Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നലെ റിപ്പോർട്ട് ചെയ്തത് വെറും 14 മരണങ്ങൾ മാത്രം; കൊറോണ നിയന്ത്രണം ഫലപ്രദമെന്ന് വിലയിരുത്തൽ; അനേകം പുതിയ രാജ്യങ്ങളെ കൂടി ക്വാറന്റൈൻ ലിസ്റ്റിൽ പെടുത്തിയതോടെ വിദേശയാത്രകൾ മുടങ്ങി; സ്പെയിനിൽ നിന്നും മടങ്ങിയവർ ബ്രിട്ടണിൽ ക്വാറന്റൈനിൽ

ഇന്നലെ റിപ്പോർട്ട് ചെയ്തത് വെറും 14 മരണങ്ങൾ മാത്രം; കൊറോണ നിയന്ത്രണം ഫലപ്രദമെന്ന് വിലയിരുത്തൽ; അനേകം പുതിയ രാജ്യങ്ങളെ കൂടി ക്വാറന്റൈൻ ലിസ്റ്റിൽ പെടുത്തിയതോടെ വിദേശയാത്രകൾ മുടങ്ങി; സ്പെയിനിൽ നിന്നും മടങ്ങിയവർ ബ്രിട്ടണിൽ ക്വാറന്റൈനിൽ

സ്വന്തം ലേഖകൻ

ലോക്ക്ഡൗണിനു ശേഷമുള്ള ശനിയാഴ്‌ച്ചകളിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ പ്രതിദിന മരണസംഖ്യയാണ് ഇന്നലെ രേഖപ്പെടുത്തിയത്, വെറും 14 മരണങ്ങൾ. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് ബ്രിട്ടനിലെ മൊത്തം കോവിഡ് മരണങ്ങളുടെ എണ്ണം 45,752 ആയി ഉയർന്നു. ഇതിൽ 13 മരണങ്ങൾ ഇംഗ്ലണ്ടിൽ സംഭവിച്ചപ്പോൾ ഒരു മരണം രേഖപ്പെടുത്തിയത് വെയിൽസിലാണ്. ഇംഗ്ലണ്ടിൽ മരണമടഞ്ഞവർ മറ്റ് രോഗങ്ങളാൽ വലയുന്നവരായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

ഇന്നലെ പുതിയതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. പൊതുവേ കോറോണ വ്യാപനം നിയന്ത്രണാധീനമായിട്ടുണ്ട് എന്നാണ് വിലയിരുത്തൽ എന്നിരുന്നാലും ഒരു രണ്ടാം വരവിനുള്ള സാധ്യത ആരും തള്ളിക്കളയുന്നുമില്ല. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വന്നതോടെ, രോഗ വ്യാപനം വീണ്ടും ഉണ്ടായേക്കാം എന്ന് വിശ്വസിക്കുന്നവരുമുണ്ട്. സ്പെയിനിലും മറ്റ് ചില യൂറോപ്യൻ രാഷ്ട്രങ്ങളിലും രോഗവ്യാപനം വീണ്ടും ശക്തിപ്പെടുന്നത് ചൂണ്ടിക്കാണിക്കുകയാണ് ഇക്കൂട്ടർ.

അതേ സമയം കൂടുതൽ വിദേശരാഷ്ട്രങ്ങളെ ക്വാറന്റൈൻ ആവശ്യമുള്ള രാജ്യങ്ങളുടെ ലിസ്റ്റിൽ ചേർക്കേണ്ടി വന്നേക്കാം എന്നാണ് ഡൊമിനിക് റാബ് പറഞ്ഞത്. നേരത്തേ, സന്ദർശിച്ച് തിരിച്ചെത്തുമ്പോൾ ക്വാറന്റൈൻ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലുണ്ടായിരുന്ന സ്പെയിനിൽ ഒഴിവുകാലം ചലവഴിക്കാൻ പോയവരോട്, അവർ തിരിച്ചെത്തിയാൽ 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈന് വിധേയരാകണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. സ്പെയിനിൽ കോവിഡ്-19 വ്യാപനത്തിൽ പെട്ടെന്നുണ്ടായ വർദ്ധനവാണ് ഇതിനിടയാക്കിയത്.

ഫ്രാൻസ്, ജർമ്മനി, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ് വീണ്ടും ശക്തമായ തോതിലുള്ള രോഗവ്യാപനം ദൃശ്യമായിരിക്കുന്നത്. ഇതിൽ ഫ്രാൻസിലേയും ജർമ്മനിയിലേയും രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ, ഈ രാജ്യങ്ങൾ സന്ദർശിച്ചു മടങ്ങുന്നവർക്കും 14 ദിവസത്തെ നിരബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. സ്‌കൈ ബ്രിഡ്ജിന്റെ കാര്യത്തിലും യാതൊരു ഉറപ്പും നൽകാനാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും റബ്ബ് പറഞ്ഞു.

സ്പെയിനിലേക്ക് തിർച്ച ബ്രിട്ടീഷ് വിനോദ സഞ്ചാരികൾ, ഇപ്പോൾ പുതിയതായി ഏർപ്പെടുത്തിയ നിർബന്ധിത ക്വാറന്റൈൻ നിർദ്ദേശത്തിൽ കോപാകുലരാണെങ്കിലും അത് ഒഴിവാക്കാൻ ആകാത്തതാണെന്നാണ് റബ്ബിന്റെ പക്ഷം. ഇപ്പോൾ തന്നെ ഏകദേശം 6,00,000 ബ്രിട്ടീഷുകാർ സ്പെയിനിൽ ഒഴിവുകാലം ചെലവഴിക്കാൻ എത്തിയിട്ടുണ്ട് എന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇവർക്ക് ഈ 14 ദിവസത്തെ ക്വാറന്റൈൻ വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പലർക്കും ഒഴിവുകാലം കഴിഞ്ഞ് തിരിച്ചെത്തിയാൽ 14 ദിവസം ജോലിക്ക് പോകാതിരിക്കാൻ കഴിയാത്ത അവസ്ഥയാണ്.

അതേ സമയം സർക്കാരിന്റെ തീരുമാനത്തിന്റെ അന്തസത്ത മനസ്സിലാക്കുന്നു എന്ന് പറഞ്ഞ ട്രാവൽ മേഖലയിലെ പ്രമുഖർ, സ്പാനിഷ് മെയിൻ ലാൻഡിനേക്കാൾ രോഗബാധിതർ വളരെ കുറവുള്ള കാനറി, ബലേറിക് ദ്വീപുകൾ സന്ദർശിച്ച് മടങ്ങുന്നവരെ ക്വാറന്റൈൻ നിബന്ധനയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം സ്പെയിൻ വിനോദസഞ്ചാരികൾക്ക് തീർത്തും സുരക്ഷിതമായ ഇടമാണെന്ന വാദവുമായി സ്പാനിഷ് വിദേശകാര്യ മന്ത്രി അറാങ്ക ഗൊൺസാൽവസ് ലയയും രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ, ബ്രിട്ടന്റെ നടപടിയോടുള്ള പ്രതികരണമെന്ന നിലയിൽ, സ്പെയിനിൽ എത്തുന്ന ബ്രിട്ടീഷുകാർക്ക് ക്വാറന്റൈൻ നിർബന്ധമാക്കുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP