Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് വ്യാപനത്തിന്റെ ഗ്രാഫ് ഉയർന്ന ഘട്ടത്തിൽ ചിലർ ദുഷ്പ്രചാരണങ്ങൾ നടത്തുന്നുണ്ട്; അവസാന വിജയം കൈവരിച്ചുവെന്നു സർക്കാർ ഒരിക്കലും പറഞ്ഞിട്ടില്ല; പരിശോധന കുറവാണെന്നു മുറവിളി കൂട്ടുന്നവർ ഇന്ത്യയിൽ ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്ന മൂന്നു സംസ്ഥാനങ്ങളിലൊന്നു കേരളമെന്നു മനസ്സിലാക്കണമെന്ന് മന്ത്രി കെകെ ശൈലജ; കൊറോണയിൽ സത്യം പറയുന്നവരെ ഭീഷണി വായടപ്പിക്കാൻ സൈബർ ഡോമും; കോവിഡിൽ കള്ളം പറയുന്നത് സർക്കാരോ സോഷ്യൽ മീഡിയയോ?

കോവിഡ് വ്യാപനത്തിന്റെ ഗ്രാഫ് ഉയർന്ന ഘട്ടത്തിൽ ചിലർ ദുഷ്പ്രചാരണങ്ങൾ നടത്തുന്നുണ്ട്; അവസാന വിജയം കൈവരിച്ചുവെന്നു സർക്കാർ ഒരിക്കലും പറഞ്ഞിട്ടില്ല; പരിശോധന കുറവാണെന്നു മുറവിളി കൂട്ടുന്നവർ ഇന്ത്യയിൽ ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്ന മൂന്നു സംസ്ഥാനങ്ങളിലൊന്നു കേരളമെന്നു മനസ്സിലാക്കണമെന്ന് മന്ത്രി കെകെ ശൈലജ; കൊറോണയിൽ സത്യം പറയുന്നവരെ ഭീഷണി വായടപ്പിക്കാൻ സൈബർ ഡോമും; കോവിഡിൽ കള്ളം പറയുന്നത് സർക്കാരോ സോഷ്യൽ മീഡിയയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡിൽ കേരളം ഭയന്നു വിറയ്ക്കുകയാണ്. സമൂഹ വ്യാപനം സംഭവിച്ചു കഴിഞ്ഞു. കൊറോണയെ പിടിച്ചു കെട്ടിയെന്ന് വീമ്പു പറഞ്ഞവരാണ് കേരളം. അന്താരാഷ്ട്ര മാധ്യമങ്ങളിൽ ലേഖനങ്ങളും വന്നു. ഒടുവിൽ യുദ്ധം എത്തും മുമ്പേ യുദ്ധ വിജയം പ്രഖ്യാപിച്ച നാണക്കേടിന്റെ അവസ്ഥ പോലെയായി കേരളം. തിരുവനന്തപുരത്ത് 18 പേരെ പരിശോധിക്കുമ്പോൾ ഒരാൾക്ക് രോഗമെന്ന അവസ്ഥയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പോലും പ്രഖ്യാപിച്ചു. അപ്പോഴും രോഗ പ്രതിരോധം പാളിയെന്ന് സമ്മതിക്കാതെ പ്രതിച്ഛായ ഉയർത്താനാണ് സർക്കാർ ശ്രമം. പ്രതിപക്ഷ ശബ്ദമായി ഏവരും വിലയിരുത്തി പോന്ന മനോരമയ്ക്ക് പോലും സർക്കാരിനെ പിന്തുണച്ച് ലേഖനങ്ങൾ എഴുതേണ്ടി വരുന്നു. പ്രതിദിന സമൂഹ വ്യാപനം ഉയരുമ്പോഴും ലേഖനം എഴുതുകയാണ് മന്ത്രി കെകെ ശൈലജ. സത്യം പറയുന്നവർക്കെതിരെ സൈബർ ഡോമിനെ കൊണ്ട് കേസെടുപ്പിക്കുമെന്ന ഭീഷണിയും.

കോവിഡിൽ മലയാളികൾ ജാഗ്രത മറക്കാൻ കാരണം സർക്കാരിന്റെ കോൺഫിഡൻസായിരുന്നു. രോഗത്തെ കേരളം ഓടിച്ചുവെന്ന് പോലും പ്രചരണമെത്തി. ഇതോടെ എല്ലാ നിയന്ത്രണങ്ങളും മറന്ന് ആളുകൾ റോഡിലും കടയിലുമെത്തി. അങ്ങനെ അതിവേഗം രോഗം പടർന്നു. സർക്കാർ സംവിധാനങ്ങൾ നോക്കു കുത്തിയായതായിരുന്നു പുല്ലുവിളയിലും പൂന്തുറയിലും രോഗ വ്യാപനത്തിന് വഴിയൊരുക്കിയതെന്നത് വസ്തുതയാണ്. ആളുകളെ കാര്യങ്ങൾ ബോധ വൽക്കരിക്കുന്നതിൽ വലിയ വീഴ്ച വന്നു. അങ്ങനെ കേരളത്തിലും പ്രതിദിന രോഗ വ്യാപനം ആയിരം കടന്നു. തിരുവനന്തപുരത്ത് എല്ലാം നിയന്ത്രണാതീതമായി. മഴക്കാലമെത്തുമ്പോൾ എറണാകുളത്തും ഭീതി ശക്തം. എന്നാൽ ഇതെല്ലാം വാർത്തയാകുന്നതിനെ സർക്കാർ ഭയക്കുന്നു. അതിന് വേണ്ടിയാണ് സൈബർ ഡോമിലെ പ്രത്യേക സംഘം. ഇതോടെ കോവിഡിലെ ജനവികാരം എതിരാകുന്നില്ലെന്ന് സർക്കാർ ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്.

ഇതിനൊപ്പമാണ് സർക്കാരിന്റെ ഇമേജ് ഉയർത്താൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചർ രംഗത്ത് വരുന്നത്. മനോരമ ഓൺലൈനിൽ ഈ ലേഖനം പ്രധാന വാർത്തായകുന്നു. കേരളത്തിന്റെ കോവിഡ് അതിജീവന പോരാട്ടത്തിന് ഇന്ന് 6 മാസം തികയുകയാണ്. കോവിഡിനെ പ്രതിരോധിക്കാൻ പരമാവധി ശ്രമം നടത്തുമ്പോഴും ദിനംപ്രതി കൂടുന്ന വൈറസ് ബാധിതരുടെ എണ്ണം ആശങ്കയായി തുടരുന്നു. ഭയം വേണ്ട, ജാഗ്രത മതിയെന്നു സർക്കാർ ആശ്വസിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ കോവിഡിനെ ചെറുത്തുനിൽക്കാനും ലോകമാധ്യമങ്ങളിൽ വരെ ഇടംനേടാനും കേരളത്തിനു കഴിഞ്ഞെങ്കിൽ രണ്ടാംഘട്ടത്തിൽ രോഗികൾ കൂടിയതോടെ പ്രതിരോധക്കോട്ടയിൽ വിള്ളലുകൾ വ്യക്തമായി. അതിനെ മറികടക്കാനുള്ള വഴികളാണ് ഇപ്പോൾ തേടുന്നത്.-ഇങ്ങനെ കോവിഡിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വാർത്തയും മനോരമയിലുണ്ട്.

ചൈനയിലെ വുഹാനിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ജാഗ്രതാനിർദ്ദേശം നൽകിയ ആദ്യ സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം ജനുവരി 21ന്. വൈറസ് ഭീഷണി നേരിടുന്നതിനായി കൊച്ചി വിമാനത്താവളത്തിലും മെഡിക്കൽ കോളജിലും സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. ജനുവരി 30ന് ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് ബാധ തൃശൂരിൽ സ്ഥിരീകരിച്ചു. ഫെബ്രുവരി 2ന് ആലപ്പുഴയിലും 3ന് കാഞ്ഞങ്ങാട്ടും റിപ്പോർട്ട് ചെയ്തതോടെ കോവിഡിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. പിന്നീടു പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്നതോട ദുരന്തപ്രഖ്യാപനം പിൻവലിക്കുകയും ചെയ്തു.പിന്നീടും രോഗമെത്തി. അപ്പോഴും പൊരുതി നിന്നു. മെയ്‌ 8ന് കേരളത്തിന്റെ പോരാട്ടത്തിന് 100 ദിവസമായപ്പോൾ 502 പേർ മാത്രമായിരുന്നു ആകെ കോവിഡ് ബാധിതർ. 474 പേരും അതിനകം രോഗമുക്തരായി. കേരളത്തിനു പുറത്തു മരിച്ച മലയാളികളുടെ എണ്ണം 100 കവിഞ്ഞിരുന്നു അപ്പോൾ. പിന്നീട് കഥമാറി.

ഇപ്പോഴിതാ രോഗലക്ഷണമില്ലാതെ കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർക്കു വീടുകളിൽ കഴിയുന്നതിനു സർക്കാർ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു. സ്ഥാപനത്തിലെ മേലധികാരിയിൽ നിന്നു രേഖാമൂലമുള്ള അനുമതി നേടിയശേഷമാണു വീടുകളിൽ കഴിയേണ്ടത്. വീട്ടിലുള്ള മറ്റാരുമായും സമ്പർക്കമില്ലാതെ ശുചിമുറി സംവിധാനത്തോടു കൂടിയ മുറിയിൽ കഴിയാമെന്നു സത്യവാങ്മൂലം നൽകണം. ആരോഗ്യസ്ഥിതി സ്വയം നിരീക്ഷിക്കുന്നതിനൊപ്പം എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കിൽ ബന്ധപ്പെട്ടവരെ അറിയിക്കണം. രോഗം സ്ഥിരീകരിച്ചു 10ാം ദിവസം ആന്റിജൻ പരിശോധന നടത്തണം. ഇതിൽ നെഗറ്റീവ് ആയാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം 7 ദിവസം വരെ വീട്ടിൽ വിശ്രമിക്കാം. ഇവരെ പരിചരിക്കുന്നവർ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ആശുപത്രികളിൽ കിടക്കകൾ കുറയുന്നതിന്റെ നേർ ചിത്രമാണ് ഇത്. ഇതും മനോരമ നൽകുന്നു. ഇതിനൊപ്പം മന്ത്രിയുടെ ലേഖനവും.

സോഷ്യൽ മീഡിയയെ നിരീക്ഷിക്കുമെന്നും വ്യാജ പ്രചരണത്തിന് കേസെടുക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സൈബർ ഡോമിൽ ഇതിന് പ്രത്യേക സംഘം തന്നെയുണ്ട്. ഇതോടെ തന്നെ കൺമുന്നിലെ സത്യം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിവരെല്ലാം പിന്മാറി. മഴക്കാലത്ത് രോഗ വ്യാപനത്തിന്റെ സാധ്യത ഏറെയാണ്. സോഷ്യൽ മീഡിയയിലെ തുറന്നു പറച്ചിൽ സർക്കാരിന് ഇമേജ് നഷ്ടമുണ്ടാക്കുമെങ്കിലും സാധാരണക്കാർക്ക് അത് കരുതലിന്റെ സന്ദേശമായിരുന്നു. ഇതാണ് വിരട്ടൽ രാഷ്ട്രീയത്തിലൂടെ സർക്കാർ ഇല്ലായ്മ ചെയ്തത്. ഇതിന് ശേഷം എല്ലാം ശരിയാണെന്ന തരത്തിൽ മന്ത്രിയുടെ ലേഖനവും.

മന്ത്രി ശൈലജയുടെ ലേഖനത്തിന്റെ പൂർണ്ണ രൂപം

അപകടകാരിയായ ഒരു വൈറസിനെതിരെ ആറുമാസമായി പോരാടുകയാണു നമ്മൾ. ലോകം കോവിഡ് ഭീതിയിൽ നിന്നു തെല്ലും മുക്തമായിട്ടില്ല. ഇതുവരെ കേരളം നടത്തിയ പ്രവർത്തനങ്ങളുടെ മികവ് ലോകമാകെ അംഗീകരിക്കപ്പെട്ടു. ഇപ്പോൾ കോവിഡ് വ്യാപനത്തിന്റെ ഗ്രാഫ് ഉയർന്ന ഘട്ടത്തിൽ ചിലർ ദുഷ്പ്രചാരണങ്ങൾ നടത്തുന്നുണ്ട്. അവസാന വിജയം കൈവരിച്ചുവെന്നു സർക്കാർ ഒരിക്കലും പറഞ്ഞിട്ടില്ല. കൊറോണ വൈറസ് ലോകത്താകെ സൃഷ്ടിച്ച നാശനഷ്ടങ്ങൾ മനസ്സിലാക്കണം.

ഇന്ത്യയാകട്ടെ രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാമതാണ്. ഒന്നാം ഘട്ടത്തിൽ ചൈനയിൽ നിന്നു വന്ന 3 പേർക്കും മെയ്‌ 3 വരെ വിദേശത്തു നിന്നു വന്ന 499 പേർക്കും വൈറസ് ബാധ ഉണ്ടായപ്പോൾ അവരിൽ 165 പേർ സമ്പർക്കം മൂലം (33%) പോസിറ്റീവ് ആയി. സമ്പർക്കം വഴിയുള്ള രോഗ വ്യാപനം മറ്റു പ്രദേശങ്ങളിൽ നിന്നു വന്ന രോഗ വാഹകരേക്കാൾ എത്രയോ ഇരട്ടിയായി മാറുന്ന സമയത്താണു കേരളം ഈ നേട്ടം കൈവരിച്ചത്. ഇതിനെ പ്രശംസിച്ച് ഒട്ടേറെ ലോക മാധ്യമങ്ങൾ റിപ്പോർട്ടുകൾ നൽകി. പിആർ വർക്ക് എന്നു ചിലർ പറയുന്നുണ്ടെങ്കിലും നമ്മളാരും രാജ്യാന്തര മാധ്യമങ്ങളെ തേടി പോയിട്ടില്ല. കേരളത്തിൽ നടപ്പാക്കിയ ഹോം ക്വാറന്റൈൻ സംവിധാനത്തെ തുടക്കത്തിൽ പലരും വിമർശിച്ചു. ഈ രീതി നല്ലതെന്നു കേന്ദ്രവും ഐസിഎംആറും പിന്നീട് അംഗീകരിച്ചു. സർക്കാർ പ്രവാസികളെ അവഗണിക്കുന്നുവെന്നും ചിലർ പ്രചരിപ്പിക്കാൻ ശ്രമിച്ചു. മടങ്ങിയെത്തുന്നവരെ പരിശോധിച്ചു കേരളത്തിലേക്കു കടത്തി വിടുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് അവലംബിച്ചത്. ഇതിനെ തുരങ്കം വയ്ക്കാൻ ചിലർ കാണിച്ച ശ്രമം എല്ലാവർക്കും അറിയാം. പ്രതിരോധ വേലിയിൽ വിള്ളലുണ്ടാക്കുന്നതിനും കേസുകൾ വർധിച്ചു കേരള സർക്കാർ പരാജയപ്പെട്ടു എന്ന് ആഹ്ലാദിക്കുന്നതിനും വേണ്ടിയാണ് അവർ ശ്രമിച്ചത്.

മെയ്‌ 4നുശേഷം കോവിഡ് വ്യാപനത്തിൽ വർധന ഉണ്ടായി. ദീർഘകാലത്തേക്കു നിലനിൽക്കുന്ന വൈറസ് ആയതിനാൽ രാജ്യമോ സംസ്ഥാനങ്ങളോ പൂർണമായി അടച്ചിടുന്നതു പ്രായോഗികമല്ല. ജീവൻ സംരക്ഷിക്കുന്നതോടൊപ്പം ജീവിതോപാധികളും സംരക്ഷിക്കേണ്ടതുണ്ട്. ലോക്ഡൗൺ ഇളവുകൾ വന്നതോടെ വൈറസ് ബാധിതരായ ആയിരങ്ങൾ നാട്ടിലെത്തി. ഇപ്പോൾ സർക്കാർ, സ്വകാര്യ ലാബുകളിലായി പ്രതിദിനം 22,000ലേറെ പരിശോധന നടത്തുന്നുണ്ട്. നിലവിൽ 84 ലാബുകൾ. പുതുതായി 9 സർക്കാർ ലാബുകൾ ആരംഭിക്കും. പരിശോധന കുറവാണെന്നു മുറവിളി കൂട്ടുന്നവർ ഇന്ത്യയിൽ ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്ന മൂന്നു സംസ്ഥാനങ്ങളിലൊന്നു കേരളമെന്നു മനസ്സിലാക്കണം. പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, കേരളം എന്നിവയാണു മുന്നിലുള്ളത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ മരണ നിരക്ക് (0.32) കേരളത്തിലാണ്. ഇപ്പോൾ ഓരോ ജില്ലയിലുമുള്ള കോവിഡ് ആശുപത്രികളിൽ 8704 കിടക്കകൾ ഉണ്ട്. ഒപ്പം 229 സിഎഫ്എൽടിസികളിലായി 30598 കിടക്കകൾ തയാറായി.

സ്വകാര്യ ആശുപത്രികളെയും കോവിഡ് പ്രതിരോധത്തിൽ പങ്കാളിയാക്കി. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണു സ്വകാര്യ ആശുപത്രികൾക്കു നിശ്ചയിച്ചത്. ഇതര രോഗങ്ങളുള്ളവർക്കു മികച്ച ചികിത്സ നൽകാൻ ടെലി മെഡിസിൻ സംവിധാനവും ഉണ്ട്. മുതിർന്ന പൗരന്മാർ, 10 വയസ്സിനു താഴെയുള്ള കുട്ടികൾ, ഇതര രോഗങ്ങളുള്ളവർ എന്നിവർ വീടുകളിൽ നിന്നു പുറത്തിറങ്ങരുത്. ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ വീട്ടിൽ എത്തിക്കുന്നുണ്ട്. വിവാഹത്തിനും മരണാനന്തരച്ചടങ്ങുകൾക്കും ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നതിനേക്കാൾ കുറച്ച് ആളുകളെ പങ്കെടുപ്പിക്കാൻ ശ്രമിക്കണം. ആരാധനാലയങ്ങളിൽ ഒരു സമയം 2 മീറ്റർ അകലത്തിൽ നാലോ അഞ്ചോ ആളുകൾ മാത്രം പ്രാർത്ഥന നടത്തുന്നതാവും സുരക്ഷിതം. എല്ലായിടങ്ങളിലും അകലം പാലിക്കണം. 6 മാസത്തേക്കെങ്കിലും നാം ഈ നിബന്ധനകൾ അനുസരിക്കേണ്ടി വരും.

സാമ്പത്തികമായി കേരളത്തിന്റെ സ്ഥിതി ഏറെ ഭദ്രമല്ല. രോഗബാധിതർ അനിയന്ത്രിതമായി പെരുകിയാൽ ആരോഗ്യ സംവിധാനത്തിന്റെ പരമാവധി സാധ്യതയ്ക്കും അപ്പുറമുള്ള പ്രശ്നങ്ങൾ ഉണ്ടാകും. ലോക്ഡൗണിലൂടെ പ്രശ്ന പരിഹാരം കാണാൻ കഴിയാത്ത സാഹചര്യത്തിൽ ഓരോ വ്യക്തിയുടെയും ജാഗ്രതയോടെയുള്ള പെരുമാറ്റത്തിൽ കൂടി മാത്രമേ ആപത്തു തരണം ചെയ്യാനാവൂ.കേരളത്തിലെ കോവിഡ് പ്രതിരോധത്തിൽ ഇതുവരെയുള്ള നേട്ടങ്ങളിൽ നമുക്ക് ആശ്വസിക്കാം. സുരക്ഷിതത്വത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും ലോകമാകെയുള്ള പാഠങ്ങൾ വിസ്മരിക്കരുത്.കരുതലിന്റെ പാഠം ഉൾക്കൊണ്ട് കൊറോണയെ മാറ്റി നിർത്താം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP