Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

റഫാൽ പോർവിമാനങ്ങൾ ഇന്ത്യൻ മണ്ണിൽ തൊട്ടപ്പോൾ ഉയരുന്നത് രാജ്യത്തിന്റെ ആത്മവിശ്വാസം; ഉടക്കിട്ടാൽ ചൈനയിൽ പോയി അടിക്ക് തിരിച്ചടി നൽകാനും റഫാൽ ധാരാളം; ചൈനീസ് റഡാറുകളുടെ ചാരക്കണ്ണുകളെ വെട്ടിക്കാനും മിടുക്കൻ; ഒരു മുഴുനീള യുദ്ധം ഇരുരാജ്യങ്ങളുടയും അജണ്ടയിലില്ല; എൽഒസി യഥാർത്ഥ രേഖയായി മാറുന്നത് വരെ ചൈനയുമായുള്ള സംഘർഷം അവസാനിക്കില്ല; അതിനുമുമ്പുള്ള വിലപേശലിനാണ് ചൈനാക്കാരുടെ ശ്രമം; റഫാലിന്റെ വരവിൽ ടി.പി.ശ്രീനിവാസൻ മറുനാടനോട്

റഫാൽ പോർവിമാനങ്ങൾ ഇന്ത്യൻ മണ്ണിൽ തൊട്ടപ്പോൾ ഉയരുന്നത് രാജ്യത്തിന്റെ ആത്മവിശ്വാസം; ഉടക്കിട്ടാൽ ചൈനയിൽ പോയി അടിക്ക് തിരിച്ചടി നൽകാനും റഫാൽ ധാരാളം; ചൈനീസ് റഡാറുകളുടെ ചാരക്കണ്ണുകളെ വെട്ടിക്കാനും മിടുക്കൻ; ഒരു മുഴുനീള യുദ്ധം ഇരുരാജ്യങ്ങളുടയും അജണ്ടയിലില്ല; എൽഒസി യഥാർത്ഥ രേഖയായി മാറുന്നത് വരെ ചൈനയുമായുള്ള സംഘർഷം അവസാനിക്കില്ല; അതിനുമുമ്പുള്ള വിലപേശലിനാണ് ചൈനാക്കാരുടെ ശ്രമം; റഫാലിന്റെ വരവിൽ ടി.പി.ശ്രീനിവാസൻ മറുനാടനോട്

എം മനോജ് കുമാർ

 തിരുവനന്തപുരം: ഫ്രാൻസിൽ നിന്നും എത്തിയ അഞ്ച് റഫാൽ യുദ്ധവിമാനങ്ങളിൽ അഞ്ചെണ്ണം ഇന്ത്യൻ മണ്ണിൽ തൊട്ടപ്പോൾ ആത്മവിശ്വാസവും റഫാലിന് ഒപ്പം ഉയരുകയാണ്. ഇൻഡോ-ചൈന അതിർത്തിയിൽ ചൈന യുദ്ധസന്നാഹവുമായി നിലയുറപ്പിക്കുമ്പോഴാണ് ഫ്രാൻസിൽ നിന്നുള്ള 36 റഫാൽ വിമാനങ്ങളിൽ അഞ്ചെണ്ണം ഇന്ത്യൻ മണ്ണിൽ എത്തുന്നത്. യുദ്ധസന്നാഹങ്ങളിലും ആയുധ സംഭരണത്തിലും ചൈനയ്ക്ക് എത്രയോ പിറകിൽ നിൽക്കുമ്പോഴാണ് ആവേശമായി ബഹുമുഖ യുദ്ധവിമാനമായ റഫാൽ എത്തുന്നത്. ശത്രുവിമാനങ്ങളെ ആക്രമിക്കാനുള്ള വ്യോമ-ഭൂതല മിസൈലുകൾ വഹിക്കാനും ചെറുകിട ആണവായുധങ്ങൾ വഹിക്കാനും ഒക്കെ ശേഷിയുള്ള റഫാൽ എത്തുമ്പോൾ സേനയ്ക്ക് ഒപ്പം ഇന്ത്യൻ ജനതകൂടി ആഘോഷിക്കുകയാണ്.

ഇന്ത്യൻ ആയുധങ്ങളും യുദ്ധസന്നാഹങ്ങളും പാക്കിസ്ഥാനെയല്ല ചൈനയെയാണ് ഉന്നം വയ്ക്കുന്നത് എന്ന പരസ്യമായ രഹസ്യം നിലനിൽക്കുമ്പോൾ തന്നെയാണ് റഫാലിന്റെ വരവ് സംഭവിക്കുന്നത്. ഇപ്പോൾ റഫാൽ ഇന്ത്യയിൽ എത്തുമ്പോഴും ചൈന ഇന്ത്യൻ അതിർത്തിയിൽ നിന്നും പിന്മാറിയിട്ടില്ല. ഇന്ത്യ-ചൈനീസ് അതിർത്തിൽ ചൈന സങ്കൽപ്പിക്കുന്ന അതിർത്തിയിൽ തന്നെയാണ് ചൈനീസ് സേന നിലകൊള്ളുന്നത്. അതിർത്തിയിൽ ലൈൻ ഓഫ് കൺട്രോൾ ഒരു സാങ്കല്പിക രേഖയായി തുടരുമ്പോൾ ഇന്ത്യൻ അതിർത്തിയിൽ കടന്നു കയറി രണ്ടടി കയ്യടക്കി വെച്ച് ഒരടി പിന്മാറുക എന്ന രീതിയാണ് ചൈന അവലംബിക്കുന്നത്. 1993-യിൽ ഒരു ഇന്ത്യാ-ചൈന ഉടമ്പടിയുണ്ടായി. എൽഒസി ലംഘിക്കില്ലെന്ന്. ആ ഉടമ്പടിയിലാണ് കാര്യങ്ങൾ മുന്നോട്ടു നീങ്ങുന്നത്. പക്ഷെ ഇത്തവണ ചൈന അതിർത്തി കടന്നു കയറിയപ്പോൾ പാൻഗോങ്, ഡേപ്സാങ് എന്നീ അതിർത്തി മേഖലകളിൽ നിന്നും പിൻവാങ്ങാൻ തയ്യാറായിട്ടില്ല.

സേനാ പിന്മാറ്റത്തിൽ ചൈന കാര്യമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണമായി റഫാൽ എത്തുന്നത്. ഗാൽവൻ താഴ്‌വരയിലുണ്ടായ ഇന്ത്യ-ചൈന ഏറ്റമുട്ടലിന്റെ അന്തരീക്ഷം ചൈനീസ് നിലപാട് കാരണം അതേപടി തുടരുമ്പോൾ റഫാൽ എന്ത് ചലനങ്ങൾ സൃഷ്ടിക്കും എന്ന ചോദ്യമാണ് ഇപ്പോൾ പൊതുവായി ഉയരുന്നത്. റഫാലിന്റെ വരവ് പാക്കിസ്ഥാനെ ഭീതിപ്പെടുത്തുമ്പോൾ ചൈന കാര്യങ്ങൾ സസൂക്ഷമം വീക്ഷിക്കുകയാണ്. ഫ്രാൻസിൽ നിന്നെത്തിയ റഫാൽ ഏഷ്യൻ സമാധാനം ഇല്ലാതാക്കുമെന്നും ആയുധ മത്സരം വർദ്ധിപ്പിക്കുമേന്നുമാണ് പാക്കിസ്ഥാൻ പറയുന്നത്. പാക്കിസ്ഥാന്റെ പ്രതികരണം ഇന്ത്യയിലും ചർച്ചകൾക്ക് തുടക്കമിടുന്നുണ്ട്.

ഇന്ത്യൻ ആത്മവിശ്വാസം ഉയർത്താൻ മാത്രമാണ് റഫാൽ പര്യാപ്തമാണെന്നാണ് പ്രമുഖ നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസൻ പറയുന്നത്. അടിച്ചാൽ തിരിച്ചടിക്കും എന്ന് ഇന്ത്യ പറയും. അതല്ലാതെ നിലവിലെ സാഹചര്യത്തിൽ വേറെ നിവൃത്തിയില്ല. പക്ഷെ റഫാൽ എത്തുമ്പോൾ ചൈനയിൽ പോയി തിരിച്ചടിക്കാൻ കഴിയും. ഇത് ഒരു വസ്തുതയാണ്. ചൈനയ്ക്ക് ഈ കാര്യം അറിയാം. റഡാറിൽ പോലും റഫൈലിനെ പിടിക്കാൻ കഴിയില്ല. പക്ഷെ ഇന്ത്യ ചെയ്യുന്നത് ആയുധസന്നാഹങ്ങൾ അപ്‌ഗ്രേഡ് ചെയ്യുകയാണ്. ഇന്ത്യ എയർഫോഴ്‌സിനെ അപ്‌ഗ്രേഡ് ചെയ്യുകയാണ്. ഒരു അടിയന്തിര സാഹചര്യം വന്നപ്പോൾ റഫാൽ എത്തിച്ചു. അതാണ് രാജ്യം ചെയ്തത്. റഫാൽ വന്നു ഇനി പേടിക്കാനില്ല ഒരു വിശ്വാസം ഇന്ത്യയിൽ വരും. ഇതാണ് ഇപ്പോൾ സംഭവിക്കുന്നത്. റഫാൽ ഇന്ത്യൻ സേനയുടെ ഭാഗമായി മാറാൻ തന്നെ നാളുകൾ എടുക്കും. അപ്പോഴേക്കും ചില ഭാഗങ്ങൾ അധീനതയിൽ ആക്കാനാണ് ചൈന താത്പര്യപ്പെടുന്നത്. .

ഇന്ത്യയും ചൈനയും തമ്മിൽ ബാലൻസിങ് ഫോഴ്‌സ് അല്ല ഉള്ളത്. ഒരു മുഴുനീള യുദ്ധത്തിലേക്ക് ഇന്ത്യ നീങ്ങില്ല. ചൈന സൈന്യത്തെ പിൻവലിച്ചില്ലെങ്കിലും ഇന്ത്യ നിശബ്ദമായി ഇരിക്കുകയേയുള്ളൂ. യുദ്ധം കൊണ്ട് ഉപയോഗം ഇല്ല എന്ന് ഇന്ത്യക്ക് മാത്രമല്ല ചൈനയ്ക്കും അറിയാം. ആണവായുധ ശേഷി ഇന്ത്യയേക്കാൾ ചൈനയ്ക്കാണ് കൂടുതൽ ഉള്ളത്. ഇന്ത്യയ്ക്ക് തന്നെ ആണവശേഷി പ്രതിരോധത്തിനാണ്. ആണവയുദ്ധത്തിനു ഒന്നും ഇന്ത്യ സന്നദ്ധവുമല്ല. രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി സൈന്യം തയ്യാറാകണം. ആ ശക്തി വർദ്ധിപ്പിക്കുകയാണ് റഫാൽ വഴി ഇന്ത്യ ചെയ്യുന്നത്. കാര്യങ്ങൾ ഗ്രൗണ്ടിൽ കൊണ്ടുവരിക. അവിടെ വെച്ച് വിലപേശുക എന്ന തന്ത്രമാണ് ചൈന നടപ്പിൽ വരുത്തുന്നത്.

ജനുവരി-ഫെബ്രുവരി വരെയെങ്കിലും ഒരു യുദ്ധത്തിനു ഇന്ത്യയ്ക്ക് പ്രയാസമാണ്. യുദ്ധത്തിനു ഇന്ത്യ മുതിരാനും സാധ്യതയില്ല. ലൈൻ ഓഫ് കൺട്രോൾ അടയാളപ്പെടുത്തുന്നതുവരെ ചൈനയുമായി സമാധാനത്തിനു ഇന്ത്യയ്ക്ക് കഴിയില്ല. സാങ്കൽപ്പിക രേഖയാണ് നിലവിലുള്ളത്. ഈ രേഖ ഇതേപടി നിലനിൽക്കുമ്പോഴാണ് ചൈന കടന്നു കയറൽ തുടരുന്നത്. ഇങ്ങനെ ഒരു രേഖ വരുമ്പോൾ നമ്മൾ കൺസെഷൻ കൊടുക്കാൻ വേണ്ടിയാണ് ചൈന അതിർത്തിയിൽ കടന്നുകയറുന്നത്. എപ്പോഴെങ്കിലും രേഖ വരയ്‌ക്കേണ്ടി വരും. ഇപ്പോൾ തർക്ക പ്രദേശമായ സ്ഥലങ്ങളിലാണ് ചൈന ആധിപത്യത്തിനു ശ്രമിക്കുന്നത്. അതിർത്തിയിലെ ചില മലകളും നദികളും ഒക്കെ അവർക്ക് വേണം എന്ന ഒരു തീരുമാനം ചൈനയ്ക്കുണ്ട്. ഈ തീരുമാനത്തിനു അനുസരിച്ചാണ് ചൈന ചുവട് വയ്‌പ്പ് നടത്തുന്നത്.

ന്യൂക്ലിയർ സന്നാഹമുള്ളവർ തമ്മിൽ യുദ്ധം ചെയ്താൽ സ്ഥിതി ഭീകരമാകും. ഹിരോഷിമ അമേരിക്കയിൽ നിന്നും വളരെ ദൂരെയാണ്. ഹിരോഷിമയിൽ പോലുള്ള ഒരു ബോംബ് മുംബൈയിൽ വർഷിച്ചാൽ തകരുക പാക്കിസ്ഥാൻ കൂടിയാണ്. അതിനാൽ ലിമിറ്റഡ് ഡാമേജുള്ള ചെറുകിട ആണവായുധങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുന്നു എന്നാണ് പാക്കിസ്ഥാൻ അവകാശപ്പെടുന്നത്. അത് പക്ഷെ ആർക്കുമില്ല. ലിമിറ്റഡ് ഡാമേജ് സൃഷ്ടിക്കാൻ കഴിയുന്ന ന്യൂക്ലിയർ ആയുധങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പാക്കിസ്ഥാന് ഉപയോഗിക്കാൻ കഴിയൂ. ഇതാണ് ഈ രീതിയിൽ പാക്കിസ്ഥാൻ ഈ രീതിയിലുള്ള ആണവ ആയുധങ്ങൾക്ക് പിറകെ പോകുന്നത്. ആണവായുധങ്ങളുടെ പശ്ചാത്തലത്തിൽ യുദ്ധം ചെയ്ത് ഒരു രാജ്യത്തെ തകർക്കാൻ ശ്രമിക്കുക ഒക്കെ പ്രയാസകരമാണ്.

ഇന്ത്യ യുദ്ധം ചെയ്യേണ്ടത് പാക്കിസ്ഥാനുമായിട്ടാണ്. യുദ്ധങ്ങൾ അങ്ങനെ വന്നിട്ടുമുണ്ട്. കാർഗിൽ യുദ്ധം തന്നെ ഒത്തുതീർപ്പിൽ എത്തിച്ചതാണ്. കാർഗിൽ യുദ്ധം നടക്കുന്ന 1999-ൽ പാക് പ്രധാനമന്ത്രി നവാസ് ഷെറീഫ് അമേരിക്ക പ്രസിഡന്റ് ബിൽ ക്ലിന്റനെ കാണാൻ അമേരിക്കയിൽ എത്തി. കാർഗിൽ പിടിച്ചടക്കണം എന്നൊന്നും പാക്കിസ്ഥാന് താത്പര്യമില്ല. ഈ സമയത്ത് കശ്മീർ പ്രശ്‌നം പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ എന്നാണ് ഷെരീഫ് അമേരിക്കയിൽ ക്ലിന്റ്‌നു സന്ദേശം എത്തിച്ചത്. പക്ഷെ ക്ലിന്റൻ അതിനു സമ്മതിച്ചില്ല. ഷെരീഫിനെ കാണാൻ കൂടി കൂട്ടാക്കിയില്ല. എൽഒസി പാക്കിസ്ഥാൻ ലംഘിച്ചിരിക്കുന്നു. ഇത് തെറ്റാണ്. നിങ്ങൾ ആദ്യം ലൈൻ ഓഫ് കൺട്രോളിനു പിറകിൽ പോവുക. അതിനു ശേഷം സംസാരിക്കാം എന്നാണ് ക്ലിന്റൻ പറഞ്ഞത്. ആ സമയത്ത് ഞാൻ വൈറ്റ് ഹൗസിനു പുറത്തുണ്ട്. നവാസ് ഷെരീഫ് പറഞ്ഞത് ഞങ്ങൾ പിൻവലിയാം. അമേരിക്കൻ പ്രസിഡന്റ് ഇതിൽ ഇടപെടണം എന്ന് ആവശ്യമുന്നയിച്ചു. പാക്കിസ്ഥാന് സഹായകരമായ ഒരു പ്രസ്താവന വരെ അമേരിക്കൻ പ്രസിഡന്റ് ആ ഘട്ടത്തിൽ ഇറക്കിയതുമില്ല. അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ബുക്കിലും നവാസ് ഷെരീഫിന്റെ ബുക്കിലും യശ്വവന്ത് സിൻഹയുടെ ബുക്കിലും ഈ കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കാർഗിൽ യുദ്ധം നമ്മൾ ജയിച്ചു എന്ന് പറയുമ്പോഴും ഇതൊക്കെ നമ്മൾ പരിഗണിക്കേണ്ടതുണ്ട്-ശ്രീനിവാസൻ പറയുന്നു.

ഇന്ത്യാ-ചൈന അതിർത്തിയിൽ ചൈന നടത്തുന്ന കടന്നു കയറ്റം അമേരിക്കയും നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയിലെയും ഭൂട്ടാനിലെയും അതിർത്തി പ്രദേശങ്ങളിൽ ചൈന നടത്തുന്ന അവകാശവാദം ലോകരാജ്യങ്ങളെ പരീക്ഷിക്കലാണെന്ന് അമേരിക്ക കുറ്റപ്പെടുത്തുന്നത്. ചൈനയുടെ മനസ്സിലിരിപ്പിന്റെ സൂചനയാണിതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരിക്കുന്നത്. . ഏതൊക്കെ രാജ്യങ്ങളിൽനിന്ന് എതിർപ്പുണ്ടാകുമെന്ന് അറിയാനുള്ള ശ്രമമാണ് ചൈനീസ് പ്രസിഡന്റ് ഷീ ചിൻ പിങ് നടത്തുന്നത്. കിഴക്കൻ ലഡാക്കിലെ കടന്നുകയറ്റവും ഭൂട്ടാനിലെ സാക്തങ് വന്യജീവി കേന്ദ്രത്തിൽ ചൈന അവകാശവാദം ഉന്നയിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു പോംപിയോയുടെ പരാമർശം. അതേസമയം ചൈന ഉയർത്തുന്ന ബൗദ്ധിക സ്വത്തവകാശ വെല്ലുവിളിക്കെതിരെ യുഎസ്, ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ഖ്വാദ് കൂട്ടായ്മ ശക്തമായ പ്രതിരോധവും തീർക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP