Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യാൻ സഭാ അധികൃതർ തടസം നിന്നിട്ടില്ല; സെല്ലുകളുള്ള സെമിത്തേരിയിൽ അടക്കം നടത്തരുതെന്ന് നിർദ്ദേശിച്ചത് ആരോഗ്യവകുപ്പ്; താമസിക്കുന്നത് രണ്ടു സെന്റ്‌ മാത്രമുള്ള വീട്ടിൽ ആയതിനാൽ കുഴിയെടുത്ത് സംസ്ക്കരിക്കാനും കഴിഞ്ഞില്ല; ദഹിപ്പിക്കാൻ അനുമതി നൽകിയത് കോവിഡ് പ്രോട്ടോക്കോൾ ആയതിനാൽ; കോവിഡ് ബാധിച്ച് മരിച്ച ഔസേപ്പ് ജോർജിന്റെ സംസ്കാരം സംബന്ധിച്ച വിവാദത്തിൽ സത്യാവസ്ഥ എന്തെന്ന് ജനം അറിയട്ടെയെന്നു മകൾ മറുനാടനോട്

സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യാൻ സഭാ അധികൃതർ തടസം നിന്നിട്ടില്ല; സെല്ലുകളുള്ള സെമിത്തേരിയിൽ അടക്കം നടത്തരുതെന്ന് നിർദ്ദേശിച്ചത് ആരോഗ്യവകുപ്പ്; താമസിക്കുന്നത് രണ്ടു സെന്റ്‌ മാത്രമുള്ള വീട്ടിൽ ആയതിനാൽ കുഴിയെടുത്ത് സംസ്ക്കരിക്കാനും കഴിഞ്ഞില്ല; ദഹിപ്പിക്കാൻ അനുമതി നൽകിയത് കോവിഡ് പ്രോട്ടോക്കോൾ ആയതിനാൽ; കോവിഡ് ബാധിച്ച് മരിച്ച ഔസേപ്പ് ജോർജിന്റെ സംസ്കാരം സംബന്ധിച്ച വിവാദത്തിൽ സത്യാവസ്ഥ എന്തെന്ന് ജനം അറിയട്ടെയെന്നു മകൾ മറുനാടനോട്

എം മനോജ് കുമാർ

കോട്ടയം: കോവിഡ് ബാധിച്ച് മരിച്ച ഔസേപ്പ് ജോർജിന്റെ മൃതദേഹം മുട്ടമ്പലം ശ്മശാനത്തിൽ സംസ്ക്കരിക്കാൻ അനുമതി നൽകിയത് ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നെന്ന് കുടുംബം. സെമിത്തേരിയിൽ അടക്കം ചെയ്യാൻ പൊന്തക്കൊസ്ത് സഭാ അധികൃതർ തടസം നിന്നിട്ടില്ലെന്നും കുടുംബം പറഞ്ഞു. സഭാ വകയായ സെമിത്തേരിയിൽ അടക്കം ചെയ്യാനുള്ളത് സെൽ സംവിധാനമാണ്. കുഴിയെടുത്ത് അല്ല ശരീരം അടക്കുന്നത്. സെല്ലിൽ മൃതദേഹം അടക്കം ചെയ്യരുതെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നു. ഒന്നുകിൽ കുഴിയെടുത്ത് അടക്കം ചെയ്യണം. അല്ലെങ്കിൽ ശരീരം ദഹിപ്പിക്കണം എന്നാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും അറിയിച്ചത്. സഭാ സെമിത്തേരിയുള്ളത് കോട്ടയം മാങ്ങാനത്താണ്. കുഴി കുഴിച്ച് അടക്കാൻ നിലവിലെ സംവിധാന പ്രകാരം കഴിയില്ല. കുഴിയിൽ അല്ല സെല്ലിലാണ് സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യുന്നത്.

അത് കോവിഡ് പ്രോട്ടോക്കോളിനു വിരുദ്ധമാണ്. സെല്ലിൽ അടക്കം ചെയ്യാൻ സഭാ അധികൃതർ തടസം നിന്നിട്ടില്ല. രണ്ടു വർഷം മുൻപാണ് അമ്മ മരിച്ചത്. അമ്മയെ സെല്ലിൽ തന്നെയാണ് അടക്കം ചെയ്തത്. പക്ഷെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം അടക്കം വേണമെന്ന് ആരോഗ്യവകുപ്പിൽ നിന്നും കർശന നിർദ്ദേശം വന്നിരുന്നു. സെമിത്തേരിയില്ലെങ്കിൽ കുഴി കുഴിച്ച് അടക്കം ചെയ്യാൻ വീട്ടിലും കഴിയില്ല. രണ്ടു സെന്റ്‌ സ്ഥലത്താണ് വീടുള്ളത്. അതിനാൽ സംസ്കാരത്തിനു വീട്ടിൽ കഴിയില്ല. അതിനാലാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശ പ്രകാരം മുട്ടമ്പലം ശ്മശാനത്തിൽ ദഹിപ്പിക്കാൻ തീരുമാനം എടുത്തത്-ഔസേപ്പ് ജോർജിന്റെ മകൾ മറുനാടനോട് പറഞ്ഞു.

പിതാവിന് കോവിഡ് ബാധയുണ്ടെന്നു തങ്ങൾക്ക് ഒരറിവും ഉണ്ടായിരുന്നില്ല. ശ്വാസംമുട്ടൽ വന്നു. പിന്നെ ന്യൂമോണിയയും വന്നു. അതിനെ തുടർന്നാണ്‌ കോട്ടയം മെഡിക്കൽ കോളെജിൽ ശനിയാഴ്ച ജോർജിനെ എത്തിച്ചത്. കോവിഡ് പകരാൻ അദ്ദേഹം പുറത്ത് പോയിരുന്നില്ല. കോട്ടയം മുൻസിപ്പാലിറ്റി ജീവനക്കാരനായിരുന്നു പിതാവ്. വിരമിച്ച ശേഷം അദ്ദേഹത്തിനു വീണു പരിക്കേറ്റിരുന്നു. അതിനാൽ പുറത്ത് അങ്ങിനെ പോകാറുണ്ടായിരുന്നില്ല. അധികം സമയവും കട്ടിലിൽ കിടപ്പ് ആയിരുന്നു. അതിനാൽ കോവിഡ് വരുമെന്ന സംശയവും ഉണ്ടായിരുന്നില്ല. പനിയാണ് ആദ്യം വന്നത്. ഞങ്ങൾ അയ്മനം ആശുപത്രിയിൽ എത്തിച്ചു.

വെള്ളിയാഴ്ചയാണ് അയ്മനം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിൽ വന്നത്. വീട്ടിൽ വന്നു കഴിഞ്ഞിട്ടും ശ്വാസംമുട്ടലും അസ്വസ്ഥതയും കൂടി. പിന്നെ എസ്എച്ച് മൗണ്ട് മെഡിക്കൽ സെന്ററിൽ എത്തിച്ചു. അവിടെ നിന്നും അസുഖം കൂടിയപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. ന്യൂമോണിയ എന്നാണ് അവർ പറഞ്ഞത്. ശനിയാഴ്ച വെളുപ്പിന് മരിക്കുകയും ചെയ്തു. മരിച്ചശേഷം കോവിഡ് ടെസ്റ്റ്‌ നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവ് എന്ന് റിസൾട്ട് വന്നത്. തുടർന്നുള്ള അടക്കത്തിന്നിടയിലാണ് പ്രശ്നങ്ങൾ വന്നു പെട്ടത്-മകൾ പറയുന്നു.

ഇന്നലെ രാത്രിയിലാണ് കോവിഡ് ബാധിച്ച് മരിച്ച ഔസേപ്പ് ജോർജിന്റെ മൃതദേഹം മുട്ടമ്പലം ശ്മശാനത്തിൽ സംസ്‌കരിച്ചത്. മൃതദേഹം സംസ്കരിക്കുന്നതിനിടെ പ്രദേശവാസികൾ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ജനവാസ മേഖലയ്ക്ക് സമീപത്തെ ശ്മശാനത്തിൽ നാട്ടുകാരെ അറിയിക്കാതെ കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കുന്നത് നാട്ടുകാരെ പ്രകോപിപ്പിച്ചു. സംസ്‌കരിക്കാൻ പള്ളിയുടെ സ്ഥലമുണ്ടായിട്ടും ഇവിടേക്കു കൊണ്ടുവന്നതിൽ ദുരൂഹതയുണ്ടെന്നും അവർ പറഞ്ഞു.

പ്രശ്നം വഷളായപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ മുട്ടമ്പലത്ത് സംസ്ക്കരിക്കെണ്ടെന്നു തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് ഇന്നലെ രാത്രി 10.30 യോടെ കനത്ത സുരക്ഷയിൽ മൃതദേഹം സംസ്കരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം സംസ്കരിക്കാനായി എത്തിച്ചത്. എന്നാൽ ഇവിടെ സംസ്കരിക്കുന്നതിനെതിരെ ബിജെപി കൗൺസിലർ ടിഎൻ ഹരികുമാറിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ പ്രതിഷേധിച്ചു. മൃതദേഹം കത്തുമ്പോൾ ഉണ്ടാകുന്ന പുകയിലൂടെ കോവിഡ് പകരുമെന്നായിരുന്നു നാട്ടുകാരുടെ വാദം. കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ മൃതദേഹം സംസ്കരിക്കണമെന്നും കൗൺസിലർ ആവശ്യപ്പെട്ടു.

ജോർജ്ജ് പോകുന്ന പള്ളിയിൽ സംസ്കാരം നടത്താത്തത് എന്താണ് എന്നും നാട്ടുകാർ ചോദിച്ചിരുന്നു. ശ്മശാനത്തിന് സമീപം നിരവധി വീടുകൾ ഉണ്ടെന്നും ഇവിടെ ഉള്ളവരിലേക്ക് രോഗം പടരാൻ ഇടയുണ്ടന്നുമാണ് ആരോപണമായി നാട്ടുകാർ ഉന്നയിച്ചത്. പ്രതിഷേധം അവസാനിപ്പിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ പിആർ. സോന, സിപിഎം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ എന്നിവർ നാട്ടുകാരുമായി സംസാരിച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ഇവിടെ മൃതദേഹം സംസ്കരിക്കില്ലെന്നായിരുന്നു തിരുവഞ്ചൂർ അറിയിച്ചത്. എന്നാൽ പിന്നീട് രാത്രിയോടെ ഇവിടെ തന്നെ മൃതദേഹം സംസ്കരിക്കരിക്കുകയായിരുന്നു.

വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു സംസ്കാരം നടത്തിയത്. ഉറവിടം അറിയാത്ത കോവിഡ് കേസുകൾ വർദ്ധിക്കുമ്പോൾ തന്നെയാണ് ഔസേപ്പ് ജോർജും കോവിഡ് ബാധിച്ച് മരിക്കുന്നത്. പുറത്ത് ഇറങ്ങാത്ത ഔസേപ്പ് ജോർജിനു എങ്ങനെ കോവിഡ് വന്നുവെന്ന് വീട്ടുകാർക്കും അറിയില്ല. കോവിഡ് ബാധയെന്ന റിസൾട്ട് വന്നതിനെ തുടർന്ന് ഇവരുടെ കുടുംബം ഇപ്പോൾ ക്വാറന്റൈനിൽ കഴിയുകയാണ്. പക്ഷെ തങ്ങൾക്ക് ഇതുവരെ ഒരു ടെസ്റ്റും നടത്തിയിട്ടില്ലെന്നാണ് കുടുംബം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP