Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടൈംസ് ഓഫ് ഇന്ത്യ സർവേയിൽ മോദിക്ക് ഡിസ്റ്റിങ്ഷൻ; അധികാരത്തിലുള്ളത് നേതൃഗുണമുള്ള സർക്കാർ; ആദ്യവർഷ ഭരണത്തിൽ രാജ്യം സന്തുഷ്ടരെന്ന് ദേശീയ ദിനപത്രം; മറുനാടൻ സർവേ ഫലപ്രഖ്യാപനം 12 മണിക്ക്

ടൈംസ് ഓഫ് ഇന്ത്യ സർവേയിൽ മോദിക്ക് ഡിസ്റ്റിങ്ഷൻ; അധികാരത്തിലുള്ളത് നേതൃഗുണമുള്ള സർക്കാർ; ആദ്യവർഷ ഭരണത്തിൽ രാജ്യം സന്തുഷ്ടരെന്ന് ദേശീയ ദിനപത്രം; മറുനാടൻ സർവേ ഫലപ്രഖ്യാപനം 12 മണിക്ക്

ന്യൂഡൽഹി: ഒരുവർഷം പൂർത്തിയാക്കിയ നരേന്ദ്ര മോദി സർക്കാരിന് ദേശീയ പത്രം ടൈംസ് ഓഫ് ഇന്ത്യയും നൽകുന്നത് ഡിസ്റ്റിങ്ഷൻ മാർക്ക്. ഒരുവർഷം കൊണ്ട് ഒരു സർക്കാരിനെ വിലയിരുത്താനാകില്ലെന്ന് വ്യക്തമാക്കുന്ന പത്രം, എന്നാൽ ഭാവിയിലേക്ക് പ്രതീക്ഷ പകരുന്ന പലതും കൊണ്ടുവരാൻ മോദി സർക്കാരിനായെന്ന് കണ്ടെത്തുന്നു.

മലയാള മാദ്ധ്യമങ്ങളിൽ മോദി സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന ആദ്യ സർവ്വേ പ്രഖ്യാപിച്ചത് മറുനാടൻ മലയാളിയാണ്. വൻ പ്രതികരണമാണ് മറുനാടന് ലഭിച്ചത്. മോദി സർക്കാരിനോടുള്ള വിവധ വിഷയങ്ങളിൽ മലയാളിയുടെ മനസ്സ് എന്താണെന്ന് പ്രതിഫലിക്കുന്നതാണ് സർവ്വേ. ഈ സർവ്വേയുടെ ഫലം ഇന്ന് 12 മണിക്ക് പുറത്തുവിടും. പതിനായിരങ്ങളാണ് മറുനാടന്റെ സർവ്വേയിൽ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തിയത്

നരേന്ദ്ര മോദിയുടെ സർക്കാരിന് ടൈംസ് ഓഫ് ഇന്ത്യ നൽകുന്ന മാർക്ക് നൂറിൽ 77.5 ആണ്. നേതൃത്വം, സമ്പദ്‌വ്യവസ്ഥ, കാർഷിക പുനരുദ്ധാരണം, അഴിമതി കുറച്ചുകൊണ്ടുവരൽ, സംസ്ഥാനങ്ങളുമായുള്ള ബന്ധം, പ്രതിരോധരംഗത്തെ മുന്നേറ്റം തുടങ്ങി പത്ത് മേഖലകളിൽ സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുകയാണ് ടൈംസ് ഓഫ് ഇന്ത്യ ചെയ്തത്.

സർവേയിൽ പങ്കെടുത്ത 66 ശതമാനം പേർ ഭരണത്തിന് അനുകൂലമായ നിലപാടുകളാണെടുത്തത്. ഇതിൽ 19 ശതമാനം പേർ മോദി ഭരണം വളരെ നല്ലതെന്നും 47 ശതമാനം തരക്കേടില്ലെന്നും അഭിപ്രായപ്പെട്ടവരാണ്. ഇത് സർക്കാരിനുള്ള അംഗീകാരമാണെന്ന് സർവേ പറയുന്നു. 77.5 ശതമാനം മാർക്ക് നേടുന്നത് ഒരുവർഷം പൂർത്തിയാക്കിയ സർക്കിനെ സംബന്ധിച്ചിടത്തോളം നേട്ടമാണെന്നും അവർ വിലയിരുത്തുന്നു.

കടുത്ത നിലപാടുകളും ഉറച്ച സർക്കാരും വന്നതോടെ, നേതൃത്വഗുണമുള്ള സർക്കാരാനായി മാറാൻ നരേന്ദ്ര മോദി സർക്കാരിന് സാധിച്ചിട്ടുണ്ട്. നിശ്ചയദാർഢ്യമുള്ള നേതൃത്വമായിരിക്കും മോദിയുടേത് എന്നായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്. അത് പാലിക്കുന്നതിൽ ബിജെപി വിജയിച്ചിട്ടുണ്ട്. പത്തിൽ ഒമ്പതുമാർക്കും ഈ രംഗത്ത് ടൈംസ് മോദിക്ക് നൽകുന്നു. മോദിയിൽ അധികാരം കേന്ദ്രീകരിച്ചതോടെ, എല്ലാ മന്ത്രിമാർക്കും മികച്ച പ്രകടനം കാഴ്ചവെയ്‌ക്കേണ്ട നിലവന്നു. ഒരു ടീമായി പ്രവർത്തിക്കാൻ ഇത് സർക്കാരിനെ പ്രാപ്തമാക്കി.

വളർച്ചയുടെ പാതയിലേക്ക് സമ്പദ്‌വ്യവസ്ഥയെ എത്തിക്കുന്നതിൽ മോദി സർക്കാർ ഒരു പരിധിവരെ വിജയിച്ചുവെന്ന് സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. യു.പി.എ ഭരണകാലത്തുണ്ടായ ഭരണസ്തംഭനവും മറ്റും സമ്പദ്‌വ്യവസ്ഥയെ പിന്നോട്ടടിച്ചിരുന്നു. അതിന് ഉണർവ് നൽകുകകയും സ്ഥിരത കൈവരിക്കുകയും ചെയ്തതോടെ, രാജ്യം വീണ്ടും വളർച്ചയുടെ പാതയിലായി. പണപ്പെരുപ്പം തടയുന്നതിലും ഒരു പരിധിവരെ വിജയി്ക്കാൻ സർക്കാരിനായി. പത്തിൽ ഏഴര മാർക്കാണ് ഈ രംഗത്ത് സർക്കാരിനുള്ളത്.

പ്രതിസന്ധിയിൽപ്പെട്ട കാർഷിക മേഖലയെ പുനരുദ്ധരിക്കുന്നതിൽ സർക്കാർ കാര്യമായ വിജയം കണ്ടില്ലെന്ന വിമർശനം സർവേയിലും പ്രതിഫലിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയ മേഖലകളിലൊന്ന് കാർഷിക രംഗമാണ്. കാലാവസ്ഥയും പ്രതികൂലമായി. എന്നാൽ, ചില അടിയന്തിര നടപടികൾ സ്വീകരിച്ചതിലൂടെ 580-ഓളം ഗ്രാമങ്ങളിൽ മഴക്കുറവുമൂലമുണ്ടായ വിളനഷ്ടം നേരിടാനായി. ആരോഗ്യ കാർഡുകളുടെ പ്രഖ്യാപനവും ഗോകുൽ മിഷൻ പോലുള്ള പദ്ധതികളും കാർഷിക മേഖലയ്ക്ക് പ്രതീക്ഷ പകരുന്നു. ഈ രംഗത്ത് സർക്കാരിന് ലഭിച്ചത് പത്തിൽ അഞ്ചരമാർക്ക്.

കാർഷിക മേഖല കഴിഞ്ഞാൽ സർക്കാർ കൂടുതൽ പ്രതിസന്ധി നേരിട്ടത് ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലാണ്. സാമൂഹികക്ഷേമം മുൻനിർത്തിയുള്ള പദ്ധതികൾക്കുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറച്ചത് വലിയ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി. വിദ്യാഭ്യാസ രംഗത്ത് സംഘപരിവാറിന്റെ താത്പര്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമമുണ്ടാകുമെന്ന ആശങ്ക സർക്കാർ നിലവിൽ വന്നപ്പോൾ മുതലുണ്ടായിരുന്നു. അത്തരമൊരു ശ്രമം ഉണ്ടായില്ല. ഈ രംഗത്ത് ടൈംസ് നൽകുന്നത് പത്തിൽ ആറര മാർക്ക്.

വിദേശ നയത്തിന്റെയും ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ വർധിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ മോദി സർക്കാർ സമ്പൂർണ വിജയത്തിനടുത്താണ്. തുടർച്ചയായുള്ള വിദേശ യാത്രകൾ മോദിക്കെതിരെ എതിരാളികൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, ഈ യാത്രകൾ ആഗോള തലത്തിൽ ഇന്ത്യക്ക് കൂടുതൽ പ്രസക്തി കൈവരിക്കാൻ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പാക്കിസ്ഥാനൊഴികെയുള്ള അയൽരാജ്യങ്ങളുമായി കൂടുതൽ മെച്ചപ്പെട്ട ബന്ധവും സ്ഥാപിക്കാനായി. അമേരിക്കയും ചൈനയും ബ്രിട്ടനും പോലുള്ള വൻശക്തികളും ഇന്ത്യയെ കൂടുതലായി അംഗീകരിച്ചു. പത്തിൽ ഒമ്പതുമാർക്കും ഈ രംഗത്ത് സർക്കാർ സ്വന്തമാക്കി.

പ്രതിരോധത്തെ കൂടുതൽ ശക്തിമത്താക്കുന്നതിലും മോദി സർക്കാർ വിജയിച്ചു. പ്രതിരോധ രംഗത്ത് കാലങ്ങളായി മുടങ്ങിക്കിടന്ന ആവശ്യങ്ങൾ പരിഹരിക്കുകയും കൂടുതൽ സൈനികോപകരണങ്ങളും സംവിധാനങ്ങളും കൊണ്ടുവരികയും വഴി ഇന്ത്യൻ സേനയ്ക്ക് ആത്മവിശ്വാസം പകരാനായി. ഒരു ലക്ഷം കോടിയോളം രൂപ ഈ രംഗത്ത് തുടക്കത്തിൽത്തന്നെ മുടക്കാൻ തയ്യാറായി. ഫ്രഞ്ച് റാഫേൽ വിമാനക്കരാർ പുനരുദ്ധരിക്കാനായതും നേട്ടമായി. പത്തിൽ എട്ടുമാർക്ക്.

അഴിമതി നിയന്ത്രിക്കുന്നതിലും കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിലും സർക്കാർ വിജയിച്ചു. ഓരോ കാര്യങ്ങൾക്കും അനുമതി തേടി ഓഫീസുകൾ കയറിയിറങ്ങേണ്ട ഗതികേട് അവസാനിച്ചുവെന്നതാണ് വ്യവസായ-വാണിജ്യ ലോകം സർക്കാരിനെക്കുറിച്ച് വിലയിരുത്തിയത്. ഉന്നതങ്ങളിലെ അഴിമതിയുടെ തോത് കുറയ്ക്കാനായതിനൊപ്പം താഴേത്തട്ടിലും പ്രവർത്തനം കൂടുതൽ സുതാര്യമാക്കി. കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാനും അത് പുറത്തുകൊണ്ടുവരാനും പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. പത്തിൽ ഒമ്പതുമാർക്ക് ഈ രംഗത്ത് സർക്കാരിന് ലഭിച്ചു.

വികസനപ്രവർത്തനങ്ങളുടെ കാര്യത്തിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലും പത്തിൽ ഏഴുമാർക്കാണ് സർക്കാരിന് ലഭിച്ചത്. സമ്പദ്‌വ്യവസ്ഥയെ ഉണർത്തുന്നതിൽ മുഖ്യ പങ്ക് റെയിൽവേയ്ക്കുണ്ടെന്ന് കണ്ട് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 1.5 ലക്ഷം കോടി രൂപ റെയിൽവേ വികസനത്തിനായി ചെലവഴിക്കാൻ സർക്കാർ തീരുമാനിച്ചു. ദേശീയ പാത വികസനപ്രവർത്തനങ്ങൾക്കുള്ള ധനസഹായവും വൻതോതിൽ വർധിപ്പിച്ചു. ഒരു ദിവസം 30 കിലോമീറ്റർ റോഡ് നിർമ്മിക്കുകയെന്ന ആഗ്രഹമാണ് സർക്കാരിന് ഇക്കാര്യത്തിലുള്ളത്.സ്മാർട്ട് സിറ്റികൾ, വൈഫൈ പദ്ധതികൾ, കൂടുതൽ ഊർജസ്രോതസ്സുകൾ തുടങ്ങിയ പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടു.

സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിലും സർക്കാർ ഏറെ മുന്നോട്ടുപോയി. ജൻ ധൻ യോജനയടക്കമുള്ള പദ്ധതികൾ വൻ വിജയമായി. ഓരോ വീടിനും ഓരു ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യമാണ് ഇത് സാധിച്ചെടുത്തത്. കുറഞ്ഞ പ്രീമിയം അടവുള്ള അപകട ഇൻഷുറൻസ് പദ്ധതികളും പെൻഷൻ പദ്ധതികളും രംഗത്തുവന്നു. ഈ രംഗത്ത് പത്തിൽ എട്ട് മാർക്കുണ്ട് സർക്കാരിന്.

സംസ്ഥാനങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിലും സർക്കാർ വിജയിച്ചു. ഏതെങ്കിലും ഒന്നോ രണ്ടോ സംസ്ഥാനങ്ങളെ പ്രാധാന്യത്തോടെ കാണാതെ, മിക്കവാറും എല്ലാ സംസ്ഥാനങ്ങളെയും തുല്യമായി കാണാനും സഹകരണാടിസ്ഥാനത്തിലുള്ള ഫെഡറലിസം എന്ന വിശ്വാസം സംരക്ഷിക്കാനും മോദിക്കായി. പ്ലാനിങ് കമ്മീഷൻ അവസാനിപ്പിച്ച് സംസ്ഥാനങ്ങളിൽ കേന്ദ്രത്തിന്റെ ഇടപെടൽ കുറയ്ക്കാനും മോദി തയ്യാറായി. ഈ രംഗത്തും പത്തിൽ എട്ട് മാർക്ക് ടൈംസ് ഓഫ് ഇന്ത്യ മോദി സർക്കാരിന് നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP