Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മെറിൻ ജോലി കഴിഞ്ഞെത്തുമ്പോൾ വീട് അടച്ചു പൂട്ടി ഇരുന്ന ഭർത്താവ്; വീട്ടിനുള്ളിൽ കടക്കാൻ അമേരിക്കൻ പൊലീസിനെ വിളിച്ചു വരുത്തിയ ഭാര്യ; ഉറക്കത്തിലായിരുന്നുവെന്ന് പറഞ്ഞ് പൊലീസ് തട്ടി വിളിച്ചപ്പോൾ പുറത്തുവന്ന കള്ളത്തരം; ചങ്ങനാശ്ശേരിയിലെ പ്രശ്‌നം അറിഞ്ഞെത്തിയപ്പോഴും കണ്ടത് മുറിയിൽ കുട്ടിയുമായി കതകടച്ചിരുന്ന ക്രൂരത; വിവാഹ മോചന കേസ് ഭയന്ന് നേരത്തെ നാടുവിട്ട നെവിൻ; കോംപ്ലക്‌സ് അതിരുവിട്ട് ഒടുവിൽ മെറിനെ വകവരുത്തി; അസൂയ ഒടുവിൽ കൊലപാതകമായി; ഒന്നും അറിയാതെ കുട്ടി നോറയും

മെറിൻ ജോലി കഴിഞ്ഞെത്തുമ്പോൾ വീട് അടച്ചു പൂട്ടി ഇരുന്ന ഭർത്താവ്; വീട്ടിനുള്ളിൽ കടക്കാൻ അമേരിക്കൻ പൊലീസിനെ വിളിച്ചു വരുത്തിയ ഭാര്യ; ഉറക്കത്തിലായിരുന്നുവെന്ന് പറഞ്ഞ് പൊലീസ് തട്ടി വിളിച്ചപ്പോൾ പുറത്തുവന്ന കള്ളത്തരം; ചങ്ങനാശ്ശേരിയിലെ പ്രശ്‌നം അറിഞ്ഞെത്തിയപ്പോഴും കണ്ടത് മുറിയിൽ കുട്ടിയുമായി കതകടച്ചിരുന്ന ക്രൂരത; വിവാഹ മോചന കേസ് ഭയന്ന് നേരത്തെ നാടുവിട്ട നെവിൻ; കോംപ്ലക്‌സ് അതിരുവിട്ട് ഒടുവിൽ മെറിനെ വകവരുത്തി; അസൂയ ഒടുവിൽ കൊലപാതകമായി; ഒന്നും അറിയാതെ കുട്ടി നോറയും

മറുനാടൻ മലയാളി ബ്യൂറോ

ഫ്‌ളോറിഡ: ഫിലിപ്പും മെറിനും മാസങ്ങളായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഫിലിപ്പിനെ പേടിച്ച് കോറൽ സ്പ്രിങ്‌സ് ബ്രൊവാഡ് ഹെൽത്ത് ഹോസ്പിറ്റലിലെ ജോലി വിട്ട് മറ്റൊരിടത്തേക്കു മാറാനിരിക്കുകയായിരുന്നു മെറിൻ ജോയി. ബ്രൊവാഡ് ആശുപത്രിയിൽ അവരുടെ അവസാന ദിവസമായിരുന്നു ചൊവ്വാഴ്ച. അത് ജീവിതത്തിലും മെറിൻ ജോയിയുടെ അവസാന ദിവസമായി. മരിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ് വീട്ടിലേക്കു വിഡിയോ കോൾ വിളിച്ചിരുന്നു. അച്ഛനമ്മമാർ, സഹോദരി മീര എന്നിവരുമായി സംസാരിച്ചു. മകൾ നോറയുടെ കുസൃതികൾ കണ്ടു. കോട്ടയത്തെ വീട്ടിൽ പിന്നീടെത്തിയത് ഇരുപത്തിയാറുകാരിയുടെ കൊലപാതക വാർത്തയാണ്. അതും ഭർത്താവിന്റെ ക്രൂരത. രണ്ടു വയസ്സുള്ള മകൾ നോറ അമ്മയെ അച്ഛൻ കൊലപ്പെടുത്തിയത് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

2016ലാണ് മെറിനും ഫിലിപ്പും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹശേഷമാണ് മെറിൻ യുഎസിലേക്കു പോകുന്നത്. വിവാഹത്തിന്റെ ആദ്യ നാളുകളിൽ ഇവർ വളരെ സന്തോഷത്തിലായിരുന്നു. എന്നാൽ പിന്നീട് ചില അസ്വാരസ്യങ്ങൾ കണ്ടു തുടങ്ങി. അതു പിന്നീട് മെറിനെ ദോഹോപദ്രവം ഏൽപ്പിക്കുന്നതിൽ വരെ എത്തി. 'ഫിലിപ്പിന് അത്ര നല്ല ഒരു ജോലി ആയിരുന്നില്ല അവിടെ. അതിന്റെ പ്രശ്‌നങ്ങൾ ഫിലിപ്പ് പ്രകടിപ്പിക്കാൻ തുടങ്ങി. ഭാര്യയ്ക്കു തന്നേക്കാൾ മികച്ച ജോലിയും സമൂഹത്തിൽ സ്ഥാനവും ലഭിക്കുന്നത് അയാളിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. മെറിൻ പഠനത്തിലും മറ്റു കാര്യങ്ങളിലുമൊക്കെ മിടുക്കിയായിരുന്നു. ബെംഗളൂരു സെന്റ് ജോൺസിലെ മികച്ച വിദ്യാർത്ഥിയായിരുന്നു. ആദ്യം വാക്കുതർക്കങ്ങൾ മാത്രമായിരുന്നു. പിന്നീട് ഉപദ്രവിക്കാനും തുടങ്ങി.

തങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ മെറിൻ വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും അത് ഇത്തരത്തിൽ മൂർച്ഛിച്ചതായി അറിവില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ ഇവർ അവസാനമായി നാട്ടിൽ എത്തിയപ്പോൾ രണ്ടായിട്ടാണ് തിരിച്ചു പോയത്. ആ വരവിൽ ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം പ്രകടമായിരുന്നു. ചെറിയ രീതിയിലുള്ള വഴക്കുകൾ ഇരുവരും പറഞ്ഞു തീർക്കുമെന്നാണ് കരുതിയത്. മെറിന്റെ ഭർത്താവ് നെവിൻ എന്ന ഫിലിപ് മാത്യുവിനെ (34) ഒന്നാം ഡിഗ്രി കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. കോട്ടയം മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയ് മേഴ്‌സി ദമ്പതികളുടെ മകൾ മെറിൻ ജോയി (27) ആണു കൊല്ലപ്പെട്ടത്. കൊലയ്ക്കു ശേഷം സ്വയം കുത്തി മുറിവേൽപിച്ചു ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ചങ്ങനാശേരി വെളിയനാട് ആഞ്ഞിലിക്കാത്തറയിൽ ഫിലിപ് മാത്യുവിനെ (നെവിൻ34) ഹോട്ടൽ മുറിയിൽനിന്നാണ് പിടികൂടിയത്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി. മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.

മെറിനു നേരേ നെവിൻ നിരന്തരം ഭീഷണി മുഴക്കിയിരുന്നെന്നും ജോലി ചെയ്യുന്ന ആശുപത്രിയിലെത്തിയും യാത്രക്കിടയിലും വഴക്കുണ്ടാക്കുക പതിവായിരുന്നെന്നും മെറിന്റെ പിതാവ് ജോയി പറഞ്ഞു. നിലവിൽ ജോലി ചെയ്തിരുന്ന കോറൽ സ്പ്രിങ്സ് ആശുപത്രിയിലെ ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചതും നെവിന്റെ ഭീഷണി മൂലമാണ്. അടുത്ത മാസം പതിനഞ്ചിന് കുടുംബാഗങ്ങൾ താമസിക്കുന്ന അമേരിക്കയിലെ താമ്പയിലേക്ക് മാറാനുള്ള ഒരുക്കത്തിലായിരുന്നു മെറിൻ. കുടുംബ കലഹത്തെത്തുടർന്ന് നെവിനുമായി അകന്നുകഴിഞ്ഞിരുന്ന മെറിൻ അമേരിക്കയിലെ മലയാളി കുടുംബത്തിനൊപ്പമായിരുന്നു താമസം. ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിങ്സ് ആശുപത്രിയിലെ ജോലി ഉപേക്ഷിച്ച് സഹപ്രവർത്തകരോട് യാത്ര പറഞ്ഞ് മിനിറ്റുകൾക്കുള്ളിലാണ് ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായത്. ഇന്ന് ജന്മദിനം ആഘോഷിക്കാൻ മെറിൻ സഹപ്രവർത്തകരെയും ബന്ധുക്കളെയും ക്ഷണിച്ചിരുന്നു.

2016 ജൂലൈ 30-ന് വിവാഹം കഴിഞ്ഞ് അമേരിക്കയിലെത്തിയതോടെ കുടുംബ കലഹം പതിവായിരുന്നതായി മെറിന്റെ മാതാപിതാക്കൾ പറഞ്ഞു. മെറിന്റെ മാതാവ് മേഴ്സി പ്രസവ ശുശ്രൂയ്ക്കായി അമേരിക്കയിൽ എത്തിയിരുന്നു. തന്റെ മുമ്പിൽ വച്ചുപോലും മെറിനെ നെവിൻ മർദിച്ചിരുന്നതായി മേഴ്സി പറഞ്ഞു. മെറിന്റെ കുടുംബാഗങ്ങളെ ഫോണിൽ പോലും ബന്ധപ്പെടാൻ അനുവാദമില്ലായിരുന്നു. ഇതായിരുന്നു നെവിന്റെ ക്രൂരത. കുത്തേറ്റ് രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ അലറിക്കരഞ്ഞത് 'എനിക്കൊരു കുഞ്ഞുണ്ടെ'ന്ന്. അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയിൽ ഭർത്താവിന്റെ കുത്തേറ്റുമരിച്ച മലയാളി നഴ്സ് മോനിപ്പള്ളി മരങ്ങാട്ടിൽ ജോയിയുടെ മകൾ മെറിൻ ജോയിയുടെ നിലവിളി കേട്ട് ഓടിച്ചെന്ന ആശുപത്രിയിലെ സഹപ്രവർത്തകരിലൊരാൾ പറഞ്ഞതാണിതെന്ന് ബന്ധുക്കൾ.

അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും പരിചരണത്തിലുള്ള നോറയെ എന്നും ഓൺലൈനിൽ വിളിച്ച് മെറിൻ കൊഞ്ചിച്ചിരുന്നു. ദുരന്തത്തിന് മണിക്കൂറുകൾക്കുമുമ്പുമാത്രം ഡ്യൂട്ടിക്കിടയിലും മെറിൻ വിളിച്ചിരുന്നു. നല്ല ഉറക്കക്ഷീണമുണ്ടെന്നും വീട്ടിലെത്തി ഉറങ്ങണമെന്നും ഇനി വിളിക്കില്ലെന്നും പറഞ്ഞാണ് അവസാനിപ്പിച്ചത്. 2019 ഡിസംബർ 19-നാണ് കുഞ്ഞുമായി ഇവർ നാട്ടിലെത്തിയത്. ചങ്ങനാശ്ശേരിയിൽ ഫിലിപ്പിന്റെ വീട്ടിൽ മെറിനെ ഫിലിപ്പ് ആക്രമിച്ചതായി ജോയി പറഞ്ഞു. മെറിൻ വിളിച്ചിട്ട് ജോയിയും ബന്ധുക്കളും മെറിനെ കൂട്ടാനായി ചങ്ങനാശ്ശേരിയിലെത്തി. ഈസമയം ഫിലിപ്പ് കുട്ടിയുമായി മുറിയിൽ കതകടച്ചിരുന്നു. ഏറെനേരത്തെ തർക്കത്തിനുശേഷമാണ് കുട്ടിയുമായി പുറത്തുവന്നത്. അന്ന് കുട്ടിയുമായി മെറിൻ മോനിപ്പള്ളിക്ക് പോന്നു.

തുടർന്ന് ഇവർ ചങ്ങനാശ്ശേരി പൊലീസിൽ പരാതി നൽകി. വൈകാതെ ഫിലിപ്പ്, അച്ഛനും സുഹൃത്തുക്കൾക്കുമൊപ്പം കുട്ടിയെ ആവശ്യപ്പെട്ട് മോനിപ്പള്ളിയിലെത്തി. അന്നും തർക്കമുണ്ടായി. ഇതും പരാതിക്കിടയാക്കി. തുടർന്ന് ബന്ധം വേർപിരിയുന്നതിന് മെറിൻ കോടതിയെ സമീപിച്ചു. 2020 ജനുവരി 12-ന് ഒന്നിച്ച് അമേരിക്കയിലേക്ക് മടങ്ങാനായിരുന്നു ടിക്കറ്റ്. കോടതിയെ സമീപിച്ചതറിഞ്ഞ ഫിലിപ്പ് ജനുവരി ഒന്നിനുതന്നെ മടങ്ങി. മകൾ നോറയെ മോനിപ്പള്ളിയിലെ വീട്ടിലാക്കി മെറിൻ ജനുവരി 29-നും മടങ്ങി.

നോറ 2018 ജൂണിലാണ് ജനിച്ചത്. ശുശ്രൂഷിക്കാനായി മെറിന്റെ അമ്മ മേഴ്സി അമേരിക്കയിൽ ഇവരുടെയടുത്ത് പോയിരുന്നു. അന്നും ഫിലിപ്പ് മെറിനെ ആക്രമിച്ച സംഭവമുണ്ട്. പൊലീസ് ഫിലിപ്പിനെ അറസ്റ്റുചെയ്തിരുന്നെന്നും മേഴ്സി പറഞ്ഞു. മെറിൻ ജോലികഴിഞ്ഞെത്തുമ്പോൾ ഫിലിപ്പ് വീട് അടച്ചുപൂട്ടി ഇരിക്കും. ഒരിക്കൽ വീടിനുള്ളിൽ കടക്കാൻവയ്യാതെവന്നപ്പോൾ പൊലീസിനെ അറിയിച്ചു. പൊലീസെത്തിയപ്പോൾ ഫിലിപ്പ് ഉറക്കത്തിലായിരുന്നെന്നറിയിച്ച് കതക് തുറന്നു. നോറ ജനിച്ചശേഷം ഓൺലൈനിൽ കുട്ടിയെ കാണാൻപോലും മെറിന്റെ അച്ഛൻ ജോയിയെ ഫിലിപ്പ് അനുവദിച്ചില്ല. മെറിൻ മോനിപ്പള്ളിയിലേക്ക് വിളിക്കുന്നതും വിലക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP