Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടോക്കൺ വച്ചു ചീട്ട് കളിയും പണമിടപാട് മറ്റൊരിടത്തുമെന്ന് പൊലീസ്; മണർകാട് ക്രൗൺ ക്ലബ്ബിൽ നിന്ന് ചീട്ടുകളിക്കിടെ 18 ലക്ഷം പിടിച്ചെടുത്തത് നാടകമെന്ന് ക്ലബ്ബ് സെക്രട്ടറി; റെയ്ഡിൽ പിടിച്ചെടുത്തത് തന്റെ മറ്റുസ്ഥാപനങ്ങളിലെ പണം; കോട്ടയത്തെ സിപിഎം നേതാവും പൊലീസും ചേർന്നുള്ള ഗൂഢാലോചന; റെയ്ഡിൽ തന്റെ ഭാഗം മറുനാടനോട് വിശദീകരിച്ച് മാലം സുരേഷ്

ടോക്കൺ വച്ചു ചീട്ട് കളിയും പണമിടപാട് മറ്റൊരിടത്തുമെന്ന് പൊലീസ്; മണർകാട് ക്രൗൺ ക്ലബ്ബിൽ നിന്ന് ചീട്ടുകളിക്കിടെ 18 ലക്ഷം പിടിച്ചെടുത്തത് നാടകമെന്ന് ക്ലബ്ബ് സെക്രട്ടറി; റെയ്ഡിൽ പിടിച്ചെടുത്തത് തന്റെ മറ്റുസ്ഥാപനങ്ങളിലെ പണം; കോട്ടയത്തെ സിപിഎം നേതാവും പൊലീസും ചേർന്നുള്ള ഗൂഢാലോചന; റെയ്ഡിൽ തന്റെ ഭാഗം മറുനാടനോട് വിശദീകരിച്ച് മാലം സുരേഷ്

ആർ പീയൂഷ്

കോട്ടയം: ക്ലബ്ബിലെ ചീട്ടുകളിക്കിടെ പൊലീസ് റെയ്ഡ് നടത്തി 18 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവം കരുതിക്കൂട്ടി നടത്തിയ തിരക്കഥയുടെ ഭാഗമാണെന്ന് ക്ലബ്ബ് സെക്രട്ടറിയുടെ ആരോപണം. മണർകാട് ക്രൗൺ ക്ലബ്ബ് സെക്രട്ടറി മാലം സുരേഷ് എന്ന കെവി സുരേഷാണ് പൊലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. റെയ്ഡിൽ പൊലീസ് പിടിച്ചെടുത്ത പണം തന്റെ സ്ഥാപനങ്ങളുടെ വിറ്റ് വരവ് നടത്തിയതിന്റെ കളക്ഷൻ പണമാണെന്നാണ് സുരേഷ് പറയുന്നത്. പൊലീസും ജില്ലയിലെ ഉന്നതനായ സിപിഎം നേതാവും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെന്നും സുരേഷ് വ്യക്തമാക്കി.

കഴിഞ്ഞ 11 നാണ് മണർകാട് ക്രൗൺ ക്ലബിൽ പൊലീസ് നടത്തിയ പരിശോധനയിൽ 18 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തത്. ചീട്ടുകളിക്കാൻ എത്തിയ 43 പേരെ പിടികൂടുകയും ക്ലബ് ഭാരവാഹികളെ പ്രതിയാക്കി കേസെടുക്കുകയും ചെയ്തിരുന്നു. ക്ലബിനു താഴെ പ്രവർത്തിക്കുന്ന തന്റെ സ്ഥാപനങ്ങളിൽ നിന്നുള്ള പണമാണ് പൊലീസ് പിടിച്ചെടുത്തതെന്നാണ് സുരേഷ് പറയുന്നത്. പൊലീസ് പണവുമായി ക്ലബ്ബിലേക്ക് കയറിപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും ശേഖരിച്ച് തെളിവായി വച്ചിട്ടുണ്ട്. ക്ലബ്ബിനുള്ളിൽ സിസിടിവിയുണ്ടെങ്കിലും പൊലീസ് ഡിവിആർ എടുത്തുകൊണ്ടു പോയി ഹാർഡ് ഡിസ്‌ക്കിലെ മുഴുവൻ ദൃശ്യങ്ങളും നശിപ്പിച്ചതായും സുരേഷ് പറയുന്നു.

താഴത്തെ സ്ഥാപനത്തിൽ നിന്നും എടുത്ത പണം ക്ലബ്ബിനുള്ളിലേക്ക് പൊലീസ് കൊണ്ടു വരുന്ന ദൃശ്യങ്ങൾ ഉള്ളിലെ നാലു ക്യാമറയിൽ പതിഞ്ഞതിനെ തുടർന്നാണ് പൊലീസ് ദൃശ്യങ്ങൾ നശിപ്പിച്ചത്. എന്നാൽ പൊലീസ് ദൃശ്യങ്ങൾ നശിപ്പിച്ച ഹാർഡ് ഡിസ്‌ക്ക് പ്രമുഖ ഐടി കമ്പനിയിൽ ദൃശ്യങ്ങൾ വീണ്ടെടുക്കാനായി നൽകിയിരിക്കുകയാണ്. ഈ ദൃശ്യങ്ങൾ ലഭിച്ചാൽ പൊലീസ് നടത്തിയ കള്ളക്കളി പുറത്തുകൊണ്ടുവരാനാകുമെന്നും സുരേഷ് പറഞ്ഞു. 43 പേർ ചീട്ടുകളിക്കാൻ ഉണ്ടായിരുന്നു എന്ന് പറയുന്ന വാദം സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുത്താൽ പോളിയുമെന്നും പുറത്ത് നിന്നും പൊലീസ് ആളുകളെ കൊണ്ടു വന്ന് എണ്ണം കൂട്ടിയതാണെന്നും പറഞ്ഞു.

ഏറെ നാളായി സ്ഥലത്തെ മറ്റൊരു വ്യവസായി സുരേഷുമായി വിരോധത്തിലാണ്. റിയൽ എസ്റ്റേറ്റ് സംബന്ധമായ തർക്കമാണ് വിരോധത്തിന് കാരണം. മുൻപ് കുബേരയുടെ പേരിൽ കേസിൽപെടുത്താൻ ശ്രമിച്ചെങ്കിലും തെളിവുകൾ സുരേഷിന് അനുകൂലമായതിനാൽ പൊലീസ് കേസിൽ നിന്നും രക്ഷപെട്ടിരുന്നു. എന്നാൽ വീണ്ടും ഏതെങ്കിലും കേസിൽപെടുത്തി അകത്താക്കാൻ ശ്രമിക്കുകയാണ് എന്നാണ് സുരേഷിന്റെ ആരോപണം. ഇതിനായി സിപിഎമ്മിന്റെ പ്രധാന നേതാവിന്റെ ഒത്താശയുമുണ്ട്. കുടുംബപരമായി സാമ്പത്തിക ഭദ്രയുള്ളയാളാണ് സുരേഷ്. സൂപ്പർമാർക്കറ്റും ഗ്രാനൈറ്റ് ഷോപ്പും ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളും ഉണ്ട്. അധികൃതമായി പണം സമ്പാദിക്കേണ്ട യാതൊരു ആവശ്യവുമില്ല എന്നാണ് പറയുന്നത്.

പൊലീസ് റെയ്ഡിൽ കള്ളത്തരം കാട്ടിയില്ലെങ്കിൽ എന്തിനാണ് ക്ലബ്ബിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതെന്നാണ് സുരേഷിന്റെ ചോദ്യം. നശിപ്പിച്ച ദൃശ്യങ്ങൾ വീണ്ടെടുത്ത ശേഷം പൊലീസിനെതിരെ കടുത്ത നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അതിന്റെ ഭാഗമാണ് ഇപ്പോൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെന്നും സുരേഷ് പറയുന്നു. തന്നെ നിരന്തരമായി അപമാനിക്കുന്ന തരത്തിൽ വാർത്തയെഴുതിയതിനെ തുടർന്ന് സ്ഥലത്തെ പ്രാദേശിക മാധ്യമ പ്രവർത്തകനെതിരെ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിന്റെ പേരിൽ ഇല്ലാക്കഥകൾ മെനഞ്ഞ് പത്രത്തിൽ വാർത്ത എഴുതുന്നു എന്നും ആരോപിക്കുന്നുണ്ട്. എന്നാൽ പൊലീസ് സുരേഷിന്റെ വാദം തെറ്റാണെന്നാണ് പറയുന്നത്.

അതേ സമയം മറുനാടൻ മലയാളി പൊലീസിൽ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സുരേഷിന്റെ ഭാഗം കേൾക്കാൻ മാധ്യമങ്ങളൊന്നും തയ്യാറാകുന്നില്ല എന്നതിനെ തുടർന്ന് മറുനാടൻ മലയാളിയുമായി ബന്ധപ്പെടുകയും തന്റെ ഭാഗം കൃത്യമായി പറയുകയും ചെയ്തു. ഇതിനെ തുടർന്നാണ് സുരേഷിന്റെ ഭാഗം കൊടുത്തത്. പൊലീസിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് ഗയിമിങ് ആക്ട് പ്രകാരവും എപ്പിഡമിക് ഓർഡിനൻസ് പ്രകാരവും സുരേഷിനെതിരെ കേസെടുത്തിട്ടുണ്ട് എന്നാണ്. നാലു വർഷത്തോളമായി ക്ലബ്ബിൽ ചീട്ടുകളി നടക്കുന്നു. രണ്ടുവട്ടം പൊലീസ് റെയ്ഡ് നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല. വിവരം മുൻകൂർ ചോർന്നതാണു കാരണം. ടോക്കൺ വച്ചു കളി നടത്തുകയും അതിനുള്ള പണം മറ്റൊരു സ്ഥലത്തു സൂക്ഷിക്കുകയും ചെയ്യുന്നുവെന്നാണു പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP