Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൈയിൽ മാതള ജ്യൂസുമായി രാവിലെ മുറിയിലേക്ക് പോയ താരത്തിന്റെ മരണം ഒരു ജിഗ്‌സോ പസിൾ പോലെ; മുറിയുടെ പൂട്ടുകുത്തി തുറക്കേണ്ടി വന്നത് ഡ്യൂപ്ലിക്കേറ്റ് കീ ആരോ ഒളിപ്പിച്ചത് കാരണം; ശരീരത്തിൽ മർദ്ദനമേറ്റത് പോലുള്ള അടയാളങ്ങൾ; തൂങ്ങി മരിക്കാൻ ഉപയോഗിച്ച തുണിയും കഴുത്തിലെ അടയാളവും തമ്മിൽ ചേർച്ചക്കുറവ്; മാനേജർ ദിഷയുടെ ആത്മഹത്യ; സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം കൊലപാതകമെന്ന സംശയവുമായി ബിജെപി നേതാക്കളും; കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി

കൈയിൽ മാതള ജ്യൂസുമായി രാവിലെ മുറിയിലേക്ക് പോയ താരത്തിന്റെ മരണം ഒരു ജിഗ്‌സോ പസിൾ പോലെ; മുറിയുടെ പൂട്ടുകുത്തി തുറക്കേണ്ടി വന്നത് ഡ്യൂപ്ലിക്കേറ്റ് കീ ആരോ ഒളിപ്പിച്ചത് കാരണം; ശരീരത്തിൽ മർദ്ദനമേറ്റത് പോലുള്ള അടയാളങ്ങൾ; തൂങ്ങി മരിക്കാൻ ഉപയോഗിച്ച തുണിയും കഴുത്തിലെ അടയാളവും തമ്മിൽ ചേർച്ചക്കുറവ്; മാനേജർ ദിഷയുടെ ആത്മഹത്യ; സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം കൊലപാതകമെന്ന സംശയവുമായി ബിജെപി നേതാക്കളും; കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. മുംബൈ പൊലീസ് നല്ല രീതിയിൽ കേസ് അന്വേഷിക്കുന്നുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. കേസ് നിലവിൽ പൊലീസ് അന്വേഷിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് കാമ്പുള്ള കാര്യങ്ങൾ കൈയിലുണ്ടെങ്കിൽ ബോംബെ ഹൈക്കോടതിയെ സമീപിക്കൂ എന്നും ഹർജിക്കാരനോട് സുപ്രിംകോടതി പറഞ്ഞു.

അതേസമയം, കേസിലെ അന്വേഷണം സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് കഴിഞ്ഞദിവസം മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കിയിരുന്നു.അതിനിടെ, സുശാന്തിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ സിബിഐ അന്വേഷണം നിരന്തരം ആവശ്യപ്പെടുന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി താരത്തിന്റേതുകൊലപാതകമാണെന്ന് ആരോപിച്ചു. താൻ കണ്ടെത്തിയ തെളിവുകളും അദ്ദേഹം ട്വിറ്ററിൽ ഷെയർ ചെയ്തു.

സ്വാമി ട്വിറ്ററിൽ ഷെയർ ചെയ്ത് ഫോട്ടോ പ്രാകരം 26 തെളിവുകളിൽ 24 ഉം കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നവയാണ്. സുശാന്തിന്റെ സമീപകാല വിഷാദരോഗവും, പൊതുജീവിതത്തിൽ നിന്ന് അകലം പാലിക്കുന്ന സ്വഭാവവും ആത്മഹത്യാ സിദ്ധാന്തത്തോട് യോജിക്കുന്നതാണ്. എന്നാൽ, മരണം നടന്ന ലൊക്കേഷൻ, തൂങ്ങി മരിക്കാൻ ഉപയോഗിച്ച തുണിയും കഴുത്തിലെ അടയാളവും തമ്മിലുള്ള ചേർച്ചയില്ലായ്മ, കെട്ടിന്റെ നീളം, ശരീരത്തിലെ വിവിധ അടയാളങ്ങൾ, സിസിടിവി ഫുട്ടേജ്, മുറിയുടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ കാണാതായത്, മാനേജർ ദിഷ സാലിയന്റെ ആത്മഹത്യ, സിം കാർഡ് മാറ്റിയത്, സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന വിവരം, ജോലിക്കാരൻ മൊഴി മാറ്റി പറഞ്ഞത്, ഇതൊക്കെയാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ കൊലപാതക തിയറിക്ക് ആധാരമായ തെളിവുകൾ.

സംഭവത്തിൽ സിബിഐ അന്വേഷണം ഉണ്ടാവില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് വ്യക്തമാക്കിയതിന് പിന്നാലെയാണ് സ്വാമിയുടെ ട്വീറ്റ്. ബിഹാർ പൊലീസും പരാതിയിൽ അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ, രണ്ട് സംസ്ഥാനങ്ങളുടെ പൊലീസിന് പ്രത്യേകമായി കേസ് അന്വേഷിക്കാനാവില്ലെന്നും സിബിഐയാണ് വരേണ്ടതെന്നുമാണ് സ്വാമിയുടെ പോയിന്റ്. നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സ്വാമി കത്തയച്ചിരുന്നു. ശുദ്ധഗതിക്കാരനായ സുശാന്തിന്റെ മരണത്തിന് പിന്നിലെ കളികൾ മറയ്ക്കാൻ ബോളിവുഡിലെ വലിയ താരങ്ങൾ പരിശ്രമിക്കുകയാണെന്നാണ് സുബ്രഹ്മണ്യൻ സ്വാമി തന്റെ കത്തിൽ ആരോപിച്ചത്. ബിഎസ്‌പി നേതാവ് മായാവതിയും ബിഹാർ സ്വദേശിയായ നടന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സുശാന്തിന്റെ മരണം ജിഗ്‌സോ പസിൾ പോലെ

മുംബൈയിലെ സായാഹ്ന പത്രങ്ങളിൽ മാത്രമല്ല മുഖ്യധാരാ പത്രങ്ങളിലും സുബ്രഹ്മണ്യൻ സ്വാമി ഉന്നയിക്കും മുമ്പേ തന്നെ കൊലപാതക തിയറി പലവട്ടം മഷി പുരണ്ടു. ഒപ്പം ഓൺലൈനിലും. ജിഗ്‌സോ പസിൾ പോലെ പല പീസുകളും തമ്മിൽ യോജിക്കുന്നില്ലെന്നാണ് പ്രധാന നിഗമനം.
മരണത്തിന് തലേന്നാൾ കൂട്ടുകാർക്കൊപ്പം പുറത്തുപോയ ശേഷം രാത്രി 10.30 ഓടെ ബാന്ദ്രയിലെ വീട്ടിലെത്തി. അവിടെയും ആഘോഷങ്ങൾ തുടർന്നു. രണ്ടു കൂട്ടുകാർ രാത്രി അവിടെ തങ്ങി. രാവിലെ നടക്കാൻ പോകുന്ന സുശാന്ത് മടങ്ങി എത്തിയ ശേഷം പ്ലേ സ്റ്റേഷനിൽ ഗെയിമുകൾ കഴിക്കുന്നു. ഒരു ഗ്ലാസ് മാതള ജ്യൂസുമായി മുറിയിലേക്ക് പോകുന്നു. പിന്നീട് ഉച്ചഭക്ഷണത്തിന് എന്താണ് കഴിക്കാൻ വേണ്ടതെന്ന് ചോദിക്കാൻ പാചകക്കാരൻ കതകിൽ തട്ടുമ്പോൾ ഉത്തരമില്ല. രാത്രി വീട്ടിൽ തങ്ങിയ കൂട്ടുകാരും പാചകക്കാരനും ചേർന്ന് പൂട്ട് വിദഗ്ധനെ വിളിച്ചുവരുത്തി കതക് തുറക്കുന്നു. തൂങ്ങി മരിച്ച നിലയിൽ കാണുന്നു.

മുറിയിൽ സ്റ്റൂളോ കസേരയോ ഉണ്ടായിരുന്നില്ല. നടൻ ബെഡ് തന്നെയാണ് കൃത്യത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാൽ സുശാന്തിന്റെ ഉയരവും, ഭാരവും ഫാനിന്റെ ഉയരവും ബെഡിന്റെ ഉയരവും ഒക്കെ കണക്കുകൂട്ടി ആത്മഹത്യ അസാധ്യമെന്നാണ് ചില ക്രൈം റിപ്പോർട്ടർമാരുടെ വാദം. സുശാന്ത് ഉപയോഗിച്ച പച്ച തുണി തീരെ കനമില്ലാത്താണെന്നും അത് അയാളുടെ ഭാരത്തെ താങ്ങില്ലെന്നും പറയുന്നു. ബെഡ് റൂമിന്റെ ഡ്യൂപ്ലിക്കേറ്റ് കീ കാണാതെ പോയതും ദുരൂഹമായി പലരും ചൂണ്ടികാട്ടി. ആരുടെ കൈയിലായിരുന്നു താക്കോൽ? ശരീരത്തിൽ വൃത്തരൂപത്തിലുള്ള കഴുത്ത് ഞെരിച്ചത് പോലുള്ള പാടുകളുണ്ടായിരുന്നു. ഒരാൾ ആത്മഹത്യ ചെയ്യുകയാണെങ്കിൽ കഴുത്തിൽ വി ഷെയ്പിലായിരിക്കും അടയാളമെന്നും വാദമുണ്ട്.

ജ്യൂസ് കുടിച്ച ഗ്ലാസ് മുറിയിൽ ഉണ്ടായിരുന്നില്ല എന്നതും ചിലർ ദുരൂഹതയായി പറയുന്നു. ശരീരത്തിൽ രാസപദാർഥങ്ങളൊന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടതുമില്ല. അവസാന കോൾ പുലർച്ചെ 1.47 ന് റിയ ചക്രവർത്തിക്കും 1.51 ‌ന് മഹേഷ്‌ഷെട്ടിക്കുമായിരുന്നു. രണ്ടുകോളിനും മറുപടികിട്ടിയിരുന്നില്ല.

റിയയുടെ ഹർജിക്കെതിരെ കാവിയേറ്റുമായി സുശാന്തിന്റെ പിതാവ്

പാറ്റ്‌ന പൊലീസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും അന്വേഷണം മുംബൈയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് സുശാന്തിന്റെ കാമുകി റിയ ചക്രവർത്തി നൽകിയ ഹർജിക്കെതിരെയാണ് സുശാന്തിന്റെ പിതാവ് കെ.കെ.സിങ് കേവിയാറ്റ് നൽകിയത്. ഹർജിയിൽ ഉത്തരവിടും മുമ്പ് തന്നെ കൂടി കേൾക്കണമെന്നാണ് കെ.കെ.സിങ്ങിന്റെ വാദം. പാറ്റ്‌ന പൊലീസ് തനിക്കെതിരെ കെ.കെ.സിങ്ങിന്റെ പരാതിയിൽ എഫ്‌ഐആർ എടുത്തതോടെയാണ് റിയ സുപ്രീം കോടതിയെ സമീപിച്ചത്. റിയയുടെ മേൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് എഫ്‌ഐആർ എടുത്തിരിക്കുന്നത്.

പാറ്റ്നയിലെ രാജീവ് നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിപ്രകാരം എടുത്ത എഫ്ഐആറിൽ റിയയ്ക്കും കുടുംബത്തിനും എതിരെ ഗുരുതര കുറ്റങ്ങൾ തന്നെയാണ് ആരോപിക്കുന്നത്.

74 കാരനായ സുശാന്തിന്റെ പിതാവിന് ആരോഗ്യപ്രശ്നങ്ങൾ കാരണം മുബൈയിലേക്ക് പറക്കാൻ കഴിയാത്തതുകൊണ്ടാണ് പാറ്റ്നയിൽ കേസ് നൽകിയിരിക്കുന്നത്. ജൂൺ 14 ന് മുംബൈ ബാന്ദ്രയിലെ വസതിയിലാണ് സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

സുശാന്തിന്റെ പിതാവ് ഉന്നയിക്കുന്ന മുഖ്യ ആരോപണങ്ങൾ

1.സുശാന്തിനെ റിയ സ്വന്തം വരുതിയിൽ നിർത്തി. കുടുംബത്തിൽ നിന്ന് അകറ്റി നിർത്തി. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നതും റിയയാണ്. കോടികൾ ആ അക്കൗണ്ടിൽ നിന്ന് റിയ പിൻവലിച്ചു.

2. ജൂൺ 8 ന് സുശാന്തിന്റെ ബാങ്ക് ബാലൻസ് കുറഞ്ഞുവരികയാണെന്ന് മനസിലാക്കിയ റിയ പണവും ആഭരണങ്ങളും ലാപ് ടോപ്പും, ക്രെഡിറ്റ് കാർഡും അതിന്റെ പിൻ നമ്പറും പാസ് വേഡും പ്രധാനപ്പെട്ട രേഖകളും ഡോക്ടർമാരുടെ കുറിപ്പടികളുമായി കടന്നു കളഞ്ഞു. സുശാന്ത് ആ സമയത്ത് സഹോദരിയെ വിളിച്ച് റിയ തന്നെ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞു. തന്റെ മനോനില തകരാറിലാണെന്ന് അറിയിക്കാൻ ഡോക്ടർമാരുടെ കുറിപ്പടികൾ മാധ്യമങ്ങളെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി. മനോനില തകരാറിലെന്ന് വന്നാൽ പിന്നീട് ആരും സുശാന്തിന് സിനിമ നൽകില്ലല്ലോ.

3.ജൂൺ 8 ന് രാത്രിയാണ് സുശാന്തിന്റെ സെക്രട്ടറി ദിഷയുടെ ആത്മഹത്യ. റിയയാണ് ദിഷയെ സെക്രട്ടറിയായി നിയമിച്ചത്. ദിഷ ജീവനൊടുക്കിയതിന് പിന്നാലെ സുശാന്തിന്റെ നമ്പർ റിയ തന്റെ മൊബൈലിൽ ബ്ലോക്ക് ചെയ്തു. സെക്രട്ടറിയുടെ ആത്മഹത്യാക്കേസ് സുശാന്തിന്റെ തലയിൽ വച്ചുകെട്ടുമെന്ന് റിയ ഭീഷണി മുഴക്കിയിരുന്നു. അങ്ങനെ സംഭവിക്കുമോയെന്ന് സുശാന്തിന് ഭയമുണ്ടായിരുന്നു.

4.ബോളിവുഡിൽ വിജയകരമായ കരിയർ ഉണ്ടായിട്ടും തന്റെ മകന്റെ മനോനില തെറ്റിച്ചതിന് പിന്നിൽ റിയയുടെയും കുടുംബത്തിന്റെയും ഗൂഢാലോചനയാണെന്ന് പിതാവ് ആരോപിക്കുന്നു. ഇങ്ങനെ മനോനില തകരാറിലായതോടെയാണ് അവൻ ആത്മഹത്യ ചെയ്തത്. 2019 മെയിൽ റിയ സുശാന്തുമായി അടുപ്പം സ്ഥാപിച്ചത് നടന്റെ മികച്ച ബന്ധങ്ങൾ ഉപയോഗിച്ച് സ്വന്തം കരിയർ മുന്നോട്ട് കൊണ്ടുപോകാനുള്ള സ്വാർത്ഥതയോടെയായിരുന്നു.

5.റിയയും മാതാപിതാക്കൾ അടക്കമുള്ള കുടുംബാംഗങ്ങളും തന്റെ മകന്റെ കോടികളുടെ സ്വത്ത് കവരാനുള്ള നീക്കമാണ് നടത്തിയത്. അവന്റെ ജീവിതത്തിന്റെ സമസ്ത കാര്യങ്ങളിലും അവർ ഇടപെട്ടിരുന്നു.സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന 15 കോടി എങ്ങോട്ട് മാറ്റിയെന്ന കാര്യത്തിലും അന്വേഷണം വേണം.

6.ബാന്ദ്രയിലെ സുശാന്തിന്റെ വസതി പ്രേതബാധയുള്ളതാണെന്നും അവിടം വിട്ട് മുംബൈക്ക് അടുത്തുള്ള റിസോർട്ടിലേക്ക് താമസം മാറ്റാനും റിയയും കുടുംബവും സുശാന്തിനെ നിർബന്ധിച്ചിരുന്നു. ചില ധാർമികതയില്ലാത്ത ഡോക്ടർമാരെയാണ് സുശാന്തിന്റെ ചികിത്സയ്ക്കായി റിയ നിയോഗിച്ചത്. സുശാന്തിന്റെ കുടുംബത്തിൽ നിന്ന് ഇക്കാര്യങ്ങളെല്ലാം മറച്ചുവയ്ക്കുകയും ചെയ്തു.

7.കരിയറിന്റെ ഒരുഘട്ടത്തിൽ തന്റെ മകൻ സിനിമ ഉപേക്ഷിക്കാനും കൂർഗിൽ പോയി കൃഷി ചെയ്ത് ജീവിക്കാനും തീരുമാനിച്ചിരുന്നു. സുശാന്തിനെ പൊതുജനമധ്യത്തിൽ ഭ്രാന്തനായി ചിത്രീകരിക്കുമെന്ന് റിയ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ഇത് സംഭവിച്ചതെന്നും പിതാവ് ആരോപിക്കുന്നു.

വിഷാദ രോഗം മൂലമുള്ള ആത്മഹത്യയാണ് നടന്റേതെന്ന് പൊലീസ് വിശദീകരിക്കുമ്പോഴും മരണത്തിൽ ഗൂഢാലോചന ഉണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇക്കാര്യം സുശാന്തിന്റെ അമ്മാവൻ നേരത്തെ തുറന്നടിച്ചിരുന്നു. സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു, സുശാന്തുകൊല്ലപ്പെട്ടതാണെന്നും സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും സുശാന്തിന്റെ അമ്മാവൻ വാർത്താ ഏജൻസിയായ എ.എൻ.ഐ.യോട് പറഞ്ഞിരുന്നു.

അതിനിടെ റിയ തന്നെ ഉപദ്രവിക്കുന്നുവെന്നും റിയയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് സുശാന്ത് തനിക്ക് സന്ദേശമയച്ചതായി, നടന്റെ മുൻ കാമുകിയും നടിയുമായ അങ്കിത ലോഖണ്ടെ ബിഹാർ പൊലീസിന് മൊഴി നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സുശാന്തിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അങ്കിത, മരണശേഷം അദ്ദേഹത്തിന്റെ പാട്നയിലെ വസതിയിൽ രണ്ടു തവണ പോയിരുന്നുവെന്നും, റിയയുമായുള്ള ബന്ധത്തെ കുറിച്ച് സുശാന്ത് തനിക്ക് അയച്ച സന്ദേശങ്ങൾ അദ്ദേഹത്തിന്റെ സഹോദരി ശ്വേത സിങ്ങിനെ കാണിക്കുകയും അവ പൊലീസിന് കൈമാറുകയും ചെയ്തു എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

അതേസമയം പൊലീസ് അന്വേഷണത്തിന് പിന്നാലെ ഇതിന് പിന്നാലെ സത്യം ജയിക്കും എന്ന പ്രതികരിച്ച് ശ്വേതയും അങ്കിതയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. 'സത്യത്തിന് വിലയില്ലെങ്കിൽ പിന്നെ മറ്റൊന്നിനുമില്ല,' എന്നായിരുന്നു സുശാന്തിന്റെ സഹോദരി ശ്വേത കുറിച്ചത്. പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടി റിയ ചക്രവർത്തിക്കെതിരെ ആത്മഹത്യ പ്രേരണ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് നിലവിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പാട്ന സെൻട്രൽ സോൺ ഇൻസ്‌പെക്ടർ ജനറൽ സഞ്ജയ് സിങ് വ്യക്തമാക്കുന്നു. ഐപിസി സെക്ഷൻ 341, 342, 380, 406, 420, 306 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പാട്ന പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP