Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ വെബ് സൈറ്റിൽ നിന്ന് മിശ്രവിവാഹിതർ ആകാൻ ആഗ്രഹിക്കുന്നവരുടെ വിവരം എടുത്ത് ലൗ ജിഹാദ് ആണെന്ന് സംഘപരിവാർ സൈറ്റുകളിൽ കുപ്രചാരണം; മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന്റെ വാർത്തക്കുപോലും മോശം കമന്റുകൾ; സ്പെഷ്യൽ മാര്യേജ് ആക്ററ് പ്രകാരം വിവാഹിതരാവുന്നവരുടെ പേരുകൾ ദുരുപയോഗം ചെയ്യുന്നത് നിർത്തിവെപ്പിച്ച ആതിര രാധാകൃഷ്ണൻ പ്രതികരിക്കുന്നു

സർക്കാർ വെബ് സൈറ്റിൽ നിന്ന് മിശ്രവിവാഹിതർ ആകാൻ ആഗ്രഹിക്കുന്നവരുടെ വിവരം എടുത്ത് ലൗ ജിഹാദ് ആണെന്ന് സംഘപരിവാർ സൈറ്റുകളിൽ കുപ്രചാരണം; മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന്റെ വാർത്തക്കുപോലും മോശം കമന്റുകൾ; സ്പെഷ്യൽ മാര്യേജ് ആക്ററ് പ്രകാരം വിവാഹിതരാവുന്നവരുടെ പേരുകൾ ദുരുപയോഗം ചെയ്യുന്നത് നിർത്തിവെപ്പിച്ച ആതിര രാധാകൃഷ്ണൻ പ്രതികരിക്കുന്നു

എം ബേബി

കോഴിക്കോട്: സംസ്ഥാനത്ത് സ്പെഷ്യൽ മാര്യേജ് ആക്ററ് പ്രകാരം വിവാഹ ഉദ്യോഗസ്ഥന് സമർപ്പിക്കുന്ന വിവാഹ നോട്ടീസ് രജിസ്ട്രേഷൻ വകുപ്പിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന നടപടി നിർത്തിവെയ്ക്കുന്നതിന് പൊതുമരാമത്ത്, രജിസ്ട്രേഷൻ മന്ത്രി ജി സുധാകരൻ നിർദ്ദേശം നൽകിയിരുന്നു. വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന നോട്ടീസുകൾ ഡൗൺലോഡ് ചെയ്ത് വർഗീയ പ്രചരണത്തിന് ഉപയോഗിക്കുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നായിരുന്നു നടപടി. ഈ സുപ്രധാന തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ചതിനു പിന്നിൽ മിശ്ര വിവാഹിതായ ആതിര സുജാത രാധാകൃഷ്ണൻ എന്ന ഐടി പ്രൊഫഷണലാണ്.വ്യത്യസ്ത മതങ്ങളിൽപെട്ടവർ വിവാഹിതരാകുന്നതിനെതിരെ പല സംഘപരിവാർ ഗ്രൂപ്പുകളും നടത്തുന്ന വിദ്വേഷപ്രചരണം ചൂണ്ടിക്കാട്ടി ആതിര സുജാത രാധാകൃഷ്ണൻ രംഗത്തെത്തിയതിനെ തുടർന്നായിരുന്നു സർക്കാർ നടപടി.

സംഭവത്തെക്കുറിച്ച് ആതിര സുജാത രാധാകൃഷ്ണൻ പ്രതികരിക്കുന്നത് ഇങ്ങനെയാണ്. '2019 ഡിസംബറിലാണ് എന്റെയും ഷമീമിന്റെയും വിവാഹം നടക്കുന്നത്. അതിനുമുൻപ് കോഴിക്കോട് രജിസ്‌ട്രേഷൻ ഓഫിസിൽ വിവാഹത്തിന്റെ അപേക്ഷ സമർപ്പിച്ചിരുന്നു. അപേക്ഷ സമർപ്പിച്ച് കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഫേസ്‌ബുക്കിൽ ഷമീമിന് ഒരു നോട്ടിഫിക്കേഷൻ വന്നു. നിങ്ങളുടെ ഫോട്ടോക്ക് സാദൃശ്യമുള്ള ഫോട്ടോ കുറച്ച് പേർ അപ് ലോഡ് ചെയ്തിട്ടുണ്ട്, അതിൽ നിങ്ങളെ ടാഗ് ചെയ്യണമോയെന്ന് ചോദിച്ചിട്ടായിരുന്നു ഈ നോട്ടിഫിക്കേഷൻ വന്നത്. അത് നോക്കിയപ്പോഴാണ് തീവ്രവലതുപക്ഷക്കാരായ കുറച്ചു പേർ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം അപേക്ഷ സമർപ്പിച്ച 100 പേരുടെ അപേക്ഷകളും കളർ ഫോട്ടോയും സഹിതം അപ്ലോഡ് ചെയ്തത് കണ്ടത്. അപേക്ഷാ ഫോമിൽ ഇവരുടെ വീടിന്റെ വിലാസമടക്കമുള്ള വിവരങ്ങളുണ്ട്. ഈ പോസ്റ്റുകളിൽ പറയുന്നത് 'നിങ്ങൾ ഇവരുടെ വീടുകളിൽ പോയി കുടുംബക്കാരെ പറഞ്ഞുമനസ്സിലാക്കി വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കണം' എന്നൊക്കെയാണ്. ഈ പോസ്റ്റുകൾ വലിയ തോതിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു.

ഞാനും എന്റെ സുഹൃത്തുക്കളും ചേർന്ന് ഈ പോസ്റ്റുകൾ റിപ്പോർട്ട് ചെയ്തു. നിരന്തരമായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇവർ ഈ വിവരങ്ങൾ പങ്കുവെക്കുന്നത് വാട്‌സ്ആപ്പ് വഴിയാക്കി. അതിനുശേഷം ഇത്തരത്തിലുള്ള പോസ്റ്റുകളെക്കുറിച്ച് കാര്യമായി ഒന്നും കേട്ടില്ല. പക്ഷെ കുറച്ച് നാളുകൾക്ക് ശേഷം എന്റെ അമ്മക്ക് വീടിനടുത്തുള്ള അദ്ധ്യാപിക ഒരു വാട്‌സ്ആപ്പ് ഫോർവേഡ് മെസേജ് കാണിച്ചുകൊടുത്തു. പത്താം ക്ലാസുകാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് വന്ന മെസേജ് ആയിരുന്നു അത്. ലൗ ജിഹാദ് കേരളത്തിൽ തിരിച്ചുവന്നിരിക്കുന്നു, മാതാപിതാക്കളെ കണ്ടെത്തി ഇവരെ വിവാഹത്തിൽ പിന്തിരിപ്പിക്കണം എന്നെല്ലാം പറഞ്ഞുകൊണ്ട്, നേരത്തെ പറഞ്ഞ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തവരുടെ അപേക്ഷാ ഫോമുകൾ അടങ്ങിയ പി.ഡി.എഫ് അടക്കമുള്ള മെസേജ് ആയിരുന്നു അത്.

ആ സമയത്ത് ഞങ്ങളുടെ വിവാഹം അടുത്തിരിക്കുകയായിരുന്നു. രണ്ട് കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ തന്നെ വിവാഹം കഴിക്കണമെന്ന തീരുമാനിച്ച്, കുറെ നാളുകൾ കാത്തിരുന്ന ശേഷമായിരുന്നു വിവാഹം നടക്കുന്നത്. അത്രമേൽ സന്തോഷത്തിലായിരുന്നു ഞങ്ങൾ. അതുകൊണ്ടു തന്നെ ഈ പ്രശ്‌നങ്ങളൊക്കെ വിവാഹത്തിന് ശേഷം നോക്കാം എന്ന് വിചാരിക്കുകയായിരുന്നു. അങ്ങിനെ വിവാഹം കഴിഞ്ഞു. അപ്പോഴേക്കും കൊറോണ പ്രതിസന്ധി വന്നല്ലോ. ഇക്കാര്യത്തിലേക്ക് ശ്രദ്ധ കൊടുക്കാൻ പറ്റിയില്ല.

പിന്നീട് ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹത്തിന്റെ വാർത്ത വന്നപ്പോഴാണ് ഈ വിദ്വേഷ പ്രചരണത്തെക്കുറിച്ച് വീണ്ടും ചിന്തിക്കുന്നത്. കാരണം ആ സമത്ത് ഒരുപാട് ഫേസ്‌ബുക്ക് പേജുകളിലും മറ്റും ഈ വിവാഹത്തെക്കുറിച്ച് വളരെ മോശമായ കമന്റുകളും പോസ്റ്റും വന്നിരുന്നു. മുഖ്യമന്ത്രി എന്ന അത്രയും പ്രിവിലേജ്ഡ് ആയിട്ടുള്ള ആളുടെ മകൾക്കെതിരെ പോലും ഇത്രയും മോശമായ പ്രചാരണം നടക്കുന്നു. അപ്പോൾ ഈ പ്രിവിലേജൊന്നും ഇല്ലാത്ത സാധാരണക്കാരുടെ കാര്യം എന്തായിരിക്കും. ഇതൊക്കെ ആലോചിച്ചിട്ടാണ് ഞാൻ എനിക്കുണ്ടായ അനുഭവം ഫേസ്‌ബുക്ക് പോസ്റ്റായി എഴുതുന്നത്. അത് കുറെ പേർ ഷെയർ ചെയ്തു.

അതിനുശേഷം ഈ മാസം തുടക്കത്തിൽ എന്റെ ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ സുഹൃത്തിനും സമാനമായ അനുഭവം നേരിടുകയാണെന്ന് അറിയിച്ചു. ഒരു സംഘപരിവാർ ഗ്രൂപ്പിൽ ന്യൂസ് ലെറ്റർ എന്ന പേരിൽസ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ മാസാമാസം പ്രസിദ്ധീകരിക്കുന്നുണ്ട്. അതിലായിരുന്നു ഈ ദമ്പതികളുടെ കാര്യം വന്നത്. ഇത്തരംം ഗ്രൂപ്പുകൾ എല്ലാ മാസവും ആ മാസത്തിൽ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ ക്രോഡീകരിച്ചു വാട്‌സ്ആപ്പിലും ഫേസ്‌ബുക്കിലും പ്രചരിപ്പിക്കുകയാണ്.

ഈ ന്യൂസ് ലെറ്ററിൽ വന്ന പല ദമ്പതികളും എന്നെ ബന്ധപ്പെട്ടിരുന്നു. അങ്ങിനെയാണ് വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്. അവർ ഇത്തരത്തിൽ വിദ്വേഷപ്രചരണത്തിൽ ഇരയായവുരടെ വിവരങ്ങൾ ശേഖരിച്ച് ആധികാരികമായി തന്നെ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഈ ഒരു സമയമാകുമ്പോഴേക്കും സ്‌പെഷ്യൽ മാര്യേജ് ആക്ടിന്റെ എല്ലാ നിയമവശങ്ങളും ഞാൻ വായിച്ച് മനസ്സിലാക്കിയിരുന്നു. അതിൽ എവിടെയും വെബ്‌സൈറ്റിൽ വിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന് പറയുന്നില്ല. രജിസ്റ്റർ ഓഫീസിൽ വിവരങ്ങൾ നൽകണമെന്നേ വേണമെന്നേ പറയുന്നുള്ളു.'- ആതിര സുജാത രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.

ഈ വിദ്വേഷപ്രചരണങ്ങൾ വന്നപ്പോൾ വിവാഹം കഴിക്കുന്നവരുടെ വിവരങ്ങൾ എങ്ങിനെയോ ചോരുന്നു എന്നാണ് ഞങ്ങൾ ആദ്യം കരുതിയിരുന്നത്. പിന്നീടാണ് ഇത് വെബ്‌സൈറ്റിൽ ലഭ്യമാണെന്നും അവിടെ നിന്നും ഡൗൺലോഡ് ചെയ്താണ് പ്രചരിപ്പിക്കുന്നതെന്നും അറിയുന്നത്.അപ്പോഴാണ് സർക്കാരുകളുടെ ഒരു നോട്ടക്കുറവിന്റെ ഭാഗമായാണ് ഇത്തരം ഒരു അവസരമുണ്ടാകുന്നതെന്ന് മനസ്സിലാക്കുന്നത്. ഇങ്ങിനെ വിവരങ്ങൾ എടുത്ത് വിദ്വേഷപ്രചരണം നടത്തുമെന്ന് സർക്കാരും കരുതുന്നുണ്ടാകില്ലല്ലോ.

എന്നാൽ പിന്നെ മന്ത്രിയോട് തന്നെ ഈ വിഷയം ധരിപ്പിക്കാമെന്ന് വെച്ചു. അങ്ങിനെ മന്ത്രി ജി. സുധാകരനെ ടാഗ് ചെയ്ത് ഫേസ്‌ബുക്കിലെഴുതി. കുറെ പേർ ഷെയർ ചെയ്തു, ഇതേക്കുറിച്ചെഴുതി. ചിലർ സുധാകരൻ സാറിനെ നേരിട്ട് അറിയിച്ചു. അങ്ങിനെയാണ് ഈ വിഷയത്തിൽ മന്ത്രിയുടെ ഇടപെടലുണ്ടാകുന്നതും വെബ്‌സൈറ്റിൽ വിവരങ്ങൾ പ്രദർശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് വരുന്നത്.- അവർ പറഞ്ഞു.

.സ്‌പെഷ്യൽ മാര്യേജ് ആക്ടിൽ ഇനിയും മാറ്റങ്ങൾ വരണമെന്നാണ് ആതിര പറയുന്നത്. ഒരേ മതത്തിൽ പെട്ടവർ വിവാഹിതരാകുന്നതിനേക്കാൾ എത്രയോ നിയമനടപടികളാണ് വ്യത്യസ്ത മതത്തിൽപ്പെട്ടവർ വിവാഹിതരാകുമ്പോൾ പാലിക്കേണ്ടി വരുന്നത്. ഒരേ മതത്തിൽ പെട്ടവർ വിവാഹം കഴിഞ്ഞ ശേഷം രജിസ്റ്റർ ചെയ്താൽ മതി. വ്യത്യസ്ത മതത്തിൽപ്പെട്ടവർ ആകുമ്പോൾ 30 ദിവസം മുൻപ് രജിസ്റ്റർ ചെയ്യണം. കൂടാതെ വേറെയും നടപടികൾ.

ഇക്കാര്യത്തെക്കുറിച്ച് ഒരിക്കൽ രജിസ്റ്റർ ഓഫീസിൽ ചോദിച്ചിരുന്നു. അപ്പോൾ അവിടുത്തെ ഓഫീസർ പറഞ്ഞത്, 'വ്യാജന്മാരൊക്കെ വരാമല്ലോ. ഈ വിവാഹതിരാകുന്നവരിൽ വിവാഹത്തട്ടിപ്പുകാരുണ്ടെങ്കിലോ. അതുകൊണ്ടാണ് ഈ മുൻകൂട്ടി രജിസ്‌ട്രേഷനും മറ്റും വേണ്ടി വരുന്നത്.' എന്നാണ്. എനിക്ക് ഈ പറഞ്ഞതിനോട് ഒന്നേ ചോദിക്കാനുള്ളു. ഈ തട്ടിപ്പ് ഒരേ മതത്തിൽ ആകുമ്പോൾ നടക്കില്ലേ, വ്യത്യസ്ത മതത്തിൽ പെട്ടവർ മാത്രമാകുമ്പോഴാണോ ഇതൊക്കെ നടക്കുന്നത്?

ഈ പറയുന്ന 30 ദിവസം മുൻപ് രജിസ്റ്റർ ചെയ്യണമെന്നത് മാറിയേ തീരു. ഇത് തികച്ചും വിവേചനപരമാണ്. വിവാഹബന്ധങ്ങളിൽ ഒരാളുടെ സ്വകാര്യതക്കുള്ള അവകാശത്തെ ലംഘിക്കുന്നതാണിത്. അതുകൊണ്ട് തന്നെ സ്‌പെഷ്യൽ മാര്യേജ് ആക്ട് 1954ൽ ഭേദഗതി വരുത്തണം. അതിന് കേന്ദ്ര സർക്കാർ തീരുമാനമെടുക്കണം.ഈ വിഷയം എംപിമാരുടെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞാൻ ഇപ്പോൾ. അടുത്ത പാർലമെന്റ് യോഗം നടക്കുന്ന സമയത്ത് ഈ വിഷയം ആരെങ്കിലും ഉന്നയിക്കുകയും നിയമത്തിൽ ഭേദഗതി വരുകയുമാണെങ്കിൽ അത് വലിയ കാര്യമായിരിക്കും. ഇപ്പോൾ മന്ത്രി ജി. സുധാകരൻ നടത്തിയ ഇടപെടൽ ഈ നിയമത്തിലെ ഒരു നാഴികക്കല്ലാണ്.'- സുനിത ചൂണ്ടിക്കാട്ടി.

കടപ്പാട്- ന്യൂസ് മിനിട്ട്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP