Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപകടം നടന്ന സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ ചിലരെ കണ്ടെന്ന കലാഭവൻ സോബിയുടെ വെളിപ്പെടുത്തലുകൾ നിർണായകമായി; വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌ക്കറാണെന്നും അല്ല അർജുനാണെന്നും ഉള്ള മൊഴികളിലെ വൈരുധ്യവും സംശയത്തിനിടയാക്കി; രണ്ട് വർഷം മുമ്പ് നടന്ന ആ ദുരൂഹത നിറഞ്ഞ അപകടത്തിന്റെ സത്യം തെളിയിക്കാൻ സിബിഐ എത്തുന്നു: ബാലഭാസ്‌ക്കറിന്റെ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തു

അപകടം നടന്ന സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ ചിലരെ കണ്ടെന്ന കലാഭവൻ സോബിയുടെ വെളിപ്പെടുത്തലുകൾ നിർണായകമായി; വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌ക്കറാണെന്നും അല്ല അർജുനാണെന്നും ഉള്ള മൊഴികളിലെ വൈരുധ്യവും സംശയത്തിനിടയാക്കി; രണ്ട് വർഷം മുമ്പ് നടന്ന ആ ദുരൂഹത നിറഞ്ഞ അപകടത്തിന്റെ സത്യം തെളിയിക്കാൻ സിബിഐ എത്തുന്നു: ബാലഭാസ്‌ക്കറിന്റെ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന്റെ ദുരൂഹത നീക്കാൻ സിബിഐ എത്തുന്നു. സാക്ഷി മൊഴികളിലെ വൈരുദ്ധ്യവും അപകടത്തിന് സ്വർണ്ണക്കടത്തുകാരുമായി ബന്ധമുണ്ടെന്നുമുള്ള ദീർഘ നാളത്തെ ആരോപണത്തിനൊടുവിലാണ് ബാലഭാസ്‌ക്കറിന്റെ മരണം സിബിഐ ഏറ്റെടുക്കുന്നത്. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അപകടത്തിൽ സ്വർണക്കടത്തു സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയും ദീർഘ നാളായി ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കു ബാലഭാസ്‌കറിനറെ പിതാവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാരും ഡിസംബറിൽ ശുപാർശ ചെയ്തിരുന്നു. ഇതേ തുടർന്ന് സിബിഐ ഇന്നലെ അന്വേഷണം ഏറ്റെുത്തു. കേരള പൊലീസിൽ നിന്നാണ് അന്വേഷണം സിബിഐ എറ്റെടുത്തത്.

2018 സെപ്റ്റംബർ 25ന് തിരുവനന്തപുരം നഗരത്തിനടുത്തുള്ള പള്ളിപ്പുറത്ത് ദേശിയ പാതയിൽ വച്ചായിരുന്നു ബാലഭാസ്‌ക്കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. കാറിലുണ്ടായിരുന്ന ബാലഭാസ്‌ക്കറിന്റെ മകൾ തേജസ്വിനി ബാല സംഭവസ്ഥലത്തും ബാല ഭാസ്‌ക്കർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. എന്നാൽ ഒരു സ്വാഭാവിക അപകടമാണെന്നും അപകടത്തിൽ ദുരൂഹതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിലപാട്. ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയത് കാറിന്റെ അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. ബാലഭാസ്‌കർ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവർ അർജുനാണെന്ന ഫൊറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപകടത്തിൽ ദുരൂഹതകളില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഡ്രൈവിങ് സീറ്റിന്റെ മുൻവശത്തെ കണ്ണാടിയിൽനിന്നും ലഭിച്ച മുടി അർജുന്റേതാണെന്നു ഫൊറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു.

എന്നാൽ വാഹനം ഓടിച്ച ആളിനെക്കുറിച്ചുള്ള മൊഴികളിലെ ആശയക്കുഴപ്പമാണു മരണത്തിലെ ദുരൂഹതയ്ക്കു കാരണമായത്. അർജുനാണ് വാഹനമോടിച്ചതെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും അപകടത്തിന്റെ ദൃക്‌സാക്ഷി നന്ദുവിന്റെയും മൊഴി. ബാലഭാസ്‌കറിനെ ഡ്രൈവിങ് സീറ്റിൽ കണ്ടെന്നായിരുന്നു സംഭവ സ്ഥലത്തെത്തിയ കെഎസ്ആർടിസി ഡ്രൈവർ അജിയുടെ മൊഴി. കൂടാതെ അപകട സ്ഥലത്തെത്തിയ കലാഭവൻ സോബി ഇവിടെ ദുരൂഹ സാഹചര്യത്തിൽ ചിലരെ കണ്ടെത്തിയെന്നും പൊലീസിന് മൊഴി നൽകി. സ്വർണ്ണക്കടത്തുമായി ബന്ധമുള്ള ഒരാളെ ഇവിടെ കണ്ടതായാണ് സോബിയുടെ വെളിപ്പെടുത്തൽ. ഇത് നേരത്തെ ക്രൈംബ്രാഞ്ചിന് മുന്നിൽ സോബി വെളിപ്പെടുത്തിയിരുന്നെങ്കിലും അവർ അത് മുഖ വിലയ്‌ക്കെടുത്തിരുന്നില്ല. എന്നാൽ ബാലഭാസ്‌ക്കറിന്റെ ഡ്രൈവർ അർജുനും മാനേജർ പ്രകാശൻ തമ്പിക്കും സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനമായത്.

ഇതിനിടയിൽ സ്വർണക്കടത്ത് കേസിൽ ബാലഭാസ്‌കറിന്റെ കൂടെയുണ്ടായിരുന്ന വിഷ്ണു, പ്രകാശ് തമ്പി എന്നിവർ പിടിയിലായതോടെ കേസിന് പുതിയമാനം വന്നു. സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള ആരോപണങ്ങളും ഉയർന്നു. ശാസ്ത്രീയ പരിശോധനകൾക്ക് അവസാനം ക്രൈംബ്രാഞ്ച് സംഘം അപകടമരണമാണെന്ന നിഗമനത്തിൽ എത്തിയതോടെയാണ് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി സിബിഐ അന്വേഷണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്. അപകട സമയത്ത് വാഹനമോടിച്ചത് ഡ്രൈവർ അർജുൻ തന്നെയാണെന്നു ശാസ്ത്രീയ പരിശോധനകളിലൂടെ തെളിയിക്കാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നു. ബാലഭാസ്‌കറിന്റെ മാനേജരായിരുന്ന പ്രകാശൻ തമ്പിയും സുഹൃത്ത് വിഷ്ണു സോമസുന്ദരവും സ്വർണക്കടത്ത് കേസിൽ പ്രതിയായതോടെയാണ് ഡിആർഐ സോബിയുടെ മൊഴി പരിശോധിക്കാൻ തീരുമാനിച്ചത്. ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്തുകൂടി പോകുകയായിരുന്ന സോബിയോട് വാഹനം നിർത്താതെ പോകാൻ ആക്രോശിച്ച ഒരാളെ ഫോട്ടോയിൽ അദ്ദേഹം തിരിച്ചറിഞ്ഞു. ഡിആർഐ ഈ വിവരങ്ങൾ കൈംബ്രാഞ്ചിന് കൈമാറിയിരുന്നു.

ബാലഭാസ്‌ക്കറിന്റെ കാർ അപകടത്തിൽ പെടാൻ കാരണം അമിത വേഗമാണെന്നാണ് പൊലീസ് ഉന്നയിക്കുന്നത്. ഫൊറൻസിക് റിപ്പോർട്ടിൽ വാഹനത്തിന്റെ വേഗം മണിക്കൂറിൽ 100നും 120നും ഇടയിലാണ്. വാഹനത്തിന്റെ അമിത വേഗം തെളിയിക്കുന്ന രേഖകൾ മോട്ടോർ വാഹന വകുപ്പിൽനിന്നും ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ചാലക്കുടിയിൽ മോട്ടർ വാഹന വകുപ്പിന്റെ ക്യാമറയിൽ പതിയുമ്പോൾ വാഹനത്തിന്റെ വേഗം മണിക്കൂറിൽ 94 കിലോമീറ്ററായിരുന്നു. ഇതാണ് അമിതവേഗമാണ് അപകടമെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ചിനെ എത്തിച്ചത്. അമിത വേഗതയിൽ വാഹനം റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. ഭാര്യ ലക്ഷമി, മകൾ തേജസ്വിനി ബാല, എന്നിവർക്ക് ഒപ്പം ത്യശൂരിൽ ക്ഷേത്ര വഴിപാടുകൾക്കായി പോയി മടങ്ങി വരവേയായിരുന്നു അപകടം. മകൾ സംഭവ സ്ഥലത്തും ബാലഭാസ്‌കർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഒക്ടോബർ രണ്ടിനും മരിച്ചു. ദേശീയ പാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്ഷനു സമീപം 2018 സെപ്റ്റംബർ 25 ന് പുലർച്ചെയായിരുന്നു അപകടം.

കാർ അപകടം നടന്ന സ്ഥലത്തുകൂടി പോകുകയായിരുന്ന കലാഭവൻ സോബിയുടെ വെളിപ്പെടുത്തലുകളും സിബിഐ അന്വേഷണമെന്ന ആവശ്യത്തിനു ശക്തി പകർന്നു. അപകടം നടന്ന സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ ചിലരെ കണ്ടെന്ന സോബിയുടെ വെളിപ്പെടുത്തൽ ക്രൈംബ്രാഞ്ച് മുഖവിലയ്‌ക്കെടുത്തിരുന്നില്ല. എന്നാൽ സോബിയെ നോട്ടിസ് അയച്ചു വിളിച്ചുവരുത്തി ചോദ്യം ചെയ്ത ഡിആർഐ, ബാലഭാസ്‌കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽ ചിലർ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്ന് സ്ഥിരീകരിച്ചിരുന്നു.

തിരുമല സ്വദേശിയായ കെഎസ്ആർടിസി കണ്ടക്ടർ സുനിൽകുമാറും (45), കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീനയും (42) മെയ്‌ 13ന് 25 കിലോ സ്വർണവുമായി അറസ്റ്റിലായതോടെയാണ് ബാലഭാസ്‌കറിന്റെ മാനേജർക്കും സുഹൃത്തിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന വിവരം പുറത്തുവരുന്നത്. കേസിൽ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനാണ് ഒന്നാം പ്രതി. സുനിൽകുമാർ, സെറീന, വിഷ്ണു സോമസുന്ദരം, ബിജു, വിനീത, അബ്ദുൾ ഹക്കിം, റഷീദ്, പ്രകാശൻ തമ്പി എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. സ്വർണക്കടത്തിനെക്കുറിച്ച് സിബിഐ അന്വേഷണവും നടക്കുകയാണ്. പാലക്കാട് ഉള്ള ഡോക്ടർക്കെതിരെയും ബാലഭാസ്‌കറിന്റെ കുടുംബം ആരോപണവുമായി എത്തി. വാഹനമോടിച്ച ഡ്രൈവർ അർജുൻ ഇവരുടെ ബന്ധുവായതും വിവാദങ്ങളെ സങ്കീർണ്ണമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP