Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിപിഎം ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌കരിച്ചപ്പോൾ മറ്റുചാനലുകളുമായി തങ്ങളെ താരതമ്യം ചെയ്യുന്നത് ഹാ കഷ്ടം എന്ന് പ്രതികരണം; ബഹിഷ്‌കരണം പ്രാകൃതമെന്നും ഭ്രഷ്ടെന്നും രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയമല്ല ഏഷ്യാനെറ്റിന്റേതെന്നും വിശദീകരണം; വിനു.വി ജോൺ അടക്കമുള്ള അവതാരകർക്ക് വീഴ്ചയുണ്ടായില്ലെന്ന വാദത്തോടെ പിന്തുണച്ച എഡിറ്റർ എം.ജി.രാധാകൃഷ്ണൻ ന്യൂസ് അവർ ആങ്കർ ചെയ്യുന്നു ബുധനാഴ്ച

സിപിഎം ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌കരിച്ചപ്പോൾ മറ്റുചാനലുകളുമായി തങ്ങളെ താരതമ്യം ചെയ്യുന്നത് ഹാ കഷ്ടം എന്ന് പ്രതികരണം; ബഹിഷ്‌കരണം പ്രാകൃതമെന്നും ഭ്രഷ്ടെന്നും രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയമല്ല ഏഷ്യാനെറ്റിന്റേതെന്നും വിശദീകരണം; വിനു.വി ജോൺ അടക്കമുള്ള അവതാരകർക്ക് വീഴ്ചയുണ്ടായില്ലെന്ന വാദത്തോടെ പിന്തുണച്ച എഡിറ്റർ എം.ജി.രാധാകൃഷ്ണൻ ന്യൂസ് അവർ ആങ്കർ ചെയ്യുന്നു ബുധനാഴ്ച

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണമുന്നണിയെ നയിക്കുന്ന സിപിഎം ഏഷ്യാനെറ്റ് ന്യൂസ് അവർ ബഹിഷ്‌കരിച്ചത് ചൂടേറിയ വാർത്തയായിരുന്നു. മറ്റുചാനലുകളുമായി ഏഷ്യാനെറ്റ് ന്യൂസിനെ താരതമ്യംചെയ്യുന്നത് ഹാ കഷ്ടം എന്നല്ലാതെ ഒന്നും പറയാനില്ലെന്ന് ചാനൽ എഡിറ്റർ എം.ജി.രാധാകൃഷ്ണൻ പ്രതികരിച്ചിരുന്നു. ഏതായാലും വിനു.വി.ജോണിനും മറ്റുമുള്ള എതിർപ്പുകൾ കണക്കിലെടുത്ത് ബുധനാഴ്ച എംജിആർ തന്നെ ന്യൂസ് അവർ നയിക്കാൻ എത്തുന്നു. കൊവിഡിനൊപ്പം ആറ് മാസം, അപകട മുനമ്പിൽ കേരളം എന്ന വിഷയത്തിലാണ് ചർച്ച. വിനു.വി.ജോൺ, പി.ജി.സുരേഷ് കുമാർ എന്നിവരാണ് സാധാരണ ഗതിയിൽ ന്യൂസ് അവർ ആങ്കർ ചെയ്യാറുള്ളത്. ഏതായാലും സിപിഎം ബഹിഷ്‌കരണത്തിന്റെ പശ്ചാത്തലത്തിൽ എംജിആറിന്റെ വരവ് സോഷ്യൽ മീഡിയയിൽ ചർച്ചയായി കഴിഞ്ഞു.

അതിനിടെ കൈരളി പ്രൈം ടൈം ചർച്ചയിലും ചില പ്രധാനമാറ്റങ്ങൾ സംഭവിച്ചു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ കൈരളി ചാനൽ മാനേജിങ് എഡിറ്റർ ജോൺ ബ്രിട്ടാസ് പ്രൈം ടൈം ചർച്ചകളുടെ അവതരണം ഏറ്റെടുത്തിരുന്നു. ട്വന്റി ഫോർ എഡിറ്റർ ശ്രീകണ്ഠൻ നായരും ചർച്ച നയിക്കാറുണ്ട്. എം.ജി.രാധാകൃഷ്ണൻ കൂടി എത്തുന്നതോടെ, ചാനൽ പ്രമുഖരെല്ലാം പ്രൈം ടൈം ന്യൂസ് അവർ ചർച്ചയിൽ സജീവ സാന്നിധ്യമാവുകയാണ്. പരിപാടികൾ അവതരിപ്പിക്കാറുണ്ടെങ്കിലും എംജിആറിനെ ന്യൂസ് അവറിൽ കാണാറില്ല. ബജറ്റ്-തിരഞ്ഞെടുപ്പ് കാലങ്ങളിൽ എംജിആർ ചർച്ചകളിൽ സജീവമാണ് താനും.

സിപിഎമ്മിന്റെ ബഹിഷ്‌കരണത്തെ കുറിച്ച് ഒരു ഓൺലൈൻ അഭിമുഖത്തിൽ എംജി.രാധാകൃഷ്ണൻ പറഞ്ഞത് ഇങ്ങനെ: മഹാരാജാക്കന്മാരുടെ കാലമല്ലല്ലോ, ജനാധിപത്യമല്ലേ, സ്പീക്കർ - പ്യൂൺ താരതമ്യം കേവലം പ്രയോഗമാണ്, അവതാരകർക്ക് വീഴ്ചയുണ്ടായിട്ടില്ല. രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയമല്ല ഏഷ്യാനെറ്റിന്റേത്. ഏഷ്യാനെററ് ന്യൂസിലും എംജിആർ വിശദീകരണം നൽകിയിരുന്നു. സിപിഎമ്മിന്റെ നിലപാട് ദൗർഭാഗ്യകരമാണെന്നും വീണ്ടും ചർച്ചകളിലേക്കും സംഭാഷണങ്ങളിലേക്കും പാർട്ടി മടങ്ങി വരണമെന്നാണ് അഭ്യർത്ഥനയെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം സംസ്ഥാന കമ്മറ്റി ന്യൂസ് അവറിന് ബഹിഷ്‌കരണം ഏർപ്പെടുത്തിയതിന് ശേഷം ചാനലിന്റെ മറ്റ് പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുകയാണെന്ന് സിപിഎം നേതാക്കൾ അറിയിച്ചിരിക്കുന്നു. ഞങ്ങളുടെ നിലപാടിൽ നിന്ന് മാറുന്നില്ല എന്നതാണ് ബഹിഷ്‌കരണം വ്യാപിപ്പിക്കുന്നതിനുള്ള കാരണമായി പാർട്ടി അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. ദേശീയ തലത്തിൽ ഭരണകൂടത്തെ സ്ഥിരമായി പ്രവർത്തിക്കുകയും മതവിദ്വേഷം മാത്രം പുലർത്തുന്ന മാധ്യമങ്ങളോട് ഞങ്ങളെ താരതമ്യം ചെയ്യുന്നത് ഹാ കഷ്ടം എന്നല്ലാതെ ഒന്നും പറയാനില്ലെന്നും എം.ജി രാധാകൃഷ്ണൻ പറഞ്ഞു.

സ്വാതന്ത്രസമരകാലത്ത് മഹാത്മാ ഗാന്ധി വിദേശ വസ്ത്രങ്ങൾ ബഹിഷ്‌കരിച്ച പോലെയാണെന്നാണ് അനുഭാവികളും നേതാക്കളും പാർട്ടി നിലപാടിനെ കുറിച്ച് വിശദീകരിക്കുന്നത്. എന്നാൽ ഇതുപോലെയാണോ ഇത്. ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായ രാഷ്ട്രീയ പ്രസ്ഥാനവും മാധ്യമ സ്ഥാപനവുമായുള്ള ബന്ധം ഇങ്ങനെ ആവണമോ. തീർച്ചയായിട്ടും പാടില്ല എന്നതാണ് വിനീതമായ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിചേർത്തു.

അതേസമയം, ബഹിഷ്‌കരണം ഒരു സമര രീതിയാണെന്നും പ്രാകൃതമാണെന്ന വാദം അപക്വമാണെന്നും ശശികുമാർ പ്രതികരിച്ചു. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഏഷ്യാനെറ്റ് ചാനലിന്റെ സ്ഥാപകൻ കൂടിയായ ശശികുമാറിന്റെ പ്രതികരണം.

'ബഹിഷ്‌കരണം പ്രാകൃതമാണ്, ഭ്രഷ്ടാണ് എന്നൊന്നും പറയാനാകില്ല. ഇത് തികച്ചും ജനാധിപത്യ രീതിയാണ്. ഏഷ്യാനെറ്റ് സ്റ്റുഡിയോയിൽ കയറി തല്ലുണ്ടാക്കിയാൽ അത് പ്രാകൃതമാണ്. ചാനൽ ഓഫീസിന് കല്ലെറിഞ്ഞാലും അങ്ങനെയാണ്. പക്ഷേ പങ്കെടുക്കില്ലെന്ന് പറയുന്നത് ജനാധിപത്യ അവകാശമല്ലേ. ഇപ്പോൾ നിങ്ങളുടേത് ഫെയർ മൈൻഡഡ് ജേണലിസം അല്ലെന്ന് എനിക്ക് തോന്നുകയാണെങ്കിൽ അതിൽ പങ്കെടുക്കില്ലെന്ന് എനിക്ക് തീരുമാനിക്കാം. അതുതന്നെയാണ് സിപിഎം ചെയ്തത്. അല്ലാതെ പ്രാകൃതമാണ്, ഭ്രഷ്ടാണ് എന്നൊക്കെ പറയുന്നതിൽ എന്തർത്ഥമാണുള്ളത്.'

പ്രശ്‌ന പരിഹാരത്തിന് ഏഷ്യാനെറ്റ് ന്യൂസ് മുൻകൈയെടുക്കണമെന്നും ശശികുമാർ പറഞ്ഞിരുന്നു:

'അതെ. ഒരു മുഖ്യധാരാ മാധ്യമമായ തങ്ങളെ ഒരു പാർട്ടി ബഹിഷ്‌കരിക്കുമ്പോൾ ആ പ്രശ്നം പരിഹരിക്കാൻ തീർച്ചയായും അവർ മുൻകൈ എടുക്കണം. ഏഷ്യാനെറ്റിന്റെ എഡിറ്റർ ഇൻ ചീഫ് എംജി രാധാകൃഷ്ണൻ ഉറപ്പായിട്ടും സിപിഎം വിരുദ്ധനല്ല. അദ്ദേഹം പി ഗോവിന്ദപിള്ളയുടെ മകനാണ്. എം ജി രാധാകൃഷ്ണനോട് ബഹുമാനമുള്ള ആളാണ് ഞാൻ. അദ്ദേഹം ഇടതുപക്ഷാഭിമുഖ്യമുള്ള വ്യക്തിയാണ്. കൂടാതെ ഫെയർ മൈൻഡഡ് ആയ, എത്തിക്കൽ ജേണലിസ്റ്റുകൂടിയാണ്. പ്രശ്നപരിഹാരത്തിന് ഇരുഭാഗത്തുനിന്നും ഇനിഷ്യേറ്റീവ് ഉണ്ടാകണം. ഇതൊരു തെറ്റിദ്ധാരണയാണോയെന്ന് അന്വേഷിക്കണം. പറയുന്ന രീതിയിൽ ചാനലിന്റെ ചർച്ചകളിൽ പാളിച്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഉത്തരവാദപ്പെട്ട ഒരു പാർട്ടി ബോയ്കോട്ട് ചെയ്യണമെങ്കിൽ നമ്മുടെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. അത്തരത്തിൽ ആഭ്യന്തരമായ വിലയിരുത്തലുകൾ വേണം. നമ്മൾ ചെയ്തത് ശരിയാണോ, സിപിഎമ്മിനെ മോശമായി പരിഗണിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ടോ. എന്നതൊക്കെ വിശദമായി പരിശോധിക്കണം. ഏഷ്യാനെറ്റ് ഒരുപക്ഷേ ഇതിനകം അത് നടത്തിയിട്ടുണ്ടാകും.'

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP