Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലക്ഷ്മിയെ തേടിയുള്ള അന്വേഷണം ചെന്നു നിൽക്കുന്നത് തിട്ടമംഗലത്തെ വീട്ടിൽ; ദുബായിൽ പോയെന്നും കൊച്ചിയിലുണ്ടെന്നും ബംഗളൂരുവിലേക്ക് താമസം മാറിയെന്നും പറയുന്നത് പച്ചക്കള്ളം; ഭർത്താവിന്റേയും മകളുടേയും വേർപാടിൽ വിവാദങ്ങൾ ചർച്ചയാകുമ്പോൾ ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന ദൃക്സാക്ഷി; ബാലഭാസ്‌കറിനെ കൊന്നു തള്ളിയെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിട്ടും മിണ്ടാട്ടമില്ല; നേരറിയാൻ സിബിഐ ആദ്യമെത്തുക ലക്ഷ്മിക്ക് അരികിൽ; വയലിനിസ്റ്റിന്റെ മരണത്തിൽ ഭാര്യ പറയുന്നത് അതിനിർണ്ണായകം

ലക്ഷ്മിയെ തേടിയുള്ള അന്വേഷണം ചെന്നു നിൽക്കുന്നത് തിട്ടമംഗലത്തെ വീട്ടിൽ; ദുബായിൽ പോയെന്നും കൊച്ചിയിലുണ്ടെന്നും ബംഗളൂരുവിലേക്ക് താമസം മാറിയെന്നും പറയുന്നത് പച്ചക്കള്ളം; ഭർത്താവിന്റേയും മകളുടേയും വേർപാടിൽ വിവാദങ്ങൾ ചർച്ചയാകുമ്പോൾ ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന ദൃക്സാക്ഷി; ബാലഭാസ്‌കറിനെ കൊന്നു തള്ളിയെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിട്ടും മിണ്ടാട്ടമില്ല; നേരറിയാൻ സിബിഐ ആദ്യമെത്തുക ലക്ഷ്മിക്ക് അരികിൽ; വയലിനിസ്റ്റിന്റെ മരണത്തിൽ ഭാര്യ പറയുന്നത് അതിനിർണ്ണായകം

എം മനോജ് കുമാർ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം സിബിഐ ഏറ്റെടുത്തതോടെ എല്ലാ കണ്ണുകളും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയിലേക്ക് തിരിയുന്നു. ബാലഭാസ്‌ക്കറിന്റെ മരണത്തിന്നിടയാക്കിയ വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടശേഷം ഇതുവരെ ലക്ഷ്മി ഒരു പ്രതികരണവും നടത്തിയിട്ടില്ല. ലക്ഷ്മിയുടെ ഈ മൗനം സംശയാസ്പദമാണെന്നാണ് ബാലഭാസ്‌ക്കറിന്റെ കുടുംബം ചൂണ്ടിക്കാട്ടിയത്. ഒരു പാട് ആരോപണശരങ്ങൾ ലക്ഷ്മിയുടെ മൗനവുമായി ബന്ധപ്പെട്ടു ഉയർന്നെങ്കിലും അപകടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ലക്ഷ്മി മൗനം തുടരുകയായിരുന്നു.

സ്വർണ്ണക്കടത്ത് കേസിൽ ഇപ്പോൾ എൻഐഎ കസ്റ്റഡിയിലുള്ള പ്രതി സരിത്ത് അവിടെ കാണപ്പെട്ടിരുന്നുവെന്ന് കലാഭവൻ സോബിൻ ഇപ്പോൾ വെളിപ്പെടുത്തിയെങ്കിലും അതുമായി ബന്ധപ്പെട്ടും ഒരു പ്രതികരണവും ലക്ഷ്മി നടത്തിയിട്ടില്ല. മാധ്യമങ്ങളിൽ സരിത്തിന്റെ ചിത്രം കണ്ടപ്പോഴാണ് തിരിച്ചറിയാനായതെന്നുമാണ് സോബിൽ പറഞ്ഞത്. അപകടം നടന്നതിന് തൊട്ടു പിന്നാലെ സോബിൻ കാറിൽ അത് വഴി കടന്നു പോയിരുന്നു. നാലഞ്ചുപേർ അവിടെ സംശയാസ്പദമായി കൂടി നിൽക്കുന്നത് കണ്ടുവെന്ന് നേരത്തെ മൊഴി നൽകുകയും ചെയ്തിരുന്നു.

സോബിന്റെ മൊഴികളാണ് സ്വർണ്ണക്ക്ടത്തും ബാലുവിന്റെ മരണവും തമ്മിലുള്ള ബന്ധം വിവാദമായി നിലനിർത്തിയത്. ബാലുവിന്റെ മരണത്തിന്നിടയാക്കിയ വാഹനാപകടക്കേസും ഇതുമായി ബന്ധപ്പെട്ടു വന്ന സ്വർണ്ണക്കടത്ത് കേസുകളും ഇപ്പോൾ സിബിഐ അന്വേഷിക്കുമ്പോൾ ഇനി ലക്ഷ്മിക്ക് മൗനം തുടരാൻ കഴിയില്ലെന്നാണ് കുടുംബത്തിന്റെ കണക്കുകൂട്ടൽ. തിരുമലയിലുള്ള ബാലുവിന്റെ വീട്ടിൽ ലക്ഷ്മി ഉണ്ടെന്നാണ് സൂചന. തിട്ടമംഗലത്താണ് ഈ വീട്. ഇടക്കാലത്ത് ദുബായിൽ പോയതായും കൊച്ചിയിലാണ് ഉള്ളതെന്നും മട്ടിൽ ലക്ഷ്മിയെക്കുറിച്ച് വാർത്തകൾ വന്നിരുന്നു.

ബാലുവിന്റെ സ്വത്തിനു വേണ്ടിയാണ് കുടുംബം രംഗത്തുള്ളത് എന്ന രീതിയിൽ അപവാദങ്ങൾ ഉയർന്നു വന്നപ്പോൾ അത് കുടുംബത്തെ തത്കാലത്തെക്കെങ്കിലും പ്രതിരോധത്തിൽ ആക്കിയിരുന്നു. പക്ഷെ ഈ രീതിയിൽ ആരോപണ ശരങ്ങൾ ഉയർന്നപ്പോഴും ലക്ഷ്മി മൗനം വെടിഞ്ഞില്ല. ഇതോടെ സ്വതേ അകൽച്ചയിലായിരുന്ന ബാലുവിന്റെ കുടുംബവും ലക്ഷ്മിയും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വിള്ളൽ വീഴുകയും ചെയ്തു. ഇപ്പോൾ അന്വേഷണത്തിനു സിബിഐ എത്തുമ്പോൾ ഇതുമായി ബന്ധപ്പെട്ട ദുരൂഹതകൾക്ക് അവസാനമാകും എന്നാണ് കുടുംബം കരുതുന്നത്. ബാലുവിന്റെത് അപകട മരണമല്ല കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

കഴിഞ്ഞ ദിവസവും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു ബാലുവിന്റെ അച്ഛൻ കെ.സി.ഉണ്ണി ഈ ആരോപണങ്ങൾ ആവർത്തിച്ചിരുന്നു. ഒട്ടനവധി സംശയങ്ങൾ ദുരീകരിക്കാൻ കഴിയുവാൻ ലക്ഷ്മിയുടെ വെളിപ്പെടുത്തലുകൾക്ക് കഴിയുമായിരുന്നുവെങ്കിലും ഭർത്താവിന്റെയും മകളുടെയും മരണവുമായി ബന്ധപ്പെട്ടു ഒരു വെളിപ്പെടുത്തലും ലക്ഷ്മി നടത്തിയില്ല. ഇപ്പോൾ സിബിഐ വരുമ്പോൾ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾക്ക് വിരാമമാകുമെന്നും ബാലുവിന്റെ മരണവുമായി സ്വർണ്ണക്കടത്തുകാർക്കുള്ള ബന്ധവും വെളിയിൽ വരുമെന്നുമാണ് കുടുംബത്തിന്റെ പ്രതീക്ഷ. കേസ് ക്രൈംബ്രാഞ്ച് ആണ് അന്വേഷിച്ചതെങ്കിലും അന്വേഷണ റിപ്പോർട്ട് ഇതുവരെ ക്രൈംബ്രാഞ്ച് കോടതിയിൽ കൈമാറിയിരുന്നില്ല. ഇതോടെയാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ട് സർക്കാർ ഉത്തരവായത്.

ബാലുവിന്റെ വിവാദ വാഹനാപകടക്കേസ് നിലവിൽ സിബിഐ ഏറ്റെടുത്തിട്ടുണ്ട്. ഈ കാര്യത്തിൽ പ്രാഥമികമായ അന്വേഷണത്തിനു തുടക്കമിടുകയും ചെയ്തിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന കേരള പൊലീസിൽ നിന്നാണ് അന്വേഷണം സിബിഐ എറ്റെടുത്തത്. അപകടത്തിൽ ദുരൂഹതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിലപാട്. ബാലഭാസ്‌കർ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവർ അർജുനാണെന്ന ഫൊറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപകടത്തിൽ ദുരൂഹതകളില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഡ്രൈവിങ് സീറ്റിന്റെ മുൻവശത്തെ കണ്ണാടിയിൽനിന്നും ലഭിച്ച മുടി അർജുന്റേതാണെന്നു ഫൊറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു. ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയതു കാറിന്റെ അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.

വാഹനം ഓടിച്ച ആളിനെക്കുറിച്ചുള്ള മൊഴികളിലെ ആശയക്കുഴപ്പമാണു മരണത്തിലെ ദുരൂഹതയ്ക്കു കാരണമായത്. അർജുനാണ് വാഹനമോടിച്ചതെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും അപകടത്തിന്റെ ദൃക്‌സാക്ഷി നന്ദുവിന്റെയും മൊഴി. ബാലഭാസ്‌കറിനെ ഡ്രൈവിങ് സീറ്റിൽ കണ്ടെന്നായിരുന്നു സംഭവ സ്ഥലത്തെത്തിയ കെഎസ്ആർടിസി ഡ്രൈവർ അജിയുടെ മൊഴി. ഫൊറൻസിക് പരിശോധനാഫലം വന്നതോടെ ഈ ആശയക്കുഴപ്പം ഒഴിവായതായാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്. ഫൊറൻസിക് റിപ്പോർട്ടിൽ വാഹനത്തിന്റെ വേഗം മണിക്കൂറിൽ 100നും 120നും ഇടയിലാണ്. വാഹനത്തിന്റെ അമിത വേഗം തെളിയിക്കുന്ന രേഖകൾ മോട്ടോർ വാഹന വകുപ്പിൽനിന്നും ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ചാലക്കുടിയിൽ മോട്ടർ വാഹന വകുപ്പിന്റെ ക്യാമറയിൽ പതിയുമ്പോൾ വാഹനത്തിന്റെ വേഗം മണിക്കൂറിൽ 94 കിലോമീറ്ററായിരുന്നു. ഇതാണ് അമിതവേഗമാണ് അപകടമെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ചിനെ എത്തിച്ചത്.

ദേശീയ പാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്ഷനു സമീപം 2018 സെപ്റ്റംബർ 25 ന് പുലർച്ചെയായിരുന്നു അപകടം. ഭാര്യ ലക്ഷമി, മകൾ തേജസ്വിനി ബാല, എന്നിവർക്ക് ഒപ്പം ത്യശൂരിൽ ക്ഷേത്ര വഴിപാടുകൾക്കായി പോയി മടങ്ങി വരവേയായിരുന്നു അപകടം. മകൾ സംഭവ സ്ഥലത്തും ബാലഭാസ്‌കർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഒക്ടോബർ രണ്ടിനും മരിച്ചു. അമിത വേഗതയിൽ വാഹനം റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. പാലക്കാട് ഉള്ള ഡോക്ടർക്കെതിരെയും സ്വർണ്ണക്കടത്ത് ബന്ധവുമായും ബാലഭാസ്‌കറിന്റെ കുടുംബം എത്തിയതോടെയാണ് വാഹനാപകടം വിവാദമായി മാറിയത്.

ഇതിനിടയിൽ സ്വർണക്കടത്ത് കേസിൽ ബാലഭാസ്‌കറിന്റെ കൂടെയുണ്ടായിരുന്ന വിഷ്ണു, പ്രകാശ് തമ്പി എന്നിവർ പിടിയിലായതോടെ കേസിന് പുതിയമാനം വന്നു. സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള ആരോപണങ്ങളും ഉയർന്നു. എന്നാൽ ക്രൈംബ്രാഞ്ച് സംഘം അപകടമരണമാണെന്ന നിഗമനത്തിൽ എത്തിയതോടെയാണ് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി സിബിഐ അന്വേഷണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്. ഇതിനെ തുടർന്നാണ് കേസ് സിബിഐയുടെ കൈകളിലേക്ക് വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP