Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 15.31 ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മരിച്ചത് 768 പേർ; രാജ്യത്ത് ഇതുവരെ രോഗം മൂലം മരിച്ചത് 34,193 പേർ; ചികിത്സയിലുള്ളവർ അഞ്ച് ലക്ഷത്തിന് മുകളിൽ രോഗികൾ; മഹാരാഷ്ട്രയിൽ മാത്രം 1,47,896 പേർ ചികിത്സയിൽ; പുതിയതായി 298 മരണവുമായി മഹാരാഷ്ട്ര; തമിഴ്‌നാട്ടിലും 82 മരണം; ഗവർണർ അടക്കം ക്വാറന്റൈനിലായതോടെ തമിഴ്‌നാട്ടിൽ ആശങ്ക രൂക്ഷം; കേരളത്തിൽ ഇന്നും 903 പുതിയ കേസുകൾ

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: ഇന്ത്യയിൽ ഇതുവരെ കോവിഡ് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15.31 ലക്ഷമായി ഉയർന്നു. നിലവിൽ 5,09,447 പേരാണ് ചികിത്സയിലുള്ളത്. 9,88,030 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 768 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 34,193 ആയി.

കോവിഡ് ഗുരുതരമായി ബാധിച്ച മഹാരാഷ്ട്രയിൽ 1,47,896 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. ബുധനാഴ്ച പുതുതായി 9,211 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,00,651 ആയി ഉയർന്നു. ബുധനാഴ്ച 298 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 14,463 ആയി.

ബുധനാഴ്ച മാത്രം 7,478 പേർ രോഗമുക്തി നേടി. ഇതോടെ 2,39,755 പേർ ഇതുവരെ രോഗമുക്തരായി. 59.84 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 1,46,129 രോഗികളാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 20,16,234 സാംപിളുകളാണ് സംസ്ഥാനത്ത് ഇതുവരെ പരിശോധിച്ചത്. നിലവിൽ 8,88,623 പേർ വീടുകളിലും 40,777 പേർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും കഴിയുന്നുണ്ട്.ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,035 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 26 പേർ മരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,33,310 ആയി. ആകെ മരണം 3,907 ആയി ഉയർന്നു. 1,18,633 പേർ രാജ്യതലസ്ഥാനത്ത് ഇതുവരെ രോഗമുക്തരായി. ബുധനാഴ്ച മാത്രം 1,126 പേർ രോഗമുക്തി നേടി. 10,770 പേരാണ് നിലവിൽ ഡൽഹിയിൽ ചികിത്സയിൽ തുടരുന്നത്.

തമിഴ്‌നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,426 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ കേരളത്തിൽ നിന്ന് റോഡ് മാർഗം തിരിച്ചെത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,34,114 ആയി വർധിച്ചു. 82 പേർ ബുധനാഴ്ച മരിച്ചു. ആകെ മരണസംഖ്യ 3,741 ആയി.1,72,833 പേർ ഇതുവരെ രോഗമുക്തരായി. ഇന്ന് മാത്രം 5927 പേർക്ക് രോഗം ഭേദമായി. 57,490 പേരാണ് നിലവിൽ സംസ്ഥാനത്തുടനീളം ചികിത്സയിൽ തുടരുന്നത്. 25,36,660 സാംപിളുകൾ ഇതുവരെ പരിശോധിച്ചു.

തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് ഒരാഴ്ച സ്വയം ക്വാറന്റീനിൽ. രാജ്ഭവനിലെ മൂന്ന് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. ചെന്നൈയിൽ കോവിഡ് വ്യാപനം രൂക്ഷമായനിലയിലാണ് രാജ്ഭവനിലെ 38 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. 35 പേരുടെ പരിശോധന ഫലവും നെഗറ്റീവായിരുന്നു.

രോഗബാധിതരായ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാരുടെ നിർദ്ദേശാനുസരണമാണ് ഗവർണർ നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിച്ചത്. ഗവർണറുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി രാജ്ഭവൻ കേന്ദ്രങ്ങൾ അറിയിച്ചു. ജൂലൈ 23ന് രാജ്ഭവൻ പ്രധാന ഓഫിസിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന 147 സുരക്ഷ-അഗ്‌നിശമന വിഭാഗം ജീവനക്കാരിൽ 84 പേർക്ക് കോവിഡ് ബാധിച്ചിരുന്നു. ഇവർ ഗവർണറുമായി സമ്പർക്കത്തിലായിട്ടില്ല. രാജ്ഭവനും പരിസരവും അണുവിമുക്തമാക്കി.

രാജ്യത്തെ മരണനിരക്ക് കുറയുന്നെന്ന് വിലയിരുത്തൽ

കേന്ദ്ര- സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവൺമെന്റുകളുടെ ''ടെസ്റ്റ് ട്രാക്ക് ട്രീറ്റ്'' നയത്തിന്റെ കൂട്ടായ നടപ്പാക്കൽ, ആഗോള സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്തെ മരണനിരക്ക് (സിഎഫ്ആർ) ഏറെ കുറച്ചിട്ടുണ്ട്. അത് ക്രമേണ കുറയുകയും ചെയ്യുന്നു. ഇന്നത്തെ കണക്കനുസരിച്ച് രാജ്യത്തെ കോവിഡ് മരണനിരക്ക് 2.23 ശതമാനമാണ്. 2020 ഏപ്രിൽ 1ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

കുറഞ്ഞ മരണനിരക്കു കാത്തുസൂക്ഷിക്കാൻ മാത്രമല്ല, ഫലപ്രദമായ പ്രതിരോധം, ഊർജിതമായ പരിശോധന, സമഗ്രമായ ചികിത്സാ മാർഗനിർദ്ദേശങ്ങൾ എന്നിവ വിജയകരമായി നടപ്പാക്കാനും കഴിഞ്ഞു. തുടർച്ചയായ ആറാം ദിവസവും രാജ്യത്തെ രോഗമുക്തരുടെ എണ്ണം പ്രതിദിനം 30,000 നു മുകളിൽ എത്തിക്കാനും ഇതിലൂടെ കഴിഞ്ഞു.

രാജ്യത്ത് കോവിഡ് മുക്തരായവരുടെ ആകെ എണ്ണം ദശലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 35,286 രോഗികളാണ് അസുഖം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 9,88,029 ആയി വർധിച്ചു. കോവിഡ് 19 മുക്തിനിരക്ക് 64.51 ശതമാനമായി വർധിച്ചു.രോഗമുക്തരുടെ എണ്ണത്തിലെ വർധന, ചികിത്സയിലുള്ളവരുടെ എണ്ണവുമായുള്ള അന്തരവും വർധിപ്പിച്ചു. സുഖം പ്രാപിച്ചവരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം നിലവിൽ 4,78,582 ആണ്. ചികിത്സയിലുള്ളത് 5,09,447 പേരാണ്.

കേരളത്തിൽ അതീവ ജാഗ്രത

കേരളത്തിൽ ഇന്ന് 903 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 90 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 71 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 706 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 35 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP