Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിപിഎമ്മിന്റെ ഏഷ്യാനെറ്റ് ബഹിഷ്‌ക്കരണത്തിനൊപ്പം മലയാളം ടെലിവിഷനിൽ ചാനൽ യുദ്ധവും മുറുകുന്നു; എം ജി രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ എത്തിയപ്പോൾ മറുവശത്ത് പാർട്ടി ചാനൽ ബ്രിട്ടാസിനെ കളത്തിലിറക്കി പ്രേക്ഷകരെ വീണ്ടെടുത്തു; ബാർക്ക് റേറ്റിങ്ങിലും കൈരളി ന്യൂസിന് നേട്ടം; ശരത് ചന്ദ്രനെയും കൈരളി കളത്തിൽ ഇറക്കുന്നത് രാഷ്ട്രീയ ആരോപണങ്ങളിൽ സർക്കാറിനെ പ്രതിരോധിക്കാൻ വേണ്ടി; സിപിഎം മുഖമായി പാർട്ടി ചാനൽ തന്നെ പ്രമോട്ട് ചെയ്യാൻ അണികൾക്കിടയിലും നിർദ്ദേശം

സിപിഎമ്മിന്റെ ഏഷ്യാനെറ്റ് ബഹിഷ്‌ക്കരണത്തിനൊപ്പം മലയാളം ടെലിവിഷനിൽ ചാനൽ യുദ്ധവും മുറുകുന്നു; എം ജി രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ എത്തിയപ്പോൾ മറുവശത്ത് പാർട്ടി ചാനൽ ബ്രിട്ടാസിനെ കളത്തിലിറക്കി പ്രേക്ഷകരെ വീണ്ടെടുത്തു; ബാർക്ക് റേറ്റിങ്ങിലും കൈരളി ന്യൂസിന് നേട്ടം; ശരത് ചന്ദ്രനെയും കൈരളി കളത്തിൽ ഇറക്കുന്നത് രാഷ്ട്രീയ ആരോപണങ്ങളിൽ സർക്കാറിനെ പ്രതിരോധിക്കാൻ വേണ്ടി; സിപിഎം മുഖമായി പാർട്ടി ചാനൽ തന്നെ പ്രമോട്ട് ചെയ്യാൻ അണികൾക്കിടയിലും നിർദ്ദേശം

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളത്തിൽ മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ വാർത്താ ചാനലുകൾ തമ്മിലുള്ള യുദ്ധം മുറുകുകയാണ്. ഏഷ്യാനെറ്റ് ന്യൂസിന് 24 ന്യൂസ് ചാനൽ വെല്ലുവിളി ആയെങ്കിലും ഇപ്പോൾ ആ വെല്ലുവിളിയെ അതിജീവിക്കാൻ ഏഷ്യാനെറ്റിന് സാധിച്ചു. ഇതിനിടെയാണ് ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌ക്കരിക്കാൻ സിപിഎം തീരുമാനിച്ചത്. ഈ സാഹചര്യത്തിൽ കൈരളി ചാനലിനെ ശക്തിപ്പെടുത്തണമെന്ന ആവശ്യവും സിപിഎമ്മിനുള്ളിൽ ശക്തമായിരുന്നു. ഈ നീക്കത്തിന്റെ ബാഗമായി ജോൺ ബ്രിട്ടാസ് കളത്തിൽ ഇറങ്ങിയതോടെ ചാനൽ യുദ്ധത്തിന് വേഗം കൂടുകയും ചെയ്തു. ഇപ്പോൾ കൈരളി ന്യൂസ് ചാനൽ ബാർക്ക് റേറ്റിംഗിലും മികവു പുലർത്തിയിരിക്കയാണ്.

ചാനൽ യുദ്ധത്തിന്റെ മറ്റൊരു മുഖമായാണ് കൈരളിയിൽ എക്‌സിക്യുട്ടീവ് എഡിറ്റർ ആയുള്ള ശരത് ചന്ദ്രന്റെ നിയമനം വീക്ഷിക്കപ്പെടുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌ക്കരിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനം കേരളത്തിലെ പ്രൈം ടൈം യുദ്ധത്തിന്റെ തലക്കുറി മാറ്റുമ്പോൾ തന്നെയാണ് ശരത് ചന്ദ്രനെ എക്‌സിക്യുട്ടീവ് എഡിറ്റർ ആയി സിപിഎം കൈരളിയിൽ നിയമിക്കുന്നത്. ഏഷ്യാനെറ്റിനു മറുപടി നൽകാൻ കൈരളി ന്യൂസ് ചാനൽ ഇടപെടൽ ശക്തമാക്കണമെന്ന സിപിഎം തീരുമാനത്തിന്റെ ഭാഗമായാണ് ശരത് ചന്ദ്രന്റെ നിയമനം വരുന്നത്.

പി.രാജീവ്, എം.ബി.രാജേഷ്, എം.സ്വരാജ് എന്നിവർ ചർച്ചയിൽ പങ്കെടുക്കവേ അനാവശ്യമായി ഏഷ്യാനെറ്റ് വാർത്താവതാരകർ തടസ്സപ്പെടുത്തിയെന്ന ആരോപണം നേതാക്കൾ ഉന്നയിച്ചതോടെ സിപിഎം തീരുമാനിച്ച ഏഷ്യാനെറ്റ് ബഹിഷ്‌ക്കരണത്തിനു ശേഷമാണ് ശരത്തിനെ കൈരളി ന്യൂസ് ചാനലിൽ നിയമിക്കുന്നത്. ജോൺ ബ്രിട്ടാസ് കൈരളി ചാനൽ ചർച്ചകളെ നിയന്ത്രിക്കാൻ എത്തിയതും ഏഷ്യാനെറ്റിനു മറുപടി നൽകാനുള്ള സിപിഎം നീക്കത്തിന്റെ ഭാഗം തന്നെയാണ്. ബ്രിട്ടാസ് എത്തിയതോടെ സജീവമായ കൈരളിയിലേക്കാണ് മികച്ച വാർത്താവതാരകനായ ശരത്തിനെ കൂടി സിപിഎം നിയമിക്കുന്നത്. ബ്രിട്ടാസിന്റെ വരവ് കൈരളിക്ക് ഗുണകരമായിട്ടുണ്ട്. നേരത്തെ ജനം ടിവിക്ക് പിന്നിലായിരുന്ന കൈരളി ബ്രിട്ടാസ് അവതാരകനായതിന് പിന്നാലെ ന്യൂസ് 18, മീഡിയാ വൺ ചാനലുകളെ പിന്നിലാക്കിയിട്ടുണ്ട്. ഇതെല്ലാം സിപിഎം നടത്തിയ രാഷ്ട്രീയ നീക്കത്തിന്റെ പരിണിത ഫലങ്ങളാണ്. തുടർച്ചയായ രണ്ടാഴ്‌ച്ചയും ചാനൽ മുന്നേറ്റത്തിൽ നേട്ടം കൊയ്യാൻ കൈരളി ന്യൂസിന് സാധിച്ചു. ബ്രിട്ടാസിന്റെ സാന്നിധ്യം തന്നെയാണ് ഇതിൽ നിർണായകമായത്.

സിപിഎമ്മിന് ചാനൽ നീക്കങ്ങൾക്ക് മറുപടി നല്കാൻ കൂടി വേണ്ടിയാണ് ഏഷ്യാനെറ്റ് എഡിറ്റർ ആയ എം.ജി.രാധാകൃഷ്ണനെ കൂടി ഏഷ്യാനെറ്റ് രംഗത്ത് എത്തിച്ചത്. വാർത്താവതാരകനായ വിനു വി ജോൺ സിപിഎം പ്രതിഷേധത്തിൽ കുരുങ്ങുമ്പോഴാണ് ഏഷ്യാനെറ്റ് ചർച്ചകളെ നയിക്കാൻ എംജി കൂടി എത്തിയിരിക്കുന്നത്. സിപിഎമ്മിന്റെ അഭാവം ഏഷ്യനെറ്റ് ചാനൽ ചർച്ചകളെ ശുഷ്‌ക്കമായി മാറ്റുന്നു എന്ന വിമർശനം ഉയരുമ്പോൾ തന്നെയാണ് എം.ജി.രാധാകൃഷ്ണനെ കൂടി ചാനൽ ചർച്ചയിൽ ഏഷ്യനെറ്റ് നിയോഗിക്കുന്നത്.

ജോൺ ബ്രിട്ടാസും എൻ.പി.ചന്ദ്രശേഖരനും എം.ജി.രാധാകൃഷ്ണനും ശ്രീകണ്ഠൻ നായരും ചാനൽ ചർച്ചകളെ നിയന്ത്രിക്കാൻ എത്തുമ്പോൾ ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ചാനൽ ആകാശത്ത് റേറ്റിങ് യുദ്ധം കൊഴുക്കുകയാണ്. ഏഷ്യനെറ്റ് ന്യൂസ് ചാനൽ ആരംഭിച്ചശേഷം ഇതാദ്യമായി ചാനൽ റേറ്റിംഗിൽ ഏഷ്യനെറ്റ് ന്യൂസ് വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്.

മനോരമ ന്യൂസും മാതൃഭൂമിയും മാത്രം എഷ്യാനെറ്റിന്റെ എതിരാളികൾ ആയിരുന്ന അവസ്ഥയാണ് 24 ന്യൂസ് ചാനലിന്റെ വരവോടെ മാറി മറിഞ്ഞത്. മാതൃഭൂമിക്കും മനോരമയ്ക്കും മുകളിലാണ് റേറ്റിംഗിൽ 24 ന്യൂസ് ചാനൽ കുതിക്കുന്നത്. ഓഗ്മെന്റ റിയാലിറ്റി, വിർച്യുൽ റിയാലിറ്റി തുടങ്ങിയവ നൂതന ദൃശ്യ വിസ്മയങ്ങൾ സ്റ്റുഡിയോയിൽ കൊണ്ട് വന്നു 24 ന്യൂസ് പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കവേ പിന്നീട് മറ്റു ചാനലുകളും ഇതേ വഴിയിൽ സഞ്ചരിക്കാൻ തുടങ്ങി. സിപിഎമ്മിന്റെ ഒരു മുഖമായി 24 ന്യൂസ് ചാനൽ മാറിയതോടെ കൈരളി-പീപ്പിൾ ചാനലിന്റെ അകത്ത് നിന്നും പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ഇടയിൽ നിന്നും മുറുമുറുപ്പുകൾ ഉയർന്നിരുന്നു.

കൈരളി ന്യൂസ് തന്നെ പാർട്ടിയുടെ മുഖമായി മാറണമെന്ന ആവശ്യമാണ് സിപിഎമ്മിനുള്ളിൽ നിന്നും ഉയർന്നത്. ഈ ഘട്ടത്തിൽ തന്നെയാണ് ഏഷ്യാനെറ്റ് ബഹിക്കരണവുമായി സിപിഎം മുന്നോട്ടു പോകുന്നതും. ബിജെപി മുൻപ് എടുത്ത് പരാജയപ്പെട്ട ഏഷ്യാനെറ്റ് ബഹിഷക്കരണ തീരുമാനം സിപിഎം എടുക്കുമ്പോൾ പക്ഷെ അത് ശക്തമായ അലയൊലികൾ തന്നെയാണ് ചാനൽ രംഗത്ത് സൃഷ്ടിക്കുന്നത്. സിപിഎം തീരുമാനത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ കൊണ്ടുപിടിച്ച ക്യാമ്പെയിൻ നടത്തുകയാണ് സൈബർ സഖാക്കൾ. ഏഷ്യാനെറ്റ് ന്യൂസ് പേജ് അൺലൈക്ക് ചെയ്യാനാണ് ആഹ്വാനം. ലിങ്കുകൾ തുറക്കരുതെന്നും വാർത്തയ്ക്ക് ഏഷ്യാനെറ്റിനെ ആശ്രയിക്കരുതെന്നും ആവശ്യപ്പെട്ട് ഇടത് അനുകൂല ഗ്രൂപ്പുകളിൽ ശക്തമായ ക്യാമ്പെയിൻ നടക്കുകയാണ്.

വാർത്തയുടെ അപ്രമാദിത്വത്തിൽ ഏഷ്യാനെറ്റ് ചോദ്യം ചെയ്യപ്പെടുന്നത് ഇതാദ്യമായല്ല. ഏഷ്യാനെറ്റിൽ നിന്നും പടിയിറങ്ങിയ നികേഷ് കുമാറിന്റെ നേതൃത്വത്തിൽ വന്ന ഇന്ത്യാവിഷൻ ആ ഘട്ടത്തിൽ വൻ ഭീഷണി ഏഷ്യാനെറ്റിനു സൃഷ്ടിച്ചിരുന്നു. അത് മറികടക്കാൻ പക്ഷെ അന്ന് ഏഷ്യനെറ്റിനു സാധിച്ചിരുന്നു. പിന്നീട് ചാനൽ രംഗത്ത് മനോരമയും, മാതൃഭൂമിയും അംബാനിയുടെ ന്യൂസ് 18 ചാനലും എത്തി. അവരുടെ വാർത്താ ചാനലുകൾ ശ്രദ്ധേയമായി. അപ്പോഴും റേറ്റിങ്ങിൽ ഏഷ്യാനെറ്റ് ബഹുദൂരം മുന്നിൽ തന്നെ തുടർന്നു. ഇതിനിടയിലാണ് 24 ന്യൂസ് എന്ന വാർത്താ ചാനൽ കൂടി വരുന്നത്. അതോടെ ചിത്രം മാറി. സാങ്കേതിക സംവിധാനങ്ങൾ പരമാവധി ഉപയോഗിച്ച 24 ന്യൂസ് പല പുതിയ പരീക്ഷണങ്ങളും നടത്തി. റേറ്റിങ് കാര്യത്തിൽ ചാനൽ യുദ്ധം മുറുകുമ്പോഴാണ് ഇപ്പോൾ സിപിഎമ്മിന്ന്‌റെ നേരിട്ടുള്ള ഇടപെടൽ കൂടി ചാനൽ രംഗത്ത് ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP