Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബസുകൾ ഓടിക്കുന്നത് റിസ്‌കെന്ന് ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ ഉടൻ ഉണ്ടാകില്ല; ഓഗസ്റ്റ് 1 മുതൽ ബസ് ഓടിക്കാനുള്ള നീക്കം ഉപേക്ഷിച്ച് ഗതാഗത വകുപ്പ്; പിന്മാറ്റം കണ്ടെയ്‌ന്മെന്റ് സോണുകൾ കൂടിയ സാഹചര്യത്തിലെന്ന് ഗതാഗത മന്ത്രി; രോഗികളുടെ എണ്ണം കൂടിയാൽ ജില്ലകൾക്കുള്ളിലുള്ള സർവീസുകളും നിർത്തേണ്ടി വരുമെന്നും മുന്നറിയിപ്പ്; സമ്പർക്ക രോഗികളുടെയും ഹോട്ട്സ്പോട്ടുകളുടെയും എണ്ണം കൂടുന്നത് ബസ്സ് സർവ്വീസ് തുടങ്ങുന്നതിന് തടസമെന്നും മന്ത്രി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: സംസ്ഥാനത്ത് നാളെ മുതൽ പുനഃസ്ഥാപിക്കാനൊരുങ്ങിയ കെ.എസ്.ആർ.ടി,സി ദീർഘദൂര സർവീസുകൾ തൽക്കാലമില്ല. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളനുസരിച്ചാവും സർവ്വീസ് പുനഃ സ്ഥാപിക്കുകയെന്നും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ വൃക്തമാക്കി. ഇതോടെ ഓഗസ്റ്റ് 1 മുതൽ ദീർഘദൂരസർവീസുകൾ തുടങ്ങാനുള്ള തീരുമാനം കെഎസ്ആർടിസി പിൻവലിച്ചു.

കണ്ടെയ്ന്മെന്റ് സോണുകൾ കൂടിയ സാഹചര്യത്തിലാണ് തീരുമാനം. അതേസമയം, രോഗികളുടെ എണ്ണം കൂടിയാൽ ജില്ലകൾക്കുള്ളിലുള്ള സർവീസുകളും നിർത്തേണ്ടി വരുമെന്ന സൂചനയും തീരുമാനം വിശദീകരിക്കവേ ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ നൽകി. കോവിഡ് അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ബസ് സർവീസ് നടത്തുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ നടത്തിയിരുന്നു. ഇപ്പോൾ ദീർഘദൂരസർവീസുകൾ തുടങ്ങുന്നത് ഗുണകരമാകില്ലെന്നതായിരുന്നു ആരോഗ്യവകുപ്പിന്റെ നിലപാട്.

ആരോഗ്യ വകുപ്പ് നൽകിയ ഈ മുന്നറിയിപ്പിനെ തുടർന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രം സംസ്ഥാനത്തിനകത്തുള്ള ദീർഘ ദൂര സർവ്വീസുകൾ ആരംഭിച്ചാൽ മതി എന്നാണ് ഗതാഗതവകുപ്പ് തീരുമാനിച്ചത്. സമ്പർക്ക രോഗികളുടെയും ഹോട്ട്‌സ്‌പോട്ടുകളുടെയും എണ്ണം കൂടുന്നത് ബസ്സ് സർവ്വീസ് തുടങ്ങുന്നതിന് തടസ്സമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. ''ആളുകൾ വീടുകളിൽ തന്നെ കഴിയേണ്ടതുണ്ട്. പല ജില്ലകളിലും പലയിടങ്ങളും ഹോട്ട് സ്‌പോട്ടാണ്. കണ്ടെയ്ന്മെന്റ് സോണിൽ ബസ് നിർത്താനാവില്ല. ഈ സാഹചര്യത്തിൽ സർവ്വീസ് നടത്തിയിട്ട് കാര്യമില്ല. മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ കെഎസ്ആർടിസി ദീർഘ ദൂര സർവ്വീസുകളുണ്ടാകില്ല. പ്രയാസമുണ്ടാകുന്നവർ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കണം'', മന്ത്രി പറഞ്ഞു.

ജില്ലകൾക്കുള്ളിലുള്ള ഗതാഗതം സംബന്ധിച്ച് കടുത്ത നിയന്ത്രണങ്ങൾ വേണ്ടി വരുമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ജില്ലകൾക്കുള്ളിലെ സർവ്വീസും നിർത്തേണ്ടി വരുമെന്ന് ഗതാഗത മന്ത്രി സൂചന നൽകുന്നു. ഓഗസ്റ്റ് 1 മുതൽ 206 ദീർഘദൂരസർവീസുകൾ തുടങ്ങുമെന്നായിരുന്നു നേരത്തേ മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചത്. സംസ്ഥാനത്തെ ഏറ്റവും നീണ്ട ദീർഘദൂരസർവീസുകൾ തുടങ്ങുന്ന തിരുവനന്തപുരത്തെ തമ്പാനൂർ ബസ് സ്റ്റാൻഡിൽ നിന്ന് ബസ് സർവീസ് ഉണ്ടാകില്ലെന്നും പകരം ആനയറയിൽ നിന്ന് സർവീസുകൾ തുടങ്ങാമെന്നുമായിരുന്നു തീരുമാനം. ആനയറയിൽ നിന്ന് കണിയാപുരത്ത് എത്തി അവിടെ നിന്ന് ബൈപ്പാസിലേക്ക് കയറി സർവീസ് തുടരുമെന്നായിരുന്നു മന്ത്രി ആദ്യം വ്യക്തമാക്കിയത്. കണിയാപുരത്തോ ആനയറയിലോ എത്തേണ്ടവർക്ക് ലിങ്കേജ് ബസ് സർവീസുകളും നടത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു. അതേസമയം, കണ്ടെയ്ന്മെന്റ് സോണുകളിൽ സർവീസുണ്ടാകില്ലെന്നും സർക്കാർ അറിയിച്ചിരുന്നു. കണ്ടെയ്ന്മെന്റ് സോണുകളായ പ്രദേശങ്ങളിൽ ബസ് നിർത്തുകയോ ആളെ കയറ്റുകയോ ഇറക്കുകയോ ചെയ്യില്ല.
800 ദീർഘദൂരസർവീസുകളാണ് നേരത്തേ കെഎസ്ആർടിസി നടത്തിയിരുന്നത്. ഇത് നിർത്തിയതോടെ കെഎസ്ആർടിസി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. സമാനമായ പ്രതിസന്ധി സ്വകാര്യ ബസ് സർവീസുകളും സംസ്ഥാനത്ത് നേരിടുന്നുണ്ട്.

കോവിഡ് രോഗികൾ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് കെഎസ്ആർടിസി സർവീസുകൾ ഉണ്ടാകില്ല. പകരം തിരുവനന്തപുരത്തെ ആനയറയിൽ നിന്നാകും താൽക്കാലിക സംവിധാനം ഉണ്ടാവുകയെന്നുമാണ് മന്ത്രി കോഴിക്കോട് വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ ആരോഗ്യവകുപ്പിന്റെ എതിർപ്പോടെ ഈ തീരുമാനം മാറ്റി. ആരോഗ്യ വകുപ്പ് നൽകിയ മുന്നറിയിപ്പിനെ തുടർന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രം സംസ്ഥാനത്തിനകത്തുള്ള ദീർഘ ദൂര സർവ്വീസുകൾ ആരംഭിച്ചാൽ മതി എന്ന് തീരുമാനിച്ചിരിക്കുകയാണെന്നും കെ.എസ്.ആർ.ടി.സി സോഷ്യൽ മീഡിയ കൺവീനറും അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP