Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ച് റഫാൽ വിമാനങ്ങൾ ലഭിച്ചതിൽ തനിക്ക് സന്തോഷമുണ്ട്; ചൈനയും പാക്കിസ്ഥാനും ഒരുമിച്ച് വെല്ലുവിളി ഉയർത്തുമ്പോൾ റഫാൽ സൈന്യത്തിന് ശക്തിപകരും; യുപിഎ ഗവർമെന്റ് പോകുന്നതിന് മുൻപായി 90 ശതമാനത്തിലേറെ കാര്യങ്ങൾ നീക്കിക്കഴിഞ്ഞിരുന്നു; ആ കരാർ നടപ്പായിരുന്നെങ്കിൽ 18 വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് നേരിട്ടു വാങ്ങുകയും 108 എണ്ണം എച്ച്.എ.എൽ ഇവിടെ നിർമ്മിക്കുകയും ചെയ്യുമായിരുന്നു; റഫാൽ വിമാനങ്ങൾ ഇന്ത്യയിൽ എത്തിയതിൽ എ കെ ആന്റണിയുടെ പ്രതികരണം ഇങ്ങനെ

അഞ്ച് റഫാൽ വിമാനങ്ങൾ ലഭിച്ചതിൽ തനിക്ക് സന്തോഷമുണ്ട്; ചൈനയും പാക്കിസ്ഥാനും ഒരുമിച്ച് വെല്ലുവിളി ഉയർത്തുമ്പോൾ റഫാൽ സൈന്യത്തിന് ശക്തിപകരും; യുപിഎ ഗവർമെന്റ് പോകുന്നതിന് മുൻപായി 90 ശതമാനത്തിലേറെ കാര്യങ്ങൾ നീക്കിക്കഴിഞ്ഞിരുന്നു; ആ കരാർ നടപ്പായിരുന്നെങ്കിൽ 18 വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് നേരിട്ടു വാങ്ങുകയും 108 എണ്ണം  എച്ച്.എ.എൽ ഇവിടെ നിർമ്മിക്കുകയും ചെയ്യുമായിരുന്നു; റഫാൽ വിമാനങ്ങൾ ഇന്ത്യയിൽ എത്തിയതിൽ എ കെ ആന്റണിയുടെ പ്രതികരണം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ചൈനയും പാക്കിസ്ഥാനും ഒരുമിച്ച് വെല്ലുവിളി ഉയർത്തുമ്പോൾ റഫാൽ എത്തുന്നത് ഇന്ത്യൻ സൈന്യത്തിന് ശക്തിപകരുമെന്ന് മുൻ പ്രതിരോധമന്ത്രി എ കെ ആന്റണി. വളരെ സന്തോഷകരമായ ദിവസമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. വളരെ സന്തോഷകരമായ ഒരു ദിവസമാണ് ഇതെന്നും വൈകിയാണെങ്കിലും ഇന്ത്യൻ വ്യോമസേനയ്ക്ക് ഫ്രഞ്ച് നിർമ്മിതമായ അഞ്ച് റഫാൽ വിമാനങ്ങൾ ലഭിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നുമായിരുന്നു ആന്റണി പറഞ്ഞത്. എന്നാൽ പോലും ചില കാര്യങ്ങൾ ചരിത്രത്തിൽ മായ്ച്ചുകളയാനാകാതെ കിടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'വളരെ സന്തോഷകരമായ ദിവസമാണ്. ഫ്രഞ്ച് നിർമ്മിതമായ അഞ്ച് റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തിയിരിക്കുന്നു. ഏറെ വൈകാതെ അടുത്ത അഞ്ചെണ്ണം കൂടി ലഭിക്കും. അടുത്ത വർഷം അവസാനത്തോടുകൂടി 36 വിമാനങ്ങളും ഇന്ത്യയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ ഈ ഘട്ടത്തിൽ ഒരു സംഭവം ചരിത്രത്തെ ഞാൻ ഓർമ്മിപ്പിക്കാതെ പോകുന്നത് ശരിയല്ല.

2001 ൽ വാജ്പേയി ജി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ചൈനയും പാക്കിസ്ഥാനും ഒരുപോലെ വെല്ലുവിളി ഉയർത്തുന്ന കാലഘട്ടത്തിൽ ഇന്ത്യൻ വ്യോമസേന പുതിയ തലമുറയിൽപ്പെട്ട യുദ്ധ വിമാനങ്ങൾ വേണമെന്ന ആവശ്യം മുന്നോട്ടു വെക്കുന്നത്. നിർഭാഗ്യവശാൽ തീരുമാനമെടുക്കാൻ വൈകിപ്പോയി. 2007 ൽ മന്മോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഞാൻ പ്രതിരോധ മന്ത്രിയായിരുന്നപ്പോഴാണ് 126 പ്രതിരോധ വിമാനങ്ങൾ വാങ്ങാനുള്ള നടപടികൾ ആരംഭിച്ചത്. 2012ഓടെ നടപടി ക്രമങ്ങൾ ഏതാണ്ട് പൂർത്തിയായി. ആ ഘട്ടത്തിലാണ് കേന്ദ്ര കാബിനറ്റ് മന്ത്രിസ്ഥാനം മുൻപ് വഹിച്ചിരുന്ന ബിജെപിയുടെ രണ്ട് മുതിർന്ന നേതാക്കന്മാർ എനിക്ക് കത്ത് നൽകുന്നത്.

റഫാലിനെ ഇതിനായി തെരഞ്ഞെടുത്തതിൽ ക്രമക്കേടുണ്ടെന്ന് കാണിച്ചായിരുന്നു അത്. രണ്ട് മുതിർന്ന നേതാക്കളാണ്, മുൻകേന്ദ്രമന്ത്രിമാരാണ്, ആ പരാതി എനിക്ക് ചവറ്റുകൊട്ടയിൽ ഇടാൻ സാധിക്കുമായിരുന്നില്ല. ഉത്തരവാദിത്തപ്പെട്ട മന്ത്രിയെന്ന നിലയിൽ ഞാൻ ആ പരാതി പരിശോധിച്ചിട്ട് മുന്നോട്ടുപോകാൻ പ്രതിരോധ വകുപ്പിനോട് ആവശ്യപ്പെട്ടു. അതുകൊണ്ടാണ് കുറച്ചുകാലതാമസം അന്ന് വന്നത്.

പക്ഷേ യു.പി.എ ഗവർമെന്റ് പോകുന്നതിന് മുൻപായി 90 ശതമാനത്തിലേറെ കാര്യങ്ങൾ നീക്കിക്കഴിഞ്ഞിരുന്നു എന്ന് എച്ച്.എ.എൽ ചെയർമാനും ഫ്രഞ്ച് പ്രതിരോധ മന്ത്രിയും റഫാൽ കമ്പനിയും വ്യക്തമാക്കിയിരുന്നു. ആ കരാർ നടപ്പായിരുന്നെങ്കിൽ 18 വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് നേരിട്ടു വാങ്ങുകയും 108 എണ്ണം ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എൽ ഇവിടെ നിർമ്മിക്കുകയും ചെയ്യുമായിരുന്നു. ഫ്രഞ്ച് കമ്പനി റഫാലിന്റെ ടെക്നോളജി ട്രാൻസ്ഫർ എച്ച്.എ.എല്ലിന് നൽകാനായിരുന്നു തീരുമാനം. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ എച്ച്.എ.എല്ലിലെ ആയിരക്കണക്കിന് എഞ്ചിനിയീർമാർക്കും ടെക്നീഷ്യൻസിനും പതിനായിരക്കണക്കിന് തൊഴിലാളികൾക്കും ജോലി ലഭിക്കുമായിരുന്നു.

എന്നാൽ ആ 126 എണ്ണത്തിന്റെ കരാർ ഗവർമെന്റ് മാറിയപ്പോൾ റദ്ദാക്കി. പകരം 36 വിമാനങ്ങൾ വാങ്ങാൻ തീരുമാനമെടുത്തു. അതിൽ അഞ്ചെണ്ണം ഇപ്പോൾ എത്തിയിരിക്കുന്നു. അതിൽ സന്തോഷിക്കുന്നു. ഇന്ത്യൻ സൈന്യത്തിനും എയർഫോഴ്സിനും ശക്തിപകരുന്ന നീക്കം തന്നെയാണ് ഇത്. ചൈനയ്ക്കും പാക്കിസ്ഥാനും ശക്തമായ താക്കീതാണ്. പക്ഷേ എന്തിന് മികച്ച അവസരം നഷ്ടപ്പെടുത്തി എന്ന ഒരു ചോദ്യം ചരിത്രത്തിൽ കിടക്കും- ആന്റണി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP