Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ സംഭവം; മുട്ടമ്പലം വാർഡ് കൗൺസിലർ അടക്കം കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കേസെടുത്ത് പൊലീസ്; കേസ് കോവിഡ് പ്രോട്ടോക്കോൾ തെറ്റിച്ച് കൂട്ടം കൂടിയതിനും, മൃതദേഹത്തോട് അനാദരവ് കാട്ടിയതിനും; പ്രതിഷേധത്തെ വകവയ്ക്കാതെയും മൃതദേഹം വൈദ്യുതി ശ്മശാനത്തിൽ തന്നെ സംസ്‌കരിച്ച് അധികൃതരും; നടപടി ലൂർദ് വാർഡ് ബിജെപി കൗൺസിലറായ ടി.എൻ. ഹരികുമാർ ഉൾപ്പടെയുള്ളവർക്കെതിരെ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം:കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ സംഭവത്തിൽ ബിജെപി കൗൺസിലർ അടക്കം 50 പേർക്കെതിരെ കേസെടുത്ത് പൊലീസ്. കോട്ടയം മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കുന്നത് തടഞ്ഞ സംഭവത്തിലാണ് കൗൺസിലർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 50 പേർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് അനധികൃതമായി കൂട്ടം കൂടിയതിന് പകർച്ചവ്യാധി നിയന്ത്രണ നിയമം, മൃതദേഹത്തോട് അനാദരവ് കാട്ടി തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തത്. കേസിലെ ഒന്നാം പ്രതി കോട്ടയം നഗരസഭാ ലൂർദ് വാർഡിലെ ബിജെപി കൗൺസിലറായ ടി.എൻ. ഹരികുമാറാണ്.

കോവിഡ് ബാധിച്ച് മരിച്ച ചുങ്കം സി.എം.എസ്. കോളേജ് ഭാഗം നടുമാലിൽ ഔസേഫ് ജോർജി(83)ന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെയാണ് കൗൺസിലർ ടി.എൻ.ഹരികുമാറിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ നിലപാടെടുത്തത്. മുട്ടമ്പലത്ത് വൈദ്യുതിശ്മശാനത്തിൽ സംസ്‌കരിക്കുമ്പോൾ അതിന്റെ ചാരം പറക്കുമെന്നും അത് സുരക്ഷാഭീഷണി ഉണ്ടാക്കുമെന്നുമായിരുന്നു പ്രദേശവാസികൾക്കിടയിൽ ആരോ തെറ്റിധാരണ പരത്തിയത്. പിന്നീട് രാത്രി 10.30 ഓടെ കനത്ത പൊലീസ് സന്നാഹത്തോടെ മൃതദേഹം മുട്ടമ്പലം ശ്മശാനത്തിൽതന്നെ സംസ്‌കരിക്കുകയായിരുന്നു.

83കാരനായ ഓസേപ്പിന്റെ മതൃദേഹം സംസ്‌ക്കരിച്ചത് പ്രതിഷേധക്കാർ പിരിഞ്ഞ് പോയതിന് പിന്നാലെ രാത്രി 11 മണിയോടെയാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റി വെച്ച സംസ്‌ക്കാരം നടത്തിയത് വൻ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ.

കോവിഡ് ബാധയെ തുടർന്ന് മരിച്ച ചുങ്കം സ്വദേശി ഔസേപ്പ് ജോർജിന്റെ(83) സംസ്‌കാരമാണ് മണിക്കൂറുകൾ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ പൊലീസ് അകമ്പടിയോടെ മുട്ടമ്പലത്ത് നടന്നത്.ഉച്ചയ്ക്കു രണ്ടരയോടെയാണ് ഔസേപ്പിന്റെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് മുട്ടമ്പലത്തെ ശ്മശാനത്തിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധവും തർക്കവും ആരംഭിച്ചത്.

കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു വൈദ്യുതി ശ്മശാനത്തിൽ മൃതദേഹം സംസ്‌ക്കരിക്കാൻ വേണ്ടി അധികൃതർ എത്തിയതോടെയാണ് പ്രതിഷേധവുമായി ആളുകൾ രംഗത്തെത്തിയത്. സ്ഥലം കൗൺസിലറായ ബിജെപിയുടെ ടി എൻ ഹരികുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ശ്മശാനത്തിനു സമീപം വീടുകളുണ്ട് എന്നതായിരുന്നു നാട്ടുകാരുടെ ആശങ്ക. മരിച്ചയാളെ അടക്കാൻ പള്ളിയുമായി ബന്ധപ്പെട്ട സ്ഥലമുണ്ടായിട്ടും ഇവിടേക്കു കൊണ്ടുവന്നതിൽ ദുരൂഹതയുണ്ടെന്ന ആരോപണമാണ് നാട്ടുകാർ ഉയർത്തിയത്. ജില്ലാ ഭരണകൂടമാണ് ഇവിടെ സംസ്‌കരിക്കാനുള്ള തീരുമാനമെടുത്തത്.

മുട്ടമ്പലം ശ്മാശനത്തിന്റെ കവാടം നാട്ടുകാർ കെട്ടിയടച്ച ശേഷം മുട്ടമ്പലം ശ്മശാനത്തിലേക്കുള്ള റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നഗരത്തിലെ ശ്മാശനത്തിൽ സംസ്‌കാരം നടത്താൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സ്ഥലത്ത് പൊലീസെത്തി ശ്മശാനത്തിലേക്കുള്ള വഴി തുറന്നു. പൊലീസ് വന്ന് വേലി നീക്കിയതിനെ തുടർന്ന് നാട്ടുകാർ കുത്തിയിരുന്നു പ്രതിഷേധം ആരംഭിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻപൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. അതേസമയം, കോവിഡ് പ്രോട്ടോകോൾ പ്രകാരം വളരെ സുരക്ഷിതമായി മാത്രമേ സംസ്‌കാരം നടത്തുവെന്ന് കോട്ടയം ജില്ലാ കളക്ടർ പ്രതികരിച്ചു.

സുരക്ഷാ സംവിധാനമില്ലാത്തതിനാലാണ് പള്ളിയിൽ സംസ്‌കരിക്കാത്തത്. ചർച്ച നടത്തി ജനങ്ങളോട് കാര്യം പറഞ്ഞ് മനസിലാക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. എന്നാൽ, പ്രതിഷേധം ഉണ്ടായതോടെ ജനങ്ങൾ എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധം അറിഞ്ഞ് സ്ഥലം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനും സ്ഥലത്തെത്തിയിരുന്നു. പ്രതിഷേധക്കാരുമായി എംഎൽഎ സംസാരിച്ചെങ്കിലും അവരും പിന്മാറാൻ കൂട്ടാക്കിയില്ല. സംസാരിക്കാനെത്തിയ ഉദ്യോഗസ്ഥനോട് ബിജെപി കൗൺസിലർ കയർത്താണ് സംസാരിച്ചത്. 'തന്റെ വീട്ടിൽ കൊണ്ടുപോടോ' എന്നു പറഞ്ഞായിരുന്നു ആക്രോശം. പ്രതിഷേധത്തിനിടെ എഴുന്നേറ്റ് പോകാനാഞ്ഞവരെ ഭീഷണിപ്പെടുത്തി കൗൺസിലർ അവിടെ ഇരിക്കണമെന്നും താനേ ഇവർക്കൊപ്പം കാണൂ എന്നും പറഞ്ഞിരുന്നു. ശവം ദഹിപ്പിക്കുമ്പോൾ ഉയരുന്ന പുക വഴി രോഗം പകരുമെന്നാണ് ഇവർ ആരോപിച്ചിരുന്നത്. കോട്ടയം മെഡിക്കൽ കോളെജിൽ തന്നെ മൃതദേഹം സംസ്‌ക്കാരിക്കണമെന്നാണ് കൗൺസിലർ ഹരികുമാർ പറഞ്ഞത്.

പ്രതിഷേധക്കാരുമായി ജില്ലാ ഭരണകൂടം ചർച്ച നടത്തിയിരുന്നു. കൗൺസിലർ അടക്കമുള്ളവരെ കലക്ടറേറ്റിലേക്ക് വിളിപ്പിച്ചിരുന്നു. തുടർന്ന് വൈകിട്ടോടെ സംസ്‌കാരം മാറ്റിവയ്ക്കുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മുട്ടമ്പലത്തെ ശ്മശാനത്ത് സംസ്‌കരിക്കില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സംസ്‌കാരത്തിന് ജില്ലാ ഭരണകൂടം മറ്റൊരു സ്ഥലം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഇതിനു ശേഷം രാത്രി പതിനൊന്നു മണിയോടെ കൂടുതൽ പൊലീസുകാരെ എത്തിച്ചശേഷമാണ് സംസ്‌കാരം നടത്തിയത്. രാത്രി 10.57 ന് ആരംഭിച്ച സംസ്‌കാരച്ചടങ്ങ് 11.16 ന് അവസാനിച്ച ശേഷമാണ് പൊലീസ് സംഘം മടങ്ങിയത്.

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP