Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാറ്റിലെ കേസിൽ കേന്ദ്ര സർക്കാരിന്റെ പ്ലീഡർ എടുത്തത് ആശാ കിഷോർ ഒഴിഞ്ഞേ മതിയാകൂവെന്ന നിലപാട്; ശ്രീചിത്രയിലെ ഡയറക്ടറുടെ പുനർനിയമനം കേന്ദ്രം അംഗീകരിക്കില്ലെന്ന് ഉറപ്പായതോടെ പാളയത്തിൽ പട; നിയമ നടപടികളിൽ പരാജയമുണ്ടായാൽ അതിന് കാരണം ഡെപ്യൂട്ടി ഡയറക്ടറുടേതാകുമെന്ന കുറ്റപ്പെടുത്തൽ ഭിന്നത രൂക്ഷമാക്കി; മനംനൊന്ത് രാജിനൽകി ഗിരിജാവല്ലഭൻ; ഡോ ആശാ കിഷോറിന് വിശ്വസ്തനേയും നഷ്ടമായി; ശ്രീചിത്രയിൽ ഭരണ പ്രതിസന്ധി അതിരൂക്ഷം

കാറ്റിലെ കേസിൽ കേന്ദ്ര സർക്കാരിന്റെ പ്ലീഡർ എടുത്തത് ആശാ കിഷോർ ഒഴിഞ്ഞേ മതിയാകൂവെന്ന നിലപാട്; ശ്രീചിത്രയിലെ ഡയറക്ടറുടെ പുനർനിയമനം കേന്ദ്രം അംഗീകരിക്കില്ലെന്ന് ഉറപ്പായതോടെ പാളയത്തിൽ പട; നിയമ നടപടികളിൽ പരാജയമുണ്ടായാൽ അതിന് കാരണം ഡെപ്യൂട്ടി ഡയറക്ടറുടേതാകുമെന്ന കുറ്റപ്പെടുത്തൽ ഭിന്നത രൂക്ഷമാക്കി; മനംനൊന്ത് രാജിനൽകി ഗിരിജാവല്ലഭൻ; ഡോ ആശാ കിഷോറിന് വിശ്വസ്തനേയും നഷ്ടമായി; ശ്രീചിത്രയിൽ ഭരണ പ്രതിസന്ധി അതിരൂക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഡെപ്യൂട്ടി ഡയറക്ടർ ഗിരിജാവല്ലഭൻ രാജിവെച്ചതിന് പിന്നിൽ ഡയറക്ടർ ആശാ കിഷോറുമായുള്ള ഭിന്നതയെ തുടർന്നെന്ന് സൂചന. രാഷ്ട്രീയ സമ്മർദത്തെത്തുടർന്ന് ഡയറക്ടർ ഡോ. ആശ കിഷോറും രാജിക്കൊരുങ്ങുന്നതായി വിവരമുണ്ട്. ഡയറക്ടറുടെ പുനർനിയമനം നിയമ പോരാട്ടത്തിലാണ്. കാറ്റിന്റെ പരിഗണനയിലാണ് കേസ്. ഇതിൽ കേന്ദ്ര സർക്കാർ അഭിഭാഷകൻ ആശാ കിഷോറിനെതിരായ നിലപാടാണ് എടുത്തത്. ആശാ കിഷോറിന് തുടരാൻ കഴിയില്ലെന്നും വാദിച്ചു. ഇതേ തുടർന്നാണ് ഡെപ്യൂട്ടി ഡയറക്ടറുമായി ആശാ കിഷോർ തെറ്റുന്നത്.

തന്റെ ഭാഗങ്ങൾ കാറ്റിൽ നന്നായി അവതരിപ്പിക്കാനായോ എന്ന സംശയം ആശാ കിഷോറിനുണ്ട്. ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകനേയും മറ്റും നിയോഗിച്ചത് ഗിരിജാ വല്ലഭവന്റെ സഹായത്തോടെയാണ്. ഈ നിയമ പോരാട്ടത്തിൽ പരാജയപ്പെടാനുള്ള സാധ്യതകളാണ് ഇരുവരും തമ്മിലെ ഭിന്നതയ്ക്ക് കാരണം. ഗിരിജാ വല്ലഭനോട് ഡയറക്ടർ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിയോജിപ്പ് അറിയിച്ചതായാണ് സൂചന. ഇതേ തുടർന്നാണ് ഗിരിജാവല്ലഭന്റെ രാജി. അതിനിടെ ഒരു മാസത്തെ നോട്ടീസ് നൽകി രാജിവയ്ക്കണമെന്ന ചട്ടം ഗിരിജാവല്ലഭനും ബാധകമാക്കണമെന്ന ആവശ്യം ശ്രീചിത്രയിൽ ഉയരുന്നുണ്ട്.

ഏജീസ് ഓഫീസിൽനിന്നു ഡെപ്യൂട്ടേഷനിൽ എത്തിയയാളാണ് ഗിരിജാവല്ലഭൻ. ഡയറക്ടറായി ഡോ. ആശ കിഷോറിനെ നിയമിച്ചതിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരുവിഭാഗത്തിന് നേരത്തേതന്നെ അതൃപ്തിയുണ്ടായിരുന്നു. അടുത്തിടെ ഡോ. ആശ കിഷോറിന്റെ നിയമനം അഞ്ചുവർഷത്തേക്ക് നീട്ടിനൽകിയത് വലിയ വിവാദമായിരുന്നു. മേയിൽ ചേർന്ന ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിങ് ബോഡിയാണ് ഡോ. ആശ കിഷോറിന് ജൂലായ് 17 മുതൽ അഞ്ചുവർഷത്തേക്ക് തുടരാൻ അനുമതി നൽകിയത്. ഇതിനുപിന്നാലെയാണ് ഡയറക്ടർ നിയമനത്തിന് മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലെന്നാരോപിച്ച് ഒരുവിഭാഗം രംഗത്തുവന്നത്. നിയമനത്തിനെതിരേ ചിലർ കോടതിയെ സമീപിച്ചു. ഈ കേസാണ് ഗിരിജാവല്ലഭന്റെ രാജിക്ക് കാരണമാകുന്നത്.

മുൻകൂർ അനുമതിയില്ലാത്തതിനാൽ ഡയറക്ടറുടെ നിയമനം പിൻവലിക്കണമെന്ന് ശാസ്ത്രസാങ്കേതിക മന്ത്രാലയംതന്നെ കഴിഞ്ഞയാഴ്ച ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ശാസ്ത്രസാങ്കേതിക വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര സ്ഥാപനമാണ് ശ്രീചിത്രയെന്നും അത്തരം സ്വതന്ത്ര സ്ഥാപനങ്ങളുടെ ഗവേണിങ് ബോഡിക്ക് യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഡയറക്ടറെ നിയമിക്കാനാകുമെന്നുമാണ് അധികൃതർ വിശദീകരിക്കുന്നത്. പ്രസിഡന്റ് ഡോ. വി.കെ. സാരസ്വത് ഇക്കാര്യം ശാസ്ത്രസങ്കേതിക മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറും തെറ്റുന്നത്. ഇതോടെ ഭരണ പ്രതിസന്ധി അതിരൂക്ഷമായി.

ഗിരിജാ വല്ലഭൻ കരാറിലൂടെയാണ് പ്രവർത്തിച്ചിരുന്നത്. വിരമിച്ച ശേഷം സർവ്വീസിൽ തുടരുന്ന ഗിരിജാ വല്ലഭവന് വീട് അലവൻസ് അനുവദിക്കുന്നുണ്ട്. ഇതും നിയമ വിരുദ്ധമാണ്. റിട്ടർ ചെയ്തവർക്ക് വീട് അലവൻസ് അനുവദിക്കരുതെന്ന ചട്ടമാണ് ലംഘിക്കപ്പെടുന്നത്. ഇതെല്ലാം ഡൽഹിയിലെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഓഡിറ്റ് വിഭാഗം പരിശോധിക്കുകയും ചെയ്തു. ഈ പണം തിരിച്ചു പിടിക്കാനുള്ള നടപടികളും ഒന്നും ആയിട്ടില്ല. ഇതിനിടെയാണ് ഗിരിജാ വല്ലഭൻ രാജി വയ്ക്കുന്നത്. ഗവേണിങ് ബോഡി അംഗമായി കേന്ദ്ര സർക്കാർ നിയമിച്ച മുൻ ഡിജിപി സെൻകുമാർ വരെ അവിടെ നടക്കുന്ന ക്രമക്കേടുകളും നിയമങ്ങൾ തെറ്റിച്ചുള്ള നിയമനങ്ങളും കണ്ടു ഞെട്ടിയിരുന്നു. സെൻകുമാറിന്റെ പരാതിയെ തുടർന്നു കേന്ദ്രം ഒരു വസ്തുതാന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. സെൻകുമാറിന്റെ ആരോപണങ്ങൾ എല്ലാം അക്ഷരം പ്രതി ശരിയാണെന്ന റിപ്പോർട്ട് ആണ് വസ്തുതാന്വേഷണ കമ്മറ്റിയും നൽകിയിരുന്നത്.

നിലവിലെ ഡയറക്ടർ ആശാ കിഷോറിന്റെ കാലാവധി അവസാനിക്കുന്നതിനാൽ അതിനു മൂന്നു മാസം മുൻപ് തന്നെ പുതിയ ഡയറക്ടറെ നിയമിക്കാനുള്ള നടപടി ക്രമങ്ങൾക്ക് തുടക്കമിടണമെന്നു സമിതിയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ റിപ്പോർട്ട് ആപൽക്കരമെന്നു കണ്ടു ഡയറക്ടർ തന്നെ റിപ്പോർട്ട് തള്ളിയിരുന്നു. ഇതിന് ശേഷമായിരുന്നു പുനർനിയമനം. കേന്ദ്ര സർക്കാരിനു വസുതാന്വേഷണ സമിതി നൽകിയ റിപ്പോർട്ട് ഡയറക്ടർക്ക് തള്ളാൻ അനുവാദമുണ്ടോ എന്ന ചോദ്യം സജീവമായിരിക്കുമ്പോൾ തന്നെ റിപ്പോർട്ട് തള്ളി സ്വന്തം തീരുമാനങ്ങളുമായി ഡയരക്ടർ മുന്നോട്ടു പോയത്. ഇതെല്ലാം വലിയ വിവാദമായിരുന്നു.

ശ്രീചിത്രയിലെ ആഭ്യന്തര പ്രശ്നങ്ങളും ക്രമക്കേടുകളും അഴിമതികളുമാണ് ഗവേണിങ് ബോഡി അംഗമായി കേന്ദ്രം നിയമിച്ചപ്പോൾ സെൻകുമാറിന്റെ ശ്രദ്ധയിൽപ്പെട്ടത്. നിയമനങ്ങളിൽ സംവരണ തത്വങ്ങൾ കാറ്റിൽപ്പറത്തുന്നത് സെൻകുമാർ ശക്തമായി എതിർത്തിരുന്നു. ഡയറക്ടർ തന്റേതായ അധികാരങ്ങൾ ഉപയോഗിക്കുന്നത് കണ്ട സെൻകുമാർ ഗവേണിങ് അംഗത്തിന്റെ അധികാരങ്ങളും ഉപയോഗിച്ചു. ഇങ്ങനെയാണ് സെൻകുമാർ കേന്ദ്രത്തിനു ശ്രീചിത്രയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു പരാതി നൽകിയത്. സെൻകുമാറിന്റെ പരാതി ഗൗരവമായി എടുത്ത കേന്ദ്രസർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

സെൻകുമാറിന്റെ ആരോപണങ്ങൾ:

നാലും അഞ്ചും പേറ്റന്റ് ഉള്ളവർക്കുപോലും ശ്രീചിത്രയിൽ ജോലികിട്ടില്ല. അവരെ തഴഞ്ഞ് താഴ്ന്ന യോഗ്യതയുള്ളവരെ എടുക്കും. നിയമനത്തിൽ സ്വജനപക്ഷപാതം. പട്ടികജാതി-വർഗ സംവരണം പാലിക്കാറില്ല. തിരഞ്ഞെടുപ്പുസമിതിയിൽ ആ വിഭാഗത്തിൽനിന്നുള്ളവർ വേണമെന്നുണ്ടെങ്കിലും അവർക്ക് അഭിമുഖത്തിൽ മാർക്കിടാനുള്ള അധികാരം നൽകാറില്ല. ഫലത്തിൽ അവർ കാണികളായിമാറുന്നു. നിസ്സാരകാര്യങ്ങൾക്കുപോലും ഡോക്ടർമാർക്ക് മെമോ നൽകും. പലർക്കും ശസ്ത്രക്രിയ നടത്താൻ ഒരുങ്ങുമ്പോഴാകും മെമോ കിട്ടുക. ഇത് മനസ്സാന്നിധ്യം നഷ്ടമാക്കും. ഇഷ്ടമില്ലാത്തവരുടെ സ്ഥാനക്കയറ്റം തടയും. ഇതിനെതിരേ പരാതിനൽകാനുള്ള സംവിധാനമില്ല. രാത്രി ഒൻപതുമണിവരെ ഒ.പി. നടത്താൻ ഡോക്ടർമാർ തയ്യാറാണെങ്കിലും നാലുമണിയായി അത് പരിമിതപ്പെടുത്തിയത് രോഗികൾക്ക് ബുദ്ധിമുട്ടായി. ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി അനാവശ്യ തസ്തികകൾ സൃഷ്ടിച്ചതിനാലാണ്. ഇങ്ങനെ നീളുന്നു സെൻകുമാറിന്റെ ആരോപണങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP