Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ തുടങ്ങിയ കുടുംബശ്രീയുടെ മഹിളാ മാൾ പ്രമോട്ട് ചെയ്യാൻ ചെറുവിരൽ അനക്കാതെ അധികൃതർ; മാളിൽ ലക്ഷങ്ങൾ മുടങ്ങി ഷോപ്പുകൾ തുടങ്ങിയ കുടുംബശ്രീ യൂണിറ്റുകൾ വാടക കൊടുക്കാൻ പോലും വരുമാനമില്ലാതെ ദുരിതത്തിൽ; വാടക കുടിശ്ശിക നൽകാൻ കഴിയാതെ വന്നതോടെ കുടിയിറക്കു ഭീഷണിയും; ചതിക്കപ്പെട്ടെന്ന് കണ്ണീരോടെ പറഞ്ഞ് കുടുംബശ്രീയിലെ മഹിളകൾ; സർക്കാറിന്റെ അഭിമാന സംരംഭത്തിൽ പണമിറക്കി കണ്ണീരു കുടിച്ച് കോഴിക്കോട്ടെ വനിതാ സംരംഭകർ

സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ തുടങ്ങിയ കുടുംബശ്രീയുടെ മഹിളാ മാൾ പ്രമോട്ട് ചെയ്യാൻ ചെറുവിരൽ അനക്കാതെ അധികൃതർ; മാളിൽ ലക്ഷങ്ങൾ മുടങ്ങി ഷോപ്പുകൾ തുടങ്ങിയ കുടുംബശ്രീ യൂണിറ്റുകൾ വാടക കൊടുക്കാൻ പോലും വരുമാനമില്ലാതെ ദുരിതത്തിൽ; വാടക കുടിശ്ശിക നൽകാൻ കഴിയാതെ വന്നതോടെ കുടിയിറക്കു ഭീഷണിയും; ചതിക്കപ്പെട്ടെന്ന് കണ്ണീരോടെ പറഞ്ഞ് കുടുംബശ്രീയിലെ മഹിളകൾ; സർക്കാറിന്റെ അഭിമാന സംരംഭത്തിൽ പണമിറക്കി കണ്ണീരു കുടിച്ച് കോഴിക്കോട്ടെ വനിതാ സംരംഭകർ

എം മനോജ് കുമാർ

കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിച്ച് കുടുംബശ്രീയുടെ കീഴിൽ രണ്ടു വർഷം മുൻപ് കോഴിക്കോട് നഗരമധ്യത്തിൽ തുടങ്ങിയ മഹിളാമാൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. വാടക കുടിശികയുടെ പേരിൽ മാളിലെ ഷോപ്പുകൾ തുറന്നു കൊടുക്കാൻ കുടുംബശ്രീ അധികൃതർ മടിച്ചതോടെയാണ് മഹിളാമാൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. വൻകിട പദ്ധതികൾ കുടുംബശ്രീ ഏറ്റെടുത്ത് നടപ്പാക്കുകയാണെങ്കിൽ എന്ത് സംഭവിക്കും എന്നതിന്റെ പ്രകട ഉദാഹരണം കൂടിയാണ് മഹിളാമാളിന്റെ നിലവിലെ അവസ്ഥ. മാർച്ചിൽ ലോക്ക് ഡൗൺ വന്നതോടെ മാൾ ഇതുവരെ തുറന്നിട്ടില്ല. അഞ്ചാം മാസമാണ് തുടർച്ചയായി മാൾ അടഞ്ഞു കിടക്കുന്നത്. പത്ത് വനിതകൾ ചേർന്നുള്ള യൂണിറ്റി എന്ന കുടുംബശ്രീ ഗ്രൂപ്പ് ആണ് മാൾ 2018-ൽ വാടകയ്ക്ക് എടുത്തത്. ഇവരാണ് മറ്റുള്ള വനിതാ സംരംഭകർക്ക് മാൾ വാടകയ്ക്ക് നൽകിയത്. വാടക കുടിശ്ശികയുമായി ബന്ധപ്പെട്ടു പ്രശ്‌നങ്ങൾ വന്നതോടെ മാളിൽ ഷോപ്പ് ഏറ്റെടുത്ത് നടത്തുന്ന വനിതാ സംരംഭകർ കണ്ണീര് കുടിക്കുകയാണ്.

ആറു നിലയിൽ എഴുപതോളം ഷോപ്പുകളുമായി സ്ത്രീകൾക്കായി എന്ന വിശേഷണം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത മഹിളാമാളിനാണ് ദുർഗതി വന്നത്. മാളിലെ ഷോപ്പുകൾ വാടകയ്ക്ക് എടുത്ത വനിതകൾ വാടകകുടിശിക വരുത്തിയതോടെയാണ് മാൾ വാടകയ്ക്ക് എടുത്ത യൂണിറ്റി ഗ്രൂപ്പ് പ്രതിസന്ധിയിൽ ആയത്. ഇതോടെ മാൾ ഉടമയ്ക്ക് ഇവർക്ക് വാടക നൽകാൻ കഴിയാത്ത അവസ്ഥ വന്നു. ലോക്ക് ഡൗൺ തുടങ്ങുന്ന മാർച്ച് മാസം വരെ 36 ലക്ഷത്തോളം രൂപ യൂണിറ്റി ഗ്രൂപ്പിന് മാളിലെ ഷോപ്പ് ഉടമകൾ നൽകാനുണ്ട്. ഷോപ്പ് ഉടമകളിൽ നിന്നുള്ള വാടക നിലച്ചതോടെ മാൾ ഉടമയ്ക്ക് വാടക നൽകാൻ യൂണിറ്റി കുടുംബശ്രീ യൂണിറ്റിനു കഴിഞ്ഞതുമില്ല. വാടക പ്രശ്‌നം വന്നതോടെ ഷോപ്പുകൾ അടച്ചിട്ടാൻ യൂണിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. ഇതോടെ ഷോപ്പ് ഉടമകൾ മുഖ്യമന്ത്രിക്കും കളക്ടർക്കും പൊലീസിനും പരാതി നൽകുകയും ജില്ലാ കോടതിയിൽ കേസ് നൽകുകയും ചെയ്തു. ഇനി പ്രശ്‌നങ്ങളിൽ തീർപ്പ് വരുത്താതെ മാൾ തുറന്നു കൊടുക്കാൻ കഴിയില്ലെന്നു കുടുംബശ്രീ ഗ്രൂപ്പ് തീരുമാനിക്കുകയായിരുന്നു.

മാളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടരുന്നതിനാൽ മാളിന് ആവശ്യമായ പ്രമോഷൻ പരിപാടികൾ നൽകാൻ കുടുംബശ്രീയ്ക്കും കഴിഞ്ഞില്ല. ഇതോടെ മാളിലെക്കുള്ള ജനങ്ങളുടെ വരവ് കുറഞ്ഞു. മാളിലേക്ക് ആളുകൾ എത്താത്തതോടെ ഷോപ്പ് ഉടമകളും പ്രതിസന്ധിയിലായി. ഇതോടെ വാടകകുടിശിക വന്നു. ഇതിന്നിടയിൽ ലോക്ക് ഡൗണും വന്നു. അതോടെ മഹിളാമാൾ താത്കാലികമായി അടയ്ക്കുകയും ചെയ്തു. മാൾ തുറക്കാൻ ആവശ്യപ്പെട്ടു ഷോപ്പ് ഉടമകൾ കോടതിയെ സമീപിച്ചതോടെ ഇതിനു തീർപ്പ് വരാതെ മാൾ തുറക്കെണ്ടെന്ന തീരുമാനവും കുടുംബശ്രീ യൂണിറ്റ് കൈക്കൊള്ളുകയും ചെയ്തു. ഇനി ഷോപ്പുകൾ തുറന്നു നൽകണമെങ്കിൽ വാടക കുടിശിക മുഴുവൻ നൽകണമെന്ന നിലപാടിലാണ് കുടുംബശ്രീ അധികൃതർ. കുടിശിക കൂടുതൽ ആയതോടെ അഡ്വാൻസ് തുകയിൽ നിന്നും കുടുംബശ്രീ യൂണിറ്റുകൾ തുക തിരികെ പിടിക്കുകയും ചെയ്തു. ഇനി പ്രവർത്തിക്കണമെങ്കിൽ പുതിയ കരാറും അഡ്വാൻസ് തുകയും നൽകേണ്ടി വരും. ഇതോടെ മാളിന്റെ ഭാവി പ്രതിസന്ധിയിലാണ്

. സ്വർണം പണയപ്പെടുത്തിയും ലോൺ എടുത്തും ഷോപ്പുകൾ എടുത്ത വനിതകളാണ് മഹിളാ മാൾ കാരണം വഴിയാധാരമായത്. നഷ്ടവും മാനസിക പ്രയാസങ്ങളും സഹിക്കാൻ കഴിയാതായതോടെ ഒരു സംരംഭക ഇതിന്നിടയിൽ ആത്മഹത്യാ ശ്രമവും നടത്തി. വാടക കുടിശിക വന്നതോടെ വനിതകളെ കുടിയൊഴിപ്പിച്ച് മാൾ മറ്റു അവശ്യങ്ങൾക്ക് വാടക നൽകിയാൽ കൂടുതൽ വരുമാനം വരും എന്ന് കണ്ടതോടെയാണ് മഹിളാമാളിന്റെ കഥ കഴിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ തുടങ്ങിയത്. വാടക കുടിശിക പ്രശ്‌നം വന്നപ്പോലെ തന്നെ മാളിന്റെ കഥ കഴിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ തുടങ്ങിയിരുന്നു. വൻ തുക അഡ്വാൻസും മാസവാടകയും നൽകി ലക്ഷങ്ങൾ മുടക്കി ഇന്റീരിയർ ചെയ്ത ശേഷം മാളിൽ വിവിധ ഷോപ്പുകൾ ആരംഭിച്ചവർക്ക് ഒരു ദിവസം പോലും ഷോപ്പുകൾ ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. തുടക്കത്തിൽ തന്നെ വെട്ടിലായ അവസ്ഥയാണ് മഹിളാമാളിന്റെ പേരിൽ ഷോപ്പുടമകൾക്ക് നേരിട്ടത്. കുടുംബശ്രീ എന്ന പേരിൽ പത്തുപേരുള്ള യൂണിറ്റി ഗ്രൂപ്പ് ആണ് മാൾ തുടങ്ങുന്നത് എന്ന് കുടുംബശ്രീ വനിതാ സംരംഭകരെ അറിയിച്ചില്ല. കുടുംബശ്രീ നേരിട്ട് നടത്തുന്ന മാൾ എന്ന നിലയ്ക്കാണ് ഉള്ളതെല്ലാം സ്വരുക്കൂട്ടി ഷോപ്പുകൾ തുടങ്ങാൻ വനിതകൾ തീരുമാനിച്ചത്. പിന്നീടാണ് കുടുംബശ്രീയുടെ പേരിൽ യൂണിറ്റി ഗ്രൂപ്പ് രൂപീകരിച്ച് പത്ത് വനിതകളാണ് മാൾ നടത്തിപ്പ് കൈകാര്യം ചെയ്യുന്നത് എന്ന് ഇവർക്ക് മനസിലാകുന്നത്. മീറ്റിംഗുകൾ എല്ലാം കോർപറേഷൻ ഓഫീസിലാണ് വിളിച്ച് ചേർത്തത്. കുടുംബശ്രീയുടെ ഔദ്യോഗിക ടീം തന്നെയാണ് മാളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്തതും. അതുകൊണ്ട് തന്നെ വനിതാ സംരംഭകർക്ക് സംശയങ്ങൾ ഉദിച്ചതുമില്ല.

മാൾ നടത്തിപ്പിൽ തുടക്കത്തിൽ തന്നെ താളപ്പിഴകൾ വരുകയും ചെയ്തു. ഉടമകൾ എങ്ങനെയും ഷോപ്പുകൾ ഒഴിവാക്കി പോകണം എന്ന രീതിയിലാണ് ആദ്യം മുതൽ കുടുംബശ്രീ അധികൃതർ പെരുമാറാൻ തുടങ്ങിയത്. വാടക കുടിശിക പ്രശ്‌നം മുന്നിൽ നിൽക്കെ പ്രതിസന്ധി വന്നപ്പോൾ മാൾ മറ്റു ആവശ്യങ്ങൾക്ക് വാടകയ്ക്ക് നൽകിയാൽ കൂടുതൽ വരുമാനം ലഭിക്കും എന്ന ചിന്ത വന്നതോടെയാണ് വനിതാ സംരഭകരെ കുടിയോഴിക്കാനുള്ള ആസൂത്രിത നീക്കങ്ങൾ അധികൃതരുടെ ഭാഗത്ത് നിന്നും വന്നത്. ഇതിന്റെ ഭാഗമായി മുൻപ് പറഞ്ഞതിൽ നിന്നും വ്യത്യസ്തമായി മാളിന്റെ പ്ലാനിൽ അധികൃതർ മാറ്റം വരുത്തുകയും ചെയ്തു. മൾട്ടിപ്ലക്‌സ് തിയേറ്റർ, കുട്ടികളുടെ പ്ലേ സോൺ, ഫുഡ് കോർട്ട്, കുടുബശ്രീ സൂപ്പർമാർക്കറ്റ് എന്നിവ സൂത്രത്തിൽ ഒഴിവാക്കുകയും ചെയ്തു. ഇതെല്ലാം മാൾ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായാണ് ഈ നീക്കങ്ങൾ നടത്തിയത്. മാൾ നടത്തുന്നവരുടെ സമീപനം ഷോപ്പ് നടത്തിപ്പിന് തടസം സൃഷ്ടിച്ചതോടെ വൻ തുക നഷ്ടം സഹിച്ച് ഷോപ്പ് നടത്തിവന്ന വനിതകളിൽ ഭൂരിഭാഗം പേരും ഷോപ്പുകൾ ഒഴിവാക്കി പോയി. ബാക്കിയുള്ളവരെ ഒഴിവാക്കാൻ വേണ്ടി കുടുംബശ്രീ അധികൃതർ ലോക്ക് ഡൗൺ കൂടി ഉപയോഗപ്പെടുത്തിയതോടെയാണ് നിലവിലെ ഷോപ്പ് ഉടമകൾക്ക് ഒരു ഷോപ്പും തുറക്കാൻ കഴിയാത്ത അവസ്ഥ വന്നത്.

ലോക്ക് ഡൗൺ വന്ന ശേഷം മാളിലെ ഷോപ്പുകൾ പൂർണമായും അടഞ്ഞു കിടന്നതോടെ ഇവർ ഇപ്പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയും കോടതിയിൽ നിന്ന് ഷോപ്പ് തുടർന്ന് നടത്താനുള്ള ഇഞ്ചക്ഷൻ ഓർഡർ സമ്പാദിച്ചും ഷോപ്പുകൾ നിലനിർത്താനുള്ള പെടാപ്പാടിലാണ് നിലവിലുള്ള ഷോപ്പ് ഉടമകൾ. വനിതകളെ ആകർഷിച്ച് ഷോപ്പുകൾ വാടയ്ക്ക് നൽകിയ ശേഷം സംരംഭകരെ എങ്ങനെയും ഇറക്കിവിടുന്ന രീതിയിലാണ് അധികൃതർ പെരുമാറിയത്. ഇതോടെ നിലവിലുള്ള ഷോപ്പ് ഉടമകളെ കുടിയോഴിപ്പിക്കാനും നീക്കം തുടങ്ങി. മാളിൽ ആളുകൾ എത്താതിരിക്കാനുള്ള വഴിയാണ് ആദ്യം നോക്കിയത്. മാളിൽ എത്തുന്നവർക്ക് ഒരു വഴി. പോകുന്നതിനു വളഞ്ഞു ചുറ്റിയുള്ള വേറൊരു വഴിയും ഇവർ സൃഷ്ടിച്ചു. പ്രായമായ സ്ത്രീകൾക്ക് വളരെ ദൂരം അധികം നടക്കേണ്ടി വരുന്നു എന്ന് ഇവർ ചൂണ്ടിക്കാട്ടിയപ്പോൾ നിസാരമട്ടിൽ അധികൃതർ അത് അവഗണിച്ച് തള്ളുകയായിരുന്നു. ഇതും കൂടാതെ മറ്റു തടസങ്ങളും ഷോപ്പ് ഉടമകൾക്ക് മുന്നിൽ സൃഷ്ടിച്ചുകൊണ്ടിരുന്നു. മാളിൽ ആളുകൾ എത്താതിരിക്കാൻ വഴി സ്വീകരിച്ചതോടെ ആറു നിലയിൽ ഉണ്ടായിരുന്ന മാളിലെ മുകൾ നിലയിൽ ഉണ്ടായിരുന്നവർ അഡ്വാൻസ് തുക പോലും മടക്കിവാങ്ങാതെ ഷോപ്പുകൾ ഒഴിവാക്കി. വാടക ബാക്കി എന്ന ന്യായം ഉള്ളതിനാൽ പലർക്കും അഡ്വാൻസ് തിരികെ വാങ്ങാൻ കഴിഞ്ഞില്ല. മുകളിലെ ഷോപ്പുകൾ ഒഴിഞ്ഞതോടെ മുകൾ നിലയിലെ മറ്റു ഷോപ്പ് ഉടമകളെ താഴത്തെ നിലയിലേക്ക് മാറ്റി മുകൾ നിലകൾ സർക്കാർ തലത്തിലുള്ള ട്രെയിനിങ് സെന്റർ നടത്താൻ വാടകയ്ക്ക് നൽകി.

ട്രെയിനിങ് സെന്റർ വന്നതോടെ ഇതിലുള്ള കുട്ടികൾക്ക് മുകൾനിലയിൽ താമസവും താഴത്തെ നിലയിൽ ഭക്ഷണവും എന്ന അവസ്ഥയാക്കി. മഹിളകൾക്ക് മാത്രമുള്ള മാളിൽ പിന്നീട് ആണുങ്ങളുമായി. ജീവനക്കാർ വരെ സ്ത്രീകൾ ആകണം, മാളിലേക്ക് വരുന്നവരും സ്ത്രീകൾ ആകണം എന്നൊക്കെ കൊട്ടിഗ്‌ഘോഷിച്ച് നടത്തിയ മാളിലാണ് ട്രെയിനിങ് സെന്ററിന്റെ പേരിൽ കുട്ടികളെ കുടിയിരുത്തിയത്. ഇതോടെ തന്നെ ഷോപ്പിങ് സെന്റർ സന്ദർശിച്ചിരുന്ന സ്ത്രീകൾക്കും മനംമടുപ്പ് വന്നു. ഇതോടെ സ്ത്രീകൾ തന്നെ മാളിലേക്ക് പോകാത്ത അവസ്ഥ വന്നു. ഇതോടെയാണ് തങ്ങളെ കുടിയിറക്കുന്ന പരിപാടികൾ ആണ് കുടുംബശ്രീ അധികൃതർ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് വനിതാസ് സംരഭകർ തന്നെ തിരിച്ചറിയുന്നത്. ഇതോടെയാണ് കുടുംബശ്രീ അധികൃതരുടെ വഞ്ചനയ്ക്ക് എരെ ഇവർ പരാതിയുമായി നീങ്ങിയത്. മഹിളാമാളിന്റെ ചതിയെക്കുറിച്ച് ഒരു സംരംഭക മറുനാടനോട് വിശദമാക്കിയത് ഇങ്ങനെ:

മഹിളാമാൾ ഒരു വൻ ചതി; എതിർത്തപ്പോൾ സിപിഎമ്മിന്റെ പേര് പറഞ്ഞു നിശബ്ദയാക്കി: ഒരു സംരംഭക

മഹിളകൾക്കായി മഹിളകൾ നടത്തുന്ന കുടുംബശ്രീ സംരംഭം എന്ന പരസ്യം കണ്ടാണ് മാളിൽ ഷോപ്പ് നടത്താൻ തീരുമാനിച്ചത്. ഇത് വൻ ചതിയായിരുന്നുവെന്നാണ് പിന്നീട് മനസിലായത്- ഒരു സംരംഭക മറുനാടനോട് പറഞ്ഞു. 2018 ജൂലായിലാണ് ഞങ്ങൾ മാളിന് അഡ്വാൻസ് പണം നൽകിയത്. ലക്ഷങ്ങൾ അഡ്വാൻസ് തുകയായി നൽകുകയും നല്ലൊരു തുക മാസവാടകയുമാണ് നൽകിയത്. കൂടാതെ ലക്ഷങ്ങളാണ് മികച്ച ഇന്റീരിയർ ജോലികൾ നടത്താൻ നടത്താൻ വേണ്ടി ഓരോ ഷോപ്പ് ഉടമയും പൊടിച്ചത്. നവംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയും മാൾ പ്രവർത്തനം തുടങ്ങുകയും ചെയ്തു. ആറു നില മാൾ ആയിരുന്നു. പിന്നീടത് മൂന്നു നിലകളിൽ മാത്രമായി. കുടുംബശ്രീ എന്ന് പറഞ്ഞിട്ടാണ് തുടങ്ങിയത് എങ്കിലും പത്ത് വനിതകൾ കുടുംബശ്രീയുടെ പേരിൽ യൂണിറ്റി ഗ്രൂപ്പ് എന്ന പേരിൽ തുടങ്ങിയതാണ് മാൾ എന്നതും പിന്നീടാണ് മനസിലാക്കുന്നത്.

കോർപറേഷൻ ഓഫീസിൽ വെച്ച് നടന്ന മീറ്റിംഗിൽ കുടുംബശ്രീ കോർപറേഷൻ-സംരംഭം എന്നാണ് പറഞ്ഞത്. ഇതോടെയാണ് മാളിൽ കടകൾ ബുക്ക് ചെയ്യാൻ മിക്കവരും തീരുമാനിച്ചത്. ലോകം മുഴുവൻ പരസ്യം ചെയ്യും ഏഷ്യയിലെ ആദ്യത്തെ മാൾ എന്നൊക്കെയാണ് പറഞ്ഞത്. എല്ലാത്തിലും ചതിയും വഞ്ചനയും നിലനിന്നിരുന്നു. കുടുംബശ്രീയിലുള്ള പത്ത് സ്ത്രീകൾ യൂണിറ്റി ഗ്രൂപ്പ് എന്ന പേരിൽ കെട്ടിടം വാടയ്ക്ക് എടുത്താണ് ഞങ്ങൾക്ക് നൽകിയത്. പ്രശ്‌നങ്ങൾ തുടങ്ങിയപ്പോൾ കുടുംബശ്രീയിൽ ഞങ്ങൾ ആദ്യമേ പരാതി നൽകിയിരുന്നു. എന്നാൽ ഉത്തരവാദിത്തമില്ലെന്നു കുടുംബശ്രീ അധികൃതർ പറയുകയാണ് ചെയ്തത്. കുടുംബശ്രീ ആദ്യമേ കയ്യൊഴിഞ്ഞു. രണ്ടു മാസം കഴിഞ്ഞപ്പോൾ പ്രശ്‌നങ്ങൾ തുടങ്ങി. കുറച്ച് ഷോപ്പുകൾ ഇവർ പൂട്ടി. വാടക കുടിശിക എന്നൊക്കെ പറഞ്ഞാണ് ഷോപ്പുകൾ ഇവർ അടച്ചു പൂട്ടിയത്.

ഷോപ്പുകളിലെ സ്ത്രീകൾ രാവിലെ വന്നപ്പോൾ അവർക്ക് ഷോപ്പുകൾ തുറക്കാൻ കഴിഞ്ഞില്ല. അത് നടക്കാവ് പൊലീസിൽ പരാതിയൊക്കെയായി മാറി. ഷോപ്പ് തുറന്നുകൊടുത്തു. എഴുപതോളം ഷോപ്പുകൾ ആദ്യം ഉണ്ടായിരുന്നു. അതിൽ പകുതി ഷോപ്പുകളും അടച്ചു. എല്ലാം കുടുങ്ങിയത് പാവങ്ങൾ ആയ സ്ത്രീകളാണ്. ലോൺ എടുത്തും സ്വർണം പണയം വെച്ചുമുള്ള പണമാണ് നിക്ഷേപിച്ചത്. എങ്ങനെയും മഹിളകളെ ഒഴിവാക്കുക എന്നതായിരുന്നു കുടുംബശ്രീയുടെ ലക്ഷ്യം. മുകളിൽ നിന്നുള്ള ഷോപ്പുകൾ ഒഴിവായപ്പോൾ ആ ഷോപ്പുകൾ താഴേയ്ക്ക് മാറ്റി. മുകളിൽ കേന്ദ്ര സർക്കാറിന്റെ ഏതോ ഒരു ട്രെയിനിങ് സെന്റർ തുടങ്ങി. മുകളിൽ കുട്ടികൾക്ക് താമസം. മഹിളകളുടെ മാളിൽ മുകൾ കുട്ടികൾ. അവരുടെ താമസം ഒക്കെ വന്നു. അവരുടെ വസ്ത്രങ്ങൾ കഴുകിയപ്പോൾ അത് തൂക്കിയിടുന്നതും മാളിൽ തന്നെ. ഭക്ഷണം താഴെയുള്ള ഹോട്ടലിൽ നിന്നും. ഇതോടെ തന്നെ മാളിന്റെ കഥ കഴിഞ്ഞ നിലയിലായി. ആളുകൾ വരാതെയായി. മീറ്റിംഗിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവരുടെ വാ അടപ്പിക്കുന്ന രീതിയായി.

ലോക്ക് ഡൗൺ വന്നപ്പോൾ മാൾ പൂട്ടി. ജൂണിൽ സർക്കാർ ഉത്തരവ് പ്രകാരം ഒരു ദിവസം തുറന്നു. ക്ലീനിങ് ചെയ്യാൻ അനുവാദം നൽകി. വാടകയാണ് ചോദിച്ചത്. പിന്നെ ഷോപ്പുകൾ തുറക്കാൻ അനുവദിച്ചില്ല. രണ്ടു മാസത്തെ വാടക വേണം എന്നാണ് പറഞ്ഞത്. ഞങ്ങൾ വീണ്ടും നടക്കാവ് പൊലീസിൽ പരാതി നൽകി. മാൾ തുറക്കട്ടെ. അതിനു ശേഷം നൽകാം എന്ന് പറഞ്ഞു. എന്തെങ്കിലും പറഞ്ഞാൽ സിപിഎമ്മിന്റെ പേര് പറയും. പാർട്ടി പറഞ്ഞിട്ടും പാർട്ടിയെ കണ്ടിട്ടുമല്ല ഷോപ്പ് എടുത്തത്. സാങ്കേതിക കാരണങ്ങളാൽ ജൂലൈ അവസാനം വരെ അടച്ചിടുകയാണ് എന്ന് നോട്ടീസ് പതിച്ചു. ഷോപ്പ് ഉടമകൾക്ക് എന്ത് സാങ്കേതിക കാരണം. മാനേജ്‌മെന് ഓഫീസ് തുറക്കണ്ട. ഞങ്ങൾക്ക് ഷോപ്പുകൾ തുറക്കണം എന്ന് ഞങ്ങൾ വാദിച്ചു. സാങ്കേതിക കാരണം എന്താണെന്ന് ഞങ്ങളോട് പറയേണ്ടേ? ഇപ്പോൾ ജില്ലാ കോടതിയിൽ കേസ് നൽകി. ഇപ്പോൾ ഇഞ്ചക്ഷൻ ഓർഡർ കോടതി നൽകിയിട്ടുണ്ട്. ഷോപ്പുകൾ തുറക്കണം. ബിസിനസ് തടസപ്പെടുത്തരൂത് എന്നാണ് ഓർഡറിൽ പറയുന്നത്. വാടക കുറച്ച് തരണം. പത്ത് മാസം അഗ്രിമെന്റ്. ഇത് പിന്നെ പുതുക്കി തന്നതുമില്ല. ലക്ഷങ്ങൾ മുടക്കി ചെയ്ത ഇന്റീറിയർ എല്ലാം എലികൾ നാശമാക്കിയിട്ടുണ്ട്. വയറിങ് എല്ലാം എലികൾ കടിച്ച് നശിപ്പിച്ചിട്ടുണ്ട്.-സംരഭക പറയുന്നു.

മാൾ നടത്തിപ്പ് ഏറ്റെടുത്ത കുടുംബശ്രീ യൂണിറ്റിന്റെ പ്രതികരണം:

കോവിഡ് കാരണം സർക്കാർ മാളുകൾ പൂട്ടാൻ ഓർഡർ നൽകിയ പ്രകാരം ഞങ്ങൾ മാളുകൾ പൂട്ടിയിട്ടിരിക്കുകയാണ്. മാർച്ച് മാസം വരെ 36 ലക്ഷം വാടക കുടിശിക ലഭിക്കാനുണ്ട്-കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി വിജയ മറുനാടനോട് പറഞ്ഞു. 13 ലക്ഷം രൂപ മാസ വാടകയിലാണ് ഞങ്ങൾ മാൾ വാടകയ്ക്ക് എടുത്തത്. ഇതിനു ശേഷമുള്ള കുടിശിക ഞങ്ങൾ കൂട്ടുന്നില്ല. വാടക കുറച്ച് കിട്ടാൻ ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനു മുൻപ് തന്നെ ഷോപ്പ് ഉടമകൾ നടക്കാവ് സ്റ്റേഷനിൽ പരാതി നൽകി. ഈ മുപ്പത് പേരും വാടക കുടിശിക ഉള്ളവരാണ്. റെന്റ് എങ്ങനെ ഇവർ നൽകും എന്നതിന് ഉടമ്പടി വേണം എന്നാണ് ഞങ്ങൾ സ്റ്റേഷനിൽ ആവശ്യപ്പെട്ടത്. ഇവർ വാടക കുടിശിക ഞങ്ങൾക്ക് നല്കില്ല എന്നാണ് പറയുന്നത്. കോടതിയിൽ നിന്ന് മാൾ തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി വാങ്ങിയിട്ടുണ്ട് എന്നാണ് അവർ പറഞ്ഞത്. കേസ് ആയി മുന്നോട്ടു പോകും എന്നാണ് ഷോപ്പ് ഉടമകളുടെ നിലപാട്. 79 ഷോപ്പുകൾ ഉള്ളതിൽ 30 ഷോപ്പുകൾ മാത്രമാണു നിലവിൽ ഉള്ളത്. മറ്റുള്ളവർക്ക് അഡ്വാൻസ് തിരികെ നൽകിയിട്ടുണ്ട്. മുകൾ നിലകൾ ഒഴിഞ്ഞതോടെ ടെക്‌നോ വേൾഡ് ട്രെയിനിങ് സെന്റർ എന്ന വനിതാ സംരംഭത്തിനാണ് നൽകിയിരിക്കുന്നത്. മൾട്ടിപ്ലക്‌സ് എല്ലാം ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് അതിനുള്ള സൗകര്യം ഇല്ല എന്നത് കണ്ടു. കുട്ടികളുടെ പ്ലേ ഗ്രൌണ്ട് സംവിധാനം ചെയ്യാൻ ഒരു ഗ്രൂപ്പ് വന്നെങ്കിലും വിജയിക്കില്ല എന്ന് പറഞ്ഞു അവർ തിരികെ പോയി. ഇനി റെന്റ് കാര്യത്തിൽ ഒരു തീർപ്പ് വന്നാൽ മാളുകൾ തുറന്നു നൽകാം-വിജയ പറയുന്നു.

മുഖ്യമന്ത്രിക്ക് ഷോപ്പ് ഉടമകൾ നൽകിയ പരാതിയിൽ പറയുന്നത്:

കുടുംബശ്രീയുടെ സംരംഭം ആയതുകൊണ്ട് മാത്രമാണ് ഷോപ്പുകൾ വാടകയ്ക്ക് എടുത്തത്. ആദ്യം ബുക്ക് ചെയ്യാൻ 10000 രൂപ നൽകി. വാടകയായി പറഞ്ഞത് ഗ്രൌണ്ട് ഫ്‌ളോർ സ്‌ക്വയർഫീറ്റിന് 130 രൂപ മുകൾ നിലയിൽ 100, 100, 80 എന്ന രീതിയിൽ. മിക്കവരും ലക്ഷങ്ങൾ തന്നെ അഡ്വാൻസ് ആയി നൽകി. ഇത് അധിക വാടകയാണ് എന്ന് പിന്നീട് മനസിലായി. സ്‌ക്വയർ ഫീറ്റിന് നാല്പത് രൂപയും അതിനു താഴെയും മാത്രം അവിടെ വാടക നിലനിൽക്കുമ്പോഴാണ് വാടക ഇനത്തിൽ തങ്ങളെ പിഴിഞ്ഞത്. കോമൺ ഏരിയയിൽ എസി വയ്ക്കണം എന്ന് പറഞ്ഞു ഉടമ്പടിയിൽ ഇല്ലാത്ത തുക ഞങ്ങളുടെ ഓരോരുത്തരിൽ നിന്നും വാങ്ങി. 15000രൂപ ഈ ഇനത്തിൽ വാങ്ങി. കെഎസ്ഇബി മീറ്റർ എന്ന് പറഞ്ഞു 3000 വേറെയും വാങ്ങി. വൈദ്യുതി യൂണിറ്റിനു 13 രൂപയാണ് വാങ്ങുന്നത്. ഈ റേറ്റ് വേറെ എവിടെയുമില്ല.

എസിയുടെ വൈദ്യുതി ചാർജിനു സ്‌ക്വയർ ഫീറ്റിന് അഞ്ചുരൂപ വെച്ച് വേറെയും പിഴിയൽ. വൈദ്യുതി ചാർജിനു നൽകുന്ന രശീതി കെഎസ്ഇബിയുടെ രശീതിയല്ല. മൾട്ടിപ്ലക്‌സ് തിയേറ്റർ, കുട്ടികളുടെ പ്ലേ സോൺ, ഫുഡ് കോർട്ട്, കുടുബശ്രീ സൂപ്പർമാർക്കറ്റ് എന്നിവ മാളിന്റെ ഭാഗമായി തുടങ്ങും എന്ന് പറഞ്ഞു പിന്നീട് തുടങ്ങിയില്ല. ഏഷ്യയിലെ ഏറ്റവും പ്രധാന വനിതാസംരംഭം എന്നും മറ്റു മാളുകളെപോലെ സംവിധാനങ്ങൾ ഒരുക്കും എന്നും പറഞ്ഞു ഒരു സംവിധാനവും ഒരുക്കിയില്ല. ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും ഒരു പ്രൊമോഷൻ നടപടികളും നടത്തിയില്ല. മാളിലേക്ക് ആളുകൾ കയറുന്നില്ല. കടകൾ പലതും വാടക താങ്ങാൻ കഴിയാതെ അടച്ചുപൂട്ടിക്കഴിഞ്ഞു. ബിസിനസ് നടക്കാത്തതുകൊണ്ട് വാടക നൽകാൻ കഴിയാത്ത അവസ്ഥയാണ്. ഹാളിൽ മുഴുവൻ ഫുൾ ഗ്ലാസാണ്. എസി നിലവിൽ പ്രവർത്തിപ്പിക്കാത്തതുകൊണ്ട് അത്യുഷ്ണമാണ്.

മേയർ കഴിഞ്ഞ വർഷം യോഗം വിളിച്ചു കൂട്ടിയിരുന്നു. കുട്ടികളുടെ പ്ലേ സോൺ ആരംഭിക്കും. കോഫീ ഹൗസുമായി ബന്ധപ്പെട്ടു ഫുഡ് കോർട്ട് ആരംഭിക്കും. വാടക കുറയ്ക്കാൻ നടപടി സ്വീകരിക്കും. വാടക ഗഡുക്കളായി സ്വീകരിക്കാൻ നടപടി സ്വീകരിക്കും എന്നൊക്കെ മേയർ തന്നെ തീരുമാനമെടുത്തു. ഒന്നും നടന്നില്ല. ഉദ്ഘാടനം കഴിഞ്ഞു അഞ്ചു മാസം കഴിഞ്ഞപ്പോൾ തന്നെ വന്നത് കയ്‌പ്പ് നിറഞ്ഞ അനുഭവങ്ങൾ. വാടക കുടിശികയുടെ പേര് പറഞ്ഞു പല ഷോപ്പുകളും അന്യായമായി കുടുംബശ്രീ അധികൃതർ അടച്ചുപൂട്ടി. അവരുടെ കയ്യിലുള്ള താക്കോൽ അടച്ചുപൂട്ടാൻ വേണ്ടി ഉപയോഗിച്ചു. വേറെ പൂട്ടിട്ട് പല ഷോപ്പുകളും പൂട്ടി. പലഷോപ്പുകളുടെയും കറന്റ് കട്ടുചെയ്യുകയും ചെയ്തു. അഡ്വാൻസ് കയ്യിലിരിക്കെയാണ് മനസാക്ഷിയില്ലാത്ത നടപടി കുടുംബശ്രീ അധികൃതരുടെ ഭാഗത്ത്‌നിന്നും വന്നത്.

പ്രശ്‌നങ്ങൾ വന്നപ്പോൾ സഹിക്കാൻ കഴിയാതെ ഒരു സംരംഭക ആത്മഹത്യാ ശ്രമവും നടത്തി. നിലവിൽ അവസ്ഥ ശോചനീയമാണ്. പല ഷോപ്പ് ഉടമകളും കട അവസാനിപ്പിച്ചു പോയി. ഒഴിഞ്ഞുപോയവരോട് മനസാക്ഷിയില്ലാത്ത സമീപനമാണ് സ്വീകരിച്ചത്. 75 ഷോപ്പുകളുടെ സ്ഥാനത്ത് ഇപ്പോൾ ഇരുപത്തിയഞ്ചു ഷോപ്പുകൾ പോലുമില്ല. ഒഴിഞ്ഞ ഷോപ്പ് മുറികളിൽ വനിതാ സംരംഭകരെ എത്തിക്കുന്നതിന് പകരം ലേഡീസ് ഹോസ്റ്റൽ നടത്താനും ട്രെയിനിങ് സെന്റർ നടത്താനും വിട്ടുകൊടുത്തു മാളിന്റെ കഥ കഴിച്ചു. ഇപ്പോൾ എട്ടു മാസമായി വാടക സ്വീകരിക്കുന്നില്ല. എഗ്രിമെന്റ് പുതുക്കുന്നുമില്ല. നിവൃത്തിയില്ലാതെ ഞങ്ങൾക്ക് കേസിന് പോകേണ്ടി വന്നു. ഇതിന്റെ പേരിൽ കുടുംബശ്രീയായ യൂണിറ്റി ഗ്രൂപ്പ് അംഗങ്ങൾ ഞങ്ങളെ തെറിവിളിച്ചു. ഭീഷണിപ്പെടുത്തുകയും ഞങ്ങൾക്ക് എതിരെ ക്രിമിനൽ കേസ് നൽകുകയും ചെയ്തു.

യൂണിറ്റി ഗ്രൂപ്പിന്റെ നടപടികൾ പരിശോധിക്കുകയും ഷോപ്പ് നടത്തിക്കൊണ്ടു പോകാൻ ആവശ്യമായി നടപടികൾ സ്വീകരിക്കുകയും വേണം. ഷോപ്പ് മുറികളുടെ അന്യായ വാടക കുറയ്ക്കാൻ നടപടി സ്വീകരിക്കണം. അധിക തുക തിരികെ നൽകണം. അമിതമായ കറന്റ് ചാർജ് ഈടാക്കുന്നത് നിർത്തണം. കള്ളത്താക്കോലിട്ടു ചില കടകൾ തുറന്നതിനു ക്രിമിനൽ നടപടികൾ സ്വീകരിക്കണം. കടകൾ തുറന്നു പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണം-പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP