Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് വയസ്സു മുതൽ ആറു വയസ്സു വരെയുള്ള പ്രീ സ്‌കൂളും പാഠ്യപദ്ധതിയുടെ ഭാഗം; രണ്ടാം ക്ലാസ് വരെയുള്ള അഞ്ചു വർഷക്കാലം ആദ്യ ഘട്ടം; ഒൻപതു മുതൽ 12 വരെ ക്ലാസുകൾ സെക്കന്ററി; അഞ്ചാം ക്ലാസു വരെ മാതൃഭാഷ; ആറാം ക്ലാസു മുതൽ തൊഴിൽ അധിഷ്ഠിത കോഴ്‌സുകൾ; 3,5,8 ക്ലാസുകളിൽ പരീക്ഷ; ഏത് വർഷം പഠനം അവസാനിപ്പിച്ചാലും സർട്ടിഫിക്കറ്റ് നൽകുന്ന വിധം നാലു വർഷ ഡിഗ്രി പഠനം; കേന്ദ്രം നടപ്പിലാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ

മൂന്ന് വയസ്സു മുതൽ ആറു വയസ്സു വരെയുള്ള പ്രീ സ്‌കൂളും പാഠ്യപദ്ധതിയുടെ ഭാഗം; രണ്ടാം ക്ലാസ് വരെയുള്ള അഞ്ചു വർഷക്കാലം ആദ്യ ഘട്ടം; ഒൻപതു മുതൽ 12 വരെ ക്ലാസുകൾ സെക്കന്ററി; അഞ്ചാം ക്ലാസു വരെ മാതൃഭാഷ; ആറാം ക്ലാസു മുതൽ തൊഴിൽ അധിഷ്ഠിത കോഴ്‌സുകൾ; 3,5,8 ക്ലാസുകളിൽ പരീക്ഷ; ഏത് വർഷം പഠനം അവസാനിപ്പിച്ചാലും സർട്ടിഫിക്കറ്റ് നൽകുന്ന വിധം നാലു വർഷ ഡിഗ്രി പഠനം; കേന്ദ്രം നടപ്പിലാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അങ്കണവാടിമുതൽ കോളജ്തലംവരെ സമഗ്രമായി ഉടച്ചുവാർക്കുന്ന ദേശീയ വിദ്യാഭ്യാസ നയമാണ് മോദി സർക്കാർ നടപ്പിലാക്കുന്നത്. മൂന്ന് വയസ്സു മുതൽ ആറു വയസ്സു വരെയുള്ള പ്രീ സ്‌കൂളും പാഠ്യപദ്ധതിയുടെ ഭാഗമാകുന്നുവെന്നതാണ് ഏറ്റവും പ്രധാനം. വിദ്യാഭ്യാസ നയ പ്രകാരം രണ്ടാം ക്ലാസ് വരെയുള്ള അഞ്ചു വർഷക്കാലം ആദ്യ ഘട്ടമാണ്. ഒൻപതു മുതൽ 12 വരെ ക്ലാസുകൾ സെക്കന്ററിയും അഞ്ചാം ക്ലാസുവരെ മാതൃഭാഷയിലെ പഠനം നിർബന്ധമാക്കുകയും ചെയ്യുന്നു. ആറാം ക്ലാസു മുതൽ തൊഴിൽ അധിഷ്ഠിത കോഴ്‌സുകൾ നടപ്പാക്കി സ്വാശ്രയത്വത്തിലേക്ക് കുട്ടികളെ കൊണ്ടു പോകും. ഏത് വർഷം പഠനം അവസാനിപ്പിച്ചാലും സർട്ടിഫിക്കറ്റ് നൽകുന്ന വിധം നാലു വർഷ ഡിഗ്രി പഠനവും നയത്തിന്റെ പ്രത്യേകതയാണ്. ഡോ. കസ്തൂരിരംഗൻ അധ്യക്ഷനായ സമിതിയാണ് 1986-ലെ ദേശീയ വിദ്യാഭ്യാസനയം പൊളിച്ചെഴുതിക്കൊണ്ട് പ്രീ സ്‌കൂൾ (അങ്കണവാടി) മുതൽ 12-ാം ക്ലാസ്വരെ സാർവത്രികവിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന നയം തയ്യാറാക്കിയത്. ഇത് കേന്ദ്ര സർക്കാർ അംഗീകരിക്കുകയായിരുന്നു.

നിലവിൽ സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമല്ലാത്ത മൂന്നു മുതൽ ആറു വയസ്സുവരെയുള്ള കുട്ടികളെക്കൂടി ഉൾപ്പെടുത്തിയാണ് പുതിയ നയം. ഇതോടെ, 10 + 2 ഘടന ഒഴിവാക്കി പകരം 5 + 3 + 3 + 4 എന്ന രീതിയിലാകും പാഠ്യപദ്ധതി. അഞ്ചാംക്ലാസ് വരെ മാതൃഭാഷയിൽ അധ്യയനവും ആറാം ക്ലാസ് മുതൽ ഇന്റേൺഷിപ്പോടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പ്രത്യേകതയാണ്. 10, 12 ക്ലാസുകളിൽ ബോർഡ് പരീക്ഷകൾ തുടരും. പാഠ്യവിഷയം, പാഠ്യേതരവിഷയം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നിങ്ങനെ കർശന വേർതിരിവുണ്ടാവില്ല. കായികം, യോഗ, നൃത്തം, സംഗീതം, ചിത്രകല, പെയിന്റിങ്, ശില്പനിർമ്മിതി, മരപ്പണി, പൂന്തോട്ടനിർമ്മാണം, ഇലക്ട്രിക് ജോലികൾ എന്നിവയെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാകും. മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അതത് അഥോറിറ്റികളുടെ പരീക്ഷകൾ ഉണ്ടാകും. ഇതോടെ പഠന മികവ് ഈ ഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ കഴിയും. മാനവവിഭവശേഷി മന്ത്രാലയം എന്ന പേരുമാറ്റി വീണ്ടും വിദ്യാഭ്യാസ മന്ത്രാലയമാക്കും.

സ്‌കൂൾ, ഉന്നത വിദ്യാഭ്യാസ മേഖലകളിൽ വൻതോതിലുള്ള പരിവർത്തനങ്ങൾക്കും പരിഷ്‌കാരങ്ങൾക്കും വഴിയൊരുക്കുന്നതാണ് ഈ നയം. മുപ്പത്തിനാല് വർഷം പഴക്കമുള്ള, 1986ലെ ദേശീയ വിദ്യാഭ്യാസ നയത്തെ (എൻപിഇ) പുനഃസ്ഥാപിക്കുന്നതാണ് പുതിയ നയം. പ്രാപ്യമാകുന്നത്, നീതിയുക്തമായത്, ഗുണമേന്മയുള്ളത്, താങ്ങാനാകുന്നത്, ഉത്തരവാദിത്തമുള്ളത് എന്നീ അടിസ്ഥാനസ്തംഭങ്ങളാൽ തയ്യാറാക്കപ്പെട്ട ഈ നയം 2030ലേയ്ക്കുള്ള സുസ്ഥിര വികസന അജൻഡയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും സാർവത്രിക പ്രവേശനം ഉറപ്പാക്കുന്നു

ശിശുപരിപാലനത്തിനും വിദ്യാഭ്യാസത്തിനും ഊന്നൽനൽകി, സ്‌കൂൾ പാഠ്യപദ്ധതിയിൽ നിലവിലെ 10, + 2 ഘടന ഒഴിവാക്കി പകരം, യഥാക്രമം 8, 11,14,18 വയസ്സുള്ള കുട്ടികൾക്കായി 5 + 3 + 3 + 4 എന്ന രീതിയിൽ പാഠ്യപദ്ധതി ക്രമീകരിക്കണം. ഇത് ഇതുവരെ സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാകാത്ത 36 പ്രായപരിധിയിലുള്ള കുട്ടികളെയും ഉൾപ്പെടുത്തും. ഒരു കുട്ടിയുടെ മാനസിക കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള നിർണായക ഘട്ടമായി ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രായപരിധിയാണിത്. പുതിയ സംവിധാനത്തിൽ 12 വർഷത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിനു പുറമെ മൂന്നുവർഷത്തെ അങ്കണവാടി/ പ്രീ സ്‌കൂൾ വിദ്യാഭ്യാസവും ഉണ്ടായിരിക്കും.

അദ്ധ്യാപനത്തിന് നാലുവർഷ ബിഎഡ്

മൂന്നു മുതൽ ആറു വയസ്സുവരെയുള്ള മൂന്നുവർഷം പ്രീ സ്‌കൂൾ കാലമാണ്. ഇതിനൊപ്പം ഒന്നാംക്ലാസും രണ്ടാംക്ലാസും ചേരുന്ന അഞ്ചു വർഷമാണ് ആദ്യഘട്ടം. മൂന്നു മുതൽ എട്ടു വയസ്സുവരെയുള്ള കുട്ടികൾ ഇതിൽ ഉൾപ്പെടും. മൂന്നു മുതൽ അഞ്ചാം ക്ലാസ് വരെ (8-11 വയസ്സ്) രണ്ടാംഘട്ടം അഥവാ പ്രിപ്പറേറ്ററി സ്റ്റേജ്. അടുത്ത മിഡിൽ സ്റ്റേജിൽ ആറു മുതൽ എട്ടാം ക്ലാസ് വരെ (11- 14വയസ്സ്) ഉണ്ടാകും. പിന്നീടുള്ള സെക്കൻഡറി സ്റ്റേജിൽ ഒമ്പതു മുതൽ 12-ാം ക്ലാസുവരെ (14-18 വയസ്സ്) ഉൾപ്പെടുത്തും. പ്രീ-സ്‌കൂളിനും പാഠ്യപദ്ധതി വരും. അക്ഷരങ്ങളും സംഖ്യകളും മനസ്സിലാക്കാനുള്ള അടിസ്ഥാന പഠനം മാത്രം. ആറാം ക്ലാസ് മുതൽ ഇന്റേൺഷിപ്പോടെ തൊഴിലധിഷ്ഠിത പഠനം നടപ്പാക്കുന്നത് സ്വാശ്രയത്വം വളർത്താനാണ്. 4 വർഷത്തെ മൾട്ടി ഡിസിപ്ലിനറി ഡിഗ്രി കോഴ്‌സ്, സർവകലാശാലാ പ്രവേശനത്തിനു പൊതുപരീക്ഷ തുടങ്ങിയവയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ. എംഫിൽ നിർത്തലാക്കും.

ഹിന്ദി നിർബന്ധമാക്കണമെന്ന വിവാദ നിർദ്ദേശം അപ്പാടെ ഒഴിവാക്കിയെന്നതും ശ്രദ്ധേയമാണ്. ഡോ. കെ. കസ്തൂരിരംഗൻ സമിതിയുടെ കരടു ശുപാർശകളിൽ വേറെ കാര്യമായ മാറ്റങ്ങൾ വരുത്തിയില്ല. ത്രിഭാഷാ പഠന സംവിധാനത്തിൽ സംസ്‌കൃതവും ഒരു ഓപ്ഷൻ. ഇന്ത്യൻ ആംഗ്യഭാഷയെ (ഐഎസ്എൽ) രാജ്യമെങ്ങും ഏകരൂപത്തിലാക്കും. ശ്രവണ പരിമിതികളുള്ളവർക്കു ദേശീയ, സംസ്ഥാന പാഠ്യപദ്ധതികൾ. വിദ്യാഭ്യാസ അവകാശ നിയമം 3- 18 പ്രായപരിധിയിൽ പ്രാബല്യത്തിലാകുമെന്നും നയം പറയുന്നു. നിലവിൽ ഇത് 6-14 പ്രായപരിധിയിലാണ്. യുജിസിക്കു പകരം ഉന്നതവിദ്യാഭ്യാസ കമ്മിഷനും നിലവിൽ വരും. അങ്ങനെ ഉന്നത വിദ്യാഭ്യാസത്തേയും ഉടച്ചു വാർക്കുകയാണ് മോദി സർക്കാർ. സർവകലാശാല, കോളജ് പ്രവേശനത്തിനു നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ പൊതുപരീക്ഷയും ഇനിയുണ്ടാകും.

4 വർഷ ഡിഗ്രിയുടെ ഏതു വർഷവും പഠനം അവസാനിപ്പിക്കാൻ സൗകര്യം. ആദ്യ വർഷം മാത്രമെങ്കിൽ തൊഴിലധിഷ്ഠിത പഠന സർട്ടിഫിക്കറ്റ്, രണ്ടാം വർഷമെങ്കിൽ ഡിപ്ലോമ, മൂന്നാം വർഷം ബിരുദം, നാലാം വർഷം ഗവേഷണാധിഷ്ഠിത ബിരുദം. 2030 ആകുമ്പോഴേക്കും അദ്ധ്യാപനത്തിനുള്ള കുറഞ്ഞ യോഗ്യത ബിരുദവും ചേർത്തുള്ള 4 വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് ആകും. അദ്ധ്യാപന വിദ്യാഭ്യാസത്തിനു നാഷനൽ കൗൺസിൽ രൂപീകരിക്കും. അദ്ധ്യാപകർക്ക് ദേശീയതലത്തിൽ പ്രഫഷനൽ മാനദണ്ഡങ്ങൾ വരും. അദ്ധ്യാപകർക്കു പരിശീലനവും മാർഗനിർദേശവും നൽകാൻ മുതിർന്നവരും വിരമിച്ചവരുമായ അദ്ധ്യാപകരുടെ സേവനം തേടും.

മൂല്യ നിർണ്ണയത്തിലും മാറ്റം

മൂല്യനിർണയ പരിഷ്‌കരണങ്ങളും ശ്രദ്ധേയമാണ്. സംഗ്രഹാത്മക വിലയിരുത്തലിൽ നിന്ന്, കഴിവിനെ അടിസ്ഥാനപ്പെടുത്തിയുള്ള പതിവായ മൂല്യനിർണയ സംവിധാനത്തിലേക്കു മാറുന്നതിന് എൻഇപി 2020 വിഭാവനം ചെയ്യുന്നു. പഠനത്തെയും വികസനത്തെയും പ്രോത്സാഹിപ്പിക്കുന്നതും, വിശകലനം, വിമർശനാത്മക ചിന്ത, ആശയപരമായ വ്യക്തത എന്നിവ പോലുള്ള ഉന്നത കഴിവുകൾ പരീക്ഷിക്കുന്നതുമാണത്. 3, 5, 8 തരത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും അതത് അഥോറിറ്റികൾ പരീക്ഷകൾ നടത്തും. 10, 12 തരത്തിലേക്കുള്ള ബോർഡ് പരീക്ഷകൾ തുടരും. എന്നാൽ സമഗ്രവികസനം ലക്ഷ്യമാക്കി ഇതിനു മാറ്റം വരുത്തും. പരാഖ് (പ്രവർത്തനം വിലയിരുത്തൽ, അവലോകനം, സമഗ്രവികസനത്തിനായുള്ള അറിവിന്റെ വിശകലനം) എന്ന പേരിൽ പുതിയ ദേശീയ മൂല്യനിർണ്ണയ കേന്ദ്രം, മാനദണ്ഡ പരിപാലന സ്ഥാപനമായി സജ്ജമാക്കും.

ജനനത്തിന്റെയോ പശ്ചാത്തലത്തിന്റെയോ സാഹചര്യങ്ങളാൽ ഒരു കുട്ടിക്കും പഠിക്കാനും മികവ് തെളിയിക്കാനുമുള്ള അവസരം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതും എൻഇപി 2020ന്റെ ലക്ഷ്യമാണ്. സ്‌കൂളുകളെ ഭരണത്തിന്റെ അടിസ്ഥാന യൂണിറ്റുകളായ കോംപ്ലക്സുകളായോ ക്ലസ്റ്ററുകളായോ ക്രമീകരിക്കാം. ആവശ്യമായ എല്ലാ വിഭവങ്ങളുടെയും ലഭ്യത ഉറപ്പാക്കുകയും ചെയ്യും. സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന മാനദണ്ഡങ്ങളുടെ ക്രമീകരണവും ഔദ്യോഗിക അംഗീകാരവും. നയരൂപീകരണം, നിയന്ത്രണം, പ്രവർത്തനങ്ങൾ, അക്കാദമിക് കാര്യങ്ങൾ എന്നിവയ്ക്കായി വ്യക്തവും വേറിട്ടതുമായ സംവിധാനങ്ങൾ ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്നു. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സ്വതന്ത്രമായ സ്റ്റേറ്റ് സ്‌കൂൾ സ്റ്റാൻഡേർഡ് അഥോറിറ്റി (എസ്.എസ്.എസ്.എ) സ്ഥാപിക്കും. ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് S.C.E.R.T ഒരു സ്‌കൂൾ ക്വാളിറ്റി അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ ഫ്രെയിംവർക്ക് വികസിപ്പിക്കും.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസത്തിനുള്ള മൊത്ത എന്റോൾമെന്റ് അനുപാതം 2035 ഓടെ 26.3 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്താനാണ് ദേശീയ വിദ്യാഭ്യാസ നയം2020 ലക്ഷ്യമിടുന്നത്. 3.5 കോടി പുതിയ സീറ്റുകൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുവദിക്കും. മെഡിക്കൽനിയമ വിദ്യാഭ്യാസം ഒഴികെയുള്ള മുഴുവൻ ഉന്നതവിദ്യാഭ്യാസവും ഒരൊറ്റ കുടക്കീഴിലാക്കി ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (എച്ച്.ഇ.സിഐ) രൂപീകരിക്കും. നിയന്ത്രണത്തിനായി ദേശീയ ഉന്നത വിദ്യാഭ്യാസ റെഗുലേറ്ററി കൗൺസിൽ (എൻ.എച്ച്. ഇ.ആർ.സി.), നിലവാരത്തിന്റെ ക്രമീകരണത്തിനായി പൊതുവിദ്യാഭ്യാസ കൗൺസിൽ (ജി.ഇ.സി.), ധനസഹായത്തിനായി ഉന്നത വിദ്യാഭ്യാസ ഗ്രാന്റ് കൗൺസിൽ (എച്ച്.ഇ.ജി.സി), അക്രഡിറ്റേഷനായി നാഷണൽ അക്രഡിറ്റേഷൻ കൗൺസിൽ (എൻ.എ.സി.) എന്നിങ്ങനെ നാല് സ്വതന്ത്ര വിഭാഗങ്ങൾ ഉണ്ടാകും. പൂർണ്ണമായും സാങ്കേതികവിദ്യയിലധിഷ്ഠിതമായി എച്ച്.ഇ.സിഐ. പ്രവർത്തിക്കും. മാനദണ്ഡങ്ങൾക്ക് പാലിക്കാത്ത എച്ച്.ഇ.ഐ.കൾക്ക് പിഴ ചുമത്താനുള്ള അധികാരങ്ങൾ എച്ച്.ഇ.സിഐ.ക്ക് ഉണ്ടായിരിക്കും. പൊതുസ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണ, അക്രഡിറ്റേഷൻ അക്കാദമിക് മാനദണ്ഡങ്ങൾ ഒന്ന് തന്നെയായിരിക്കും.

മെന്ററിംഗിനായി ഒരു ദേശീയ മിഷൻ സ്ഥാപിക്കും. യൂണിവേഴ്സിറ്റി/കോളേജ് അദ്ധ്യാപകർക്ക് ഹ്രസ്വ ദീർഘകാല മെന്ററിങ്/പ്രൊഫഷണൽ പരിശീലനം നൽകാൻ സന്നദ്ധരായ സീനിയർ/റിട്ടയേർഡ് ഫാക്കൽറ്റികളുടെ ഒരു പൂൾ സജ്ജമാക്കും. എസ്സി, എസ്ടി, ഒബിസി, മറ്റ് എസ്.ഇ.ഡി.ജികൾ വിഭാഗം വിദ്യാർത്ഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് പ്രേരിപ്പിക്കും. സ്‌കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികളെ പിന്തുണയ്ക്കൽ, വികസനം, പുരോഗതി എന്നിവ കണ്ടെത്തി പരിശോധിക്കുന്നതിന് നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ വിപുലീകരിക്കും. വിദ്യാർത്ഥികൾക്ക് കൂടുതൽ സ്‌കോളർഷിപ്പുകൾ നൽകാൻ സ്വകാര്യ എച്ച്ഇഐകളെ പ്രോത്സാഹിപ്പിക്കും.

എല്ലാ ഇന്ത്യൻ ഭാഷകൾക്കും സംരക്ഷണം

ജിഇആർ വർദ്ധിപ്പിക്കുന്നതിൽ ഓപ്പൺ, വിദൂരവിദ്യാഭ്യാസം ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാൽ അത് വിപുലീകരിക്കും. ഓൺലൈൻ കോഴ്സുകൾ, ഡിജിറ്റൽ സങ്കേതങ്ങൾ, ഗവേഷണധനസഹായം, മെച്ചപ്പെട്ട വിദ്യാർത്ഥി സേവനങ്ങൾ, എംഒഒസികളുടെ ക്രെഡിറ്റ് ബേസ്ഡ് റെക്കഗനീഷൻ തുടങ്ങിയ നടപടികൾ ഉന്നത നിലവാരമുള്ള ക്ലാസ് പഠനങ്ങൾക്ക് തുല്യമാക്കാനായി സജ്ജമാക്കും. ഒരു സ്വയംഭരണ സംവിധാനമായി നാഷണൽ എജ്യുക്കേഷണൽ ടെക്നോളജി ഫോറം (എൻഇടിഎഫ്) രൂപീകരിക്കും. പഠനം, വിലയിരുത്തൽ, ആസൂത്രണം, ഭരണം എന്നിവ മെച്ചപ്പെടുത്തുന്നതിനായി സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ചുള്ള ആശയങ്ങൾ കൈമാറുന്നതിനായാണ് ഇത് സൃഷ്ടിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ പൊതുനിക്ഷേപം ജിഡിപിയുടെ 6 ശതമാനത്തിൽ എത്തിക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കും.

എല്ലാ ഇന്ത്യൻ ഭാഷകളുടെയും സംരക്ഷണം, വികസനം, ഊർജ്ജസ്വലത എന്നിവ ഉറപ്പുവരുത്തുന്നതിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്ലേഷൻ ആൻഡ് ഇന്റർപ്രെട്ടേഷൻ (ഐഐടിഐ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് (ഇൻസ്റ്റിറ്റ്യൂട്ടുകൾ) പാലി, പേർഷ്യൻ, പ്രാകൃത് എന്നിവയ്ക്കായും സംസ്‌കൃതം ശാക്തീകരണത്തിനും എച്ച്ഇഐകളിലെ ഭാഷാ വകുപ്പുകൾ എന്നിവ ശക്തിപ്പെടുത്തുന്നതിനായും എൻഇപി ശുപാർശ ചെയ്യുന്നു. കൂടാതെ കൂടുതൽ എച്ച്ഇഐ പ്രോഗ്രാമുകളിൽ മാതൃഭാഷ/പ്രാദേശിക ഭാഷ ഒരു ശിക്ഷണ മാധ്യമമായി ഉപയോഗിക്കുകയും വേണം. സ്ഥാപന തല സഹകരണത്തിലൂടെയും, വിദ്യാർത്ഥി ഫാക്കൽറ്റി കൈമാറ്റം എന്നിവയിലൂടെ വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവൽക്കരണം സുഗമമാക്കുകയും ലോക നിലവാരത്തിലുള്ള സർവകലാശാലകളെ നമ്മുടെ രാജ്യത്ത് കാമ്പസുകൾ തുറക്കാൻ അനുവദിക്കുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP