Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല; ഇന്റേത് റെഡിയായില്ല്യ എന്ന് ഇനി ഫായിസിന് പറയാനാകില്ല; പരസ്യവാചകത്തിന് റോയൽറ്റിയും സമ്മാനങ്ങളുമായി മിൽമയെത്തി; സമ്മാനതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനും നൽകുമെന്ന് ഫായിസും കുടുംബവും; എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയ്‌പ്പൂല്യ എന്ന നാലാം ക്ലാസുകാരന്റെ ആത്മവിശ്വാസത്തിന് അം​ഗീകാരം; ഫായിസിന്റെ തൊപ്പിയെ ചൊല്ലിയും തർക്കം

ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല; ഇന്റേത് റെഡിയായില്ല്യ എന്ന് ഇനി ഫായിസിന് പറയാനാകില്ല; പരസ്യവാചകത്തിന് റോയൽറ്റിയും സമ്മാനങ്ങളുമായി മിൽമയെത്തി; സമ്മാനതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനും നൽകുമെന്ന് ഫായിസും കുടുംബവും; എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയ്‌പ്പൂല്യ എന്ന നാലാം ക്ലാസുകാരന്റെ ആത്മവിശ്വാസത്തിന് അം​ഗീകാരം; ഫായിസിന്റെ തൊപ്പിയെ ചൊല്ലിയും തർക്കം

ജാസിം മൊയ്തീൻ

കോഴിക്കോട്: കടലാസ് പൂവ് നിർമ്മിക്കുന്ന വീഡിയോ ചെയ്തതിലൂടെ വൈറലായ ഫായിസിന്റെ വാക്കുകൾ പുതിയ പരസ്യത്തിൽ ഉപയോഗിച്ചതിന് പ്രതിഫലം നൽകി മിൽമ അധികൃതർ. മലബാർ മേഖല മിൽമ അധികൃതരാണ് ഫായിസിന്റെ വീട്ടിലെത്തി പരസ്യ വാചകത്തിനുള്ള പ്രതിഫലവും സമ്മാനങ്ങളും നൽകിയത്. ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല എന്ന ഫായിസിന്റെ വാക്കുകളാണ് മിൽമ ഇന്നലെ തങ്ങളുടെ പുതിയ പരസ്യത്തിൽ ഉപയോഗിച്ചിരുന്നത്. പിന്നീട് ഫായിസിന്റെ വാക്കുകൾ ഉപയോഗിച്ചതിന് റോയൽറ്റി നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ കുഴിമണ്ണയിലുള്ള ഫായിസിന്റെ വീട്ടിലെത്തി മിൽമ അധികൃതർ പാരിതോഷികവും സമ്മാനങ്ങളും കൈമാറിയത്. പതിനായിരം രൂപയും സ്മാർട് ടിവിയും മിൽമ ഉൽപന്നങ്ങളുമാണ് മിൽമ ഫായിസിന് കൈമാറിയത്. മിൽമയ്ക്ക് തുടർന്നും ഈ വരികൾ ഉപയോഗപ്പെടുത്താമെന്ന് ഫായിസിന്റെ പിതാവ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ പൊലീസും ഫായിസിന്റെ വീട്ടിലെത്തി സമ്മാനങ്ങൾ നൽകിയിരുന്നു. ഫായിസിന്റെ വാക്കുകൾ ഉപയോഗിച്ച് പരസ്യം ചെയ്ത മറ്റു സ്ഥാപനങ്ങളും ഫായിസെന്ന കോപ്പി റൈറ്ററെ അംഗീകരിക്കണമെന്നും പ്രതിഫലം നൽകണമെന്നുമുള്ള ആവശ്യങ്ങളും ഉയർന്നു കഴിഞ്ഞു.

അതേ സമയം മിൽമ അധികൃതർ പരസ്യവാചകത്തിന് പ്രതിഫലമായി തന്ന പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട ഒരു പെൺകുട്ടിയുടെ വിവാഹ സഹായത്തിലേക്കും വീതിച്ച് നൽകുമെന്ന് ഫായിസും കുടുംബവും അറിയിച്ചു. ഇതിനിടെ ഫായിസിന്റെ തൊപ്പിയെ ചൊല്ലി സോഷ്യൽ മീഡിയയിൽ തർക്കവും നടക്കുന്നുണ്ട്. ചിലി സിപിഎം, സംഘപരിവാർ പ്രൊഫൈലുകളിൽ നിന്നാണ് ആദ്യം ഫായിസിന്റെ തൊപ്പിയെ ചൊല്ലിയുള്ള തർക്കം തുടങ്ങിയത്. ആദ്യ വീഡിയോ പുറത്തു വന്ന സമയത്ത് ഫായിസ് തൊപ്പി ധരിച്ചിരുന്നില്ലെന്നും ഇപ്പോൾ പ്രശസ്തനായതോടെ വീട്ടുകാർ തൊപ്പി ധരിച്ച് മത പരിവേശം നൽകുകയാണ് എന്നായിരുന്നു ഇക്കൂട്ടർ പറഞ്ഞത്. ഇതിനെ ചൊല്ലി ഫായിസ് തൊപ്പി ധരിക്കുന്നതിൽ ആർക്കാണിത്ര പ്രയാസം എന്ന് ചോദിച്ചും നിരവധി പേർ രംഗത്തെത്തി. വാസ്തവത്തിൽ വൈറലായ വീഡിയോക്ക് മുമ്പും ഫായിസ് ഇത്തരത്തിൽ തൊപ്പി ധരിച്ച് തന്നെയാണ് നടന്നിരുന്നത്. അത് ഫായിസ് പഠിക്കുന്ന സ്‌കൂളിലെ ശീലമാണ്. കുഴിമണ്ണ ഇസ്സത്ത് സ്‌കൂളിലെ ആൺകുട്ടികളെല്ലാം ഇത്തരത്തിൽ തൊപ്പി ധരിച്ച് തന്നെയാണ് നടക്കാറുള്ളതെന്നും വീട്ടുകാർ പറഞ്ഞു

കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന മലപ്പുറം ജില്ലയിലെ കിഴിശ്ശേരിക്കടുത്ത് കുഴിഞ്ഞളത്തുള്ള അബ്ദൽ മുനീറിന്റെ മകൻ ഫായിസിന്റെ ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല എന്ന വാക്കുകൾ പരസ്യ കമ്പനികൾ ഉപയോഗിച്ചു തുടങ്ങിയിരുന്നു. മിൽമ മലബാർ ഡയറിയാണ് ആദ്യമായി ഫായിസിന്റെ വാക്കുകൾ പരസ്യത്തിൽ ഉപയോഗിച്ചത്. ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല. പക്ഷേങ്കി ചായ എല്ലാർക്കും ശരിയാവും പാൽ മിൽമയാണെങ്കിൽ എന്നാണ് മലബാർ മിൽമ തങ്ങളുടെ പുതിയ പരസ്യത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

തൊട്ടു പിന്നാലെ കോഴിക്കോട് പന്തീരങ്കാവിലുള്ള പുതിയ സൂപ്പർമാർക്കറ്റ് ഓഡർവിറ്റും തങ്ങളുടെ പുതിയ പരസ്യത്തിൽ ഇതേ വാചകങ്ങൾ ഉപയോഗിച്ചു. ഇതിനെല്ലാ പുറമെ മയോർ എന്ന പരസ്യക്കമ്പനിയും അവരുടെ പരസ്യത്തിൽ ഈ വാചകങ്ങളാണ് ഉപോഗിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിൽ കേരള പൊലീസും മലപ്പുറം ജില്ല കളക്ടറുമെല്ലാം പുതിയ കോവിഡ് 19 ബോധവത്കരണ പോസ്റ്ററുകളിൽ ഈ വാക്കുകൾ ഉപയോഗിച്ച് സന്ദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ്. മറ്റു നിരവധി സ്ഥാപനങ്ങളും ഇപ്പോൾ ഇതേ വാചകങ്ങൾ ഉപയോഗിച്ച് പരസ്യങ്ങൾ തയ്യാറാക്കിയിരിക്കുകയാണ്.

എന്നാൽ ഒരു പരസ്യം ചെയ്യുന്നതിന് പരസ്യകമ്പനികൾ ലക്ഷങ്ങൾ കൈപറ്റുന്നുണ്ടെന്നും ഈ വാചകങ്ങളുടെ യഥാർത്ഥ അവകാശി ഫായിസാണെന്നും ഫായിസിന് റോയൽറ്റിയും മറ്റു പ്രതിഫലവും നൽകണമെന്നും സോഷ്യൽ മീഡിയയിൽ ആവശ്യം ഉയർന്നു കഴിഞ്ഞു. മിൽമയടക്കമുള്ള സ്ഥാപനങ്ങൾ ഈ വാചകങ്ങൾ ഉപയോഗിക്കാൻ ഫായിസിൽ നിന്നും അനുവാദം വാങ്ങിട്ടുണ്ടോ എന്നും സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുയർന്നു.

അതേ സമയം മിൽമ മലബാറിന്റെ പുതിയ പരസ്യവാചകത്തിന് ഫായിസിന് അർഹമായ പ്രതിഫലം നൽകുമെന്നും ഫായിസുമായി ബന്ധപ്പെടുമെന്നും മിൽമ മലബാർ എം.ഡി കെഎം വിജയകുമാരൻ അറിയിക്കുകയായിരുന്നു. ഫേസ്‌ബുക്ക് പേജിലെ പോസ്റ്ററിനായാണ് ഈ വാചകങ്ങൾ ഉപയോഗിച്ചത്. മലപ്പുറത്ത് സാധാരണ രീതിയിൽ വളരെ നിഷ്‌കളങ്കമായി ഉപയോഗിക്കുന്ന വാക്കുകളാണിത്. ആ നിഷ്‌കളങ്കതയാണ് ഈ വാക്കുകളെ ശ്രദ്ധേയമാക്കിയത്. ഫായിസുമായും അവന്റെ കുടുംബവുമായി സംസാരിച്ച് പ്രതിഫലത്തിന്റെയും മറ്റും കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും മിൽമ മലബാർ എം.ഡി കെഎം വിജയകുമാരൻ വ്യക്തമാക്കിയിരുന്നു.

മലപ്പുറം കുഴിമണ്ണ ഇസ്സത്ത് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ഫായിസ് കടലാസ് പൂ എങ്ങനെ നിർമ്മിക്കാമെന്ന് പഠിപ്പിക്കുന്ന വീഡിയോയിൽ ശ്രമം പരാജയപ്പെട്ടിട്ടും തോറ്റ ഭാവം മുഖത്ത് പ്രകടിപ്പിക്കാതെ സംസാരം തുടർന്നതാണ് ഫായിസിന്റെ ഈ വാക്കുകളെയും ആ വീഡിയോയെയും ശ്രദ്ധേയമാക്കിയത്. ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല. ഇന്റേത് റെഡിയായില്ല്യ. എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയ്‌പ്പൂല്യ- ഈ വാക്കുകളാണ് ഇസ്സത്ത് സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ കെ ടി മുഹമ്മദ് ഫായിസിനെ താരമാക്കിയത്. എത്രയൊക്കെ കഠിനാധ്വാനം ചെയ്തിട്ടും ജീവിതത്തിൽ ഒരു വിജയവും കൈവരിക്കാൻ സാധിക്കുന്നില്ലെന്ന് വിഷമിച്ചിരിക്കുന്നവർ ഈ വീഡിയോ കാണണമെന്ന അടിക്കുറിപ്പോടെ നിരവധി പേരാണ് ഈ വീഡിയോ പങ്കുവെച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP