Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം

42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: രാജ്യം ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന മാർത്തോമ്മ വലിയ മെത്രാപ്പൊലീത്ത മാർ ക്രിസോസ്റ്റം കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ അനുഭവിക്കുന്നതുകൊടിയ പീഡനമെന്ന് സന്തത സഹചാരിയും ഡ്രൈവറുമായ എബി ജെ എബ്രഹാം്. ഇക്കാര്യം തെളിവു സഹിതം ചൂണ്ടിക്കാട്ടി എബി മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മയ്ക്ക് പരാതി നൽകി. അതേ സമയം, എബിയെ വലിയ മെത്രാപ്പൊലീത്തയുടെ ഡ്രൈവർ പണിയിൽ നിന്ന് പിരിച്ചു വിട്ടു കൊണ്ട് സഭ ഉത്തരവിറക്കി. നാളെ വരെ മാത്രമാണ് എബിക്ക് ജോലിയിൽ തുടരാൻ സാധിക്കുക.

മാർച്ച് 14 മുതൽ തന്നെ വലിയ മെത്രാപ്പൊലീത്തയിൽ നിന്നും സഭ അകറ്റിയിരിക്കുകയാണെന്ന് എബി പരാതിയിൽ പറയുന്നു. ഗുരുതരവും ഞെട്ടിക്കുന്നതുമായ വെളിപ്പെടുത്തലാണ് എബി നടത്തിയിട്ടുള്ളത്. 14 വർഷമായി മാർ ക്രിസോസ്റ്റത്തിന്റെ സന്തത സഹചാരിയായിരുന്നു എബി. തിരുമേനിക്ക് വേണ്ടത് എന്താണെന്ന് ഒരു നോട്ടം കൊണ്ട് അറിയാവുന്നയാൾ. തിരുമേനി എസി റൂമിൽ കിടക്കുമ്പോൾ നിലത്ത് പായ വിരിച്ച് എബിയുമുണ്ടാകും. രാത്രിയിൽ എന്തെങ്കിലും ആവശ്യമുണ്ടായാൽ കൈയിലിരിക്കുന്ന വടി കൊണ്ട് എബിയെ ഒന്നു കുത്തും. എബിക്ക് അറിയാം എന്താണ് നൽകേണ്ടതെന്ന്.

ഒരു വർഷമായി കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലെ 42-ാം നമ്പർ സ്യൂട്ട് റൂമിലാണ് തിരുമേനിയെ കിടത്തിയിരുന്നത്. യാത്ര ചെയ്യാനും മറ്റും ബുദ്ധിമുട്ടുള്ള തിരുമേനിക്ക് 102 വയസ് കഴിഞ്ഞു. തിരുമേനിയുടെ കാര്യത്തിൽ ആർക്കും ഒരു ഉത്തരവാദിത്തവുമില്ലെന്ന് എബി പരാതിയിൽ ആരോപിക്കുന്നു. എബിക്ക് പകരം ഒരാളെ തിരുമേനിയെ ശുശ്രൂഷിക്കാൻ സഭ ഏർപ്പെടുത്തിയിട്ടുണ്ട്. അയാൾക്ക് തിരുമേനിയുടെ ആവശ്യങ്ങൾ ഒന്നും അറിഞ്ഞു ചെയ്യാൻ കഴിയുന്നില്ല. തിരുമേനിയെ കാണാൻ വരുന്ന വിഐപികളെയോ പുരോഹിതന്മാരേയോ അറിയുന്നില്ല. 42-ാം നമ്പർ മുറി എസിയാണ്. ഫാനും എസിയും ഇട്ട് വേണം തിരുമേനിക്ക് കിടക്കാൻ. ഇപ്പോൾ കൂട്ടത്തിലുള്ളയാൾക്ക് തണുപ്പത്തു കിടക്കാൻ വയ്യ. അയാൾ മറ്റൊരു മുറിയിലാണ് കിടപ്പ്. രാത്രിയിൽ തിരുമേനിക്ക് എന്തു വന്നാലും ഇയാൾ അറിയാനും പോകുന്നില്ല.

ഒരിക്കൽ ആശുപത്രി അഡ്‌മിനിസ്ട്രേറ്റർ വന്നപ്പോൾ തിരുമേനി മുറിയിൽ വീൽ ചെയറിൽ ഇരിക്കുകയായിരുന്നു. എസിയും ഫാനും ഓഫ് ചെയ്ത് ജനാലകൾ തുറന്നിട്ടിരുന്നു. ഇതു കണ്ട അഡ്‌മിനിസ്ട്രേറ്റർ പിറ്റേന്ന് തന്നെ മറ്റൊരു കുടുസുമുറിയിലേക്ക് തിരുമേനിയെ മാറ്റി. ഒരു രോഗിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നാവശ്യപ്പെട്ടാണ് തിരുമേനി അടുത്ത റൂമിലേക്ക് കൊണ്ടു പോയത്. പിന്നീട് പല തവണ തിരുമേനി തന്നെ അഭ്യർത്ഥിച്ചിട്ടും തിരികെ 42-ാം നമ്പർ റൂമിലേക്ക് മാറ്റിയിട്ടില്ല.

നല്ല ഭക്ഷണം തിരുമേനിക്ക് കൊടുക്കുന്നില്ലെന്നും എബി പറയുന്നു. താനുള്ളപ്പോൾ പുറമേ നിന്നും വാങ്ങി കൊടുക്കുമായിരുന്നു. എന്നും കുളിപ്പിക്കുകയും പല്ലു തേപ്പിക്കുകയും മുഷിഞ്ഞ വസ്ത്രങ്ങൾ മാറുകയും ചെയ്യുമായിരുന്നു. ഇപ്പോൾ തിരുമേനിയെ തുടച്ച് കുറച്ച് പൗഡർ ഇടും. രണ്ടും മൂന്നും മാസം കൂടിയിരിക്കുമ്പോഴാണ് കുളിപ്പിക്കാറ്. തിരുമേനിക്ക് ഭക്ഷണം എത്തിക്കുന്നത് ആംബുലൻസിലാണ്. കഴുകാനുള്ള തുണിയും മൃതദേഹവുമൊക്കെ കയറ്റുന്നതും ഇതിൽ തന്നെ. ഇതേപ്പറ്റി താൻ പരാതിപ്പെട്ടപ്പോൾ ഇവിടെ ഈ സൗകര്യമൊക്കെയേ ഉള്ളൂ. വേണേൽ കഴിച്ചാൽ മതി എന്നാണ് അഡ്‌മിനിസ്ട്രേറ്ററുടെ മറുപടിയെന്നും എബി പറഞ്ഞു. അഡ്‌മിനിസ്ട്രേറ്ററുടെ ഗുണ്ടായിസവും നഴ്സിങ് മേലധികാരിയുടെ അതിരു കവിഞ്ഞ പ്രവർത്തനവും മനസിലാക്കി ഇവരുടെ കൈയിൽ നിന്ന് തിരുമേനിയുടെ ജീവൻ രക്ഷിക്കണമെന്നും എബി പറയുന്നു.

മാർത്തോമ്മാ സഭയിലെ മുതിർന്ന ബിഷപ്പും ജനകീയനുമായ പത്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ സഭയുടെ കീഴിലുള്ള ആശുപത്രിയിൽ പരിചരണം നൽകാതെ പീഡിപ്പിക്കുന്ന സംഭവത്തിൽ സഭാദ്ധ്യക്ഷനെതിരെ പ്രതിഷേധിക്കാൻ വൈദികർ ഉൾപ്പെടെയുള്ളവർ അടങ്ങുന്ന വാട്സ് ആപ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്.

മാർത്തോമ്മാ സഭയിലെ ഗ്രൂപ്പ് വഴക്കിന്റെ ഇരയായി സഭാധ്യക്ഷ സ്ഥാനം രാജി വച്ചൊഴിഞ്ഞ പാരമ്പര്യമാണ് മാർ ക്രിസോസ്റ്റം തിരുമേനിക്കുള്ളതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നു. വിരമിച്ചതിന് ശേഷം ക്രിസോസ്റ്റം തിരുമേനിയെന്ന വാക്ക് ജനങ്ങൾ കൂടുതൽ ഹൃദയത്തിലേറ്റെടുത്തതോടെ ഇപ്പോഴത്തെ സഭാദ്ധ്യക്ഷൻ സമൂഹത്തിൽ പ്രസക്തമല്ലാതായിമാറി. ഇതേ തുടർന്ന് ക്രിസോസ്റ്റം തിരുമേനിയെ ഒതുക്കാൻ ചിലർ ശ്രമങ്ങൾ നടത്തിയതായി പ്രചാരണമുണ്ടായിരുന്നു.

രണ്ട് വർഷം മുൻപും ക്രിസോസ്റ്റം തിരുമേനിക്ക് ചികിത്സ നിഷേധിച്ചതായി പരാതിയുണ്ടായി. ചില പത്ര മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സർക്കാർ മെഡിക്കൽ ബോർഡിനെ നിയമിച്ചിരുന്നു. എന്നാൽ കൊറോണക്കാലത്ത് തന്നെ ക്രിസോസ്റ്റം തിരുമേനി ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്ന ചിലർ 14 വർഷമായി കൂടെയുള്ള ഡ്രൈവറെ പുറത്താക്കിയിരിക്കുകയാണെന്ന് വൈദികരിൽ ചിലർ തന്നെ പറയുന്നു. ക്രിസോസ്റ്റം തിരുമേനിയെ പ്രതിഫലം കൂടാതെ ശുശ്രൂഷിക്കാമെന്ന് ഡ്രൈവറും സന്തത സഹചാരിയുമായിരുന്ന എബി രേഖാമൂലം അറിയിച്ചിട്ടും സഭാധ്യക്ഷൻ മുഖംതിരിച്ചെന്നാണ് വൈദികർ പറയുന്നത്.

ക്രിസോസ്റ്റം തിരുമേനിയോടുള്ള അനാദരവും അവഗണനയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇമെയിലും കത്തുകളും അയക്കാൻ വാട്സ് ആപ് ഗ്രൂപ്പിൽ വൈദികർ ആഹ്വാനം ചെയ്തത് പലരും ഏറ്റെടുത്തിരിക്കുകയാണ്. രാജ്യത്തിന്റെ പത്മഭൂഷൺ ബഹുമതി ലഭിച്ച അപൂർവം ബിഷപ്പുമാരിലൊരാളാണ് മാർ ക്രിസോസ്റ്റം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP