Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഒരു പാര വരുന്നുണ്ട്, സൂക്ഷിക്കണം' എന്നു റെയ്ഡ് നടക്കുന്ന അന്നു രാവിലെ വിവരം ചോർത്തി നൽകി; രാത്രിയിൽ നൽകിയത് കേസ് ഒതുക്കിത്തീർക്കാൻ നോക്കാമെന്നും അതുവരെ തൽക്കാലം മാറിനിൽക്കണമെന്നും ഹൈക്കോടതിയെ സമീപിക്കണമെന്നുമുള്ള ഉപദേശം; ഇടനിലക്കാരൻ വഴി പറഞ്ഞാൽ മുഖ്യമന്ത്രിക്കു മനസ്സിലാകുമെന്ന് മാലം സുരേഷും; പണം വച്ചുള്ള ചീട്ടുകളിക്കു കൂട്ടുനിന്ന പൊലീസ് ഓഫിസർക്ക് സസ്പെൻഷൻ; മണർകാട്ടെ മാഫിയാ തലവൻ ഇപ്പോഴും ഒളിവിൽ തന്നെ

'ഒരു പാര വരുന്നുണ്ട്, സൂക്ഷിക്കണം' എന്നു റെയ്ഡ് നടക്കുന്ന അന്നു രാവിലെ വിവരം ചോർത്തി നൽകി; രാത്രിയിൽ നൽകിയത് കേസ് ഒതുക്കിത്തീർക്കാൻ നോക്കാമെന്നും അതുവരെ തൽക്കാലം മാറിനിൽക്കണമെന്നും ഹൈക്കോടതിയെ സമീപിക്കണമെന്നുമുള്ള ഉപദേശം; ഇടനിലക്കാരൻ വഴി പറഞ്ഞാൽ മുഖ്യമന്ത്രിക്കു മനസ്സിലാകുമെന്ന് മാലം സുരേഷും; പണം വച്ചുള്ള ചീട്ടുകളിക്കു കൂട്ടുനിന്ന പൊലീസ് ഓഫിസർക്ക് സസ്പെൻഷൻ; മണർകാട്ടെ മാഫിയാ തലവൻ ഇപ്പോഴും ഒളിവിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പണം വച്ചുള്ള ചീട്ടുകളിക്കു കൂട്ടുനിന്ന പൊലീസ് ഓഫിസറെ സസ്‌പെൻഡ് ചെയ്തു. മണർകാട് പൊലീസ് സ്റ്റേഷന്റെ അടുത്തു പ്രവർത്തിക്കുന്ന ചീട്ടുകളി ക്ലബ്ബിൽ റെയ്ഡ് ചെയ്യാൻ പോകുന്ന വിവരം ക്ലബ് ഉടമകളെ മുൻകൂട്ടി അറിയിച്ചു എന്നതാണ് രതീഷ് കുമാറിനെതിരായ ആരോപണം. കഴിഞ്ഞ 11ന് മണർകാട്ടെ ക്ലബ്ബിൽ നടന്ന റെയ്ഡിൽ 17.88 ലക്ഷം രൂപ പിടിക്കുകയും ചീട്ടുകളിച്ച 43 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിൽ പ്രതി ചേർത്ത ക്ലബ് സെക്രട്ടറി മാലം സുരേഷിനെയും പ്രസിഡന്റ് കെ.വി. സന്തോഷിനെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിന് പിന്നിൽ ഉന്നത ഇടപെടലുണ്ടെന്നാണ് സൂചന.

മണർകാട്ടെ ചീട്ടുകളി ക്ലബ്ബും മണർകാട് പൊലീസും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള അന്വേഷണത്തിനിടയിലാണ് മണർകാട് മുൻ സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ. രതീഷ് കുമാറിനെ ദക്ഷിണ മേഖലാ ഐജി ഹർഷിത അട്ടല്ലൂരി സസ്‌പെൻഡ് ചെയ്തത്.ചീട്ടുകളി നടത്തുന്ന ക്രൗൺ ക്ലബ്ബിന്റെ സെക്രട്ടറി മാലം സുരേഷും രതീഷ് കുമാറും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ പുറത്തു വന്നിരുന്നു. ഫോൺ സംഭാഷണം തന്റേതാണെന്നു രതീഷ് അന്വേഷണ ഉദ്യോഗസ്ഥനോടു സമ്മതിച്ചു. റെയ്ഡിനു ശേഷവും ഫോൺ വിളിക്കുകയും കേസ് അട്ടിമറിക്കുന്നതിന് ഹൈക്കോടതിയിൽ കേസ് കൊടുക്കാൻ നിർദ്ദേശം നൽകുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി.

റെയ്ഡ് നടന്ന ക്ലബ്ബിൽ ചീട്ടുകളി നടക്കുന്നില്ലെന്ന് ജില്ലാ പൊലീസ് മേധാവിയെ ഇൻസ്പെക്ടർ തെറ്റിദ്ധരിപ്പിച്ചു. പൊലീസിന്റെ ഔദ്യോഗിക രഹസ്യവിവരങ്ങൾ ചീട്ടുകളി നടത്തിപ്പുകാരന് ചോർത്തിക്കൊടുത്തു. നടത്തിപ്പുകാരന്റെ തിരുവഞ്ചൂരിലെ വിട്ടിൽ റെയ്ഡിനെത്തിയെങ്കിലും വീട്ടിനുള്ളിൽ കയറാതെ മടങ്ങി, പരിശോധന നടത്തിയെന്ന് ഉന്നത ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു. മണർകാട് സ്റ്റേഷനിലെ ചില പൊലീസ് ഉദ്യോഗസ്ഥരും നടത്തിപ്പുകാരനിൽനിന്ന് മാസപ്പടി വാങ്ങിയിരുന്നതായി റിപ്പോർട്ടിൽ സൂചനയുള്ളതായാണ് വിവരം. ഇൻസ്പെക്ടർക്കെതിരായ നടപടി സംബന്ധിച്ച് ഐ.ജി. തീരുമാനമെടുത്തത് ഈ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്.

'ഒരു പാര വരുന്നുണ്ട്, സൂക്ഷിക്കണം' എന്നു റെയ്ഡ് നടക്കുന്ന അന്നു രാവിലെ പൊലീസ് ഇൻസ്പെക്ടർ ചീട്ടുകളി സംഘത്തിനു മുന്നറിയിപ്പു നൽകിയതായി പുറത്തു വന്ന സംഭാഷണത്തിലുണ്ട്. സംഭവം അറിഞ്ഞപ്പോൾ തകർന്നുപോയി, ഒതുക്കിത്തീർക്കാൻ നോക്കാമെന്നും ഇൻസ്പെക്ടർ ആശ്വസിപ്പിക്കുന്നു. നിങ്ങൾ (സുരേഷ്) എനിക്കു സഹോദരനെപ്പോലെ ആണെന്നും സംഭാഷണത്തിൽ കേൾക്കാം. കേസ് ഒതുക്കിത്തീർക്കാൻ നോക്കാം, അതുവരെ തൽക്കാലം മാറിനിൽക്കുക, ഹൈക്കോടതിയെ സമീപിക്കുക തുടങ്ങിയ ഉപദേശങ്ങളും ഇൻസ്പെക്ടർ നൽകുന്നുണ്ട്. മുഖ്യമന്ത്രിക്കു പരാതി നൽകുമെന്നും അതിന് ഇടനിലക്കാരൻ തന്നെ സഹായിക്കുമെന്നും മാലം സുരേഷ് പറയുന്നതായി കേൾക്കാം. മുഖ്യമന്ത്രിയെ സമീപിച്ചിട്ടു കാര്യമില്ല, ഹൈക്കോടതിയിൽ പോകുകയാണു നല്ലതെന്നാണ് അന്നേരം ഇൻസ്പെക്ടറുടെ നിർദ്ദേശം. ഇടനിലക്കാരൻ വഴി പറഞ്ഞാൽ മുഖ്യമന്ത്രിക്കു മനസ്സിലാകുമെന്നും സംഭാഷണത്തിലുണ്ട്.

ക്ലബിനു താഴെ പ്രവർത്തിക്കുന്ന തന്റെ സ്ഥാപനങ്ങളിൽ നിന്നുള്ള പണമാണ് പൊലീസ് പിടിച്ചെടുത്തതെന്നാണ് സംഭാഷണത്തിൽ മാലം സുരേഷ് ആരോപിക്കുന്നത്. മണർകാട് എസ്.എച്ച്.ഒ ഇത് ശരിവയ്ക്കുന്നുമുണ്ട്. പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫീസർ യു.ശ്രീജിത്താണ് പരിശോധനയ്ക്കു പിന്നിലെന്നും രതീഷ് കുമാർ കുറ്റപ്പെടുത്തുന്നു. കോടതിയെ സമീപിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം സുരേഷിനെ ഉപദേശിക്കുന്നുണ്ട്. സംഭാഷണം സുരേഷ് തന്നെയാണ് റെക്കാഡ് ചെയ്ത് പുറത്തു വിട്ടിരിക്കുന്നത്.പരിശോധനയ്ക്കു നേതൃത്വം നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥൻ തന്നെയാണ് പ്രതിക്ക് നിയമോപദേശം നൽകുകയും പൊലീസിനെ കുറ്റപ്പെടുത്തുകയും ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നടപടി.

രതീഷ് കുമാർ വീഴ്ചവരുത്തിയെന്ന ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിങ്കളാഴ്ച രതീഷിനെ മണർകാട് സ്റ്റേഷനിൽ നിന്നു ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർക്കു പുറമേ മണർകാട് സ്റ്റേഷനിലെ 5 പൊലീസ് ഉദ്യോഗസ്ഥർക്കും ചീട്ടുകളി സംഘവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരേയും നടപടി വരും. ക്രൗൺ ചീട്ടുകളി ക്ലബ്ബിന്റെ സെക്രട്ടറി മാലം സുരേഷ് എന്ന കെ.വി.സുരേഷ് വൻസ്രാവുകൾക്കൊപ്പം നീന്തുന്നയാളാണ്. ഒരുദിവസം 2 കോടി മുതൽ 5 കോടി വരെ കളത്തിൽ വീഴുന്ന ക്ലബ്ബിനെ തൊടാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പോലും മടിക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നിരിന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി തുടങ്ങിയത്.

കഴിഞ്ഞ 11 ന് ക്ലബിൽ റെയ്ഡ് നടക്കുകയും ക്ലബ്ബ് പ്രസിഡന്റ് കുറുമുള്ളൂർ വടക്കുംകര വി എം സന്തോഷ് അടക്കം 43 പേർ പിടിയിലാകുകയും ചെയ്തതോടെയാണ് സംഗതികളുടെ കിടപ്പ് നാട്ടുകാർക്കും ബോധ്യമായത്. കൊട്ടിഘോഷിച്ചുള്ള ക്ലബ്ബിന്റെയും സെന്റ് മേരീസ് സ്റ്റിച്ചിങ് ക്ലബ്ബിന്റെയും ഉദ്ഘാടന ചിത്രങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. മൈലാപ്പൂരിലെ ആർച്ച്ബിഷപ്പ് ഡോ.എ.എം.ചിന്നപ്പയാണ് മാലം സുരേഷിന്റെ ഗോഡ്ഫാദർ. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കലിന്റെ ആശീർവാദത്തോടെയായിരുന്നു ഉദ്ഘാടനമെന്നും സൂചനയുണ്ട്. ചീട്ടുകളിക്ലബ് ഉദ്ഘാടനം ചെയ്തത് ബിഷപ്പ് ചിന്നപ്പയാണ്. ഭദ്രദീപം കൊളുത്തിയത് പൂഞ്ഞാർ എംഎൽഎ പി.സി ജോർജാണ്. പരസ്യത്തിൽ നടി ഷംന കാസിമിന്റെ പേര് കാണുന്നുണ്ടെങ്കിലും അവർ ഉദ്ഘാടന ചടങ്ങിന് എത്തിയോ എന്ന് വ്യക്തമല്ല. മാണി സി കാപ്പനും ഉദ്ഘാടന ചടങ്ങിലുണ്ടായിരുന്നു.

കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കലിന് മൈലാപ്പൂർ ആർച്ച് ബിഷപ്പ് ഡോ.എ.എം.ചിന്നപ്പ എഴുതിയ ഒരു കത്തും രസകരമാണ്. എന്റെ ചെറുമകൻ എന്നാണ് മാലം സുരേഷിനെ കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ചങ്ങനാശേരിയിലെ ആദിത്യ ടവറുമായി സുരേഷിന് ചില പ്രശ്നങ്ങളുണ്ടെന്നും അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരിയെയുും ഇ.പി.ജയരാജൻ എംഎൽഎയെയുംകാണുമ്പോൾ വേണ്ട പോലെ സംസാരിച്ച് പ്രശ്നം തീർക്കണമെന്നും ആർച്ച്ബിഷപ്പ് എ.എം.ചിന്നപ്പ കത്തിൽ ആവശ്യപ്പെടുന്നുണ്ട്. 2017 ഒക്ടോബർ 31 നായിരുന്നു ആ കത്ത്. കാപ്പാ നിയമപ്രകാരം നടപടി നേരിടുന്ന പ്രതി കെ.വി. സുരേഷിനെയും ഇൻസ്പെക്ടറെയും മറ്റുള്ളവരേയും സിപിഎമ്മിലെ രണ്ട് നേതാക്കളും പൊലീസിലെ ചില ഉദ്യോഗസ്ഥരുമാണെന്നും ആരോപണമുണ്ട്. നേതാക്കളോടൊപ്പമുള്ള ചിത്രങ്ങൾ ഇയാൾതന്നെ പ്രചരിപ്പിക്കുകയും ഇത് കാട്ടി ഉദ്യോഗസ്ഥരുടെമേൽ സ്വാധീനം ഉറപ്പിക്കുകയും ചെയ്തു. തന്റെ ബിസിനസ് പങ്കാളിയായ ഒരു ഡി.ജി.പിക്ക് ഒപ്പംനിൽക്കുന്ന ചിത്രവും സുരേഷ് സ്ഥലത്തെ പൊലീസിനെ പേടിപ്പിക്കാൻ പ്രചരിപ്പിച്ചു.

ഒരുനേതാവിന് തിരഞ്ഞെടുപ്പ് സംഭാവനയായി ലക്ഷങ്ങൾ നൽകിയെന്നും വാർത്തകൾ വരുന്നുണ്ട്. യു.ഡിഎഫ്. സർക്കാർ നടത്തിയ 'ഓപ്പറേഷൻ കുബേരയിൽ' ഈ നേതാവ് സഹായിച്ചതിനുള്ള ചീട്ടുകളികേന്ദ്രം നടത്തിപ്പുകാരന്റെ പ്രതിഫലമായിരുന്നു ഇത്. ചില രാഷ്ട്രീയനേതാക്കളുടെയും, രണ്ട് ബിഷപ്പുമാരുടെയും കണക്കിൽപ്പെടാത്ത പണം ബ്ലേഡ് ഇടപാടിനായി ഈ നടത്തിപ്പുകാരനെയാണ് ഏൽപ്പിച്ചിട്ടുള്ളതെന്നും ആരോപണമുണ്ട്. ഉന്നത് പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ക്രൗൺ ക്ലബ്ബ് നടത്തിപ്പുകാൻ ഒരുമിച്ചിരിക്കുന്ന ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിനൊപ്പം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി മാലം സുരേഷിന്റെ വീട് സന്ദർശിക്കുന്ന ഫോട്ടോകളും ഉണ്ട്. അതുകൊണ്ട്തന്നെ കോടികൾ മറിയുന്ന ഈ കച്ചവടത്തെ കുറിച്ച് സിപിഎം നേതാക്കൾക്ക് അറിവില്ല എന്ന് പറഞ്ഞ് ഒഴിയുക എളുപ്പമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP