Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജസ്ഥാൻ നിയമസഭ വിളിച്ചു ചേർത്ത് സച്ചിൻ പൈലറ്റിനെയും കൂട്ടരെയും അയോ​ഗ്യരാക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം ​ഗവർണർ പൊളിച്ചത് കോവിഡിനെ കൂട്ടുപിടിച്ച്; നിയമസഭ ചേരാൻ കൽരാജ് മിശ്ര മുന്നോട്ട് വെച്ചത് മൂന്നു നിബന്ധനകൾ; ആറു പേജുള്ള പ്രേമലേഖനം അയച്ചിരിക്കുകയാണെന്ന് അശോക് ​ഗെലോട്ടിന്റെ പരിഹാസം; ബിജെപി നിയമിച്ച ഗവർണർമാരെല്ലാം നിരന്തരം ഭരണഘടനയുടെ സന്ദേശത്തെയും ആത്മാവിനെയും തകർക്കുകയാണെന്ന് പി ചിദംബരം

രാജസ്ഥാൻ നിയമസഭ വിളിച്ചു ചേർത്ത് സച്ചിൻ പൈലറ്റിനെയും കൂട്ടരെയും അയോ​ഗ്യരാക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം ​ഗവർണർ പൊളിച്ചത് കോവിഡിനെ കൂട്ടുപിടിച്ച്; നിയമസഭ ചേരാൻ കൽരാജ് മിശ്ര മുന്നോട്ട് വെച്ചത് മൂന്നു നിബന്ധനകൾ; ആറു പേജുള്ള പ്രേമലേഖനം അയച്ചിരിക്കുകയാണെന്ന് അശോക് ​ഗെലോട്ടിന്റെ പരിഹാസം; ബിജെപി നിയമിച്ച ഗവർണർമാരെല്ലാം നിരന്തരം ഭരണഘടനയുടെ സന്ദേശത്തെയും ആത്മാവിനെയും തകർക്കുകയാണെന്ന് പി ചിദംബരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ബിജെപിയെ വിമർശിച്ച് കോൺ​ഗ്രസ്. വിമത നീക്കങ്ങലെ തടയിടാൻ കോൺ​ഗ്രസ് നേതൃത്വം നടത്തുന്ന എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്നതോടെയാണ് കോൺ​ഗ്രസ് നേതൃത്വം ബിജെപിക്കെതിരെ രൂക്ഷവിമർശമങ്ങളുമായി രം​ഗത്തെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച മുതൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്ന സർക്കാർ ആവശ്യം ​ഗവർണർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പി ചിദംബരം ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ബിജെപിയെ കുറ്റപ്പെടുത്തി രം​ഗത്തെത്തിയത്.

ബിജെപി നിയമിച്ച ഗവർണർമാരെല്ലാം നിരന്തരം ഭരണഘടനയുടെ സന്ദേശത്തെയും ആത്മാവിനെയും തകർക്കുകയാണെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് പി ചിദംബരം ആരോപിച്ചു. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ​ഗവർണർ പക്ഷം പിടിക്കുന്നു എന്ന ആക്ഷേപം കോൺ​ഗ്രസ് ഉയർത്തുന്നതിനിടെയാണ് ബിജെപി നിയമിച്ച ​ഗവർണർമാർക്കെതിരെ രൂക്ഷ വിമർശനവുമായി ചി​ദംബരം രം​ഗത്തെത്തിയത്. നിയമസഭ സമ്മേളനം വിളിച്ചുചേർക്കാനുള്ള രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ആവശ്യം ഗവർണർ കൽരാജ് മിശ്ര തള്ളിയതിന് പിന്നാലെയാണ് ചിദംബരത്തിന്റെ വിമർശനം. വെള്ളിയാഴ്ച മുതൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്നായിരുന്നു ഗെലോട്ട്ആവശ്യപ്പെട്ടിരുന്നത്. നിയമസഭ സമ്മേളനം വിളിച്ചുചേർക്കണമെന്ന ഗെലോട്ടിന്റെ ആവശ്യത്തിനെതിരെ ഗവർണർ ഉന്നയിച്ച ചോദ്യങ്ങൾ അപ്രസക്തവും അദ്ദേഹത്തിന്റെ അധികാരത്തിന് അതീതവുമാണെന്നും ചിദംബരം വ്യക്തമാക്കി.

‘2014 മുതൽ ബിജെപി നിയമിച്ച ഗവർണർമാർ ഇന്ത്യൻ ഭരണഘടനയുടെ സന്ദേശത്തെയും ആത്മാവിനെയും ആവർത്തിച്ച് ലംഘിക്കുകയാണ്. ഇതിലൂടെ പാർലമെന്ററി ജനാധിപത്യത്തെയും അതിന്റെ സമ്പ്രദായങ്ങളെയും സാരമായി ബാധിച്ചു’, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക എന്നീ സംസ്ഥാനങ്ങളിലും സമാന രീതിയിൽ സംഭവമുണ്ടായപ്പോൾ ചില വിധി പ്രസ്താവനകൾ സുപ്രീംകോടതി നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ‘ഈ വിധിന്യായങ്ങളും നിയമങ്ങളും ഉണ്ടായിരുന്നിട്ടും രാജസ്ഥാൻ ഗവർണർ സഭ ചേരാൻ അനുവദിച്ചില്ല. നിയമസഭാ സമ്മേളനം വിളിക്കുക എന്നത് മന്ത്രിമാരുടെ സ്വാഭാവികമായ അഭ്യർത്ഥനയായിരുന്നു’, ചിദംബരം കുറ്റപ്പെടുത്തി.

എന്താണ് സംഭവിക്കുന്നതെന്ന് രാഷ്ട്രപതി ശ്രദ്ധിക്കുമെന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. പാർലമെന്ററി ജനാധിപത്യത്തിന്റെ ദ്രവീകരണം, ഭരണഘടനയുടെ ദ്രവീകരണം, ഭരണഘടനാ ലംഘനം എന്നിവയിൽ ശരിയെന്താണോ അത് രാഷ്ട്രപതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മിശ്രയ്ക്ക് സ്വന്തം വിവേചനാധികാരമില്ല. ചെയ്യുന്നത് തെറ്റാണെന്ന് ഗവർണറോട് പറയാനും നിയമസഭാ സമ്മേളനം വിളിക്കാൻ ആവശ്യപ്പെടാനും രാഷ്ട്രപതിക്ക് സമ്പൂർണ അവകാശമുണ്ടെന്നും ചിദംബരം പറഞ്ഞു.

സമ്മേളനം വിളിച്ചുചേർക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി നൽകിയ ശുപാർശ സംബന്ധിച്ച ഫയൽ ഗവർണർ സർക്കാരിന് തിരിച്ചയച്ചിരുന്നു. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി നിയമസഭ വിളിച്ചുചേർക്കണമെന്നാണ് രാജസ്ഥാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നത്. നിയമസഭ ചേരുമ്പോൾ വിമത പക്ഷത്തുള്ള സച്ചിൻ പൈലറ്റിനെയും എംഎൽഎമാരെയും അയോഗ്യരാക്കാനായിരുന്നു ഗെലോട്ട് പക്ഷത്തിന്റെ നീക്കം. നിയമസഭ വിളിക്കണമെങ്കിൽ 21 ദിവസം മുൻപുള്ള നോട്ടീസ് വേണമെന്നതാണ് ഗവർണർ കൽരാജ് മിശ്രയുടെ നിലപാട്. 200 എംഎൽഎമാരെയും ആയിരം ജീവനക്കാരെയും ഒരുമിച്ച് വിളിച്ചു ചേർക്കുന്നത് കോവിഡ്കാല ചട്ടപ്രകാരം അനുവദിക്കാനാവില്ല എന്നാണ് ഗവർണർ പറയുന്നത്. മൂന്നു നിബന്ധനകളാണ് ശുപാർശ തിരിച്ചയച്ചുകൊണ്ട് ഗവർണർ മുന്നോട്ടുവച്ചത്. നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെങ്കിൽ സർക്കാർ 21 ദിവസത്തെ നോട്ടീസ് നൽകണമെന്നായിരുന്നു ഗവർണർ കൽരാജ് മിശ്രയുടെ നിലപാട്. സമ്മേളനം ലൈവായി സംപ്രേഷണം ചെയ്യണമെന്നാണ് രണ്ടാമത്തെ നിബന്ധന. കോവിഡ് വ്യാപനം തടയുന്നതിനു നടപടിയെടുക്കണമെന്നും ഗവർണർ നിർദ്ദേശിച്ചു.

ഇതിനിടെ നിയമസഭ ചേർന്നാൽ കോൺഗ്രസിനെ എതിർക്കാൻ ബിഎസ്‌പി തീരുമാനിച്ചിട്ടുണ്ട്. പാർട്ടി ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ആറ് എംഎൽഎമാർക്ക് സർക്കാരിനെതിരെ വോട്ട് ചെയ്യാനാവശ്യപ്പെട്ട് വിപ്പ് നൽകി. രാഷ്ട്രീയപ്രതിസന്ധി സംസ്ഥാനത്തെ ക്രമസമാധാന നിലയെ ബാധിച്ചെന്നും, സർക്കാർ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ബിഎസ്‌പി ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര ആവശ്യപ്പെട്ടു. അതിനിടെ വിമത കോൺഗ്രസ് എംഎൽഎമാർക്കെതിരേയുള്ള നോട്ടീസിൽ നടപടിയെടുക്കരുതെന്ന രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിനെതിരേ സ്പീക്കർ സി പി ജോഷി സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു.

​ഗവർണറുടെ നിലപാടിനെ രൂക്ഷമായി പരിഹസിച്ചാണ് അശോക് ​ഗെലോട്ടും പ്രതികരിച്ചത്. ഗവർണ്ണർ വീണ്ടും ഞങ്ങൾക്ക് ആറ് പേജുള്ള പ്രേമലേഖനം അയച്ചിരിക്കുകയാണ്" എന്നായിരുന്നു ​ഗെലോട്ടിന്റെ പ്രതികരണം. ഗവർണർ കൽരാജ് മിശ്രയുടെ പെരുമാറ്റത്തെ കുറിച്ച് പ്രധാനമന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സച്ചിൻ പൈലറ്റിനൊപ്പം പോയ 19 എംഎൽഎമാരിൽ മൂന്ന് പേർ തിരികെ വരുമെന്ന് കോൺഗ്രസ്സ് വക്താവ് രൺദീപ് സിങ് സർജേവാല. 48 മണിക്കൂറിനകം ഇവർ കോൺഗ്രസ്സ് പാളയത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP