Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അയോധ്യവിധിയെപ്പോലെ എതിർക്കേണ്ട ഒന്നാണ് ഹാഗിയ സോഫിയ മുസ്ലിംപള്ളിയാക്കി മാറ്റിയതും; ചന്ദ്രിക പത്രത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇതിനെ അനുകൂലിച്ച് ലേഖനമെഴുതിയത് അങ്ങേയറ്റം പ്രതിഷേധാത്മകമാണ്; കേരളത്തിലെ മത സൗഹാർദത്തെ ലേഖനം എങ്ങനെ ബാധിക്കുമെന്ന് ഇവർ ആലോചിക്കണം; മുസ്ലിംലീഗ് ഒരിക്കലും ആ നടപടിയെ അനുകൂലിക്കാൻ പാടില്ല; നിലപാട് വ്യക്തമാക്കി എം എൻ കാരശ്ശേരി

അയോധ്യവിധിയെപ്പോലെ എതിർക്കേണ്ട ഒന്നാണ് ഹാഗിയ സോഫിയ മുസ്ലിംപള്ളിയാക്കി മാറ്റിയതും; ചന്ദ്രിക പത്രത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇതിനെ അനുകൂലിച്ച് ലേഖനമെഴുതിയത് അങ്ങേയറ്റം പ്രതിഷേധാത്മകമാണ്; കേരളത്തിലെ മത സൗഹാർദത്തെ ലേഖനം എങ്ങനെ ബാധിക്കുമെന്ന് ഇവർ ആലോചിക്കണം; മുസ്ലിംലീഗ് ഒരിക്കലും ആ നടപടിയെ അനുകൂലിക്കാൻ പാടില്ല; നിലപാട് വ്യക്തമാക്കി എം എൻ കാരശ്ശേരി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അയോധ്യവിധിയെപ്പോലെ എതിർക്കേണ്ട ഒന്നാണ് തുർക്കിയിലെ ഹാഗിയ സോഫിയ മുസ്ലിംപള്ളിയാക്കി മാറ്റിയതും, മുസ്ലീലീഗ് മുഖപത്രമായ ചന്ദ്രിക പത്രത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇതിനെ അനുകൂലിച്ച് ലേഖനമെഴുതിയത് അങ്ങേയറ്റം പ്രതിഷേധാത്മകമാണെന്നും എഴുത്തുകാരനും സാംസ്്ക്കാരിക പ്രവർത്തകനുമായ ഡോ എം എൻ കാരശ്ശേരി ചൂണ്ടിക്കാട്ടി.കേരളത്തിലെ മത സൗഹാർദത്തെ ലേഖനം എങ്ങനെ ബാധിക്കുമെന്ന് ഇവർ ആലോചിക്കണമെന്നും മുസ്ലിംലീഗ് ഒരിക്കലും ആ നടപടിയെ അനുകൂലിക്കാൻ പാടില്ലെന്നും എം എൻ കാരശ്ശേരി ചൂണ്ടിക്കാട്ടി.

എം എൻ കാരശ്ശേരിയുടെ വീഡിയോയുടെ പൂർണ്ണരൂപം ഇങ്ങനെയാണ്:

2020 ജൂലൈ 24ന് ഇസ്താംബുളിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ എന്ന മ്യൂസിയം മുസ്ലിംപള്ളിയാക്കി മാറ്റി. നിലവിലെ തുർക്കി പ്രസിഡന്റ് എർദോഗാന്റെ നേതൃത്വത്തിലായിരുന്നു നടപടി. അന്ന് അവിടെ നടന്ന കൂട്ടപ്രാർത്ഥന വലിയ വാർത്തയായി, ദൃശ്യങ്ങളും ചിത്രങ്ങളുമായി ലോകം മുഴുവൻ നിറഞ്ഞു.

ഒരു ക്രിസ്ത്യൻ ദേവാലയമായിരുന്നു ഹാഗിയ സോഫിയ. ക്രിസ്തുവർഷം 537ലാണ് ഇത് പണികഴിപ്പിച്ചത്. അക്കാലത്ത് ഓർത്തഡോക്‌സ് ക്രിസ്ത്യാനികളുടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയമായിരുന്നു അത്. ഒട്ടോമൻ എംബയർ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയ 1453ലാണ് ആ ദേവാലയം ഒരു പ്രശ്‌നം നേരിടുന്നത്. ഒട്ടോമൻ എംബയർ അറബിയിൽ ഉസ്മാനിയ ഖിലാഫത്ത് എന്ന് പറയും. ഉസ്മാനിയ എന്ന വാക്കിന്റെ ഇംഗ്ലീഷ് പദമാണ് ഒട്ടോമൻ എന്ന് പറയുന്നത്.

മുസ്ലീങ്ങൾ നഗരം കീഴടക്കിയപ്പോൾ, അവിടെയുണ്ടായിരുന്ന പ്രധാന ക്രിസ്ത്യൻ ദേവാലയം അവർ മുസ്ലിംപള്ളിയാക്കി മാറ്റുകയായിരുന്നു. ചരിത്രത്തിൽ പലയിടത്തും ഇത്തരം സംഭവങ്ങൾ കാണാം. അതൊക്കെ രാജാധിപത്യത്തിന്റെ കാലത്തെ കാര്യങ്ങളാണ്. ഒരു രാജാവ് അല്ലെങ്കിൽ ഒരു രാജവംശം അങ്ങനെ ചെയ്യുന്നു, അതിനിപ്പോൾ അന്നത്തെ കാലത്ത് ഒന്നും ചെയ്യാനില്ല. 1453 എന്ന് പറയുന്നത് 15-ാം നൂറ്റാണ്ടാണ്. അതിന് ശേഷം 1931 വരെ ഹാഗിയ സോഫിയ മുസ്ലിംപള്ളിയായിരുന്നു. ക്രിസ്ത്യൻ ദേവാലയത്തിലുണ്ടായിരുന്ന പല ശിൽപങ്ങളും അവർ നശിപ്പിച്ചിരുന്നു.

1922ലാണ് രാജഭരണം അവസാനിച്ച് ഒരു റിപ്പബ്ലിക് ആയി തുർക്കി മാറുന്നത്. അന്നത്തെ പ്രസിഡന്റ്, തുർക്കിയുടെ പിതാവ് എന്ന് വിളിക്കപ്പെടുന്ന കമാൽ പാഷയായിരുന്നു. അദ്ദേഹം ആ ദേവാലയം നാല് വർഷം അടച്ചിട്ടു. 1935ൽ അതൊരു മ്യൂസിയമായി പ്രഖ്യാപിച്ചു. ശിൽപകലയിൽ, കെട്ടിട നിർമ്മാണ കലയിൽ ഏറെ സ്ഥാനമുള്ള അതിമനോഹരമായ കെട്ടിടമാണ് ഹാഗിയ സോഫിയ എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. അവിടെയെത്തുന്ന ആർക്കും, ഏത് മതക്കാർക്കും ഏത് ജാതിക്കാർക്കും കയറി കാണാവുന്ന ഒരു മ്യൂസിയമായിരുന്നു ഹാഗിയ സോഫിയ ഇതുവരെ.

മ്യൂസിയമാക്കിക്കൊണ്ടുള്ള 1935ലെ ഉത്തരവ് തുർക്കി കോടതി റദ്ദാക്കിയതിന് പിന്നാലെയാണ്, മതമൗലികവാദിയായ എർദോഗാൻ ഹാഗിയ സോഫിയ പള്ളിയായി പ്രഖ്യാപിച്ചത്. ഇത് വലിയൊരു അന്യായമാണ് എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം, തുർക്കിയിൽ 82 ശതമാനവും മുസ്ലീങ്ങളാണ്. 0.2 ശതമാനമാണ് അവിടെയുള്ള ക്രിസ്ത്യാനികൾ. അതിന് പുറത്ത് എത്രയോ കോടി ക്രിസ്ത്യാനികളും, മതേതരവാദികളുമുണ്ട്, അവരെയൊക്കെ വേദനിപ്പിക്കുന്ന തീരുമാനമാണ് അത്. ഒരു കാലത്ത് ഹാഗിയ സോഫിയ ക്രിസ്ത്യൻ ദേവാലയമായിരുന്നു, പിന്നീടത് മുസ്ലിംപള്ളിയായി. ജനാധിപത്യം വന്നപ്പോൾ അത് പ്രത്യേകിച്ച് ഒരു കൂട്ടർക്കും അവകാശമില്ലാത്തതായി മാറി. അങ്ങനെയാണ് ജനാധിപത്യം ചെയ്യുക. അതിന്റെ ചരിത്രമാണ് പ്രധാനം.

2001ൽ അഫ്ഗാനിസ്താനിൽ മുല്ല ഉമറിന്റെ നേതൃത്വത്തിലുള്ള താലിബാൻ സർക്കാർ ആയിരക്കണക്കിന് വർഷം പഴക്കമുള്ള ബുദ്ധ പ്രതിമകളാണ് തകർത്തത്. അന്ന് അവർ പറഞ്ഞ ന്യായം ബിംബാരാധന ഇസ്ലാമിന് എതിരാണെന്നാണ്. ഇന്ത്യയിലെ മതേതരവാദികളും, ജനാധിപത്യവാദികളും ന്യൂനപക്ഷങ്ങളും ഉൾപ്പടെ പറയുന്നത് ബാബാരി മസ്ജിദ് പൊളിച്ചത് തെറ്റാണെന്നും, അവിടെ രാമക്ഷേത്രമുണ്ടാക്കുന്നത് തെറ്റാണെന്നുമാണ്. അവിടെ അന്യായമായാണ് വിഗ്രഹങ്ങൾ സ്ഥാപിച്ചതെന്ന് പറയുന്ന കോടതി തന്നെ അവിടെ രാമക്ഷേത്രം ഉണ്ടാക്കണമെന്ന് പറയുകയാണ്. എന്ത് കോടതി വിധിയാണത്, ഈ കോടതിവിധിയുടെ വിലമാത്രമേ തുർക്കിയിലെ കോടതിവിധിക്കുമുള്ളൂ. കാരണം അതങ്ങനെ പകുത്തുകൊടുക്കേണ്ട ഒന്നല്ല, മനുഷ്യവംശത്തിന്റെ, ചരിത്രത്തിന്റെ, സംസ്‌കാരത്തിന്റെ സ്വത്താണ് അത്.

1949ൽ അയോധ്യയിൽ തർക്കമുണ്ടായപ്പോൾ ജവഹർലാൽ നെഹ്‌റു പറഞ്ഞത് ശ്രദ്ധിക്കണം. മുസ്ലീങ്ങളുടേതുമല്ല ഹിന്ദുക്കളുടേതുമല്ല, അത് രാജ്യത്തിന്റെതാണ്, പുരാവസ്തുവകുപ്പിന്റെ സ്വത്താണത്, ചരിത്രത്തിന്റേതാണ്, സംസ്‌കാരമാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബാബരിമസ്ജിദ് അദ്ദേഹം പൂട്ടിയിട്ടു. പിന്നീട് 1986ൽ അദ്ദേഹത്തിന്റെ പേരക്കുട്ടി രാജീവ് ഗാന്ധിയാണ് ഒരു ഭാഗം ഹിന്ദുക്കൾക്ക് തുറന്ന് കൊടുത്തത്. അങ്ങനെയാണ് 92ൽ ബാബരിപള്ളി പൊളിക്കാനുള്ള അവസരമുണ്ടായതും.

കോടതിയുടെ അയോധ്യവിധി ജനാധിപത്യവിശ്വാസികളും മതേതരവാതികളുമുൾപ്പടെ എതിർക്കുന്നു. ഇതേപോലെ എതിർക്കേണ്ട ഒന്നാണ് ഹാഗിയ സോഫിയ മുസ്ലീങ്ങളുടെ മാത്രം പള്ളിയാക്കി മാറ്റിയതും. നിർഭാഗ്യവശാൽ ചന്ദ്രിക പത്രത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഹാഗിയ സോഫിയ മുസ്ലിംപള്ളിയാക്കിയതിനെ അനുകൂലിച്ച് ഒരു ലേഖനമെഴുതി. അങ്ങേയറ്റം പ്രതിഷേധാത്മകമായ ലേഖനമാണ് അത്. മുസ്ലിംലീഗ് ഒരിക്കലും ആ നടപടിയെ അനുകൂലിക്കാൻ പാടില്ല.

ഭാമിയാൻ കുന്നിലെ ബുദ്ധപ്രതിമകൾ തകർക്കുന്നതിനെ ജനാധിപത്യവാദികൾ എതിർക്കണം. അതുപോലെ ഹാഗിയ സോഫിയ എന്ന മ്യൂസിയം പള്ളിയാക്കി മാറ്റിയതിനെയും നാം എതിർക്കണം. ഭാമിയാൻ കുന്നിലെ ബുദ്ധപ്രതിമകൾ തകർത്തത് കേരളത്തിൽ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. എംജിഎസ് നാരായണനെ പോലുള്ള ഒന്നോ രണ്ടോ ചരിത്രകാരന്മാരാണ് അന്ന് അതിനെ എതിർത്തത്. ചരിത്രത്തിന്റെ വലിയ നഷ്ടമാണ് ബാബരി പള്ളി പൊളിച്ചതും. ഗാന്ധി വധത്തിന് ശേഷം ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ആക്രമണമാണ് അതെന്നതിൽ എനിക്ക് സംശയമില്ല. അത്തരം കാര്യങ്ങൾ ആര് ചെയ്താലും, അത് മുസ്ലീങ്ങൾ ക്രിസ്ത്യാനികളോട് ചെയ്താലും ഹിന്ദുക്കൾ മുസ്ലീങ്ങളോട് ചെയ്താലും മുസ്ലീങ്ങൾ ബുദ്ധമതക്കാരോട് ചെയ്താലും എല്ലാം തെറ്റാണ്.

ബാബരി പള്ളിയുടെ കാര്യത്തിൽ എന്താണ് നിലപാടെന്ന് മുസ്ലിംലീഗ് ആലോചിക്കണം. അതിനോട് ചേർന്ന ഒരു നിലപാട് മാത്രമേ ഹാഗിയ സോഫിയയെ കുറിച്ചും അവർ എടുക്കാൻ പാടുള്ളൂ. ഇസ്താംബുളിൽ വേറെ പള്ളിയില്ലാഞ്ഞിട്ടല്ല, എർദോഗാന് അടുത്ത തെരഞ്ഞെടുപ്പിൽ മതമൗലിക വാദികളുടെ വോട്ട് കിട്ടാനുള്ള ഒരു നടപടിയാണ് അദ്ദേഹം സ്വീകരിച്ചത്. അതിനെ എതിർക്കുകയാണ് മുസ്ലീലീഗ് ചെയ്യേണ്ടത്. കേരളത്തിലെ മുസ്ലിം-ക്രിസ്ത്യൻ സൗഹാർദത്തെ ലേഖനം എങ്ങനെ ബാധിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങളും ചന്ദ്രികയും ആലോചിക്കേണ്ടതാണ്. മുസ്ലിംലീഗ് ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട് പുനഃപരിശോധിക്കണം. പൗരാവകാശങ്ങളിൽ വിശ്വാസമുള്ളവരും മതേതരവാദികളും ജനാധിപത്യവാദികളും, ചരിത്രത്തെയും സംസ്‌കാരത്തെയും ബഹുമാനിക്കുന്നവരും ഹാഗിയ സോഫിയ വിഷയത്തിൽ തുർക്കി സ്വീകരിച്ച നടപടിയെ തള്ളിപ്പറയേണ്ടതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP