Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭൂമി കയ്യിൽ കിട്ടും വരെ കാത്തിരുന്നാൽ ഗണപതി കല്ല്യാണം പോലെയാവുക കമ്മീഷന്റെ കാര്യം; അത് നഷ്ടപ്പെടുത്താൻ കഴിയാത്തതു കൊണ്ടാണ് ആദ്യം തന്നെ 4.6 കോടി രൂപയ്ക്ക് കൺസൾട്ടൻസിയെ വച്ചത്; മൂന്ന് വർഷത്തിനിടയിൽ കൺസട്ടൾട്ടന്റായ ലൂയീ ബർഗർ എന്തു ജോലിയാണ് വേഗത്തിൽ പൂർത്തിയാക്കിയതെന്ന മറു ചോദ്യവുമായി പ്രതിപക്ഷ നേതാവ്; വേണ്ടത് സമഗ്ര അന്വേഷണമെന്നും ആവശ്യം; ചെറുവള്ളിയിലെ വിമാനത്താവളത്തിൽ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വീണ്ടും ചെന്നിത്തല

ഭൂമി കയ്യിൽ കിട്ടും വരെ കാത്തിരുന്നാൽ ഗണപതി കല്ല്യാണം പോലെയാവുക കമ്മീഷന്റെ കാര്യം; അത് നഷ്ടപ്പെടുത്താൻ കഴിയാത്തതു കൊണ്ടാണ് ആദ്യം തന്നെ 4.6 കോടി രൂപയ്ക്ക് കൺസൾട്ടൻസിയെ വച്ചത്; മൂന്ന് വർഷത്തിനിടയിൽ കൺസട്ടൾട്ടന്റായ ലൂയീ ബർഗർ എന്തു ജോലിയാണ് വേഗത്തിൽ പൂർത്തിയാക്കിയതെന്ന മറു ചോദ്യവുമായി പ്രതിപക്ഷ നേതാവ്; വേണ്ടത് സമഗ്ര അന്വേഷണമെന്നും ആവശ്യം; ചെറുവള്ളിയിലെ വിമാനത്താവളത്തിൽ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വീണ്ടും ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മറ്റെല്ലാ കൺസൾട്ടൻസി കൊള്ളകളെയും ന്യായീകരിച്ച പോലെ വിചിത്രവും ബാലിശവുമായ വാദങ്ങളുന്നയിച്ചാണ് ശബരിമല വിമാനത്താവളത്തിന്റെ പേരിലെ കൺസൾട്ടൻസി തട്ടിപ്പിനെയും മുഖ്യമന്ത്രി വെള്ളപൂശുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

വിമാനത്താവളത്തിനുള്ള ഭൂമിയുടെ കാര്യത്തിൽ തീരുമാനമാകുന്നതിന് മുൻപ് എന്തിന് കൺസൾട്ടൻസിയെ വച്ച് കോടികൾ തുലച്ചു എന്ന കാതലായ ചോദ്യമാണ് താൻ ഉന്നയിച്ചത്. ഭൂമി കയ്യിൽകിട്ടുന്നതു വരെ കാത്തിരുന്നാൽ പദ്ധതി ഗണപതി കല്യാണം പോലെയാകുമെന്നാണ് മുഖ്യമന്ത്രി നൽകുന്ന മറുപടി. നല്ല മറുപടി. വിമാനത്താവളം പണിയണമെങ്കിൽ ഭൂമി കയ്യിൽ കിട്ടുക തന്നെ വേണം. പക്ഷേ അതിന് വേണ്ടി കാത്തിരുന്നാൽ കൺസൾട്ടൻസിയെ വച്ച് പണം തട്ടാനാവില്ല. വിമാനത്താവളമല്ല, കമ്മീഷന്റെ കാര്യമാണ് ഗണപതി കല്ല്യാണം പോലെ ആവുക. അത് നഷ്ടപ്പെടുത്താൻ കഴിയാത്തതിനാലാണ് ആദ്യം തന്നെ 4.6 കോടി രൂപയ്ക്ക് കൺസൾട്ടൻസിയെ വച്ചത്.

ഭൂമി കയ്യിൽ കിട്ടുന്നതിന് മുൻപ് കൺസൾട്ടൻസിയെ വച്ചത് പദ്ധതിയുടെ വേഗത വർദ്ധിപ്പിക്കുന്നതിനാണെന്ന് ന്യായീകരിക്കുന്ന മുഖ്യമന്ത്രി കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കൺസട്ടൾട്ടന്റായ ലൂയീ ബർഗർ എന്തു ജോലിയാണ് വേഗത്തിൽ പൂർത്തിയാക്കിയതെന്ന വിശദീകരിക്കണം. പദ്ധതിയുടെ ടെക്നോ എക്കണോമിക് പഠനവും പരിസ്ഥതി ആഘാത പഠനവും നടത്തുക, കേന്ദ്ര സർക്കാരിൽ നിന്ന് വിമാനത്താവളത്തിന് തത്വത്തിൽ അംഗീകാരം നേടിയെടുക്കുക, പരസ്ഥിതി അനുമതി വാങ്ങുക തുടങ്ങിയവയാണ് ലൂയി ബർഗറെ ഏല്പിച്ചിരുന്നത്. ഇതിലൊന്നു പോലും ചെയ്യാനവർക്ക് കഴിഞ്ഞില്ല.

അതും ഗണപതി കല്യാണം പോലെ നീണ്ടു പോവുകയല്ലേ ചെയ്തത്? നിർദ്ദിഷ്ട ഭൂമിയിൽ കടക്കാൻ പോലും അവർക്ക് കഴിയാത്തിനാൽ അവരെ ഏല്പിച്ച ജോലികൾ ചെയ്യാനായിട്ടില്ലെന്നാണ് മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിൽ വിമാനത്താവള സ്പെഷ്യൽ ഓഫീസർ വെളിപ്പെടുത്തിയത്. 4.6 കോടി രൂപയ്ക്ക് കരാർ എടുത്തവർ എന്തു ചെയ്തു എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. അത്രയും തുക ആവിയായി പോയില്ലേ? അതിന് എന്തു കൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറയാത്തത്?

ശബരിമല വിമാനത്താവളം ഒരിക്കലും വരരുതെന്നാഗ്രഹിക്കുന്നവർക്കേ ഇങ്ങനെയൊക്കെ ചോദിക്കാൻ കഴിയൂ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ശബരിമല വിമാനത്താവളമെന്നത് യു.ഡി.എഫിന്റെ ആശയമായിരുന്നു എന്ന കാര്യം മുഖ്യമന്ത്രി മറക്കരുത്. വിമാനത്താവളം പണിയണമെന്നതിനോട് യു.ഡി.എഫിന് പൂർണ്ണ യോജിപ്പാണുള്ളത്. അതിന്റെ മറവിൽ കൺസൾട്ടൻസിയെ വച്ച് പണം തട്ടുന്നതിനോടാണ് എതിർപ്പ്. നേരത്തെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെയും കണ്ണൂർ എയർപോർട്ടിന്റെ സ്ഥലമെടുപ്പിനേയും സർവ്വ ശക്തിയുമുപയോഗിച്ച് എതിർത്തത് ആരാണെന്ന് ജനങ്ങൾക്കറിയാം. വിഴിഞ്ഞം തുറമുഖത്തേയും കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയെയും കള്ളക്കഥകൾ പറഞ്ഞ് അട്ടിമറിക്കാൻ ശ്രമിച്ചതെന്ന് ആരാണെന്നും ജനങ്ങൾ മറന്നിട്ടില്ല.

ശബരിമല വിമാനത്താവളമല്ല, അതിന്റെ പേരിലെ കൺസൾട്ടൻസി കമ്മീഷനിലാണ് സർക്കാരിന് നോട്ടം എന്നാണ് പുറത്തു വന്ന വസ്തുതകൾ തെളിയിക്കുന്നത്. ഇതിനെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾക്ക് ഇന്നലെ രൂക്ഷമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനം എങ്ങനെയെങ്കിലും ഒന്ന് ഒഴിഞ്ഞുകിട്ടണമെന്ന് അദ്ദേഹം ചിന്തിക്കുന്നുണ്ടാവും. അതൊക്കെ യാഥാർഥ്യമാകാൻ പോകുന്നുണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. എല്ലാ ദിവസവും അദ്ദേഹം പ്രസ്താവനകൾ ഇറക്കുന്നു. മാധ്യമ പ്രവർത്തകർ അതേപ്പറ്റി തന്നോട് ചോദിക്കുന്നു. താനെന്ത് മറുപടി നൽകാനാണ്. അദ്ദേഹത്തിന്റെ പ്രത്യേക മാനസികനിലയെപ്പറ്റി തനിക്ക് പ്രതികരിക്കാനാകുമോ എന്നും കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ചോദിച്ചിരുന്നു.

ശബരിമല വിമാനത്താവളത്തിന്റെ കൺസൾട്ടൻസി കുഴപ്പംപിടിച്ച ഏജൻസിയെയാണ് ഏൽപ്പിച്ചതെന്നും അവർ സ്ഥലംപോലും കണ്ടിട്ടില്ലെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മുഖ്യമന്ത്രി വിശദമായ മറുപടി നൽകി. ശബരിമല വിമാനത്താവളം വരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതാണ്. ശബരിമലയുമായി ബന്ധപ്പെട്ട താത്പര്യമുള്ളവർക്കെല്ലാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്നവർക്കുവേണ്ടി അവിടെ ഒരു വിമാനത്താവളം വേണമെന്ന ആഗ്രഹമുണ്ട്. അതിന്റെ ഭാഗമായാണ് നടപടികൾ സ്വീകരിച്ചത്. എവിടെയാണ് അതിന് പറ്റിയസ്ഥലം എന്ന് പരിശോധിച്ചപ്പോഴാണ് ചെറുവള്ളി എസ്റ്റേറ്റാണ് അതിന് പറ്റിയസ്ഥലം എന്ന് കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2263 ഏക്കറുള്ള ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ 2020 ജൂൺ 18നാണ് ഉത്തരവിറക്കിയത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലാണ് ഭൂമി. ഈ ഭൂമി ഹാരിസൺ മലയാളം പ്ലാന്റേഷൻ കൈവശംവെച്ചതും പിന്നീട് കൈമാറ്റം ചെയ്തതുമാണ്. ഹാരിസൺ മലയാളത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കമുണ്ട്. പ്രസ്തുത ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്ന് കാണിച്ച് പാലാ സബ് കോടയിൽ സിവിൽ സ്യൂട്ടുണ്ട്. നേരത്തെ ഈ ഭൂമി നിയമവിരുദ്ധമായി ഹാരിസൺ മലയാളം കൈമാറ്റം ചെയ്തുവെന്ന് സർക്കാർ ഉദ്യോഗസ്ഥതല സമിതി കണ്ടെത്തിയിട്ടുണ്ട്.

സാധ്യതാ പഠനനവും പരിസ്ഥിതി ആഘാത പഠനവും നടത്തുന്നതിനു വേണ്ടിയാണ് കൺസൾട്ടൻസിയെ നിയമിച്ചത്. നിയമനം സുതാര്യമാണ്. മൂന്ന് സ്ഥാപനങ്ങളെ സാങ്കേതിക യോഗ്യതയുടെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്തശേഷം ഏറ്റവുമധികം സ്‌കോർ ലഭിച്ച സ്ഥാപനത്തെയാണ് തിരഞ്ഞെടുത്തത്. ഉദ്യോഗസ്ഥർ ഉൾപ്പെട്ട സങ്കേതിക വിദഗ്ധ സമിതിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ഭൂമി കൈയിൽ കിട്ടുന്നതിന് മുമ്പ് എന്തിനാണ് കൺസൾട്ടൻസിയെ നിയമിച്ചത് എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യം നല്ലതാണ്. ശബരിമല വിമാനത്താവളം ഒരിക്കലും വരരുതെന്ന് ആഗ്രഹിക്കുന്നവർക്കേ ആ ചോദ്യം ചോദിക്കാനാവൂ എന്നും പിണറായി പറഞ്ഞിരുന്നു.

ഭൂമി കൈയിൽ കിട്ടുന്നതുവരെ കാത്തിരുന്നാൽ പദ്ധതി ഗണപതി കല്യാണം പോലെയാകും. എത്രയും വേഗം പദ്ധതി യാഥാർഥ്യമാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. വഴിമുടക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർക്ക് ചെവികൊടുക്കാൻ സർക്കാർ തയ്യാറല്ല. തർക്കങ്ങൾ തീർത്ത് ഭൂമി ഏറ്റെടുക്കാനാവും. അനുകൂല വിധി ഉണ്ടാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിനെതിരെയാണ് ചെന്നിത്തല വീണ്ടും പ്രതികരണവുമായി എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP