Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബി ആർ ഷെട്ടിയുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ ഉത്തരവിട്ട് ദുബായ് ഇൻറർനാഷണൽ ഫിനാൻഷ്യൽ സെൻറർ കോടതി; നിത്യച്ചെലവുകൾക്കായി ഓരോ ആഴ്ചയും 7,000 ഡോളർ വരെ ചെലവഴിക്കാൻ അനുമതിയും; നടപടി ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്റെ ദുബായ് ശാഖ നൽകിയ പരാതിയിൽ; എൻഎംസി ഹെൽത്ത് കെയർ സ്ഥാപകൻ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപണം

ബി ആർ ഷെട്ടിയുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ ഉത്തരവിട്ട് ദുബായ് ഇൻറർനാഷണൽ ഫിനാൻഷ്യൽ സെൻറർ കോടതി; നിത്യച്ചെലവുകൾക്കായി ഓരോ ആഴ്ചയും 7,000 ഡോളർ വരെ ചെലവഴിക്കാൻ അനുമതിയും; നടപടി ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്റെ ദുബായ് ശാഖ നൽകിയ പരാതിയിൽ; എൻഎംസി ഹെൽത്ത് കെയർ സ്ഥാപകൻ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: പ്രമുഖ വ്യവസായിയും എൻഎംസി ഹെൽത്ത് കെയർ സ്ഥാപകനുമായ ബി ആർ ഷെട്ടിയുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ ദുബായ് കോടതി ഉത്തരവിട്ടു. ദുബായ് ഇൻറർനാഷണൽ ഫിനാൻഷ്യൽ സെൻറർ കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്റെ ദുബായ് ശാഖ നൽകിയ പരാതിയിലാണ് നടപടി. സാധാരണ ജീവിതച്ചെലവുകൾക്കും നിയമോപദേശത്തിനും പ്രാതിനിധ്യത്തിനുമായി ഓരോ ആഴ്ചയും 7,000 ഡോളർ വരെ ചെലവഴിക്കാൻ ഉത്തരവ് അനുവദിച്ചിട്ടുണ്ടെന്ന് ഡിഐഎഫ്സി കോടതി വ്യക്തമാക്കുന്നു. ബി ആർ ഷെട്ടിയുടെ അബുദാബിയിലേയും ദുബായിലേയും ആസ്തികൾ, എൻഎംസി ഹെൽത്ത്, ഫിൻബ്ലർ, ബിആർഎസ് ഇൻവെസ്റ്റ്മെൻറ് ഹോൾഡിങ്സ് എന്നിവ ഉൾപ്പെടെയുള്ള കമ്പനികളിലെ ഓഹരികളാണ് മരവിപ്പിക്കുന്നത്.

ക്രെഡിറ്റ് യൂറോപ്പ് ബാങ്ക് ഒരു ആംസ്റ്റർഡാം ആസ്ഥാനമായ സ്ഥാപനമാണ്, അത് വാണിജ്യ, ചരക്ക് ധനകാര്യമേഖലകളിലായി ഒമ്പത് രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. എൻ‌എം‌സി, ബി‌ആർ ഷെട്ടി എന്നിവർക്കെതിരെ 2013 ൽ 8.4 മില്യൺ ഡോളർ (31 മില്യൺ ദിർഹം) വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് ബാങ്ക് കേസ് ഫയൽ ചെയ്തിരുന്നു. 2013 ൽ തയാറാക്കുകയും കഴിഞ്ഞ വർഷം ഡിസംബറിൽ പരിഷ്ക്കരിക്കുകയും ചെയ്ത കരാർ പ്രകാരം നൽകിയ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്റെ പരാതി. നിലവിലുള്ള വ്യവഹാര നടപടികളെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് ക്രെഡിറ്റ് യൂറോപ്പ് ബാങ്ക് വ്യക്തമാക്കി. ഷെട്ടി “ഇപ്പോൾ യു‌എഇയുടെ അധികാരപരിധിയിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നു” എന്നും എമിറേറ്റ്‌സിലെ അദ്ദേഹത്തിന്റെ “ഗണ്യമായ” സ്വത്തുക്കൾ ഇല്ലാതാകാനുള്ള സാധ്യതയുണ്ടെന്നും ബാങ്ക് വൃത്തങ്ങൾ പറയുന്നു.

ഷെട്ടിക്ക് നിക്ഷേപമുള്ള മുഴുവൻ ബാങ്ക് അക്കൗണ്ടുകളും പരിശോധനയ്ക്ക് വിധേയമാക്കാനും മരവിപ്പിക്കാനും യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ) ധനകാര്യ സ്ഥാപനങ്ങൾക്ക് ഈ വർഷം ഏപ്രിലിൽ നിർദ്ദേശം നൽകിയിരുന്നു. ഷെട്ടിയുമായി ബന്ധമുള്ള ഒട്ടനവധി കമ്പനികളെ സെൻട്രൽ ബാങ്ക് കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്തിരുന്നു. ഷെട്ടിയുടെ പേരിലുള്ള അക്കൗണ്ടുകളിൽ നിന്ന് പണം കൈമാറുന്നതും നിക്ഷേപിക്കുന്നതും തടയണമെന്നും ധനകാര്യ സ്ഥാപനങ്ങൾക്ക് സെൻട്രൽ ബാങ്ക് നിർദ്ദേശം നൽകി. ഇപ്പോൾ ഇന്ത്യയിലുള്ള ഷെട്ടി നിരവധി ആരോപണങ്ങൾ നേരിടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎഇയിലെ വിവിധ ബാങ്കുകളിലായി എൻഎംസിക്ക് 6.6 ബില്യൺ ഡോളറിന്റെ (ഏകദേശം അമ്പതിനായിരത്തോളം കോടി രൂപ) കടബാധ്യതയുണ്ടെന്നാണ് വിവരം. എൻഎംസിക്ക് ഏറ്റവും കൂടുതൽ വായ്പകൾ നൽകിയ അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എഡിസിബി) അബുദാബിയിലെ അറ്റോർണി ജനറലുമായി ചേർന്ന് എൻഎംസിയുമായി ബന്ധപ്പെട്ട ചില വ്യക്തികൾക്കെതിരെ ക്രിമിനൽ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 981 മില്യൺ ഡോളറിന്റെ ബാധ്യതയാണ് എൻഎംസിക്ക് എഡിസിബിയിൽ ഉള്ളത്.

അബുദാബി ഇസ്ലാമിക് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, ബെർക്ലെയ്സ്, സ്റ്റാൻഡേർഡ് ചാർട്ടേർഡ് എന്നീ ബാങ്കുകളിൽ നിന്നും എൻഎംസിക്ക് വായ്പകൾ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഒമാൻ ആസ്ഥാനമായ ചില ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും എൻഎംസിക്ക് ബാധ്യതകളുണ്ട്. മൊത്തത്തിൽ എൺപതോളം തദ്ദേശീയ, പ്രാദേശിക, അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങൾ എൻഎംസിക്ക് വായ്പ നൽകിയിട്ടുണ്ടെന്നാണ് കണ്ടെത്തലുകൾ.

അതേസമയം നിലവിൽ ഇന്ത്യയിലാണ് ബി ആർ ഷെട്ടി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് മടങ്ങിയ ഷെട്ടി പിന്നീട് യുഎയിലേക്ക് തിരിച്ചു പോയിരുന്നില്ല. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് സ്വദേശത്തേക്ക് മടങ്ങിയതെന്നായിരുന്നു അദ്ദേഹം യുഎഇ മാധ്യമംമായ 'ദ നാഷണലി' നോട് പറഞ്ഞത്. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിലുള്ള വിലക്കുകൾ അവസാനിച്ച്, വിമാനസർവീസ് പുനഃരാരംഭിക്കുമ്പോൾ യുഎഇയിലേക്ക് തിരിച്ചെത്തുമെന്ന് ഷെട്ടി പറഞ്ഞു. വസ്തുതകളിൽ വ്യക്തത ഇല്ലാത്തതുകൊണ്ടും എന്താണ് സംഭവിച്ചതെന്ന് അറിയാത്തതുകൊണ്ടുമാണ് എൻഎംസിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം പറയുന്നു.

അർബുദ ബാധിതനായി മരണമടഞ്ഞ സഹോദരനെ കാണുന്നതിനായി ഫെബ്രുവരി ആദ്യമാണ് ഇന്ത്യയിലെത്തിയതെന്ന് ഷെട്ടി പറഞ്ഞിരുന്നു. ഭാര്യ മാത്രമേ തന്നോടൊപ്പം മംഗളൂരുവിൽ ഉള്ളുവെന്നും ബാക്കി കുടുംബാംഗങ്ങളെല്ലാം അബുദാബിയിൽ ആണെന്നും ഷെട്ടി വെളിപ്പെടുത്തി. 1975ൽ ഷെട്ടി സ്ഥാപിച്ച, പിന്നീട് യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ശൃംഖലയായി വളർന്ന എൻഎംസി ഹെൽത്തിനെതിരെ വ്യാപകമായ സാമ്പത്തിക തിരിമറി ആരോപണങ്ങൾ ഉയരുകയും നിയമനടപടികൾ നേരിടുകയും പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനാകാതെ കമ്പനി ഭരണം പ്രതിസന്ധിയിലാകുകയും ചെയ്തതോടെയാണ് ഷെട്ടി ഇന്ത്യയിലേക്ക് പറന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് ഷെട്ടിയുടെ മുങ്ങലായും വ്യഖ്യാനിക്കപ്പെട്ടിരുന്നു.

ഈ വിഷയങ്ങളിൽ അന്വേഷണം നടത്തുന്നതിനായി താൻ നിയോഗിച്ച അന്വേഷണസമിതികൾ പ്രാഥമിക കണ്ടെത്തലുകൾ സമർപ്പിക്കാനിരിക്കുകയും തന്നെക്കുറിച്ച് തെറ്റിദ്ധാരണാജനകവും അവാസ്തവവുമായ ചില ആരോപണങ്ങൾ ഉയരുകയും ചെയ്തത് കണക്കിലെടുത്ത് യുഎഇയിലോ മറ്റെവിടെയും ഉള്ള ശരിയായ ഉദ്യോഗസ്ഥർക്ക് മുമ്പിൽ അനുയോജ്യമായ രീതിയിൽ പ്രതികരിക്കാനുള്ള അവസരം കാത്തിരിക്കുകയാണെന്ന് ഷെട്ടി പറഞ്ഞു. എല്ലാ വസ്തുതകളും മുഴുവൻ സത്യവും ഏറ്റവും പെട്ടന്ന് പുറത്തുകൊണ്ടുവരാനാകുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും ഷെട്ടി ആത്മവിശ്വാസം രേഖപ്പെടുത്തിയിരുന്നു.

ഓഹരി ഊഹക്കച്ചവടക്കാരായ മഡ്ഡി വാട്ടേഴ്സ് ഉന്നയിച്ച സാമ്പത്തിക തിരിമറി ആരോപണങ്ങളെ തുടർന്നാണ് എൻഎംസി ഹെൽത്തിന്റെ തകർച്ച ആരംഭിച്ചത്. ആസ്തികളുടെ മൂല്യം പെരുപ്പിച്ച് കാണിച്ചുവെന്നും സാമ്പത്തിക ബാധ്യതകൾ മറച്ചുവെച്ചുവെന്നതുമടക്കം നിരവധി ആരോപണങ്ങളാണ് എൻഎംസിക്കെതിരെ ഉയർന്നത്. കമ്പനിയിൽ ഷെട്ടിക്കുള്ള ഓഹരികൾ കൃത്യമായി നിർവചിക്കാൻ കഴിയാത്തതും വെല്ലുവിളിയായി. പല ഓഹരികളും ഷെട്ടിയുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള വായ്പകൾക്ക് ഈട് നൽകിയതായും കണ്ടെത്തിയിരുന്നു. ആരോപണങ്ങളും നിയമ നടപടികളും കനത്തതോടെ ഷെട്ടി എൻഎംസിയിൽ നിന്ന് രാജിവെച്ചു. ഓഹരിവില കൂപ്പുകുത്തിയതോടെ ലണ്ടൻ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്ത എൻഎംസി ഓഹരി വ്യാപാരം താത്കാലികമായി നിർത്തിവെച്ചു. ലണ്ടൻ ഓഹരിവിപണി നിയന്ത്രണ അഥോറിറ്റി അടക്കം നിരവധി കമ്പനികൾ കമ്പനി നടത്തിയ ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ എൻഎംസിക്ക് വായ്പകൾ നൽകിയ ബാങ്കുകളും കമ്പനിക്കെതിരെ രംഗത്തുവന്നു.

ഉഡുപ്പിക്കാരൻ ശതകോടീശ്വരനായ കഥ ഇങ്ങനെ

കർണാടകത്തിലെ ഉഡുപ്പിയിൽ സ്വാതന്ത്ര സമര സേനാനിയായ കോൺഗ്രസുകാരൻ പിതാവിന്റെ മകനായിരുന്നു ഷെട്ടി. ചെരുപ്പക്കാരനായ ഷെട്ടിക്ക് രാഷ്ട്രീയവും താൽപ്പര്യമുണ്ടായിരുന്ന കാലം. പ്രവാസജീവിതത്തിനായി ഇറങ്ങിപ്പുറപ്പെടും മുമ്പ് അച്ഛന്റെ വഴിയേ സ്വന്തം നാടായ ഉഡുപ്പിയിൽ മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു ഷെട്ടി. അച്ഛൻ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്നും വ്യത്യസ്തനായി ബിജെപിയുടെ മാതൃസംഘടനയായ ജനസംഘത്തിന്റെ പാതയിലായിരുന്നു അദ്ദേഹം. ഉഡുപ്പി മുൻസിപ്പൽ തെരഞ്ഞെടിപ്പിൽ മത്സരിച്ച ആ ഇരുപത്താറുകാരന് വേണ്ടി വോട്ടുപിടിക്കാൻ അന്നത്തെ പ്രമുഖ നേതാക്കളെത്തി. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ, ജനസംഘം കോൺഗ്രസിനെ അട്ടിമറിച്ചു. പതിനഞ്ചിൽ പന്ത്രണ്ടു സീറ്റും ഷെട്ടിയുടെ പാർട്ടിക്കായിരുന്നു. ഒന്നാം ഊഴം പൂർത്തിയാക്കി രണ്ടാമതും മത്സരിച്ച ഷെട്ടി പിന്നീട് മുനിസിപ്പൽ കൗൺസിൽ വൈസ് പ്രസിഡന്റു സ്ഥാനവും വഹിച്ചു.

നാട്ടിലെ രാഷ്ട്രീയ തിരക്കുകൾക്കിടെ സ്വന്തം സ്ഥാപനങ്ങളെ വേണ്ടവിധത്തിൽ നോക്കി നടത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. കയ്യിലൊരു ഫാർമസി ബിരുദവും, പണമുണ്ടാക്കാനുള്ള വഴികളെപ്പറ്റി നിരന്തരം കെട്ടിപ്പൊക്കിയിരുന്ന മനക്കോട്ടകളും മാത്രമായിരുന്നു ആ ചെറുപ്പക്കാരന്റെ ആകെ സമ്പാദ്യം. ഇത് കൈമുതലാക്കിയാണ് ഷെട്ടി ഗൾഫിലേക്ക് വിമാനം കയറിയത്. തുടർന്നങ്ങോട്ട് ബിസിനസ് ചെയ്തു നേടിയെടുത്തത് കോടിക്കണക്കിനു രൂപയായിരുന്നു. ആരെയും അതിശയിപ്പിക്കുന്ന വളർച്ചയായിരുന്നു ഷെട്ടിയുടേത്. ഏതൊരു ഇന്ത്യക്കാരനും സ്വപ്നം കാണാവുന്നതിന്റെ പരമാവധി ഉയരങ്ങളിൽ അദ്ദേഹം ചെന്നെത്തി. അതുകൊണ്ടുതന്നെ ആ വിജയത്തിന്റെ കൊടുമുടികളിൽ നിന്നുള്ള അദ്ദേഹത്തിന്റെ ഇന്നത്തെ പതനത്തിനും ആഘാതം ഏറെയാണ്.

ഉഡുപ്പിക്കാരനായ ബാഗുതു രഘുറാം ഷെട്ടി 1973 ൽ സഹോദരിയെ വിവാഹം കഴിപ്പിച്ച് അയയ്ക്കാൻ എടുത്ത ഒരു ചെറിയ വായ്പ വീട്ടാനാണ് ഗൾഫിലേക്ക് പോയത്. സിൻഡിക്കേറ്റ് ബാങ്കിന്റെ മുൻ ചെയർമാനും എംഡിയുമായ കെക പൈയുടെ കൈയിൽ നിന്നാണ് ഷെട്ടി അന്ന കടം വാങ്ങിയത്. ഇപ്പോൾ ഷെട്ടി പറക്കുന്നത് സ്വകാര്യ ജെറ്റിൽ. വിന്റേജ് കാറുകളുടെ വൻശേഖരം, ദുബായിലെ ബുർജ് ഖലീഫയിൽ രണ്ട് ഫ്ളോറുകൾ മുഴുവനും. വെബ്സൈറ്റ് നോക്കിയാൽ, രാഷ്ട്രീയക്കാർക്കും, ബിൽഗേറ്റ്സ് പോലുള്ള പ്രമുഖർക്കുമൊപ്പമുള്ള ചിത്രങ്ങൾ. ബോളിവുഡ് താരങ്ങൾക്കൊപ്പമുള്ള ഫോട്ടോ ഷൂട്ട്. ആഡംബര കാറുകളുടെ ആരാധകൻ. സ്വാതന്ത്ര്യത്തിനോടും സ്പീഡിനോടുമുള്ള ത്രില്ലാണ് കാറുകളെ പ്രണയിക്കാൻ കാരണം, 77 കാരനായ ഷെട്ടി കഴിഞ്ഞ വർഷം പറഞ്ഞു. ശതകോടീശ്വരരുടെ ഫോബ്സ് പട്ടികയിൽ 42 ാം സ്ഥാനത്തുള്ള ഷെട്ടിക്ക് ഇതെല്ലാം നിസ്സാരം.

യുഎഇയിൽ അബുദബി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഏറ്റവും വലിയ ആശുപത്രി ശൃംഖലകളിൽ ഒന്നായ എൻഎംസി (ന്യൂ മെഡിക്കൽ സെന്റർ) ഹെൽത്തിൽ നിന്ന് രാജി വച്ചതോടെയാണ് ഷെട്ടി വീണ്ടും വാർത്തകളിൽ നിറഞ്ഞത്. മലയാളികൾക്ക് എംടിയുടെ രണ്ടാമൂഴം( മഹാഭാരതം) സിനിമാ പദ്ധതിയിൽ നിന്ന് ഷെട്ടി പിന്മാറിയതായിരുന്നു ഒരുപക്ഷേ ഏറ്റവും അവസാനം കേട്ട വാർത്ത. അതിന് പിന്നാലെ ദാ അദ്ദേഹം പ്രതിസന്ധിയിലാണെന്ന വാർത്തയും. 1.6 ബില്യൺ ഡോളറിന്റെ ഉടമയ്ക്ക് സംഭവിച്ചത് നിസാര കോട്ടമല്ല എന്നാണ് വ്യവസായ ലോകത്ത് നിന്നുള്ള വർത്തമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP