Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനുബന്ധം ഒന്നിലെ അനിൽകുമാറിന്റെ ജനനം 1964 മെയ്‌ 24ന്; സ്ഥിര നിയമന ഉത്തരവിലെ ഡേറ്റ് ഓഫ് ബെർത്തിൽ തന്നെ വിരമിക്കൽ പ്രായം കഴിഞ്ഞതിന്റെ തെളിവ്; ലൈബ്രറി കൗൺസിലിൽ പെൻഷനായ ജീവനക്കാരൻ ഉൾപ്പെടെ പിൻവാതിലിലൂടെ സ്ഥിരനിയമനം ലഭിക്കുന്നത് 41 എൽഡി ക്ലാർക്കുമാർക്കും ആറ് അറ്റൻഡർമാർക്കും; പി എസ് സിയെ നോക്കുകുത്തിയാക്കി പിണറായി സർക്കാർ മുമ്പോട്ട്; വിരമിക്കൽ പ്രായം കഴിഞ്ഞവർക്കും സ്ഥിര ജോലി നൽകി ഇടതു സർക്കാരിന്റെ വിചിത്ര ഉത്തരവ്

അനുബന്ധം ഒന്നിലെ അനിൽകുമാറിന്റെ ജനനം 1964 മെയ്‌ 24ന്; സ്ഥിര നിയമന ഉത്തരവിലെ ഡേറ്റ് ഓഫ് ബെർത്തിൽ തന്നെ വിരമിക്കൽ പ്രായം കഴിഞ്ഞതിന്റെ തെളിവ്; ലൈബ്രറി കൗൺസിലിൽ പെൻഷനായ ജീവനക്കാരൻ ഉൾപ്പെടെ പിൻവാതിലിലൂടെ സ്ഥിരനിയമനം ലഭിക്കുന്നത് 41 എൽഡി ക്ലാർക്കുമാർക്കും ആറ്  അറ്റൻഡർമാർക്കും; പി എസ് സിയെ നോക്കുകുത്തിയാക്കി പിണറായി സർക്കാർ മുമ്പോട്ട്; വിരമിക്കൽ പ്രായം കഴിഞ്ഞവർക്കും സ്ഥിര ജോലി നൽകി ഇടതു സർക്കാരിന്റെ വിചിത്ര ഉത്തരവ്

എം മനോജ് കുമാർ

തിരുവനന്തപുരം: നിയമനം പിഎസ് സിക്ക് വിട്ടിട്ടും ലൈബ്രറി കൗൺസിലിൽ സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾ. ലൈബ്രറി കൗൺസിലിൽ പിൻവാതിൽ വഴി നിയമിച്ച 47 പേർക്ക് സ്ഥിര നിയമനം നൽകിയാണ് ഇപ്പോൾ സർക്കാർ ഉത്തരവ് വന്നത്. നിയമനം പിഎസ് സിക്ക് വിട്ടാൽ പിന്നെ സർക്കാരിനു നേരിട്ട് നിയമനം നടത്താൻ കഴിയില്ല.

നിയമനം പിഎസ് സിക്ക് വിടുന്നതിനു അനുബന്ധമായ സ്‌പെഷ്യൽ റൂൾസ് സൃഷ്ടിച്ചിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇവരെ സർവീസിൽ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വന്നത്. പിഎസ് സിക്ക് നിയമനം വിടുമ്പോൾ അനുബന്ധ നടപടിക്രമങ്ങൾക്ക് അധികം സമയം വേണ്ടിവരില്ലേന്നിരിക്കെയാണ് അത് മറച്ച് വെച്ച് അനുബന്ധ നടപടി ക്രമങ്ങൾ പൂർത്തിയായില്ലെന്നു പറഞ്ഞു സ്ഥിര നിയമനങ്ങൾക്ക് ഉത്തരവ് നൽകിയത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പിരിച്ചുവിട്ടവരെയാണ് മുൻകാല പ്രാബല്യത്തിലൂടെ സ്ഥിരപ്പെടുത്തിയത്. പെൻഷനായ ജീവനക്കാരനു വരെ മുൻകാല പ്രാബല്യത്തോടെ സ്ഥിര നിയമനം നൽകിയിട്ടുണ്ട്.

പിൻവാതിൽ നിയമനങ്ങൾക്കെതിരെ സംസ്ഥാനത്തിനകത്ത് നിന്ന് ശക്തമായ എതിർപ്പ് ഉയർന്നുവന്നിട്ടും പിഎസ് സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ ശക്തമായി തന്നെ നടക്കുകയാണ് എന്നാണ് ലൈബ്രറി കൗൺസിൽ നിയമനങ്ങൾ വ്യക്തമാക്കുന്നത്. സ്‌കോൾ കേരളയിൽ സമാനരീതിയിൽ 80 പേരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നതിനുമുന്നോടിയായാണ് ഇവിടെ ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തിയത്.

പിൻവാതിൽ നിയമനങ്ങൾ ആയതിനാൽ പിരിച്ചുവിട്ട ഇവരെ തിരിച്ചെടുക്കരുതെന്നു ആവശ്യപ്പെട്ടു കഴിഞ്ഞ യുഡിഎഫ് സർക്കാർ ഡിവിഷൻ ബെഞ്ചിൽ നൽകിയിരുന്ന റിട്ട് പെറ്റീഷൻ പിൻവലിച്ചാണ് ഇപ്പോൾ സ്ഥിര നിയമനം നൽകിയിരിക്കുന്നത്. പിഎസ്‌സിക്ക് നിയമനങ്ങൾ വിടുന്നതിനു മുമ്പ് കൗൺസിലിൽ തുടരുന്ന ദിവസവേതന ജീവനക്കാർ എന്ന നിലയിലാണ് ഇവരെ സ്ഥിരപ്പെടുത്തിയതെന്നാണ് ഉത്തരവിൽ പറയുന്നത്. കഴിഞ്ഞ ഇരുപതിനാണ് ഇത് സംബന്ധിച്ച ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ചിരിക്കുന്നത്.

സർക്കാർ ഗ്രാൻഡിൽ പ്രവർത്തിക്കുന്ന ലൈബ്രറി കൗൺ സിലിലെ നിയമങ്ങൾ സർക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ പാടുള്ളൂ എന്ന് തീരുമാനത്തെ ലൈബ്രറി കൗൺസിൽ ചോദ്യം ചെയ്തിരുന്നുവെങ്കിലും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയെ തുടർന്ന് നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. 41 എൽഡി ക്ലാർക്കുമാരെയും 6 അറ്റൻഡർമാരെയും ആണ് സ്ഥിരപ്പെടുത്തുന്നത്. ഇതിൽ 26 പേരുടെ നിയമനം 2011 മുതൽ മുൻകാല പ്രാബല്യത്തോടെയും 21 പേരെ ഈ മാസം മുതലും സ്ഥിരം തസ്തികകളിൽ നിയമിക്കാനാണ് ഉത്തരവ്. 13 പേരെ കഴിഞ്ഞ വർഷം തന്നെ പ്രത്യേക ഉത്തരവിലൂടെ മുൻകാല പ്രാബല്യത്തിൽ സ്ഥിരപ്പെടുത്തിയിരുന്നു.

കുടിശിക ഇനത്തിൽ തന്നെ ഇവർക്ക് എട്ടു കോടി രൂപയോളം നൽകേണ്ടതായി വരും. ഈ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതോടെ കൗൺസിലിന് പ്രതിവർഷം രണ്ടുകോടിയോളം രൂപ അധിക ചെലവ് വരും. ഗ്രാമീണ ഗ്രന്ഥശാലകൾക്ക് ലഭിച്ചുവന്ന വാർഷിക ഗ്രാന്റ് വെട്ടികുറക്കുകയും, ലൈബ്രേറിയന്മാർക്ക് നൽകിവരുന്ന തുശ്ചമായ അലവൻസിൽ വർദ്ധനവ് നൽകാതിരിക്കുകയും ചെയ്ത സർക്കാർ കോടികൾ ചെലവിട്ട് ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിന് പിന്നിൽ വ്യക്തമായ അഴിമതിയുണ്ടെന്ന് ഗ്രന്ഥശാല സംരക്ഷണസമിതി ചെയർമാൻ.ആർ.എസ്.ശശികുമാർ മറുനാടനോട് പറഞ്ഞു.

വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനു അവസരമൊരുക്കുന്ന സ്‌കോൾ കേരളയിൽ (ഓപ്പൺ സ്‌കൂൾ) താത്കാലികക്കാരായ സിപിഎം നോമിനികളെയാണ് സ്ഥിരപ്പെടുത്താൻ സർക്കാർ ഉത്തരവിട്ടിരുന്നു. സിപിഎം നേതാക്കളുടെ ബന്ധുക്കളായ 80 പേരെയാണ് ഒറ്റയടിക്ക് സ്ഥിരപ്പെടുത്തുന്നത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി ചെയർമാനും, എക്സിക്യൂട്ടീവ് ഡയറക്ടർ കൺവീനറും, നിയമവകുപ്പ്, ധന വകുപ്പ്, സെക്രട്ടറിമാർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ അംഗങ്ങളുമായിട്ടുള്ള കമ്മറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ തസ്തികകൾ പുതുതായി അനുവദിച്ചത്.

ഓപ്പൺ സ്‌കൂളിനു സൊസൈറ്റി രെജിസ്ട്രേഷൻ ഉള്ളതിനാൽ വിവരവകാശ നിയമപരിധി ബാധകമല്ലെന്നു നോട്ടീസ് ബോർഡിലും വെബ് സൈറ്റിലും പ്രദർശിപ്പിച്ചിട്ടുമുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കോൾ കേരളയിൽ രാഷ്ട്രീയ നിയമനമാണ് കാലങ്ങളായി നടക്കുന്നത്. തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചിട്ടും നിയമനം പി.എസ്. സിക്ക് വിടാൻ തയാറാകാത്തത് പിൻവാതിൽ നിയമനത്തിന് വേണ്ടിയാണെന്നാണ് സൂചന.

ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, ഫിനാൻസ് ഓഫീസർ, സീനിയർ സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട്, എന്നീ സൂപ്പർവൈസറി തസ്തികകളും, സിസ്റ്റം അനാലിസ്റ്റ്, അക്കാദമിക് അസോസിയേറ്റ്, പി എ, അക്കൗണ്ടന്റ്, റിസപ്ഷനിസ്റ്റ്, ഡ്രൈവർ, സ്വീപ്പർ എന്നീ തസ്തികകൾക്കു പുറമെ 22 സീനിയർ ക്ലാർക്ക്മാരുടെയും, 22 ജൂനിയർ ക്ലാർക്കുമാരുടെയും, 14 ജില്ലാ കോർഡിനേറ്റർമാരുടെയും, 3 ഓഫീസ് അറ്റന്റന്റ്മാരുടെയും 3 സെക്യൂരിറ്റിക്കാരുടെയും ഉൾപ്പടെ 80 തസ്തികകളാണ് സർക്കാർ ജീവനക്കാരുടെ സമാന ശമ്പളസ്‌കെയിലിൽ സൃഷ്ടിച്ചിട്ടുള്ളത്.

സർക്കാർ നിയന്ത്രണത്തിലുള്ള ചാരിറ്റബിൾ സൊസൈറ്റിയായതിനാൽ ഇതിന്റെ മറ പിടിച്ചാണ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടാതെ നേരിട്ട് തന്നെ നടത്തുന്നത്. മറുനാടന് ലഭിച്ച വിവരങ്ങൾ പ്രകാരം സിപിഎം നേതാക്കളുടെ ബന്ധുക്കളാണ് സ്ഥിരം നിയമനം നടക്കുന്ന പോസ്റ്റുകളിൽ ഉള്ളത്. ഡിവൈഎഫ്ഐ നേതാവിന്റെ സഹോദരി, ദേശാഭിമാനി ജീവനക്കാരുടെ ബന്ധുക്കൾ, കൗൺസിലറുടെ ഭാര്യ, പിആർഡിയിലുള്ള ഒരാളുടെ ഭാര്യ, സിപിഎം നേതാവിന്റെ ഭാര്യ, കൗൺസിലറുടെ സഹോദരി, തൃശൂരിലെ പാർട്ടി പ്രവർത്തക, മുൻ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ ഭാര്യ തുടങ്ങി നിയമനങ്ങൾ മുഴുവനും തന്നെ സിപിഎം ബന്ധുത്വമുള്ളവരാണ്.

ഈ സർക്കാരിന്റെ കാലത്ത് ഐടി വകുപ്പിന്റെ കീഴിൽ 51 പേരെയും അനധികൃതമായി നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിന്നിടെയാണ് 51 പേരെ ഐടി വകുപ്പിൽ നിയമിച്ചത്. ഇതിൽ 19 പേർ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലാണ് നിയമിച്ചിരിക്കുന്നത്. ഐടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കറാണ് ഈ നിയമനങ്ങൾ നടത്തിയിരുന്നത്. സബ് രജിസ്ട്രാർ ഓഫീസിൽ രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ മറവിലും ഇതേ പോലുള്ള പിൻവാതിൽ നിയമനങ്ങൾ നടത്തിയിട്ടുണ്ട്.

രജിസ്‌ട്രേഷൻ വകുപ്പിന് കീഴിലുള്ള സബ് രജിസ്ട്രാർ ഓഫീസിൽ സിഡിറ്റിൽ നിന്നാണ് നിയമനം നടത്തിയിരിക്കുന്നത്. 136 പേരെയാണ് ഈ രീതിയിൽ നിയമിച്ചിരിക്കുന്നത്. ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഈ നിയമനങ്ങളും നടന്നിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP