Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നവോദയ സ്‌കൂളുകൾ മാത്രമെടുത്താൽ കോമേഴ്‌സിൽ ഒന്നാം റാങ്ക്; എല്ലാ വിഷയത്തിലും നോക്കിയാൽ നാലാം റാങ്ക്; മൂന്നു വിഷയങ്ങൾക്ക് ഫുൾ മാർക്ക്. എന്തൊരു അമ്പരപ്പിക്കുന്ന വിജയമാണ് ഈ കുട്ടി നേടിയത്; വിനായക് കേരളത്തിന്റ അഭിമാനമെന്ന് ഉമ്മൻ ചാണ്ടിയും; വിനായകിനെ ത്രില്ലടിപ്പിക്കുന്നത് ദുൽഖറിന്റെ ഫോൺ വിളിയും സമ്മാനവും; മോദിയുടെ ഫോൺ വിളിക്ക് പിന്നാലെ താരമായി കൊച്ചു മിടുക്കൻ

നവോദയ സ്‌കൂളുകൾ മാത്രമെടുത്താൽ കോമേഴ്‌സിൽ ഒന്നാം റാങ്ക്; എല്ലാ വിഷയത്തിലും നോക്കിയാൽ നാലാം റാങ്ക്; മൂന്നു വിഷയങ്ങൾക്ക് ഫുൾ മാർക്ക്. എന്തൊരു അമ്പരപ്പിക്കുന്ന വിജയമാണ് ഈ കുട്ടി നേടിയത്; വിനായക് കേരളത്തിന്റ അഭിമാനമെന്ന് ഉമ്മൻ ചാണ്ടിയും; വിനായകിനെ ത്രില്ലടിപ്പിക്കുന്നത് ദുൽഖറിന്റെ ഫോൺ വിളിയും സമ്മാനവും; മോദിയുടെ ഫോൺ വിളിക്ക് പിന്നാലെ താരമായി കൊച്ചു മിടുക്കൻ

ആർ പീയൂഷ്

കൊച്ചി: ജവഹർ നവോദയ സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ നാലാം റാങ്ക് നേടിയ വിനായക് എം മാലിലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചതിന് പിന്നാലെ നാടൊട്ടുക്കുനിന്നും ആദരവ്. സംസ്ഥാനത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവരാണ് അഭിനന്ദനവുമായെത്തിയത്. ജന പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും നിരവധി ഉപഹാരങ്ങൾ സമ്മാനിച്ചു. ചലച്ചിത്ര താരം ദുൽഖർ സൽമാൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിക്കുകയും സ്മാർട്ട് ഫോൺ സമ്മാനമായി നൽകുകയും ചെയ്തു.

പ്രധാനമന്ത്രി വിളിച്ചതിനു പിന്നാലെ ദുൽഖറിന്റെ ഫോൺ വിളിയും സമ്മാനവുമാണ് വിനായകിനെ ത്രില്ലടിപ്പിച്ചിരിന്നത്. ബിജെപി എറണാകുളം മേഖലാ സെക്രട്ടറി സി.ജി.രാജഗോപാലിന്റെ കയ്യിലാണ് സമ്മാനം കൊടുത്തയച്ചത്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മൂവാറ്റുപുഴ മണിയന്തടം മാലിൽ വിനായകിനെ മൻ കി ബാത്തിനിടെ പ്രധാനമന്ത്രി നേരിട്ടു വിളിച്ച് അഭിനന്ദിക്കുകയായിരുന്നു. ഇതിനിടെയാണ് ദുൽഖർ സൽമാന്റെ സമ്മാനമെത്തിയത്. ഹാസ്യ സിനിമകളാണു വിനായകിന് ഇഷ്ടം. നായകന്മാരിൽ ദുൽഖർ സൽമാനാണ് ഇഷ്ടതാരം. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കൊമേഴ്സ് ആയിരുന്നു വിനായകിന്റെ വിഷയം. അഞ്ഞൂറിൽ 493 മാർക്ക് വാങ്ങി ദേശീയ തലത്തിൽ നാലാം റാങ്കും കൊമേഴ്സ് വിഭാഗത്തിൽ ഒന്നാം റാങ്കും നേടി. വിനായകിനു തുടർ പഠനത്തിനു വേണ്ട എല്ലാ സഹായവും വാഗാദാനം ചെയ്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും എത്തി.

ഇടുക്കി എംപി ഡീൻ കുര്യാക്കോസ് വിനായകിന് വാച്ച് സമ്മാനിച്ചു. എൽദോ എബ്രഹാം എംഎ‍ൽഎ വിനായകന്റെ വീട്ടിലെത്തി അഭിനന്ദനമറിയിച്ചു. കേക്ക് മുറിച്ചാണ് എംഎ‍ൽഎ വിനായകന്റെ വിജയം ആഘോഷിച്ചത്. എറണാകുളം നേര്യമംഗലത്തെ ജവഹർ നവോദയ സ്‌കൂളിലായിരുന്നു വിനായകിന്റെ പഠനം. പ്രധാനമന്ത്രിയുടെ പക്കൽ നിന്ന് അഭിനന്ദനം ലഭിക്കുമെന്ന് പ്രതീക്ഷിരുന്നില്ലെന്ന് വിനായക് പ്രതികരിച്ചിരുന്നു. കൂലിപ്പണിക്കാരനായ മനോജിന്റെയു തങ്കയുടെയും മകനാണ് വിനായക്. കൂലിപ്പണിക്കാരനായ മനോജിന്റെ തുച്ഛമായ വരുമാനത്തിൽ നിന്നുള്ള പരിമിതികൾ ഉൾക്കൊണ്ടായിരുന്നു വിനായകിന്റെ പഠനം. സിവിൽ സർവ്വീസ് സ്വപ്നങ്ങളുള്ള വിനായകിന് ബികോമിന് ഡൽഹി സർവകലാശാലയിൽ ചേരാനാണ് ആഗ്രഹം.

കഴിഞ്ഞ ഞായറാഴ്ച വിനായകനെ ഫോണിൽ വിളിച്ച പ്രധാനമന്ത്രി, ഹോബികളും വിജയത്തിലേക്കു നയിച്ച പഠന രീതികളുമൊക്കെ ചോദിച്ചറിഞ്ഞു. എന്താണ് പരീക്ഷയെഴുതാനിരിക്കുന്ന കുട്ടികൾക്ക് നൽകുന്ന സന്ദേശമെന്നു ചോദിച്ചപ്പോൾ കഠിനാധ്വാനവും കൃത്യമായ സമയവിനിയോഗവുമാണെന്ന് വിനായക് പറഞ്ഞു. സ്‌കൂളിൽ ലഭിക്കുന്ന കായിക പരിശീലനത്തെക്കുറിച്ചും പ്രധാനമന്ത്രി ആരാഞ്ഞു. വിനായകുമായുള്ള ഫോൺ സംഭാഷണം റേഡിയോ പ്രഭാഷണ പരിപാടി 'മൻ കി ബാത്തി'ലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തോടു പങ്കുവച്ചത്.

അതേ സമയം വിനായകിനെ അഭിനന്ദിച്ച ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സിപിഎമ്മിനെതിരെ ശക്തമായ വിമർശനവുമായി രംഗത്ത് വന്നു. മൂന്നര ദശാബ്ദം മുമ്പ് ക്രാന്തദർശിയായ രാജീവ് ഗാന്ധി തുടക്കമിട്ട നവോദയ സ്‌കൂളുകളിലൂടെ ലക്ഷക്കണക്കിനു ഗ്രാമീണവാസികളായ കുട്ടികളും എസ് സി/ എസ്ടി വിഭാഗത്തിൽ നിന്നുള്ളവരും പെൺകുട്ടികളും അറിവിന്റെ വിഹായസിലേക്കു പറന്നുയർന്നു. നവോദയ സ്‌കൂളുകൾ വിപ്ലവകരമായ ഒരു തീരുമാനം തന്നെ ആയിരുന്നു എന്നതിനു കാലം സാക്ഷി. നിർഭാഗ്യവശാൽ അന്ന് സിപിഎമ്മും അതിന്റെ യുവജനസംഘടനകളും വിദ്യാർത്ഥി സംഘടനകളും രാജീവ് ഗാന്ധിയുടെ ദേശീയ വിദ്യാഭ്യാസ നയത്തെയും ജവഹർ നവോദയ വിദ്യാലയങ്ങളെയും സടകുടഞ്ഞ് എതിർത്തു എന്നതിനും കാലം സാക്ഷി. അതിന്റെ പേരിലും കുറെ സമരങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറിയെന്നതും ചരിത്രം.' ഉമ്മൻ ചാണ്ടി തന്റെ ഫെയ്സ് ബുക്കിലൂടെയാണ് വിമർശനം ഉയർത്തിയത്.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ;

സിബിഎസ്ഇ പ്ലസ്ടു കൊമേഴ്‌സ് പരീക്ഷയിൽ എസ്സി/ എസ് ടി വിഭാഗത്തിൽ രാജ്യത്ത് ഒന്നാം റാങ്കു വാങ്ങിയ (493/ 500) വിദ്യാർത്ഥി മൂവാറ്റുപുഴ മണിയടന്തനം മ്യാലിൽ വീട്ടിൽ എം. വിനായകിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ അഭിനന്ദിച്ചു കഴിഞ്ഞു. നവോദയ സ്‌കൂളുകൾ മാത്രമെടുത്താൽ കോമേഴ്‌സിൽ ഒന്നാം റാങ്ക്. നവോദയ എല്ലാ വിഷയത്തിലും നോക്കിയാൽ നാലാം റാങ്ക്. മൂന്നു വിഷയങ്ങൾക്ക് ഫുൾ മാർക്ക്. എന്തൊരു അമ്പരപ്പിക്കുന്ന വിജയമാണ് ഈ കുട്ടി നേടിയത്. വിനായക് കേരളത്തിന്റ അഭിമാനമാണ്. അദ്ദേഹത്തെ ഹൃദയംഗമമായി അഭിനന്ദിക്കുന്നു.

നേര്യമംഗലം ജവഹർ നവോദയ വിദ്യാലയത്തിൽ പഠിച്ച് വെന്നിക്കൊടി പാറിച്ച വിനായകിന്റെ അച്ഛൻ മനോജും അമ്മ തങ്കയും കൂലിപ്പണിക്കാരാണ്. കഠിനാധ്വാനത്തിലൂടെ മകന് മാർഗദീപം തെളിയിച്ച മാതാപിതാക്കളെയും അഭിനന്ദിക്കുന്നു. പ്രതികൂല സാഹചര്യങ്ങളോടു പടപൊരുതി തന്നെയാണ് അസൂയാവഹമായ നേട്ടം കൈവരിച്ചത്. ഡൽഹി സർവകലാശാലയിൽ ഉപരിപഠനത്തിനു പോകണമെന്ന അദ്ദേഹത്തിന്റെ ആഗ്രവും നിശ്ചയദാർഢ്യത്തിനു മുന്നിൽ സഫലമാകുമെന്നു പ്രതീക്ഷിക്കുന്നു.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ 1986ൽ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച് അതിന്റെ ഭാഗമായി തുടങ്ങിയതാണ് രാജ്യമെമ്പാടുമുള്ള ജവഹർ നവോദയ റസിഡൻഷ്യൽ സ്‌കൂളുകൾ. ഒരു ജില്ലയ്ക്ക് ഒരു സ്‌കൂൾ എന്നതാണ് നയം. ഇതു പ്രകാരം രാജ്യത്ത് നിലവിൽ 661 നവോദയ സ്‌കൂളുകളുണ്ട്. ഈ സ്‌കൂളുകളിൽ 75 % ഗ്രാമവാസികളായിരിക്കണം എന്നു നിബന്ധനയുണ്ട്. ജില്ലയിലെ ജനസംഖ്യയുടെ അനുപാതത്തിൽ എസ് സി/ എസ്ടി വിഭാഗത്തിനു സംവരണം. കൂടാതെ പെൺകുട്ടികൾക്ക് മൂന്നിലൊന്നു സംവരണവുമുണ്ട്.

മൂന്നര ദശാബ്ദം മുമ്പ് ക്രാന്തദർശിയായ രാജീവ് ഗാന്ധി തുടക്കമിട്ട നവോദയ സ്‌കൂളുകളിലൂടെ ലക്ഷക്കണക്കിനു ഗ്രാമീണവാസികളായ കുട്ടികളും എസ് സി/ എസ്ടി വിഭാഗത്തിൽ നിന്നുള്ളവരും പെൺകുട്ടികളും അറിവിന്റെ വിഹായസിലേക്കു പറന്നുയർന്നു. നവോദയ സ്‌കൂളുകൾ വിപ്ലവകരമായ ഒരു തീരുമാനം തന്നെ ആയിരുന്നു എന്നതിനു കാലം സാക്ഷി. നിർഭാഗ്യവശാൽ അന്ന് സിപിഎമ്മും അതിന്റെ യുവജനസംഘടനകളും വിദ്യാർത്ഥി സംഘടനകളും രാജീവ് ഗാന്ധിയുടെ ദേശീയ വിദ്യാഭ്യാസ നയത്തെയും ജവഹർ നവോദയ വിദ്യാലയങ്ങളെയും സടകുടഞ്ഞ് എതിർത്തു എന്നതിനും കാലം സാക്ഷി. അതിന്റെ പേരിലും കുറെ സമരങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറിയെന്നതും ചരിത്രം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP