Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഎസ് വെല്ലുവിളിയെ നേരിടാൻ രണ്ടും കൽപ്പിച്ചു ഇറാൻ; ലക്ഷ്യമിടുന്നത് അമേരിക്കൻ വിമാന വാഹിനി കപ്പൽ കത്തിക്കാൻ തന്നെ! ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ വിമാനവാഹിനി കപ്പലുമായി സാമ്യമുള്ള വലിയ മാതൃക കണ്ടെത്തി; ആക്രമിക്കുന്നതിനുള്ള പരിശീലനമെന്ന് മുന്നറിയിപ്പു; സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുവന്നതോടെ എങ്ങും ആശങ്ക; ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ നിർത്തിയിട്ട യു.എ.ഇ എയർബേസിനു സമീപം ലക്ഷ്യമിട്ടും ഇറാൻ മിസൈലുകൾ

യുഎസ് വെല്ലുവിളിയെ നേരിടാൻ രണ്ടും കൽപ്പിച്ചു ഇറാൻ; ലക്ഷ്യമിടുന്നത് അമേരിക്കൻ വിമാന വാഹിനി കപ്പൽ കത്തിക്കാൻ തന്നെ! ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ വിമാനവാഹിനി കപ്പലുമായി സാമ്യമുള്ള വലിയ മാതൃക കണ്ടെത്തി; ആക്രമിക്കുന്നതിനുള്ള പരിശീലനമെന്ന് മുന്നറിയിപ്പു; സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുവന്നതോടെ എങ്ങും ആശങ്ക; ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ നിർത്തിയിട്ട യു.എ.ഇ എയർബേസിനു സമീപം  ലക്ഷ്യമിട്ടും ഇറാൻ മിസൈലുകൾ

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാൻ: ഇറാന്റെ ഒന്നാം നമ്പർ ശത്രു അമേരിക്കയാണ് എന്ന് അറിയാത്തവർ ആരുമുണ്ടാകില്ല. അടുത്തകാലത്ത് തങ്ങളുടെ കമാൻഡർ പദവിയിലുള്ള സൈനിക ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ അമേരിക്കയോട് തീർത്താൽ തീരാത്ത പകയും ഇറാനുണ്ട്. ഇതിന് പകരം ചോദിക്കുമെന്ന് തന്നെയാണ് ഇറാൻ മുന്നറിയിപ്പു നൽകിയിട്ടുള്ളത്. അതിനുള്ള അവസരം കാത്തിരിക്കയാണ് ഇറാൻ എന്ന് വ്യക്തമാക്കുന്ന ഒരു സംഭവ കൂടി പുറത്തുവന്നു. അമേരിക്കൻ യുദ്ധക്കപ്പലുകളെ കടലിൽ മുക്കാൻ വേണ്ടിയുള്ള പരിശീലനം ഇറാൻ നടത്തുന്നുവെന്ന വിവരമാണ് പുറത്തുവന്നത്. ഇതിന്റെ ഞെട്ടിക്കുന്ന തെളിവുകളും പുറത്തുവന്നു.

ഇറാൻ ലക്ഷ്യമിടുന്നത് അമേരിക്കൻ യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും തകർക്കുക എന്നത് തന്നെയാണ് എന്നുള്ളതാണ് പുറത്തുവരുന്ന വിവരം. ഇതിനായുള്ള പരിശീലനമാണ് ഇറാനിൽ നടക്കുന്നതും നടന്നിട്ടുള്ളതും. ഇറാൻ സൈനികാഭ്യാസങ്ങൾ പോലും യുഎസിനെ തകർക്കൽ ലക്ഷ്യമിട്ടുള്ളതാണ്. ഇതിൽ പ്രധാനപ്പെട്ടതാണ് യുഎസ് വിമാനവാഹിനി കപ്പലുകൾ മുക്കുകയും മിസൈലിട്ട് കത്തിക്കുകയും ചെയ്യുക എന്നത്. ഇതിനുള്ള പരിശീലനവും ഇറാൻ നടത്തുന്നുണ്ട്, നടത്തിയിട്ടുണ്ട്. നേരത്തെ നടത്തിയിട്ടുള്ള, വിമാനവാഹിനി കപ്പൽ മുക്കൽ ദൗത്യം വീണ്ടും നടത്താൻ പോകുകയാണ് ഇറാൻ.

'പ്രവാചകൻ മുഹമ്മദ് 14' എന്നു പേരിട്ടിരിക്കുന്ന അഭ്യാസപ്രകടനത്തിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളു പുറത്തുവന്നിട്ടുണ്ട്. അമേരിക്കയുടെയും അറബ് സഖ്യ സേനകളുടെയും വെല്ലുവിളികൾ ശക്തമായതോടെ ഇറാൻ പുതിയ ആയുധങ്ങൾ നിർമ്മിക്കുന്നതിന്റെയും സൈനികാഭ്യാസങ്ങൾ നടത്തുന്നതിന്റെയും തിരക്കിലാണ്. ശത്രുക്കളുടെ കപ്പലുകളും പോർവിമാനങ്ങളും എങ്ങനെ നേരിടാമെന്നത് കേന്ദ്രീകരിച്ചാണ് ഇറാന്റെ പ്രധാന പരിശീലനങ്ങൾ നടക്കുന്നത്. ഈ പരിശീലനത്തിന്റെ ചിത്രങ്ങളും വിഡിയോയും ന്യൂസ് ഏജൻസികൾ തന്നെ പുറത്തുവിട്ടിരുന്നു. എന്നാൽ അമേരിക്കയുടെ വിമാനവാഹിനി കപ്പൽ തകർക്കുന്നതിന്റെ പരിശീലനം 2015 ൽ തന്നെ ഇറാൻ നടത്തിയിട്ടുണ്ടെന്നാണ് മറ്റൊരു റിപ്പോർട്ട്.

പേർഷ്യൻ ഉൾക്കടലിനെ ഒമാൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലാണ് അമേരിക്കയുടെ വിമാനവാഹിനി കപ്പലുമായി സാമ്യമുള്ള വൻ കപ്പലിന്റെ മാതൃക കണ്ടെത്തിയിരിക്കുന്നത്. സാറ്റലൈറ്റ് ഇമേജറികളിൽ ഇത് കാണിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച സിറിയയിൽ ഒരു ഇറാനിയൻ വിമാനം യുഎസ് വ്യോമസേന തടഞ്ഞതിന് തൊട്ടുമുൻപാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. അടുത്തിടെ ഇറാനിൽ വൻ സ്‌ഫോടനങ്ങളും മറ്റു സംഭവികാസങ്ങളും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം അമേരിക്കയും സഖ്യസേനകളും നിരീക്ഷിക്കുന്നുണ്ട്.

2020 ജൂലൈ 25 ന് ലഭ്യമായ സാറ്റലൈറ്റ് ചിത്രത്തിൽ യുഎസ് നേവി നിമിറ്റ്‌സ് ക്ലാസ് കാരിയറിനോട് സമാനമായ ബാഹ്യരൂപമാണ് കണ്ടെത്തിയത്. ഇതിൽ 16 യുദ്ധവിമാനങ്ങളും ഡെക്കിലുണ്ട്. അവയിൽ ചിലത് എഫ്/എ -18 ഹോർനെറ്റ്‌സ് അല്ലെങ്കിൽ സൂപ്പർ ഹോർനെറ്റ്‌സ് എന്നിവയെ അനുസ്മരിപ്പിക്കുന്നതാണ്. അടുത്ത ദിവസം മുതൽ മറ്റൊരു ചിത്രവും പുറത്തുവന്നിരുന്നു. മോക്ക് കാരിയറിന്റെ മുകളിലത്തെ ഡെക്കിൽ ഒരു വലിയ ക്രോസ് ഷെയർ വരച്ചിട്ടുണ്ട്. നിശ്ചലമായ മോക്ക് കരിയറിന്റെ അടുത്തേക്ക് ചെറിയ സ്പീഡ് ബോട്ട് വേഗത്തിൽ അടുക്കുന്നതും ചിത്രത്തിൽ കാണാം.

 

2015 ഫെബ്രുവരിയിൽ നടന്ന സൈനികാഭ്യാസത്തിൽ അമേരിക്കയുടെ നിമിറ്റ്‌സ് ക്ലാസ് വിമാനവാഹിനി കപ്പലിന്റെ രൂപം സൃഷ്ടിച്ച് മിസൈൽ ആക്രമണം നടത്തുന്നതിന്റെ പരിശീലനം നടത്തിയിരുന്നു. മിസൈലുകളും ഹെലികോപ്ടറുകളും സ്പീഡ് ബോട്ടുകളും ഉപയോഗിച്ചായിരുന്നു പരിശീലനം നടത്തിയത്. കടലിലൂടെ പോകുന്ന ഏതൊരു കപ്പലിനെയും നിമിഷ നേരത്തിനുള്ളിൽ തകർക്കാൻ കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു ഇറാന്റെ അന്നത്തെ സൈനികാഭ്യാസം. ഹെലികോപ്ടറിൽ നിന്നും കരയിൽ നിന്നും മിസൈൽ തൊടുത്താണ് കപ്പലിനെ നേരിട്ടത്. മരം കൊണ്ട് നിർമ്മിച്ച വൻ കപ്പലിന്റെ ചുറ്റും സ്പീഡ് ബോട്ടുകൾ കുതിച്ചെത്തുന്നതും വിഡിയോയിൽ കാണാം. ഗ്രേറ്റ് പ്രോഫറ്റ് 9 എന്ന സൈനികാഭ്യാസത്തിന്റെ ഭാഗമായാണ് യുഎസ് കപ്പലിന്റെ മാതൃക മിസൈലിട്ട് തകർത്തത്. അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകാൻ ലക്ഷ്യമിട്ടായിരുന്നു ഈ സൈനികാഭ്യാസമെന്നത് വ്യക്തമാണ്.

ആദ്യഘട്ടത്തിൽ സ്പീഡ് ബോട്ടുകളിൽ നിന്നും എം08 മൈൻ ആക്രമണമാണ് നടത്തിയത്. പിന്നാലെ 107 എംഎം റോക്കറ്റുകൾ ഉപയോഗിച്ചും ആക്രമിച്ചു. ഇത്തരം ചെറിയ റോക്കറ്റുകൾ ഉപയോഗിച്ച് വൻ കപ്പലുകൾ വരെ മുക്കാൻ സാധിക്കും. ക്രൂസ് മിസൈലുകൾ പ്രയോഗിക്കാൻ ശേഷിയുള്ള സ്പീഡ് ബോട്ടുകൾ വരെ ഇറാനു കൈവശമുണ്ടെന്നും അന്നത്തെ സൈനികാഭ്യാസത്തിൽ തെളിയിച്ചു. ബോട്ടുകളിൽ നിന്ന് പ്രയോഗിക്കാവുന്ന 12 ക്രൂസ് മിസൈലുകളാണ് അന്നത്തെ അഭ്യാസത്തിനു ഉപയോഗിച്ചത്. മൂന്നാം ഘട്ടത്തിൽ ആന്റിഷിപ്പ് മിസൈലുകളും പ്രയോഗിച്ചിരുന്നു. ഇറാന്റെ യുദ്ധകപ്പലിൽ നിന്ന് രണ്ടു ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളാണ് അന്ന് വിജയകരമായി പരീക്ഷിച്ചത്. ചൈനയുടെ സി802 മിസൈലിന്റെ പരിഷ്‌കരിച്ച ആന്റിഷിപ്പ് ക്രൂസ് മിസൈലിന്റെ ഇറാനിയൻ പതിപ്പാണ് 'നൂർ'. വിമാനവാഹിനി കപ്പൽ തകർക്കുന്നതിന്റെ അവസാന ഘട്ടത്തിൽ 1000 കിലോഗ്രാം സ്‌ഫോടക വസ്തുക്കൾ നിറച്ച സ്പീഡ് ബോട്ട് ഇടിക്കുന്നതിന്റെയും പരിശീലനം നടത്തിയിരുന്നു.

അതിനിടെ യു.എ.ഇ എയർബേസ് അൽ ദഫ്രയുടെ സമീപത്തേക്ക് ഇറാനിയൻ മിസൈലുകൾ വന്നതായി റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയിലേക്ക് കൊണ്ടു വരുന്ന അഞ്ച് റഫാൽ വിമാനങ്ങൾ ഒരു രാത്രി നിർത്തിയിടുന്നതിനായി ചൊവ്വാഴ്ച രാത്രി അൽ ദഫ്രയിൽ എത്തിയതിനു ശേഷമാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. അബുദാബിയിൽ നിന്നും ഒരു മണിക്കൂറോളം അകലെയുള്ള അൽ ദഫ്ര താവളത്തിൽ യു.എസ് യുദ്ധ വിമാനങ്ങളും ഉണ്ട്.

ഇറാനിൽ സൈനികാഭ്യാസം നടക്കുന്നതിനിടെ ഇറാനിയൻ മിസൈലുകൾ ആ വഴിക്കു പോകാമെന്ന് ഇന്റൽ ഇൻഡിക്കേറ്റേർസ് സൂചിപ്പിച്ചതിനെ തുടർന്ന് അൽ ദഫ്ര എയർബേസും, ഖത്തറിലെ അൽ ഉയിദ് എയർബേസും ജാഗ്രതാ നിർദ്ദേശം നൽകിയതായി യു.എസിലെ സി.എൻ.എൻ റിപ്പോർട്ട് ചെയ്തിരുന്നു. ഉദ്യോഗസ്ഥരോട് മുൻകരുതൽ എടുക്കണെന്നും ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ എയർബേസിലേക്ക് മിസൈൽ പതിച്ചിട്ടില്ലെന്നുമാണ് ഇവരുടെ റിപ്പോർട്ടിലുള്ളത്. മൂന്നു ഇറാനിയൻ മിസൈലുകൾ ഖത്തറിലെയും യു.എ.ഇയിലെയും എയർബേസിനു സമീപത്തായി വീണിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഫോക്സ് ന്യൂസ് റിപ്പോർട്ടറും ട്വീറ്റ് ചെയ്തിട്ടുണ്ട്. ജൂലൈ 28 ന് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് നടത്തിയ സൈനികാഭ്യാസത്തിന്റെ ചിത്രങ്ങൾ ഇറാനിയൻ ദേശീയ മാധ്യമം പുറത്തു വിട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP