Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രമേശൻ കയ്യേറിയ അഞ്ചുമീറ്റർ പുറംപോക്കിൽ നിന്നും വഴിക്കായി ചോദിച്ചത് മൂന്ന് മീറ്റർ; ഒരുമീറ്റർ സ്ഥലം ഒഴിച്ചിട്ട് വേലി കെട്ടിയതോടെ വാക്കുതർക്കമായി; അസഭ്യ വർഷത്തിന്റെ പാരമ്യതയിൽ നിൽക്കുമ്പോൾ തല്ലിന് തുടക്കമിട്ടത് രമേശന്റെ മകനും; സോഷ്യൽ മീഡിയയിൽ വൈറലായ ആറാട്ടുപുഴയിലെ അടിക്ക് പിന്നിലെ കഥ ഇങ്ങനെ

രമേശൻ കയ്യേറിയ അഞ്ചുമീറ്റർ പുറംപോക്കിൽ നിന്നും വഴിക്കായി ചോദിച്ചത് മൂന്ന് മീറ്റർ; ഒരുമീറ്റർ സ്ഥലം ഒഴിച്ചിട്ട് വേലി കെട്ടിയതോടെ വാക്കുതർക്കമായി; അസഭ്യ വർഷത്തിന്റെ പാരമ്യതയിൽ നിൽക്കുമ്പോൾ തല്ലിന് തുടക്കമിട്ടത് രമേശന്റെ മകനും; സോഷ്യൽ മീഡിയയിൽ വൈറലായ ആറാട്ടുപുഴയിലെ അടിക്ക് പിന്നിലെ കഥ ഇങ്ങനെ

ആർ പീയൂഷ്

ആലപ്പുഴ: പുറംപോക്ക് ഭൂമിയിലെ വഴി വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ആറാട്ടുപുഴയിൽ നാട്ടുകാർ തമ്മിൽ ഏറ്റുമുണ്ടാനുണ്ടായ കാരണം. ആറാട്ടുപുഴ ഗ്രാമ പഞ്ചായത്തിലെ പത്താംവാർഡായ രാമഞ്ചേരിയിലെ പെരുമ്പള്ളി എന്ന സ്ഥലത്തെ നാട്ടുകാരാണ് ഏറ്റുമുട്ടിയത്. മത്സ്യത്തൊഴിലാളികളായ ആറോളം കുടുംബത്തിലേക്കുള്ള വഴി വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുകയായിരുന്നു. മൂലയിൽ രമേശനാണ് വഴിക്ക് വീതി കൂട്ടാൻ സ്ഥലം നൽകാതിരുന്നത്. രമേശൻ 5 മീറ്ററോളം പുറമ്പോക്ക് ഭൂമി കൈയേറി വച്ചിരിക്കുകയാണ്. ഈ പുറമ്പോക്കിൽ നിന്നാണ് വഴിക്കായി മൂന്നു മീറ്ററോളം നൽകണമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞത്. സ്ഥലം വാർഡ് മെമ്പറും മറ്റും ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. രമേശൻ കൈയടക്കി വച്ചിരിക്കുന്ന സ്ഥലം തഹസീൽദാർ വന്ന് അളന്ന് തിട്ടപ്പെടുത്തിയാൽ ഇയാളുടെ വീടുൾപ്പെടെ പൊളിച്ചുമാറ്റേണ്ടി വരും. അതിനാൽ രമ്യതയിൽ പരിഹാരം കാണാൻ ശ്രമിക്കുകയായിരുന്നു പഞ്ചായത്തധികൃതർ. എന്നാൽ രമേശൻ ഇത് സമ്മതിച്ചില്ല.

പ്രശ്‌നം ഒത്തു തീർപ്പാക്കാനായി സ്ഥലത്തെ പ്രധാന സിപിഎം നേതാവ് ഇടപെട്ടിരുന്നു. പഞ്ചായത്തധികാരികളോട് പാർട്ടി നേതൃത്വം ഇടപെട്ട് രമ്യതയിലെത്തിക്കാമെന്ന് ഉറപ്പും നൽകി. എന്നാൽ ഇത് ഫലം കണ്ടില്ല. തുടർന്ന് ഞായറാഴ്ച ഉച്ചയോടെ രമേശൻ പഞ്ചായത്തധികാരികൾ വഴിക്ക് നൽകണമെന്ന് പറഞ്ഞ സ്ഥലം ഒരുമീറ്റർ മാത്രം ഒഴിച്ചിട്ട് വേലികെട്ടി തിരിച്ചതോടെയാണ് സംഘർഷം ഉടലെടുക്കുന്നത്. വഴിയുടെ ആവിശ്യക്കാരായ കുടുംബങ്ങൾ ഒന്നിച്ചെത്തിയതോടെ രമേശനും ഭാര്യ ഭാവനയും അസഭ്യവർഷവുമായി നേരിട്ടു. ഇരുകൂട്ടരും വാക്പയറ്റ് നടത്തുമ്പോൾ രമേശന്റെ മകൻ സ്ഥലത്തെത്തി അടിക്ക് ആരംഭം കുറിക്കുകയായിരുന്നു. ഇതോടെ രമേശന്റെ ബന്ധുക്കളും സ്ഥലത്തെത്തി കൂട്ടത്തല്ലായി. രമേശന്‌റെ ഭാര്യയുടെ അടിയേറ്റ് വാമദേവൻ എന്നയാളുടെ തല പൊട്ടിയതിനെ തുടർന്ന് ഇയാൾ ബോധ രഹിതനായി. വാമദേവന്റെ ഭാര്യ ശാന്തയ്ക്കും തലയ്ക്ക് മുറിവ് പറ്റി. സംഭവം അറിഞ്ഞ് വാർഡ് മെമ്പർ സതീഷ് കുമാർ ഓടിയെത്തിയാണ് സംഘർഷത്തിന് അയവ് വരുത്തിയത്.

നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് തൃക്കുന്നപ്പുഴ പൊലീസ് സ്ഥലത്തെത്തിയെപ്പോഴേക്കും സംഘർഷം കഴിഞ്ഞിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടു പോകുകയും ചെയ്തു. സംഘർഷസമയത്ത് അവിടെയുണ്ടായിരുന്ന ഒരു സ്‌ക്കൂൾ വിദ്യാർത്ഥിയാണ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. പൊരിഞ്ഞയടിയുടെ ദൃശ്യങ്ങൾ ഇവരുടെ പക്കൽ നിന്നും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വൈറലായത്. ആദ്യം കൊല്ലം പുനലൂരിൽ കോവിഡ് ബാധിതന് താമസ സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന സംഘർഷം എന്ന രീതിയിലായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എന്നാൽ ഇന്ന് രാവിലെയോടെയാണ് സംഭവത്തിന്റെ നിജ സ്ഥിതി പുറത്ത് വന്നത്.

പെരുമ്പള്ളി മുറിയിൽ കൊച്ചുവീട്ടിൽ രേഖ, മക്കളായ ആതിര, പൂജ എന്നിവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേരളാ എപ്പിഡെമിക് ഓർഡിനൻസ് ആക്ട് പ്രകാരവും തല്ലുണ്ടാക്കിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ഏറെ നാളായി ഇരുകൂട്ടർ തമ്മിൽ വഴിത്തർക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. അതേ സമയം വഴിതർക്കത്തിന് ഇന്ന് രമേശനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ് ആറു കുടുംബങ്ങൾ.

കോവിഡ് രോഗിയെ ക്വാറന്റീനിലാക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കൂട്ടയടിയായെന്ന വിധത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയ്ക്കു കോവിഡുമായി ബന്ധമില്ല, വഴിത്തർക്കമാണെന്നു പഞ്ചായത്ത് പ്രസിഡന്റും പൊലീസും പിന്നീട് വ്യക്തമാക്കിയിരുന്നു. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ കൂട്ടത്തല്ലു നടക്കുന്ന വിഡിയോയാണു പല സ്ഥലങ്ങളുടെ പേരിൽ പ്രചരിച്ചത്. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പെരുമ്പള്ളിയിൽ 26നു നടന്ന സംഘട്ടനത്തിന്റെ വിഡിയോയാണിത്. നേരത്തെയുള്ള വഴിത്തർക്കത്തിന്റെ തുടർച്ചയാണിതെന്ന് ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.അജിതയും തൃക്കുന്നപ്പുഴ പൊലീസും വ്യക്തമാക്കി.

മുൻപും തർക്കമുണ്ടായിട്ടുണ്ടെന്നും ഒത്തുതീർപ്പാക്കിയിരുന്നെന്നും പൊലീസ് പറയുന്നു. ക്വാറന്റീനിന്റെ പേരിൽ കൊല്ലം ജില്ലയിലെ പുനലൂരിൽ നടന്നതെന്ന വിധത്തിലും ഇതേ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വീഡിയോ പകർത്തിയത് ഒരു ബാലനാണ്. അടിപിടിയുടെ ഇടയിൽ ഫോൺ മാറ്റാൻ ബാലനോട് യുവതി ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. വഴിത്തർക്കവുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് തെറിവിളിയിലും പിന്നീട് കൂട്ടത്തല്ലുമായി മാറിയത്. സ്ത്രീകളും പുരുഷന്മാരും അടക്കം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP