Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൈംഗിക പീഡനത്തിന് ഇരയായ പെൺമക്കൾ പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; റഷ്യയെ നടുക്കിയ കേസിൽ മോസ്‌കോ കോടതിയിൽ വിചാരണ തുടങ്ങി; പിതാവിന്റെ ക്രൂര പീഡനത്തിന് ഇരയായ പെൺമക്കളെ ശിക്ഷിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം: 30ഓളം തവണ പിതാവിനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ മൂന്ന് പെൺമക്കളെയും ജയിലിൽ അടക്കാനുറച്ച് പൊലീസും

ലൈംഗിക പീഡനത്തിന് ഇരയായ പെൺമക്കൾ പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; റഷ്യയെ നടുക്കിയ കേസിൽ മോസ്‌കോ കോടതിയിൽ വിചാരണ തുടങ്ങി; പിതാവിന്റെ ക്രൂര പീഡനത്തിന് ഇരയായ പെൺമക്കളെ ശിക്ഷിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം: 30ഓളം തവണ പിതാവിനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ മൂന്ന് പെൺമക്കളെയും ജയിലിൽ അടക്കാനുറച്ച് പൊലീസും

സ്വന്തം ലേഖകൻ

മോസ്‌കോ: ലൈംഗികമായി പീഡിപ്പിക്കുകയും മനസ്സാക്ഷിയില്ലാത്ത ക്രൂര പീഡനത്തിന് ഇരയാക്കുകയും ചെയ്ത പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പെൺമക്കളുടേയും വിചാരണ തുടങ്ങി. മോസ്‌കോ കോടതിയിലാണ് മിഖായേൽ ഖച്ചതുര്യാന്റെ കൊലപാതക കേസിൽ പെൺമക്കളുടെ വിചാരണ തുടങ്ങിയത്. മൂത്ത സഹോദരിമാരായ ക്രിസ്റ്റീന (19), ആഞ്ചലീന (18) എന്നിവരെ ഒരുമിച്ചും കൊലപാതക സമയത്ത് പ്രായപൂർത്തി ആയിട്ടില്ലാതിരുന്ന ഇളയ സഹോദരി മരിയയെ (17) പിന്നീടുമാവും വിചാരണ ചെയ്യുകയെന്ന് അഭിഭാഷകർ പറഞ്ഞു. രണ്ടു വർഷം മുമ്പാണു റഷ്യയെ ഞെട്ടിപ്പിച്ച കൊലപാതകം നടന്നത്. തങ്ങളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ മൂന്ന് സഹോദരിമാരും ചേർഡന്ന് കുരുമുളക് സ്േ്രപ ചെയ്ത ശേഷം 30ഓളം തവണ കത്തിക്ക് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

2018 ജൂലൈ 27-നാണ് മോസ്‌കോയിലെ ഫ്‌ളാറ്റിന്റെ സ്റ്റെയർകെയ്സിൽ മിഖായേൽ ഖച്ചതുര്യാന്റെ മൃതദേഹം കണ്ടെത്തിയത്. നെഞ്ചിലും കഴുത്തിലും പലതവണ കുത്തേറ്റ പാടുകളുണ്ടായിരുന്നു. പിതാവിനെ കൊലപ്പെടുത്തിയ ദിവസം മൂന്നു പെൺമക്കളെയും നിരത്തി നിർത്തി മിഖായേൽ ശകാരിക്കുകയും മുഖത്ത് കുരുമുളക് സ്പ്രേ ചെയ്യുകയും ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ആസ്തമ ഉണ്ടായിരുന്ന ക്രിസ്റ്റീന കുഴഞ്ഞുവീണു.

അന്നു രാത്രിയാണ് പിതാവിനെ വകവരുത്താൻ മൂവരും ഒറ്റക്കെട്ടായി തീരുമാനിച്ചത്. ഉറങ്ങിക്കിടന്ന മിഖായേലിനെ കത്തിയും ചുറ്റികയും കൊണ്ട് ആക്രമിച്ചു. കണ്ണിൽ അതേ കുരുമുളക് സ്പ്രേ ചെയ്ത ശേഷമായിരുന്നു ആക്രമണം. പിതാവാണ് ആദ്യം ആക്രമിച്ചതെന്നു വരുത്തിത്തീർക്കാനും ശ്രമിച്ചു. പിറ്റേന്ന് അറസ്റ്റിലായ ശേഷം, കൊന്നത് ഞങ്ങളാണെന്ന് അവർ ഏറ്റുപറഞ്ഞു. 30 ഓളം തവണ കത്തി കൊണ്ട് അയാളെ കുത്തി, കൂടം കൊണ്ട് തലയ്ക്കടിച്ചു. ശരീരത്തിൽ കുരുമുളക് സ്പ്രേ തളിച്ചു. അയാൾ പിടഞ്ഞു മരിക്കുന്നത് നോക്കിനിന്നു. മരിച്ചെന്ന് ഉറപ്പായപ്പോൾ പൊലീസിൽ വിളിച്ച് ശാന്തമായി കാര്യം പറഞ്ഞു. കരുതിക്കൂട്ടി കൊലപാതകം ചെയ്തുവെന്ന കുറ്റമാണു സഹോദരിമാർക്കെതിരെ ചുമത്തിയതെന്നും അന്വേഷണം പൂർത്തിയായെന്നും അന്വേഷണ കമ്മിറ്റി അറിയിച്ചിരുന്നു.

പ്രതികരിക്കുക അല്ലെങ്കിൽ പിതാവിന്റെ കൈകൊണ്ടു മരിക്കുക എന്നീ രണ്ടു മാർഗങ്ങൾ മാത്രമാണു പെൺകുട്ടികൾക്കുണ്ടായിരുന്നതെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഗാർഹിക, ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് പെൺകുട്ടികൾ കടുംകൈ ചെയ്തതെന്ന വാദവുമായി അവരെ പിന്തുണച്ച് ഒട്ടേറെ ആളുകളാണ് രംഗത്തുള്ളത്. പെൺകുട്ടികളെ ശിക്ഷിക്കുന്നതിനെതിരെ പ്രതിഷേധമുയരുമ്പോഴും അവർക്കു ശിക്ഷ ലഭിക്കുക തന്നെ വേണം എന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. കൗൺസിലിങ്ങാണു വേണ്ടതെന്നു പ്രതിഷേധക്കാർ പറയുന്നു. കൊലപാതകികളല്ല, ഗാർഹിക പീഡനത്തിന്റെ ഇരകളാണ് പെൺകുട്ടികളെന്നും വീടിനകത്തെ പീഡനം പുറത്തുപറയാനാകാതെ സഹിക്കേണ്ടി വന്ന അവസ്ഥയുണ്ടായെന്നും അമ്മയോടു പോലും ആശയവിനിമയം നടത്താനുള്ള സാഹചര്യം ബോധപൂർവം തടഞ്ഞതായും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.

മിഖായേൽ 2014 മുതൽ മക്കളെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്നു കാണിച്ച് വർഷങ്ങൾക്കു മുൻപ് മിഖായേലിന്റെ ഭാര്യ പൊലീസിനെ സമീപിച്ചുവെങ്കിലും കേസെടുക്കാനോ അന്വേഷിക്കാനോ തയാറായില്ല. കുടുംബപ്രശ്നമെന്ന നിലയിൽ ഒത്തുതീർപ്പിനു ശ്രമിക്കാനായിരുന്നു മറുപടി. അതിനുശേഷം അവരെ മിഖായേൽ വീട്ടിൽനിന്ന് അടിച്ചിറക്കി. അമ്മയുമായി യാതൊരു ബന്ധവും പുലർത്തരുതെന്ന് പെൺകുട്ടികൾക്കു താക്കീത് നൽകി.

വീട്ടിൽ പൂട്ടിയിട്ട് പെൺകുട്ടികളെ ഇയാൾ 2014 മുതൽ ലൈംഗികമായി പീഡിപ്പിക്കുമായിരുന്നു. വീട്ടുജോലികളിൽ വീഴ്ച വരുത്തിയാൽ അതിക്രൂരമായി മർദിക്കും. കുരുമുളക് സ്പ്രേ മുഖത്തും ശരീരത്തിലും അടിക്കും. പുറംലോകവുമായി ഇവർക്കു ബന്ധമില്ലായിരുന്നു. ക്രൂര പീഡനങ്ങൾക്കു വിധേയരായ ഇവരുടെ മനോനിലയിൽ സാരമായ തകരാർ സംഭവിച്ചതായി പെൺകുട്ടികളുടെ അഭിഭാഷകർ പറയുന്നു. സംഭവം നടന്ന അന്നും മിഖായേൽ പെൺമക്കളെ ഉപദ്രവിച്ചിരുന്നു.

ഫ്‌ളാറ്റ് ശരിയായി വൃത്തിയാക്കിയില്ലെന്ന് ആരോപിച്ചു പെൺകുട്ടികളെ തലങ്ങുംവിലങ്ങും ആക്രമിച്ചു. പെൺകുട്ടികളുടെ ആക്രമണം സ്വയരക്ഷയ്ക്കു വേണ്ടിയുള്ളതാണെന്നും തുടർച്ചയായ ലൈംഗിക, മാനസിക പീഡനം അവരുടെ മനോനില തകർത്തിരുന്നെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പെൺകുട്ടികൾക്കു വേണ്ടി പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെങ്കിലും അവർ ശിക്ഷിക്കപ്പെടാനാണു സാധ്യതയെന്ന് അഭിഭാഷകൻ അലക്സി ലിപ്റ്റ്സർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP