Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വർണ്ണക്കടത്ത് സംഘാംഗങ്ങളുമായി മന്ത്രി കെ ടി ജലീലിന് അടുത്തബന്ധമുണ്ടോയെന്ന് സംശയം; തെളിവു തേടി അന്വേഷണം സംഘം; മന്ത്രിയുടെ കീഴിലുള്ള സ്ഥാപനത്തിൽ കസ്റ്റംസ് പരിശോധന നടത്തിയത് ഇതിന്റെ ഭാഗമായി; യുഎഇ കോൺസുലേറ്റിൽ നിന്ന് സീൽഡ് കവറുകളടക്കം ചില പാഴ്സലുകൾ സി-ആപ്റ്റിലും, ഇവിടെ നിന്ന് സി- ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തും എത്തിച്ചതായും സൂചന; റംസാൻ കിറ്റിനൊപ്പം നൽകാൻ ഖുറാൻ സി ആപ്റ്റിൽ അച്ചടിച്ചെന്ന് ആരോപിച്ചു ബിജെപിയും

സ്വർണ്ണക്കടത്ത് സംഘാംഗങ്ങളുമായി മന്ത്രി കെ ടി ജലീലിന് അടുത്തബന്ധമുണ്ടോയെന്ന് സംശയം; തെളിവു തേടി അന്വേഷണം സംഘം; മന്ത്രിയുടെ കീഴിലുള്ള സ്ഥാപനത്തിൽ കസ്റ്റംസ് പരിശോധന നടത്തിയത് ഇതിന്റെ ഭാഗമായി; യുഎഇ കോൺസുലേറ്റിൽ നിന്ന് സീൽഡ് കവറുകളടക്കം ചില പാഴ്സലുകൾ സി-ആപ്റ്റിലും, ഇവിടെ നിന്ന് സി- ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തും എത്തിച്ചതായും  സൂചന; റംസാൻ കിറ്റിനൊപ്പം നൽകാൻ ഖുറാൻ സി ആപ്റ്റിൽ അച്ചടിച്ചെന്ന് ആരോപിച്ചു ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിൽ മന്ത്രി കെ ടി ജലീലിനെതിരെയും അന്വേഷണം ഊർജ്ജിതമാകുന്നു. സ്വർണ്ണക്കടത്തിലെ സംഘാംഗങ്ങളുമായി മന്ത്രിക്കും അടുത്ത ബന്ധമുണ്ടന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി കെ.ടി. ജലീലിന്റെ കീഴിലുള്ള സ്ഥാപനമായ വട്ടിയൂർക്കാവിലെ കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയ്നിങി(സി-ആപ്റ്റ്)ൽ കസ്റ്റംസ് പരിശോധന നടത്തിയത്. ഇന്നലെയായിരുന്നു പരിശോധന നടത്തിയത്. സി- ആപ്റ്റിലെത്തിയ അന്വേഷണ സംഘം സി.സി.ടി. വി ദൃശ്യങ്ങളും സുപ്രധാനമായ ചില രേഖകളും ശേഖരിച്ചു. സംസ്ഥാന സർക്കാരിനു കീഴിലുള്ള ഹൈ സെക്യൂരിറ്റി പ്രിന്റിങ് പ്രസാണ് ഇവിടെയുള്ളത്.

റംസാൻ റിലീഫിന്റെ ഭാഗമായി യു.എ.ഇ കോൺസുലേറ്റ് മലപ്പുറത്ത് നൽകിയ ഭക്ഷ്യകിറ്റിനൊപ്പം മതഗ്രന്ഥമായ ഖുറാനും വിതരണം ചെയ്തിരുന്നു. ഇത് സി-ആപ്റ്റിൽ അച്ചടിച്ചതാണെന്നാണ് ബിജെപിയുടെ ആരോപണം. ഇക്കാര്യം ജന്മഭൂമി ദിനപത്രമാണ് റിപ്പോർട്ടു ചെയ്യുന്നത്. ഈ ആരോപണം അടക്കം അന്വേഷിക്കാനാണ് കസ്റ്റംസ് ഒറുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഭക്ഷ്യ കിറ്റിനായി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ മന്ത്രി കെ.ടി. ജലീൽ പലപ്പോഴായി വിളിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഭക്ഷ്യകിറ്റിന്റെ ആവശ്യത്തിനായി യു.എ.ഇ കോൺസുൽ ജനറലിന്റെ നിർദ്ദേശ പ്രകാരമാണ് സ്വപ്നയെ വിളിച്ചതെന്നാണ് ജലീലിന്റെ വിശദീകരണം.

യു.എ.ഇ കോൺസുലേറ്റിൽ നിന്ന് സീൽഡ് കവറുകളടക്കം ചില പാഴ്സലുകൾ സി-ആപ്റ്റിലും, ഇവിടെ നിന്ന് സി- ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തും എത്തിച്ചതായി വിവരം കിട്ടിയിരുന്നു. ഇതിന്റെ വിശദാംശങ്ങൾ അടക്കം കസ്റ്റംസ് ശ അറിയാനാണ് കസ്റ്റംസ് പരിശോധന നടത്തിയത്. സി.ആപ്റ്റിന്റെ വട്ടിയൂർക്കാവിലെ ഓഫീസിലെത്തിയ കസ്റ്റംസ് സംഘം സി ആപ്റ്റിലെ ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

അതേസമയം, സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടിനെ കസ്റ്റംസ് അധികൃതർ ചോദ്യം ചെയ്തു. ശിവശങ്കറിന്റെ വരുമാനത്തെക്കുറിച്ച് കൂടുതൽ വ്യക്തതവരുത്താനാണ് ഇദ്ദേഹത്തെ ചോദ്യംചെയ്തത്. ശിവശങ്കർ നൽകിയ മൊഴികളിലെ സത്യാവസ്ഥ അറിയാനും വരുമാനസ്രോതസുകൾ കണ്ടെത്താനുമായിരുന്നു പരിശോധന. അതിനിടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി ശിവശങ്കറിന്റെയും സെക്രട്ടറിയേറ്റിലെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ ഉദ്യോഗസ്ഥർ ശേഖരിച്ചു തുടങ്ങിയിരുന്നു. കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് മന്ത്രിയെ കാണാൻ എപ്പോഴെങ്കിലും ഓഫീസിലെത്തിയോ എന്നറിയാനാണ് പരിശോധന എന്നാണ് സൂചന. സ്വപ്ന മന്ത്രിയെ വിളിച്ചതായി ഫോൺ രേഖകളിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

അതേസമയം യുഎഇ കോൺസുലേറ്റുമായി വളരെ നേരത്തേതന്നെ ബന്ധമുണ്ടെന്നാണ് കെ ടി ജലീൽ പറയുന്നത്. 2017-ൽ ഷാർജ ശൈഖ് കേരളം സന്ദർശിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നും മന്ത്രി വ്യക്തമാക്കിയിരുനന്ു. ഷെയ്ഖിന്റെ ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ കാര്യം നോക്കിയിരുന്നത് അന്ന് കോൺസലിന്റെ സെക്രട്ടറിയായിരുന്ന സ്വപ്നാ സുരേഷായിരുന്നു. സ്വാഭാവികമായും സ്വപ്നയുമായും തനിക്ക് അവരുമായി പരിചയം ഉണ്ടായി എന്നാണ് വിശദീകരിക്കുന്നത്.

ലോക്ഡൗൺകാരണം റംസാൻ റിലീഫ് കൊടുക്കാനാകാതെ വന്ന സാഹചര്യത്തിൽ കോൺസൽ ജനറലിന്റെ നിർദ്ദേശപ്രകാരമാണ് സ്വപ്നയെ വിളിച്ചതെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ഓരോ വിളിയും ഒരു മിനിറ്റ്, ഒന്നര മിനിറ്റ്. ഒമ്പത് തവണയായി സംസാരിച്ച ആകെ സമയം 15 മിനിറ്റിൽ താഴെ മാത്രമായിരുന്നെന്ന കാര്യവും അദ്ദേഹം എടുത്തു റയുന്നത്.

ലോക്ഡൗൺ കാലത്ത് എന്റെ മണ്ഡലത്തിൽ പതിനായിരത്തിൽപ്പരം പേർക്ക് ജാതി, മത, പാർട്ടി പരിഗണന കൂടാതെ സഹായം ചെയ്തിരുന്നു. പലരിൽനിന്നായി വാങ്ങിയാണ് സഹായമെത്തിച്ചത്. ഇതിൽ 1000 പേർക്ക് കോൺസുലേറ്റിൽനിന്ന് ലഭ്യമാക്കിയ സാധനങ്ങളും മറ്റുമാണു നൽകിയത്. സർക്കാർ ഏജൻസിവഴി കോൺസുലേറ്റാണ് അതെല്ലാം ക്രമീകരിച്ചതെന്നും ആ പാക്കറ്റുകളിൽ അവരുടെ മുദ്ര ആലേഖനം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് സ്വപ്നയുമായി സംസാരിക്കേണ്ടിവന്നത്. സാധനങ്ങൾ വിതരണത്തിനും മറ്റും എത്തിച്ചത് സ്വപ്നയായിരുന്നു- ജലീൽ വിശദീകരിച്ചു.

അതേസമയം യു.എ.ഇ. കോൺസുലേറ്റാണ് കിറ്റിനുപുറമേ കുറച്ച് ഖുറാനും തന്നതെന്നാണ് മന്ത്രി പറുന്നത്. ഖുറാൻ എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ട് സ്ഥാപനങ്ങളെ അവർതന്നെ ഏല്പിക്കുകയായിരുന്നു. വിദേശരാജ്യങ്ങളിലുള്ള നമ്മുടെ എംബസികൾ ദീപാവലിക്കും മറ്റും ആ രാജ്യങ്ങളിലെ ഭരണാധികാരികൾക്കും ഉദ്യോഗസ്ഥ പ്രമുഖർക്കും മധുരപാക്കറ്റുകൾ നൽകാറില്ലേ? അതൊക്കെ നയതന്ത്രതലത്തിൽ കുറ്റമായി ആരും കാണാറില്ലല്ലോയെന്നും മന്ത്രി ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP