Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോട്ടയം കിംസ് ആശുപത്രിക്കായി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും വായ്പ എടുത്തത് 43 കോടി രൂപ; തുക മുഴുവനും ഇ.എം.നജീബും കൂട്ടാളികളും ഒഴുക്കിയത് കിംസിന്റെ മറ്റു സ്ഥാപനങ്ങളിലേക്ക്; നൂറു കോടിയോളം രൂപ കോട്ടയം കിംസിൽ നിക്ഷേപിച്ചതായി വ്യാജരേഖ ചമച്ചുവെന്ന് പ്രവാസി വ്യവസായി ജൂബി ദേവസ്യ; പരാതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം വന്നത് നജീബ് ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി; ക്രിമിനൽ കേസ് സിവിൽ കേസാക്കാൻ നീക്കങ്ങൾ ശക്തമാക്കി കിംസ് ഗ്രൂപ്പ്

കോട്ടയം കിംസ് ആശുപത്രിക്കായി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും വായ്പ എടുത്തത് 43 കോടി രൂപ; തുക മുഴുവനും ഇ.എം.നജീബും കൂട്ടാളികളും ഒഴുക്കിയത് കിംസിന്റെ മറ്റു സ്ഥാപനങ്ങളിലേക്ക്; നൂറു കോടിയോളം രൂപ കോട്ടയം കിംസിൽ നിക്ഷേപിച്ചതായി വ്യാജരേഖ ചമച്ചുവെന്ന് പ്രവാസി വ്യവസായി ജൂബി ദേവസ്യ; പരാതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം വന്നത് നജീബ് ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി;  ക്രിമിനൽ കേസ് സിവിൽ കേസാക്കാൻ നീക്കങ്ങൾ ശക്തമാക്കി കിംസ് ഗ്രൂപ്പ്

എം മനോജ് കുമാർ

 കോട്ടയം: കോട്ടയം കിംസ് ആശുപത്രിയിലെ 43 കോടിയുടെ വായ്പാതട്ടിപ്പ് കേസ് റദ്ദ് ചെയ്യണമെന്നു ആവശ്യപ്പെട്ട് കിംസ് ഗ്രൂപ്പ് നീക്കങ്ങൾ ശക്തമാക്കുന്നു. നേരത്തെ തന്നെ ഈ കേസിലെ എഫ്‌ഐആർ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടു കിംസ് ഗ്രൂപ്പ് ഹൈക്കോടതിയിലെത്തിയിരുന്നു. കോട്ടയം കിംസ് ഉടമകളിൽ ഒരാളായ പ്രവാസി വ്യവസായി ജൂബി ദേവസ്യ നൽകിയ പരാതിയിൽ കോട്ടയം ക്രൈംബ്രാഞ്ച് ഫയൽ ചെയ്ത എഫ്‌ഐആർ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടുള്ള നീക്കങ്ങൾ ആണ് കിംസ് ശക്തമാക്കുന്നത്. കിംസ് ഉടമകളായ ഇ.എം.നജീബും കൂട്ടരുമാണ് എഫ്‌ഐആർ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടു ഹൈക്കോടതിയിയെ സമീപിച്ചത്. ജൂബി നൽകിയ വഞ്ചനാക്കേസ് സിവിൽ കേസ് ആക്കി മാറ്റണം, പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. കോവിഡ് കാരണം ഹൈക്കോടതിയിൽ ഹാജരാകുന്നതിനു ബുദ്ധിമുട്ടുകൾ ഉണ്ട് എന്നൊക്കെയുള്ള തടസവാദങ്ങളാണ് കിംസ് ഗ്രൂപ്പ് കോടതിയിൽ ഉന്നയിച്ചത്. കേസ് നാളെ ഹൈക്കോടതി പരിഗണിക്കും എന്നാണ് സൂചന. വഞ്ചനാക്കേസ് കിംസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കും എന്നുള്ളതുകൊണ്ടാണ് ക്രിമിനൽ കേസ് സിവിൽ കേസ് ആക്കണമെന്ന് കിംസ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. സിവിൽ കേസ് ആകുമ്പോൾ ക്രിമിനൽ കേസിന്റെ പശ്ചാത്തലമില്ല. മുന്നോട്ടു നീങ്ങാനുള്ള സാവകാശവും ലഭിക്കും. ഇതാണ് ക്രിമിനൽ കേസ് സിവിൽ കേസ് ആക്കാനുള്ള കിംസിന്റെ നീക്കങ്ങൾക്ക് പിന്നിൽ.

അതേസമയം 93 കോടി രൂപ കോട്ടയം കിംസിൽ നിക്ഷേപിച്ചതായി രജിസ്ട്രാർ ഓഫ് കമ്പനീസ് മുൻപാകെ കിംസ് വ്യക്തമാക്കിയതിനെക്കുറിച്ചും അന്വേഷണം ആവശ്യപ്പെട്ടു നീങ്ങാനുള്ള ഒരുക്കത്തിലാണ് ജൂബി ദേവസ്യ. നൂറു കോടിക്കടുത്ത തുക നിക്ഷേപിക്കാതെ നിക്ഷേപിച്ചതായി വ്യാജ രേഖ ചമച്ചുവെന്നാണ് ജൂബി ദേവസ്യ ആരോപിക്കുന്നത്. ഈ തുക കോട്ടയം കിംസിൽ നിക്ഷേപിച്ചിട്ടില്ലെന്നാണ് ജൂബി ദേവസ്യ മറുനാടനോട് പറഞ്ഞത്. കിംസിൽ തനിക്കുള്ള ഷെയർ കുറച്ച് കാണിക്കാൻ വേണ്ടിയാണ് കോട്ടയം കിംസിൽ നൂറു കോടിക്കടുത്ത തുക നിക്ഷേപിച്ചതായി രേഖകൾ ഉണ്ടാക്കിയത് എന്നാണ് ജൂബിയുടെ ആരോപണം. കോട്ടയം കിംസിന്റെ പേരിൽ കിംസ് ഗ്രൂപ്പ് നടത്തിയത് വായ്പാതട്ടിപ്പും വഞ്ചനയും ആണെന്ന് മനസിലാക്കിയാണ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം ഫയൽ ചെയ്തിട്ടുള്ളത്. വഞ്ചനാ കേസിന്റെ തുടർ അന്വേഷണത്തിനു റിസർവ് ബാങ്ക് അന്വേഷണ റിപ്പോർട്ട് കൂടി ക്രൈംബ്രാഞ്ചിനു ലഭിക്കേണ്ടതുണ്ട്. അതിനായി കോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയിട്ടുണ്ട്.

ഒരു സ്ഥാപനത്തിലേക്ക് അനുവദിക്കുന്ന തുക മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുന്നത് റിസർവ് ബാങ്ക് ചട്ടപ്രകാരം കുറ്റകരമാണ്. സിബിഐയോ പൊലീസോ അന്വേഷിക്കേണ്ട കുറ്റകൃത്യം എന്നാണ് റിസർവ് ബാങ്ക് ഫണ്ട് ദുരുപയോഗത്തിനെക്കുറിച്ച് വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ കോട്ടയം കിംസിൽ നടന്ന 43 കോടിയുടെ വായ്പാതട്ടിപ്പ് കേസ് സംബന്ധിച്ച് റിസർവ് ബാങ്ക് അന്വേഷണം നടത്തിയിരുന്നു. കോട്ടയം കിംസിന്റെ പേരിൽ വായ്പ എടുത്ത് സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും വായ്പ എടുത്ത് ഈ വായ്പ ദുരുപയോഗപ്പെടുത്തിയതിനെക്കുറിച്ചാണ് റിസർവ് ബാങ്ക് അന്വേഷിച്ചത്. തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്ന അന്വേഷണമാണ് റിസർവ് ബാങ്ക് നടത്തിയത്. ഈ റിപ്പോർട്ട് കൈമാറാൻ റിസർവ് ബാങ്ക് വിസമ്മതം പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് കോടതി വഴി റിസർവ് ബാങ്കിന് നോട്ടീസ് നൽകി ക്രൈംബ്രാഞ്ച് കാത്തിരിക്കുന്നത്. തിരുവനന്തപുരം റിസർവ് ബാങ്കാണ് ഈ കാര്യത്തിൽ അന്വേഷണം നടത്തിയത്. 43 കോടി രൂപ വായ്പയെടുത്ത ശേഷം അത് കിംസ് സ്ഥാപനങ്ങളിലേക്ക് നജീബ് വകമാറ്റിയത് ജൂബി ദേവസ്യ കണ്ടെത്തിയതോടെയാണ് കോട്ടയം കിംസിന്റെ ഡയറക്ടർമാരായ നജീബും ജൂബി ദേവസ്യയും പ്രശ്‌നങ്ങൾ തുടങ്ങിയത്. ജൂബിയുടെ പരാതിക്ക് ആധാരമായ കാര്യങ്ങൾ തന്നെയാണ് ക്രൈംബ്രാഞ്ചും കണ്ടെത്തിയത്. 2014 മാർച്ച് മുതൽ 2016 ജനുവരി വരെയുള്ള കാലയളവിലാണ് വായ്പത്തുക വിതരണം ചെയ്തത്. പണം വിനിയോഗിക്കുന്നത് എങ്ങനെയെന്ന് കണ്ടുപിടിക്കാൻ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഭാഗത്തുനിന്നു പരിശോധനയുണ്ടായില്ല. ഇതിനെ തുടർന്നാണ് വഞ്ചനയ്ക്ക് കൂട്ട് നിന്ന് എന്ന പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാനായ സലിം ഗംഗാധരനെ കൂടി ഉൾപ്പെടുത്തി കിംസിന്റെ ഇ.എം.നജീബ് ഉൾപ്പെടെയുള്ളവർക്ക് എതിരെ ജൂബി പരാതി നൽകിയത്.

43 കോടി രൂപ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും കോട്ടയം കിംസിനുവേണ്ടി എടുത്ത ശേഷം ഈ തുക അതേപടി ആശുപത്രി ഡയറക്ടർമാരായ നജീബും കൂട്ടരും സ്വന്തം സ്ഥാപനങ്ങളിലേക്ക് വകമാറ്റി. 130 കിടക്കകളുള്ള ഏഴു നിലക്കെട്ടിടം പണിയാനെന്ന പേരിലാണ് വായ്പ എടുത്തത്. ഈ തുക പക്ഷെ കോട്ടയം കിംസിലേക്ക് വന്നില്ല. വായ്പയെടുത്ത തുക മുഴുവനും കിംസ് ഗ്രൂപ്പിന്റെ മറ്റു സ്ഥാപനങ്ങളിലേക്കു മാറ്റി. ഇത് കാരണം ജൂബി ദേവസ്യയ്ക്ക് 63 കോടിയോളം രൂപ നഷ്ടമായി എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. 130 കിടക്കകൾ ഉള്ള മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കും എന്ന് പറഞ്ഞാണ് കിംസ് ഗ്രൂപ്പ് വായ്പ എടുത്തത്. ജൂബി നിർമ്മിച്ച അഞ്ചു നില ആശുപത്രി കെട്ടിടമല്ലാതെ ലോൺ എടുത്ത ശേഷം മറ്റു കെട്ടിടങ്ങൾ ഒന്നും കോട്ടയം കിംസിൽ വന്നില്ല. കിംസിന്റെ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ വായ്പ എടുത്ത തുക കിംസിന്റെ മറ്റ് സ്ഥാപനങ്ങളിലേക്ക് വകമാറ്റിയെന്നു കണ്ടെത്താൻ കഴിഞ്ഞു എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. വായ്പാ തുക ദുരുപയോഗപ്പെടുത്തിയതിന്റെ പേരിൽ റിസർവ് ബാങ്ക് നടത്തിയ അന്വേഷണ റിപ്പോർട്ട് കൂടി ലഭിക്കുമ്പോൾ മാത്രമേ ഈ വഞ്ചനയുടെ ആഴവും പരപ്പും കൂടുതൽ വ്യക്തമാവുകയുള്ളൂ എന്നാണ് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിക്കുന്നത്. ഇതൊക്കെ മുന്നിൽ കണ്ടാണ് നൂറു കോടി നിക്ഷേപിച്ചതായി രേഖയുണ്ടാക്കിയും കുറ്റപത്രം റദ്ദ് ചെയ്യാൻ ഹൈക്കോടതിയെ സമീപിച്ചുമൊക്കെ നീക്കങ്ങൾ കിംസ് ഊർജ്ജിതമാക്കുന്നത്.

അതേസമയം കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. വായ്പാ തട്ടിപ്പ് കേസിൽ കിംസിന്റെ സാരഥികളായ ഇ.എം.നജീബിനും മറ്റു ഡയറക്ടർമാർക്കും എതിരെ വഞ്ചനാക്കുറ്റത്തിന് ജൂബി ദേവസ്യ നൽകിയ കേസിൽ അന്വേഷണം തുടങ്ങിയതിനു ശേഷം മൂന്നാമത്തെ അന്വേഷണ ഉദ്യോഗസ്ഥനെയാണ് മാറ്റുന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരം എഫ്ഐആർ വന്നപ്പോൾ മൂന്നു ഡിവൈഎസ്‌പിമാരെയാണ് ഈ കേസിൽ മാറ്റിയത്. കഴിഞ്ഞ ജനുവരിയിൽ അന്വേഷണോദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്‌പിയെ സ്ഥലംമാറ്റിയിരുന്നു. തുടർന്ന് അന്വേഷണച്ചുമതലയേറ്റ ഡിവൈ.എസ്‌പിയെ കഴിഞ്ഞ മാസം 15-നു വീണ്ടും സ്ഥലംമാറ്റി. കിംസിൽ വായ്പാ തട്ടിപ്പ് നടന്നതായി കോട്ടയം ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനെ തുടർന്നാണ് ഡിവൈഎസ്‌പിമാരെ മാറ്റുന്നത് എന്നത് പ്രസക്തമാണ്. ഉദ്യോഗസ്ഥർ തുടർച്ചയായി സ്ഥലം മാറ്റപ്പെടുന്നതിന് പിന്നിൽ കിംസ് ഗ്രൂപ്പിന് ഉന്നതതലത്തിലുള്ള ബന്ധവും സ്വാധീനവുമാണെന്നാണ് ആരോപണം. കേസ് മുന്നോട്ടു പോകണമെങ്കിൽ റിസർവ് ബാങ്ക് റിപ്പോർട്ട് കൂടി വേണം. പക്ഷെ റിസർവ് ബാങ്കും ഈ കേസിൽ ഒത്തുകളിക്കുകയാണെന്ന സൂചനകൾ ശക്തമാണ്. റിസർവ് ബാങ്ക് റീജിയണൽ ഡയരക്ടർ ആയിരുന്ന സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ സലിം ഗംഗാധരനും കേസിൽ പ്രതിയാണ്. അതുകൊണ്ട് തന്നെയാണ് പൊലീസ് ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് ലഭ്യമാക്കാതെ റിസർവ് ബാങ്കും കള്ളക്കളി തുടരുന്നത്. കേസിൽ അന്വേഷണം മുന്നോട്ടു നീക്കാൻ ക്രൈംബ്രാഞ്ചിന് റിസർവ് ബാങ്ക് റിപ്പോർട്ട് വേണം. വായ്പാ തട്ടിപ്പ് കേസ് ആയതിനാലും വൻ തുകയുടെ ലോണുമായതിനാലുമാണ് പൊലീസ് റിസർവ് ബാങ്ക് റിപ്പോർട്ട് കാക്കുന്നത്. റിസർവ് ബാങ്ക് തിരുവനന്തപുരം ഓഫീസാണ് അന്വേഷണം നടത്തിയത്. കേസ് റദ്ദാക്കാൻ നജീബും മറ്റു പ്രതികളും ഹൈക്കോടതിയിൽ അപേക്ഷ നൽകിയെങ്കിലും ഇത് ഹൈക്കോടതി തള്ളുകയായിരുന്നു. കേസിലെ പ്രതിയായ സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാനായിരുന്ന ഏഴാം പ്രതി സലിം ഗംഗാധരനെയും എട്ടാം പ്രതിയും ബാങ്ക് സിഇഒയുമായ വി.ജി. മാത്യുവിനെയും അറസ്റ്റ് ചെയ്യുന്നതു മാത്രമാണ് ഹൈക്കോടതി തടഞ്ഞത്.

ബെൽറോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്ന കോട്ടയം കിംസിന്റെ കഥ ഇങ്ങനെ:

അമേരിക്കയിൽ ജീവിച്ച് സുഖസൗകര്യങ്ങൾ മനസിലാക്കി സ്വന്തം നാടായ കോട്ടയത്ത് അമേരിക്കൻ രീതിയിൽ നല്ലൊരു ആശുപത്രി പണിയാൻ വേണ്ടിയാണ് ജൂബി ദേവസ്യ മീനച്ചിലാറിന്റെ തീരത്ത് അഞ്ചര കോടി രൂപ മുതൽ മുടക്കിൽ ബെൽറോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആരംഭിച്ചത്. രണ്ടര ഏക്കർ സ്ഥലത്ത് 50000 സ്‌ക്വയർ ഫീറ്റ് കെട്ടിടമാണ് ആശുപത്രിക്ക് വേണ്ടി ജൂബി പണി തീർത്തത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത ആശുപത്രിയാണിത്. ആശുപത്രി വികസിപ്പിക്കാൻ സഹായം തേടിയാണ് ജൂബി കിംസിന്റെ ഇ.എം.നജീബിനെയും കൂട്ടരെയും സമീപിക്കുന്നത്. 2013-ൽ നജീബും കൂട്ടരും ബെൽറോസ് ആശുപത്രി വന്നു കണ്ടു. തിരുവനന്തപുരത്തെ കിംസ് ആശുപത്രി വന്നു കണ്ടു നോക്കൂ. അതുപോലെ ഒരാശുപത്രിയായി നമുക്ക് ബെൽറോസ് ആശുപത്രിയെ മാറ്റം. കിംസ് പോലെ ബെൽറോസ് ആശുപത്രിയെയും നമുക്ക് മാറ്റാം എന്നാണ് നജീബ് അന്ന് പറഞ്ഞത്. നജീബിന്റെ വാക്ക് വിശ്വസിച്ച് ബെൽറോസ് കോട്ടയം കിംസ് ആക്കി മാറ്റിയാണ് ഇവർ പദ്ധതി മുന്നോട്ടു നീക്കിയത്.

കോട്ടയം കിംസിന്റെ 55 ശതമാനം ഷെയറുകൾ നജീബിനും 45 ശതമാനം ഷെയറുകൾ ജൂബിക്കും എന്ന രീതിയിലാണ് ധാരണ വന്നത്. ഈ പങ്കാളിത്തത്തിന്റെ പുറത്ത് ആശുപത്രി വികസിപ്പിക്കാൻ 38 കോടി രൂപ ടേം ലോൺ ആയും മൂന്നു കോടി രൂപ വർക്കിങ് കാപ്പിറ്റലുമായാണ് സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും നജീബും പങ്കാളികളും ലോൺ എടുത്തത്. എന്നാൽ ഈ ലോൺ എടുത്ത കാര്യം 2017 വരെ ആശുപത്രിയുടെ 45 ശതമാനം ഷെയറുകൾ കൈവശം വയ്ക്കുന്ന ജൂബിയും ഭാര്യയും അറിഞ്ഞതേയില്ല എന്നാണ് ജൂബി മറുനാടനോട് പറഞ്ഞത്. ആശുപത്രി ഡയരക്ടർ ബോർഡിലും ഇത് ചർച്ചയ്ക്ക് വന്നില്ല. പക്ഷെ ലോൺ എടുക്കുകയും ചെയ്തു.

നജീബും സൗത്ത് ഇന്ത്യൻ ബാങ്കും നടത്തിയ ഒത്തുകളിയുടെയും ചതിയുടെ കഥ മനസിലാക്കിയാണ് ജൂബി ഹൈക്കോടതിയെ സമീപിച്ചത്. നിരവധി കേസുകളാണ് ഇതുമായി ബന്ധപ്പെട്ടു ജൂബി നൽകിയിരിക്കുന്നത്. . 2014 മുതൽ 2016 വരെ കിംസ് ലോൺ അടക്കുമ്പോൾ സൗത്ത് ഇന്ത്യൻ ബാങ്ക് ഒരു അന്വേഷണവും നടത്തിയില്ല. സൈറ്റ് ഇൻസ്‌പെക്ഷന്റെ ഫീസ് മാത്രം ഈടാക്കി. കെട്ടിടം പണി നടക്കുന്നുണ്ടോ എന്ന് അന്വേഷിച്ചില്ല. സ്ഥലത്ത് വന്നു നോക്കിയതുമില്ല. കെട്ടിടം പണിഞ്ഞോ എന്ന് ഇവർ അന്വേഷിച്ചതേയില്ല. അതുകൊണ്ട് തന്നെയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ സലിം ഗംഗാധരൻ കൂടി ഈ കേസിൽ പ്രതിയായി മാറിയത്. കെട്ടിടം പണിക്ക് ലോൺ എടുത്ത് കെട്ടിടം പണിയാതെ തന്നെ ലോൺ അനുവദിച്ചതിനാണ് ബാങ്ക് ചെയർമാൻ കൂടി പ്രതിയായി മാറിയത്.

130 ബെഡുള്ള ആശുപത്രി പണിയാൻ എന്ന് പറഞ്ഞ് 38 കോടി രൂപ ലോൺ എടുത്ത നജീബ് പക്ഷെ 50 സ്‌ക്വയർഫീറ്റ് ബിൽഡിങ് പോലും പണിതില്ല. ഫണ്ട് കിംസ് സ്ഥാപനങ്ങളിലേക്കും വിദേശങ്ങളിലുള്ള സ്ഥാപനങ്ങളിലേക്ക് വരെ വക മാറ്റി എന്നാണ് ജൂബി ദേവസ്യ നൽകിയ ക്രിമിനൽ സിവിൽ കേസുകളുടെ ആധാരം. പ്രതിപ്പട്ടികയിലുള്ള സലിം ഗംഗാധരൻ റിസർവ് ബാങ്കിന്റെ റീജനൽ ഡയറക്ടറായിരുന്നു. കിഫ്ബിയുടെ ഓംബുഡ്‌സ്മാനായി നിയമനം ലഭിക്കുകയും ചെയ്തു. ഇങ്ങനെയുള്ള സ്വാധീനം നിമിത്തമാണ് അന്വേഷണ സംബന്ധമായ രേഖകൾ ലഭ്യമാകാതിരിക്കുകയും നടപടികൾ മുന്നോട്ടു പോകാതിരിക്കുകയും ചെയ്യുന്നതെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് ജൂബി ദേവസ്യ. സിബിഐ. അന്വേഷണമാണ് കേസിൽ അഭികാമ്യം എന്ന് കരുതി അതിനുള്ള നീക്കങ്ങളിലാണ് ജൂബി ദേവസ്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP