ആവശ്യപ്പെട്ടു. അതുപോലെ പലയിടങ്ങളിലും ജനക്കൂട്ടം തിങ്ങിനിറഞ്ഞതോടെ അവിടങ്ങളിലേക്കുള്ള യാത്രയൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസും രംഗത്തിറങ്ങി. ലണ്ടനിൽ നിന്നും പോർട്സ്മൗത്തിലേക്ക് പോകുന്ന എ 3 ഇന്നലെ അടച്ചിട്ടു. തേഴ്സ്ലിയിൽ ഒരു ലോറിയിൽ അഗ്‌നിബാധ ഉണ്ടായതിനെ തുടർന്നാണിത്.

ഇന്നലെ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ താപനിലയായിരുന്നു അനുഭവപ്പെട്ടത്. 2003 ഓഗസ്റ്റ് 10 ന് കെന്റിൽ രേഖപ്പെടുത്തിയ 38.5 ഡിഗ്രിയാണ് ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില. 1990 ഓഗസ്റ്റ് 3 ന് ചെൽട്ടൻഹാമിൽ രേഖപ്പെടുത്തിയ 37.1 ആണ് രണ്ടാമത്തെ ഏറ്റവും കൂടിയ താപനില.

ബീച്ചുകളിലും മറ്റ് തുറസ്സായ സ്ഥലങ്ങളിലും തടിച്ചുകൂടിയതുപോലെ പബ്ബുകളിലും ഇന്നലെ അഭൂതപൂർവ്വമായ തിരക്കനുഭവപ്പെട്ടു. സാമൂഹിക അകലം പാലിക്കാതെ ആയിരങ്ങളാണ് വിവിധ പബ്ബുകളിൽ തടിച്ചുകൂടിയത്. വഴിയരികിലും കൂട്ടം കൂടിനിന്ന് സ്വകാര്യ സംഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്ന ജനക്കൂട്ടം സർകാർ നിയന്ത്രണങ്ങളൊക്കെ മറന്നതുപോലെയാണ് പെരുമാറിയിരുന്നത്. പലയിടങ്ങളിലും തിരക്ക് കുറയ്ക്കുവാനായി യാത്രകൾ ഒഴിവാക്കുവാൻ ജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിരുന്നു. പൊലീസും ഇത്തരത്തിലുള്ള നിർദ്ദേശം മുന്നോട്ട് വച്ചിരുന്നു.

ബ്രിട്ടന്റെ പല ഭാഗത്തും കൊറോണ വ്യാപനം ശക്തിപ്രാപിച്ചതോടെ കൂടുതൽ ഇടങ്ങളിൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്. അതുപോലെ മറ്റുപല യൂറോപ്യൻ രാജ്യങ്ങളിലും കൊറോണയുടെ രണ്ടാം വരവ് ദൃശ്യമായിരിക്കുകയാണ്.നോർത്ത് ഓഫ് ഇംഗ്ലണ്ടിലെ ഏകദേശം 4.5 ദശലക്ഷം ആളുകൾക്ക് തങ്ങളുടെ കുടുംബത്തിന് വെളിയിലുള്ളവരെ സ്വന്തം വീട്ടിലും ഗാർഡനിലും വിളിച്ചു വരുത്തുവാൻ പോലുമാകാത്ത വിധം നിയന്ത്രണങ്ങൾ ഇന്നു മുതൽ നിലവിൽ വരികയാണ്.ഈ സാഹചര്യത്തിലാണ്, തീർത്തും നിരുത്തരവാദപരമായി, സർക്കാർ നിയന്ത്രണങ്ങൾക്ക് പുല്ലുവില കല്പിച്ച് ജനക്കൂട്ടം തെരുവിലിറങ്ങിയത്. ഇത് കോവിഡ് വ്യാപനം വീണ്ടും ശക്തമാക്കിയേക്കും എന്ന ആശങ്കയുണർന്നിട്ടുണ്ട്.

ഫ്രാൻസിൽ നിന്നും സ്പെയിനിൽ നിന്നു വടക്കോട്ട് ഒഴുകുന്ന ഉഷ്ണവായുവിന്റെ പ്രവാഹമാണ് ഇപ്പോൾ അന്തരീക്ഷോഷ്മാവ് വർദ്ധിക്കുവാൻ കാരണം അതുകൊണ്ട് തന്നെ ബീച്ചുകളുലും മറ്റ് തുറസായ സ്ഥലങ്ങളിലും ഒത്തുകൂടുന്നവർ സൺ ക്രീം, തൊപ്പി തുടങ്ങിയ മുൻകരുതലുകൾ എടുക്കണമെന്ന് നേരത്തേ നിർദ്ദേശംവന്നിരുന്നു. എന്നാൽ ഈ ഉഷ്ണതരംഗത്തിന് അധികം ആയുസ്സുണ്ടാകില്ല എന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ഞായറാഴ്‌ച്ച മുതൽ അന്തരീക്ഷം തണുക്കുവാൻ ആരംഭിക്കും. പലയിടങ്ങളിലും 24 മണീക്കൂറിനുള്ളിൽ മഴ എത്തുമെന്നും പ്രവചനമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP