Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഉറക്കമില്ലാതെ ബാലു കരഞ്ഞുകൊണ്ടിരുന്ന ആ ചതിയിലെ വില്ലന് ഈ അപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോ? വടക്കുംനാഥനെ കണ്ട ശേഷം താമസിക്കാനായി തൃശൂരിൽ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാൻ പ്രേരണ നൽകിയത് എന്ത്? വിദേശത്തെ സ്റ്റേജ് ഷോകൾ വഴിയും സംഗീത പരിപാടികൾ വഴിയും സമ്പാദിച്ച സ്വത്തുക്കൾ ഒക്കെ ആരുടെ പേരിൽ? കലഭാവൻ സോബിയുടെ വെളിപ്പെടുത്തൽ ചർച്ചയാക്കുന്നത് മറുനാടന്റെ 2018 ഒക്ടോബറിലെ ആ വെളിപ്പെടുത്തൽ; മെന്റലിസ്റ്റ് ഓടിയൊളിക്കുമ്പോൾ

ഉറക്കമില്ലാതെ ബാലു കരഞ്ഞുകൊണ്ടിരുന്ന ആ ചതിയിലെ വില്ലന് ഈ അപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോ? വടക്കുംനാഥനെ കണ്ട ശേഷം താമസിക്കാനായി തൃശൂരിൽ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാൻ പ്രേരണ നൽകിയത് എന്ത്? വിദേശത്തെ സ്റ്റേജ് ഷോകൾ വഴിയും സംഗീത പരിപാടികൾ വഴിയും സമ്പാദിച്ച സ്വത്തുക്കൾ ഒക്കെ ആരുടെ പേരിൽ? കലഭാവൻ സോബിയുടെ വെളിപ്പെടുത്തൽ ചർച്ചയാക്കുന്നത് മറുനാടന്റെ 2018 ഒക്ടോബറിലെ ആ വെളിപ്പെടുത്തൽ; മെന്റലിസ്റ്റ് ഓടിയൊളിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാലഭാസ്‌കറിന്റേത് വെറുമൊരു അപകട മരണമായിരുന്നു എല്ലാവർക്കും. ആദ്യ നാളുകളിൽ ആരും ഒന്നും കണ്ടില്ല. ഇതിനിടെ ബാലുവിന്റെ മരണത്തിന്റെ രണ്ടാം ദിവസം മറുനാടൻ സംശയങ്ങളുമായി വാർത്ത എഴുതി. ബാലുവിന്റെ മരണത്തിലെ ദുരൂഹതയായിരുന്നു അത് ചർച്ചയാക്കിയത്. ഇതിന് പിന്നാലെ മറുനാടനെ കല്ലെറിയാൻ ബാലുവിന്റെ സുഹൃത്തുക്കളെന്ന പേരിൽ ഒരു കൂട്ടരെത്തി. മെന്റലിസ്റ്റിന്റെ നേതൃത്വത്തിൽ മറുനാടനെ കുറ്റം പറഞ്ഞു. പിന്നീട് കല്ലെറിയാൻ മുമ്പിൽ നിന്ന പ്രകാശ് ബാബുവും വിഷ്ണുവും കള്ളക്കടത്തുകാരെന്ന് തെളിഞ്ഞു. ഇതോടെ ബാലുവിന്റെ കുടുംബം ഉയർത്തിയ സംശയങ്ങൾക്ക് പുതുമാനം നൽകി,

2018 ഒക്ടോബർ രണ്ടിനായിരുന്നു ബാലുവിന്റെ രണം. ദുരൂഹത ഏറെയുള്ള ഈ മരണത്തിൽ മറുനാടന്റെ ആദ്യ എക്‌സ്‌ക്ലൂസീവ് പുറത്തു വന്നത് ഒക്ടോബർ നാലിനും. കുടുംബത്തിന്റെ സംശയങ്ങൾക്ക് വസ്തുതയുമായുള്ള സാമ്യമായിരുന്നു ഇതിന് കാരണം. പിന്നീട് അപകടത്തിൽ മരിച്ച ബാലഭാസ്‌ക്കറുടെ മരണത്തിൽ സംശയമുണ്ട് എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ അച്ഛൻ ഉണ്ണി ഡിജിപിക്ക് പരാതി നൽകി എന്നത് തന്നെയായിരുന്നു. കേരളത്തിലെ ചാനലുകൾ എല്ലാം തന്നെ അത് വാർത്തയാക്കി.

അന്ന് മെന്റലിസ്റ്റ് എന്ന് പേരുള്ള ഒരു കലാകാരൻ മറുനാടനെ വിമർശിക്കാൻ എത്തി. ഷാജൻ സക്കറിയായെ എനിക്ക് അറിയില്ല. അങ്ങനെ ഒരാൾ ഉണ്ടെന്ന് കേട്ടു. അയാൾ സൂക്ഷിച്ചൊക്കെ ജീവിച്ചില്ലെങ്കിൽ ഞങ്ങളുടെ ബാലുവിനെ വെറുതെ വിട്ടില്ലെങ്കിൽ അയാളുടെ ജീവിതം ദുസ്സഹമാക്കുമെന്ന് ഒന്നാന്തരം ഇംഗ്ലീഷിൽ എഴുതിയിരുന്നു. അതിന്റെ കമന്റായി വന്നതൊക്കെ മറുനാടൻ എഴുതുന്നത് വ്യാജമാണെന്നും ഇങ്ങനെ മനുഷ്യരുടെ പ്രതിസന്ധികളെ മുതലാക്കുകയാണ് തുടങ്ങിയ ആരോപണങ്ങളാണ് ഉയർത്തിയത്. ഇപ്പോഴിതാ കലാഭവൻ സോബിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. അന്വേഷണത്തിന് സിബിഐയും എത്തി. ഇതോടെ മറുനടൻ പങ്കുവച്ച ദുരൂഹതകളിലേക്ക് അന്വേഷണം നീളുകയാണ്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സോബി ഇപ്പോൾ നടത്തുന്നത്.

2018 ഒക്ടബോറിൽ മറുനാടൻ കൊടുത്ത ആദ്യ വാർത്ത ചുവടെ

ഉറക്കമില്ലാതെ ബാലു കരഞ്ഞുകൊണ്ടിരുന്ന ആ ചതിയിലെ വില്ലന് ഈ അപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോ? വടക്കുംനാഥനെ കണ്ട ശേഷം താമസിക്കാനായി തൃശൂരിൽ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാൻ പ്രേരണ നൽകിയത് എന്ത്? വിദേശത്തെ സ്റ്റേജ് ഷോകൾ വഴിയും സംഗീത പരിപാടികൾ വഴിയും സമ്പാദിച്ച സ്വത്തുക്കൾ ഒക്കെ ആരുടെ പേരിൽ? ബാലഭാസ്‌കറിന്റെ മരണത്തിൽ ചില സംശയങ്ങൾ ഒക്കെയുണ്ടെന്ന് ബന്ധുക്കൾ അടുപ്പക്കാരോട് പറഞ്ഞതായി റിപ്പോർട്ട്
by മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ലക്ഷക്കണക്കിന് സംഗീതപ്രേമികളെ ഫ്യൂഷൻ ലഹരിയിലും കർണ്ണാടക സംഗീതത്തിലും ഒരു പോലെ ആറാടിച്ച അതുല്യപ്രതിഭയായിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌ക്കർ. ആ അവിസ്മരണീയ സംഗീതയാത്രയിൽ സുഹൃത്തുക്കളായിരുന്നു ബാലുവിന് എല്ലാമെല്ലാം. സംഗീത ലോകത്തിന് തീരാനഷ്ടം സമ്മാനിച്ചാണ് വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലു യാത്രയാകുമ്പോൾ ചില ചോദ്യങ്ങളും അവശേഷിക്കുകയാണ്. അതിരാവിലെ ദേശീയ പാതയിലുണ്ടായ അപകടം. സ്വാഭാവികമായി ഡ്രൈവറുടെ ഉറക്കമാണ് മരണ കാരണമെന്ന് ഉറപ്പിക്കാം. വഴിയരുകിലെ മരണം മരത്തിലിടിച്ചാണ്. മറ്റ് വാഹനങ്ങളൊന്നും ദുരന്തത്തിന് വഴി വച്ചതുമില്ല. അതുകൊണ്ട് തന്നെ തീർത്തും സ്വാഭാവികമാണ് മരണം. എന്നാൽ ബാലുവിന്റെ കുടുംബത്തിന് ഇപ്പോഴും ചില സംശയങ്ങളുണ്ട്. അപ്പോഴും വാഹനാപകടത്തിൽ ദുരൂഹത വേണ്ടെന്നാണ് പൊലീസും പറയുന്നത്.

ബാലലീല എന്ന പേരിൽ ലൈവ് ഷോയുമായി ലോകംചുറ്റിയ അപൂർവ്വ പ്രതിഭയ്ക്ക് സംഗീത ലോകത്ത് ശത്രുക്കളുണ്ടായിരുന്നു. ഇത് ബാലു തന്നെ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് ബാലുവിന്റെ കുടുംബം സംശയത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. ക്ഷേത്ര ദർശനത്തിന് തൃശൂരിൽ പോയതാണ് ബാലുവും കുടുംബവും. രാത്രിയിൽ തങ്ങാൻ തൃശൂരിൽ മുറിയും ബുക്ക് ചെയ്തതായി ബന്ധുക്കൾക്ക് അറിയാം. രാത്രി വരില്ലെന്നായിരുന്നു ബന്ധുക്കൾക്ക് കിട്ടിയ അറിവും. രാത്രി തൃശൂരിൽ ഉറങ്ങിയ ശേഷം രാവിലെ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ച ബാലു പെട്ടെന്ന് നിലപാട് മാറ്റി. തൃശൂരിൽ നിന്ന് 11 മണിയോടെ തിരുവനന്തപുരത്തേക്ക് തിരിച്ചു. അതിരാവിലെ പള്ളിപ്പുറത്തിനടുത്ത് അപകടവും. രാത്രിയാത്രയ്ക്ക് പിന്നിലെ തീരുമാനമാണ് ബന്ധുക്കളുടെ സംശയത്തിന് ഇട നൽകുന്നത്. ഇതു സംബന്ധിച്ച് ബന്ധുക്കൾ പ്രാഥമിക അന്വേഷണം തുടങ്ങി കഴിഞ്ഞു.

ക്ഷേത്ര ദർശനത്തിന് ശേഷം തൃശൂരിൽ ഒരു പരിപാടിയുണ്ടായിരുന്നു. ബാലുവിന്റെ സമ്പത്തെല്ലാം ഒരു അടുത്ത സുഹൃത്താണ് നടത്തിയിരുന്നത്. നിരവധി ബിസിനസ്സുകളും ഉണ്ടായിരുന്നു. ഇതെല്ലാം ബാലുവിന്റെ സമ്പത്ത് ഉപയോഗിച്ചാണ് നടത്തിയതെന്നാണ് സൂചന. മരണത്തിൽ എന്തൊക്കെയോ അസ്വാഭാവികത തോന്നിക്കുന്നുണ്ട്-ഇങ്ങനെയാണ് ബാലഭാസ്‌കറിന്റെ ബന്ധു മറുനാടനോട് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. സംശയിക്കുന്ന വ്യക്തിയുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്നും അതിന് ശേഷം കൂടുതൽ വെളിപ്പെടുത്തൽ നടത്താമെന്നും അവർ പറയുന്നു.

ലോകപ്രശസ്തരായ സംഗീതജ്ഞർക്കൊപ്പം ഫ്യൂഷൻ ഒരു വിരുന്നായി ജനഹൃദയങ്ങളിൽ എത്തിച്ച കലാകാരനായിരുന്നു ബാലഭാസ്‌കർ. ഇലക്ട്രിക് വയലിനിലൂടെ ലോകത്തിന്റെ വിവിധ കോണുകളിലുള്ള യുവതലമുറയെ ഹരം കൊള്ളിച്ചു. ഫ്യൂഷനെ മാത്രമല്ല ബാലു പ്രണയിച്ചിരുന്നത്. ശാസ്ത്രീയസംഗീത കച്ചേരികളിൽ ചിട്ടയായ ശുദ്ധസംഗീതത്തിനൊപ്പവും ബാലയുടെ വയലിൻ ഈണമിട്ടു. ഇങ്ങനെ ആരാധകരെ കൈയിലെടുത്ത് മുന്നേറുമ്പോഴും ചിരിച്ച മുഖവുമായി വേദികളിൽ നിറഞ്ഞ ബാലു തന്റെ മനസ്സിലെ വേദന തുറന്നു പറഞ്ഞിരുന്നു. സംഗീതം തന്നെ ഉപേക്ഷിച്ചുവെന്ന് പോസ്റ്റുമിട്ടു. ഭാര്യ ലക്ഷ്മിയുടെ അറിവോടെയാണ് ഇതെന്നും ബാലു തന്നെ വിശദീകരിക്കുകയും ചെയ്തു. ആരാധകരുടെ സ്നേഹം അറിഞ്ഞ് ബാലു വീണ്ടും സ്റ്റേജിൽ സജീവമായി. ബാലുവിന്റെ പഴയ വെളിപ്പെടുത്തലിന് മരണവുമായി ബന്ധമുണ്ടോ എന്നതാണ് ബന്ധുക്കളെ ആകുലപ്പെടുത്തുന്നത്.

സംഗീതവും കുടുംബവും സുഹൃത്തുക്കളുമായിരുന്നു ബാലുവിന് എല്ലാം. എന്നാൽ ഒരിക്കൽ ഒരു സുഹൃത്തിൽ നിന്ന് നേരിട്ട ചതി അദ്ദേഹത്തിനെ മാനസികമായി തകർത്തു. സംഗീതത്തെ ജീവനേക്കാൾ പ്രണയിച്ച ബാലഭാസ്‌കർ ഒരിക്കൽ കലാജീവിതം അവസാനിപ്പിക്കുകയാണെന്ന സൂചനകൾ നൽകി. ഇത് സംബന്ധിച്ച് ഫേസ്‌ബുക്കിൽ ഒരു കുറിപ്പ് പങ്കുവയ്ച്ചു. അന്ന് ആ വാർത്തയെ ഞെട്ടലോടു കൂടിയാണ് ആരാധകർ സ്വീകരിച്ചത്. എന്നാൽ പിന്നീട് അത് പിൻവലിച്ചു. വളരെ വൈകാരികമായി പ്രതികരിക്കുന്ന ഒരു വ്യക്തിയായതിനാൽ ചില അനുഭവങ്ങൾ തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നാണ് ബാലഭാസ്‌കർ അതെക്കുറിച്ച് പറഞ്ഞത്. ഈ തുറന്ന് പറച്ചിലുകളിൽ പലതും ഒളിച്ചിരിപ്പുണ്ട്. തന്നെ ചതിച്ചുവെന്ന് ബാലു പറഞ്ഞ വ്യക്തിക്ക് ഈ മരണവുമായി ബന്ധമുണ്ടോ എന്ന പരിശോധനായണ് ബന്ധുക്കൾ നടത്തുന്നത്. ക്ഷേത്ര ദർശനം നടത്തി ബാലു അർദ്ധരാത്രിയിൽ നാട്ടിലേക്ക് മടങ്ങിയതിന്റെ കാരണമാണ് തേടുന്നത്. ബാലുവിന്റെ മകളും അപകടത്തിൽ മരിച്ചു. ഭാര്യ ലക്ഷ്മിയും സുഹൃത്തും ഡ്രൈവറുമായ അർജ്ജുനും ചികിൽസയിലാണ്. ഇവരോട് കാര്യങ്ങൾ തിരക്കാൻ ബന്ധുക്കൾ ഇപ്പോൾ കഴിയുന്നില്ല. ലക്ഷ്മിയെ ബാലയുടേയും മകളുടേയും മരണം പോലും അറിയിച്ചിട്ടില്ല.

നേരത്തെ തന്നെ ചിതിച്ചയാളെ കുറിച്ച് ബാലു നടത്തിയ വെളിപ്പെടുത്തലിൽ ലക്ഷ്മിക്കും എല്ലാം അറിയാമെന്ന് വിശദീകരിച്ചിരുന്നു. മാധ്യമങ്ങളും ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളാണിതെന്ന സൂചനയാണ് ബന്ധുക്കൾക്കുള്ളത്. അതുകൊണ്ട് കൂടിയാണ് ബാലുവിന്റെ മരണത്തിലെ പൊരുൾ തേടി ബന്ധുക്കൾ ഇറങ്ങുന്നത്. ജീവിതത്തിൽ എല്ലാവർക്കും മനസാക്ഷി സൂക്ഷിപ്പുകാർ ഉണ്ടായിരിക്കും. എനിക്കും ഉണ്ടായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും അറിയുന്നവർ. എന്റെ ബലഹീനതകളെ മനസ്സിലാക്കുന്നവർ. എന്റെ സ്വപ്നങ്ങൾ ഞാൻ അവരുമായി പങ്കുവയ്ച്ചു. എന്റെ എല്ലാകാര്യങ്ങളും അവരിലൂടെയായിരുന്നു ചെയ്തു കൊണ്ടിരുന്നത്. എന്റെ ജീവിതത്തിലെ ചില പ്രധാന തീരുമാനങ്ങളും എടുത്തത് അവരായിരുന്നു. അവർക്ക് ഞാൻ എല്ലാം വിട്ടു നൽകിയെന്നും ബാലു വിശദീകരിച്ചിട്ടുണ്ട്.

പക്ഷേ ഒരു ഘട്ടത്തിൽ എന്റെ അടുത്ത ഒരാളിൽ നിന്ന് വിശ്വാസ വഞ്ചന നേരിട്ടപ്പോൾ തകർന്നുപോയി. വളരെ പെട്ടന്ന് പ്രതികരിക്കുന്ന സ്വഭാവമാണ് എന്റേത്. ഞാൻ ഒരുപാട് കരഞ്ഞു. പിന്നീട് എനിക്ക് സ്റ്റേജിൽ നിൽക്കാൻ തോന്നിയില്ല. സത്യസന്ധമായി സംഗീതം എന്നിൽ നിന്ന് പുറത്ത് വന്നില്ല. ചിരിക്കാൻ പോലും ഞാൻ പ്രയാസപ്പെട്ടു. അത് എന്നോടും ഞാൻ സ്‌നേഹിക്കുന്ന സംഗീതത്തോടും ചെയ്യുന്ന ചതിയാണെന്ന് തോന്നി. ഇതെക്കുറിച്ച് ലക്ഷ്മിയോട് ഞാൻ സംസാരിച്ചു. അങ്ങനെയാണ് സംഗീതത്തിൽ നിന്ന് ഒരു ഇടവേള എടുക്കാൻ തീരുമാനിച്ചത്. അങ്ങനെ ഞാനൊരു ഫേസ്‌ബുക്ക് പോസ്റ്റിട്ടു. അതിനു ശേഷമാണ് ആളുകൾ എന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്. പിന്നീട് എന്റെ സുഹൃത്തുക്കൾ ഇടപ്പെട്ട് ആ പോസ്റ്റ് പിൻവലിച്ചു.-ഇതായിരുന്നു ബാലുവിന്റെ പഴയ വെളിപ്പെടുത്തൽ. ബാലുവിനെ കരയിക്കാൻ മാത്രം ചതിച്ച സുഹൃത്ത് ആരെന്നതാണ് ഉയരുന്ന ചോദ്യം. തൃശൂരിലെ യാത്രയ്ക്കിടെ ഇയാൾ ഇടപെടലുകൾ നടത്തിയോ എന്ന സംശയവും കുടുംബത്തിനുണ്ട്.

വയലിൻ കളിപ്പാട്ടമാക്കിയ ബാല്യം. പതിനേഴാം വയസ്സിൽ സിനിമയിൽ തന്റെ സാന്നിധ്യമറിയിച്ചു. തുടർന്നിങ്ങോട്ട് സിനിമയും ആൽബവും സ്റ്റേജ് ഷോകളുമായി പേരിനെ അന്വർത്ഥമാക്കും പോലെ ഉദയസൂര്യനായി ശോഭിച്ചു. സംഗീതവാനിലെ ഉദയസൂര്യനായി ബാലു മാറി. എന്നും വീട്ടുകാരിൽ നിന്ന് അകലം പാലിച്ചായിരുന്നു യാത്രകൾ. കോളേജ് കാലത്തെ പ്രണയത്തെ വീട്ടുകാർ എതിർത്തപ്പോൾ കൂടെ നിന്നത് സുഹൃത്തുക്കളായിരുന്നു. ലോകമറിയുന്ന സംഗീതജ്ഞനായി വളർന്നപ്പോൾ സൗഹൃദങ്ങൾ പുതിയ തലത്തിലെത്തിച്ചു. ക്യാമ്പസിലെ പ്രണയത്തിനൊടുവിൽ ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു ബാലഭാസ്‌ക്കർ ലക്ഷ്മിയെ സ്വന്തമാക്കിയത്. കഴിഞ്ഞ 25ന് നടന്ന കാറപകടത്തിൽ ബാലഭാസ്‌ക്കറിനൊപ്പം ഗുരുതര പരിക്കേറ്റ് ആശുപത്രി കിടക്കയിലുള്ള ലക്ഷ്മിക്ക് ഇനിയും ബോധം തെളിഞ്ഞിട്ടില്ല.

സംസ്‌കാരികലോകത്തിന്റെ ആദരവും ആരാധകരുടെയും സുഹൃത്തുകളുടേയും കണ്ണീരും ഏറ്റുവാങ്ങി ബാലഭാസ്‌കറിന്റെ സംസ്‌കാരം ഇന്നലെ രാവിലെ ഔദ്യോഗികബഹുമതികളോടെ തൈക്കാട് ശാന്തി കവാടത്തിലാണ് നടന്നത്. അവസാനനിമിഷവും ബാലഭാസ്‌കറിനെ കാണാൻ വീട്ടിലേക്കും ശാന്തികവാടത്തിലേക്കും ഒഴുകിയെത്തിയത് ആയിരങ്ങളാണ്. രാവിലെ തിരുമലയിലുള്ള ബാലഭാസ്‌കറിന്റെ വീട്ടിലേക്ക് പ്രമുഖരടക്കം നൂറുകണക്കിന് പേർ അന്തിമോപചാരമർപ്പിക്കാൻ ഒഴുകിയെത്തി. ശാന്തികവാടത്തിലും ബാലഭാസ്‌കറിനെ ഒരു നോക്ക് കാണാൻ ജനം തിക്കിത്തിരക്കി. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദാ്യേഗികബഹുമതികൾ ഇവിടെ നൽകി. അന്തിമസംസ്‌കാരച്ചടങ്ങുകൾ അച്ഛൻ സി.കെ ഉണ്ണിയുടെ സഹോദരന്റെ മകനാണ് നടത്തിയത്.

11 മണിയോടെ ബാലഭാസ്‌കറിനെ അഗ്നിനാമ്പുകൾ ഏറ്റുവാങ്ങി. തുടർന്ന് യൂണിവേഴ്‌സിറ്റി കോളജിൽ അനുസ്മരണസമ്മേളനം നടന്നു. ഇപ്പോഴും വീട്ടിൽ അമ്മയും അച്ഛനും തളർന്ന് കിടപ്പാണ്. ഇതിനിടെയാണ് ചില സംശയങ്ങൾ ബന്ധുക്കൾക്ക് മുന്നിലേക്ക് ബാലുവിന്റെ അടുത്ത സുഹൃത്തുക്കൾ തന്നെ ഉയർത്തിയത്. ഇത് സംബന്ധിച്ച അന്വേഷണത്തിലാണ് തൃശൂരിൽ മുറിയെടുത്തിട്ടും എന്തിന് രാത്രിയിൽ കാറോട്ടിച്ച് തിരുവനന്തപുരത്തേക്ക് തിരിച്ചുവെന്ന സംശയം ബലപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP