Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താമരശ്ശേരി ചുരം.... പിന്നെ മെയ്തീനെ ആ ചെറ്യ സ്‌ക്രൂ ഡ്രൈവറിങ്ങെടുത്തേ, ഇപ്പ ശര്യാക്കിത്തരാ......! റോഡ് റോളർ എന്ന് കേട്ടാൽ മനസ്സിൽ ഓടിയെത്തുക പ്രിയൻ ചിത്രത്തിലെ ചക്കടാ വണ്ടിയും മതിൽ ഇടിച്ചുള്ള അപകടവും പിന്നെ കുതിരവട്ടം പപ്പുവിന്റെ വണ്ടി നന്നാക്കലും; മലയാളിയെ പൊട്ടിച്ചിരിപ്പിച്ച സിനിമയിലെ 'ആ കഥാപത്രം' ഇനി തിരുവണ്ണൂരുകാരൻ മുഹമദ് സ്വാലിഹിന് സ്വന്തം; മലയാള സിനിമയുടെ ചരിത്രത്തിനൊന്നും നിക്കുന്ന റോഡ് റോളർ 1.99 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയ കഥ

താമരശ്ശേരി ചുരം.... പിന്നെ മെയ്തീനെ ആ ചെറ്യ സ്‌ക്രൂ ഡ്രൈവറിങ്ങെടുത്തേ, ഇപ്പ ശര്യാക്കിത്തരാ......! റോഡ് റോളർ എന്ന് കേട്ടാൽ മനസ്സിൽ ഓടിയെത്തുക പ്രിയൻ ചിത്രത്തിലെ ചക്കടാ വണ്ടിയും മതിൽ ഇടിച്ചുള്ള അപകടവും പിന്നെ കുതിരവട്ടം പപ്പുവിന്റെ വണ്ടി നന്നാക്കലും; മലയാളിയെ പൊട്ടിച്ചിരിപ്പിച്ച സിനിമയിലെ 'ആ കഥാപത്രം' ഇനി തിരുവണ്ണൂരുകാരൻ മുഹമദ് സ്വാലിഹിന് സ്വന്തം; മലയാള സിനിമയുടെ ചരിത്രത്തിനൊന്നും നിക്കുന്ന റോഡ് റോളർ 1.99 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയ കഥ

ജാസിം മൊയ്ദീൻ

കോഴിക്കോട്; വെള്ളാനകളുടെ നാട് എന്ന സിനിമയിൽ കുതിരവട്ടം പപ്പുവിന്റെ ഡയലോഗിലൂടെ പ്രസിദ്ധമായ റോഡ് റോളർ പിഡബ്ല്യുഡി ലേലത്തിൽ വിറ്റു. കോഴിക്കോട് തിരുവണ്ണൂർ സ്വദേശിയും കോൺട്രാക്ടറുമായ മുഹമ്മദ് സ്വാലിഹാണ് കുതിരവട്ടം പപ്പു അവതരിപ്പിച്ച സുലൈമാൻ എന്ന കഥാപാത്രം ഇപ്പൊ ശരിയാക്കിത്തരാം എന്ന് പറഞ്ഞ റോഡ് റോളർ ലേലത്തിൽ സ്വന്തമാക്കിയത്. 1.99 ലക്ഷം രൂപക്കാണ് മുഹമ്മദ് സ്വാലിഹ് റോളർ സ്വന്തമാക്കിയത്.

ഇന്നലെയാണ് പിഡബ്ല്യൂഡി റോഡ് റോളർ ലേലത്തിൽ വിറ്റത്. കഴിഞ്ഞ മൂന്ന് വർഷമായി ഉപയോഗിക്കാതെ കിടക്കുന്ന റോഡ് റോളർ സിനിമയിൽ കണ്ടതിനേക്കാൾ മോശമായ അവസ്ഥയിലാണിപ്പോൾ. ഇനി പുനരുപയോഗിക്കാൻ കഴിയുമോ എന്നും സംശയമാണ്. എങ്കിലും വാഹനത്തിന്റെ പാർട്സുകൾ വിദേശ നിർമ്മിതമായതിനാൽ അഴിച്ചെടുത്ത് മറ്റു വാഹനങ്ങളിൽ ഉപയോഗിക്കാനാകുമെന്നാണ് കരുതുന്നത്. നിശ്ചയിച്ച വലിയിൽ നിന്നും 19000 രൂപ അധികവിലയ്ക്കാണ് ലേലം അവസാനിച്ചത്.

സിനിമയിൽ കട്ടപ്പുറത്തായിരുന്നെങ്കിലും നിരവധി മരാമത്ത് പണികളിൽ പങ്കാളിയായ വാഹനമാണിത്. 1987 മോഡലായ ജെസോപ് റോഡ് റോളർ ആയിരത്തിലേറെ നിർമ്മാണ പ്രവർത്തികളിൽ പങ്കാളിയായിട്ടുള്ളതായി പൊതുമരാമത്ത് വകുപ്പ് അവകാശപ്പെടുന്നു. നിലവിൽ സ്വന്തമായി മൂന്ന് റോഡ് റോളറുകൾ ഉള്ളയാളാണ് ഇന്നലെ സിനിമാതാരമായ റോഡ് റോളർ സ്വന്തമാക്കിയ മുഹമ്മദ് സ്വാലിഹ്. മറ്റൊരു ആവശ്യത്തിനായി പിഡബ്ല്യൂഡി ഓഫീസിലെത്തിയപ്പോഴാണ് ലേലത്തിന്റെ വിവരമറിയുന്നതും അതിൽ പങ്കെടുക്കുന്നതും. സിനിമയിൽ ഉപയോഗിച്ച വാഹനമാണിതെന്ന് ലേലത്തിൽ പങ്കെടുക്കുന്ന സമയത്ത് അറിയില്ലായിരുന്നെന്ന് സ്വാലിഹ് പറയുന്നു.

പിന്നീട് മാധ്യമങ്ങളിൽ നിന്ന് വിളി വന്നപ്പോഴാണ് സിനിമയിലൂടെ പ്രസിദ്ധമായ റോഡ് റോളറാണ് താൻ വാങ്ങിയതെന്ന് മനസ്സിലാകുന്നത്. സിനിമയിൽ കണ്ടതിനേക്കാൾ പരിതാപകരമായ അവസ്ഥയിലാണ് വാഹനം ഇപ്പോഴുള്ളത്. മൂന്ന് വർഷമായി കോഴിക്കോട് സിവിൽ സ്റ്റേഷൻ പരിസരത്ത് ഉപയോഗിക്കാതെ കിടക്കുകയാണ്. ഇനി പുനരുപയോഗിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. എങ്കിലും റോളറിന്റെ മറ്റു പാർട്സുകൾ വിദേശ നിർമ്മിതമായതിനാൽ തന്നെ അത് അഴിച്ചെടുത്ത് മറ്റ് വാഹനങ്ങളിൽ ഉപയോഗിക്കാനാകും. ഇപ്പോഴുള്ള വാഹനങ്ങളുടെ പാർട്സുകളേക്കാൾ മികച്ചതാണ് ഇതിനുള്ളതെന്നും സ്വാലിഹ് വ്യക്തമാക്കുന്നു.

1988ൽ പ്രിയദർശൻ സംവിധാനം ചെയ്ത സിനിമയാണ് വെള്ളാനകളുടെ നാട്. മോഹൻലാലും ശോഭനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയുടെ കഥ ശ്രീനിവാസന്റേതായിരുന്നു. മണിയൻ പിള്ള രാജുവായിരുന്നു നിർമ്മാതാവ്. സിനിമയിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നായ സുലൈമാനെ അവതരിപ്പിച്ച കുതിരവട്ടം പപ്പുവിന്റെ ഡയലോഗിലൂടെയാണ് ഈ റോഡ് റോളരും പ്രസിദ്ധമാകുന്നത്. മെയ്തീനെ ആ ചെറ്യ സ്‌ക്രൂഡ്രൈവറിങ്ങെടുത്തേ, ഇപ്പ ശര്യാക്കിത്തരാ എന്ന ഡയലോഗും സിപി നായരുടെ റോഡ് റോളറും ഇപ്പോഴും ആ സിനിമ കണ്ടവരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. അതേ റോഡ് റോളറാണ് ഇപ്പോൾ വർഷങ്ങൾക്ക് ശേഷം മുഹമ്മദ് സ്വാലിഹ് ലേലത്തിലൂടെ സ്വന്തമാക്കിയത്.

കുതിരവട്ടം പപ്പുവിന്റെ ഏറ്റവും ഹിറ്റ് കഥാപാത്രങ്ങളിൽ ഒന്നാണ് വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ എഞ്ചിൻ ഓപ്പറേറ്ററായ സുലൈമാൻ എന്ന കഥാപാത്രം. ചിത്രത്തിലെ 'താമരശ്ശേരി ചൊരം' എന്ന ഡയലോഗ് പപ്പുവിന്റെ ശൈലിയിൽ ഹിറ്റായിരുന്നു. മുമ്പ് 1986 ൽ മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടു കെട്ടിൽ ഒരുങ്ങിയ ടി.പി ബാലഗോപാലൻ എം.എ എന്ന ചിത്രത്തിൽ ചന്ദ്രൻകുട്ടി എന്ന കഥാപാത്രം താമരശ്ശേരി ചുരത്തിന്റെ ഡയലോഗ് പറയുന്നുണ്ട്. പിന്നീട് പ്രിയദർശൻ തന്റെ സിനിമയായ വെള്ളാനകളുടെ നാടിലും ഈ ഡയലോഗിന്റെ പുതിയ പതിപ്പ് അവതരിപ്പിക്കുകയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP