Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് ബാധിച്ച എഎസ്‌ഐയുമായി സമ്പർക്കമുണ്ടായെന്ന് ട്രെയിനി അറിയിച്ചിട്ടും ഗൗനിച്ചില്ല; സായുധ പൊലീസ് ക്യാമ്പിൽ മറ്റു 110 ട്രെയിനികൾക്കൊപ്പം തുടർച്ചയായ ട്രെയിനിങ് ക്യാമ്പ്; ഒടുവിൽ ട്രെയിനി കോവിഡ് പോസിറ്റീവായപ്പോൾ ക്വാറന്റൈനിൽ പോകേണ്ടി വന്നത് മുപ്പതോളം ട്രെയിനികളുംം രണ്ടു ഇൻസ്ട്രക്ടർമാരും; കോവിഡ് പരിശോധനാഫലം അറിയാൻ എടുത്തത് പത്ത് ദിവസം; തലസ്ഥാനത്തെ പേരൂർക്കട എസ്എപി ക്യാമ്പിൽ 'കോവിഡിനെ തോൽപിക്കാൻ' വാശിയോടെ ട്രെയിനിങ്

കോവിഡ് ബാധിച്ച എഎസ്‌ഐയുമായി സമ്പർക്കമുണ്ടായെന്ന് ട്രെയിനി അറിയിച്ചിട്ടും ഗൗനിച്ചില്ല; സായുധ പൊലീസ് ക്യാമ്പിൽ മറ്റു 110 ട്രെയിനികൾക്കൊപ്പം തുടർച്ചയായ ട്രെയിനിങ് ക്യാമ്പ്; ഒടുവിൽ ട്രെയിനി കോവിഡ് പോസിറ്റീവായപ്പോൾ ക്വാറന്റൈനിൽ പോകേണ്ടി വന്നത് മുപ്പതോളം ട്രെയിനികളുംം രണ്ടു ഇൻസ്ട്രക്ടർമാരും; കോവിഡ് പരിശോധനാഫലം അറിയാൻ എടുത്തത് പത്ത് ദിവസം; തലസ്ഥാനത്തെ പേരൂർക്കട എസ്എപി ക്യാമ്പിൽ 'കോവിഡിനെ തോൽപിക്കാൻ' വാശിയോടെ ട്രെയിനിങ്

എം മനോജ് കുമാർ

തിരുവനന്തപുരം: നിലവിലെ കോവിഡ് പ്രോട്ടോക്കോൾ പിന്തുടർന്ന് പൊലീസ് ട്രെയ്‌നിങ് നടത്തുക അസാധ്യമായിരിക്കെ ഇത് അവഗണിച്ച് ട്രെയിനിങ് നടത്താനുള്ള നീക്കമാണ് പേരൂർക്കട എസ്എപി ക്യാമ്പിൽ കോവിഡ് പടർത്തുന്നത്. ഇന്നലെയും പേരൂർക്കട പൊലീസ് ക്യാമ്പിൽ ഒരു ട്രെയിനി കോവിഡ് പോസിറ്റീവ് ആയതിനു ഇതിനു ഉദാഹരണമാണ്. ട്രെയ്‌നിക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ക്യാമ്പ് ഇപ്പോഴും തുടർന്ന് പോവുക തന്നെയാണ്. ട്രെയിനിയെ ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ ട്രെയിനിയുമായി സമ്പർക്കത്തിലുള്ളവരെ ക്വാറന്റൈൻ ചെയ്തു. പക്ഷെ ക്യാമ്പ് ഇപ്പോഴും തുടരുക തന്നെയാണ്. കാഞ്ഞിരംകുളം സ്വദേശിക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 110 ട്രെയിനികൾക്കൊപ്പമാണ് രോഗം സ്ഥിരീകരിച്ച പൊലീസുകാരൻ കഴിഞ്ഞിരുന്നത്. ഈ ട്രെയിനിയുമായി സമ്പർക്കത്തിലായ മുപ്പത് ട്രെയിനികളെയാണ് ഇന്നലെ ക്വാറന്റൈൻ ചെയ്തത്. ഒപ്പം ട്രെയിനിംഗിന് നേതൃത്വം നൽകിയ രണ്ടു ഇൻസ്ട്രക്ടർമാരും ക്വാറന്റൈനിൽ ആയി. അനാസ്ഥയുടെ ഫലമാണ് ഈ രോഗവ്യാപനം എന്നാണു വ്യക്തമാകുന്നത്.

കോവിഡ് പോസിറ്റീവായ ഈ ട്രെയിനി കാഞ്ഞിരംകുളം സ്റ്റേഷനിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നതാണ്. അവിടുത്തെ ഒരു എഎസ്‌ഐയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആ എസ്എഐയുമായി സമ്പർക്കത്തിലുണ്ടായിരുന്ന ആളാണ് ഈ ട്രെയിനി. എഎസ്‌ഐയ്ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ അവിടെ സമ്പർക്കത്തിലുണ്ടായിരുന്നവർ ക്വാറന്റൈനിൽ പോയിരുന്നു. ഇവിടെ 15 നു ക്യാമ്പ് തുടങ്ങിയപ്പോൾ ഈ ട്രെയിനികൂടിയുണ്ട്. തന്റെ കൂടെയുണ്ടായിരുന്ന എഎസ്‌ഐയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് ട്രെയിനി ക്യാമ്പ് ഉന്നതരോടു വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ട്രെയിനിയെ ക്വാറന്റൈൻ ചെയ്യുന്നതിന് പകരം മറ്റുള്ള ട്രെയിനികൾക്ക് ഒപ്പം ഉൾപ്പെടുത്തി ഇയാൾക്കും ട്രെയിനിങ് നൽകുകയാണ് ചെയ്തത്. ഇതോടെ ഈ ട്രെയിനിയുമായി സമ്പർക്കത്തിൽ ഉള്ളവരെ മുഴുവൻ ക്വാറന്റൈനിലേക്ക് മാറ്റുകയും ചെയ്തു.

ട്രെയിനികളെ കോവിഡ് ടെസ്റ്റിനു വിധേയമാക്കാൻ ധൃതി കാണിച്ച അധികൃതർ റിസൾട്ട് എത്തിക്കുന്നതിലും വീഴ്ച വരുത്തി. 16 നു നടത്തിയ ടെസ്റ്റ് റിസൾട്ട് ആണ് ഇന്നലെ വന്നത്. മറിച്ച് റിസൾട്ട് ഉടൻ തന്നെ വരുത്താൻ തീരുമാനിച്ചിരുന്നെങ്കിൽ ഇന്നലത്തെ രീതിയിൽ ഇത്രയും പേരോടു ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിക്കേണ്ട ആവശ്യവും വരില്ലായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊലീസ് ട്രെയിനിങ് നൽകുക അസാധ്യമാണ്. രണ്ടു മീറ്റർ അകലം പാലിക്കാൻ ഒരു കാരണവശാലും ട്രെയിനിംഗിനു ഇടയിൽ കഴിയില്ല. ഒരു മെസ് ആണ് ട്രെയിനിങ് സമയത്ത് നിലവിലുണ്ടാകുക. എല്ലാ ട്രെയിനികളും ഈ മെസിൽ നിന്നും തന്നെ വേണം ഭക്ഷണം കഴിക്കാൻ. രാത്രി കിടക്കുമ്പോൾ 60 പേരോളമാണ് ബാരക്കിൽ ഉണ്ടാകുക. സ്വാഭാവികമായും ഇവരെല്ലാം സമ്പർക്കത്തിൽ വരുകയും ചെയ്യും. 120 പേർ ക്യാമ്പിൽ ഉണ്ടെങ്കിൽ അവർക്ക് ഉള്ളത് പത്തോ പതിനഞ്ചോ ബാത്ത്‌റൂമുമാണ്. കോവിഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇവർ എല്ലാം ഉപയോഗിക്കുക ഈ സജ്ജീകരണങ്ങൾ ആണ്. ഇവർക്കിടയിൽ കോവിഡ് വന്നാൽ ക്വാറന്റൈനിൽ പോവുകയല്ലാതെ വേറെ മാർഗമില്ല. ക്യാമ്പ് താത്ക്കാലത്തേക്ക് നിർത്തി വയ്ക്കാൻ പൊലീസ് തലത്തിൽ ആലോചനയുമില്ല. ഇതെല്ലാം എസ്എപി ക്യാമ്പിലെ പൊലീസുകാർക്കിടയിൽ ഭീതി വളർത്തുകയാണ്.

മുൻപുള്ളതിനെ അപേക്ഷിച്ച് പൊലീസുകാരിൽ കോവിഡ് വ്യാപിക്കുന്നത് ഇപ്പോൾ വളരെ കൂടുതലാണ്. സിവിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനം മുൻപ് അടച്ചിരുന്നു. കോവിഡ് ഡ്യൂട്ടിക്കായി ക്രൈംബ്രാഞ്ചിൽ നിന്ന് ഡെപ്യൂട്ടേഷനിൽ പോയ വനിതാ ഓഫീസർക്കാണ് കോവിഡ് പോസിറ്റീവായത്. ജൂലൈ ഏഴു മുതൽ തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരിധിയിൽ കോവിഡ് ഡ്യൂട്ടിയിലായിരുന്നു ഇവർ. ഡെപ്യൂട്ടേഷൻ ഡ്യൂട്ടി പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ഇവർ 15 നു ഇവർ തിരികെ ഹെഡ്ക്വാർട്ടേഴ്‌സിൽ ഡ്യൂട്ടിയിൽ പ്രവേശിപ്പിച്ചു. ഇതിനു മുമ്പായി എടുത്ത സാംപിളാണ് പോസിറ്റീവ് ആയത്. പൂന്തുറ പൊലീസ് സ്റ്റേഷനിലെ എസ് ഐക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സ്റ്റേഷനിലെ ജൂനിയർ എസ് ഐക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി ഇടപഴകിയ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരോട് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം നൽകിയിരുന്നു. 50 പേരാണ് പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്നത്. കോവിഡ് സമൂഹവ്യാപനം വന്ന പൂന്തുറയിൽ ഡ്യൂട്ടി നോക്കിയിരുന്നയാളാണ് ഈ ജൂനിയർ എസ്‌ഐ.

അതേ സമയത്ത് കോവിഡ് ഡ്യൂട്ടിയിൽ പൊലീസ് പരിക്ഷീണരായി മാറിയിട്ടുണ്ടെന്നുള്ള വിലയിരുത്തലും സർക്കാർ തലത്തിൽ വന്നിട്ടുണ്ട്. കോവിഡ് പ്രതിരോധ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസിൽനിന്നും സ്‌പെഷ്യൽ യൂണിറ്റിൽനിന്നും ധാരാളം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. രോഗികൾ വർധിക്കുന്നതു മൂലവും ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടും ചില ജില്ലകളിൽ പൊലീസിന്റെ ജോലിഭാരം വല്ലാതെ ഏറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാ ജില്ലകളും സന്ദർശിച്ച് പൊലീസുകാരുടെ ക്ഷേമം സംബന്ധിച്ച റിപ്പോർട്ട് ദിവസേന സംസ്ഥാന പൊലീസ് മേധാവിക്ക് നൽകാൻ എഡിജിപിയുമായ കെ പത്മകുമാറിനോടു നിർദ്ദേശിച്ചിട്ടുണ്ട് എന്നാണു മുഖ്യമന്ത്രി പറഞ്ഞത്. പല സ്ഥലത്തും മണിക്കൂറുകളോളം പൊലീസുകാർ തുടർച്ചയായി ജോലിചെയ്യേണ്ടി വരുന്നു. ദൂര സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് യഥാസമയം ജോലിക്കെത്താൻ കഴിയാതെ വരുന്നുമുണ്ട്. സ്‌പെഷ്യൽ യൂണിറ്റിൽനിന്ന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ അവരുടെ താമസസ്ഥലത്തിന് അടുത്തുള്ള പ്രദേശത്ത് നിയോഗിക്കണമെന്ന് നിർദ്ദേശിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പൊലീസുകാർക്ക് ആവശ്യത്തിന് ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കും കുടിവെള്ളവും ഭക്ഷണവും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നു പ്രഖ്യാപനം വന്നിരുന്നു. പൊലീസുകാരെ നിയോഗിച്ചിരിക്കുന്ന പ്രദേശങ്ങൾ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സന്ദർശിക്കുകയും അവരുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്യുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP