Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോട്ടയത്തെ കോവിഡ് ബാധിതന്റെ മൃതദേഹം മുട്ടമ്പലത്ത് ശ്മശാനത്തിൽ സംസ്‌കരിക്കില്ല; സംസ്‌ക്കാരം നാളേക്ക് മാറ്റിവെച്ചു; തീരുമാനം നാട്ടുകാരുടെ ആശങ്ക പരിഗണിച്ചെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ; ശ്മശാനത്തിലേക്കുള്ള വഴി അടച്ചു നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയതോടെ നട്ടം തിരിഞ്ഞത് ആരോഗ്യ പ്രവർത്തകർ; ശവം ദഹിപ്പിക്കുമ്പോൾ ഉയരുന്ന പുക വഴി രോഗം പകരുമെന്നാണ് ആരോപിച്ചു പ്രതിഷേധം ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ; ആശങ്ക പരിഹരിക്കാനുള്ള ശ്രമങ്ങളും പാളി

കോട്ടയത്തെ കോവിഡ് ബാധിതന്റെ മൃതദേഹം മുട്ടമ്പലത്ത് ശ്മശാനത്തിൽ സംസ്‌കരിക്കില്ല; സംസ്‌ക്കാരം നാളേക്ക് മാറ്റിവെച്ചു; തീരുമാനം നാട്ടുകാരുടെ ആശങ്ക പരിഗണിച്ചെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ; ശ്മശാനത്തിലേക്കുള്ള വഴി അടച്ചു നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയതോടെ നട്ടം തിരിഞ്ഞത് ആരോഗ്യ പ്രവർത്തകർ; ശവം ദഹിപ്പിക്കുമ്പോൾ ഉയരുന്ന പുക വഴി രോഗം പകരുമെന്നാണ് ആരോപിച്ചു പ്രതിഷേധം ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ; ആശങ്ക പരിഹരിക്കാനുള്ള ശ്രമങ്ങളും പാളി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയം മുട്ടമ്പലത്ത് കോവിഡ് ബാധിതന്റെ മൃതദേഹം സംസ്‌ക്കരിക്കുന്നത് മാറ്റിവെച്ചു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു വൈദ്യുതി ശ്മശാനത്തിൽ മൃതദേഹം സംസ്‌ക്കരിക്കാൻ വേണ്ടി അധികൃതർ എത്തിയതോടെയാണ് പ്രതിഷേധവുമായി ആളുകൾ രംഗത്തെത്തിയത്. സ്ഥലം കൗൺസിലറായ ബിജെപിയുടെ ടി എൻ ഹരികുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ചുങ്കം സ്വദേശി ഔസേപ്പ് ജോർജിന്റെ സംസ്‌കാരമാണ് നാട്ടുകാർ തടഞ്ഞത്. മുട്ടമ്പലം ശ്മാശനത്തിന്റെ കവാടം നാട്ടുകാർ കെട്ടിയടച്ചു. മുട്ടമ്പലം ശ്മശാനത്തിലേക്കുള്ള റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് നാട്ടുകാർ. നഗരത്തിലെ ശ്മാശനത്തിൽ സംസ്‌കാരം നടത്താൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സ്ഥലത്ത് പൊലീസെത്തി ശ്മശാനത്തിലേക്കുള്ള വഴി തുറന്നു. ശ്മശാനത്തിന് സമീപത്ത് ധാരാളം വീടുകളുണ്ട് എന്നതാണ് നാട്ടുകാരുടെ ആശങ്ക. മരിച്ചയാളെ അടക്കാൻ പള്ളിയുമായി ബന്ധപ്പെട്ട സ്ഥലമുണ്ടായിട്ടും ഇവിടേക്ക് കൊണ്ടുവന്നതിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. ജില്ലാ ഭരണകൂടമാണ് ഇവിടെ സംസ്‌കരിക്കാനുള്ള തീരുമാനമെടുത്തത്.

അതേസമയം, കോവിഡ് പ്രോട്ടോകോൾ പ്രകാരം വളരെ സുരക്ഷിതമായി മാത്രമേ സംസ്‌കാരം നടത്തുവെന്ന് കോട്ടയം ജില്ലാ കളക്ടർ പ്രതികരിച്ചു. സുരക്ഷാ സംവിധാനമില്ലാത്തതിനാലാണ് പള്ളിയിൽ സംസ്‌കരിക്കാത്തത്. ചർച്ച നടത്തി ജനങ്ങളോട് കാര്യം പറഞ്ഞ് മനസിലാക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. എന്നാൽ, പ്രതിഷേധം ഉണ്ടായതോടെ ജനങ്ങൾ എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധം അറിഞ്ഞ് സ്ഥലം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനും സ്ഥലത്തെത്തിയിരുന്നു. പ്രതിഷേധക്കാരുമായി എംഎൽഎ സംസാരിച്ചെങ്കിലും അവരും പിന്മാറാൻ കൂട്ടാക്കിയില്ല.

സംസാരിക്കാനെത്തിയ ഉദ്യോഗസ്ഥനോട് ബിജെപി കൗൺസിലർ കയർത്താണ് സംസാരിച്ചത്. 'തന്റെ വീട്ടിൽ കൊണ്ടുപോടോ' എന്നു പറഞ്ഞായിരുന്നു ആക്രോശം. പ്രതിഷേധത്തിനിടെ എഴുന്നേറ്റ് പോകാനാഞ്ഞവരെ ഭീഷണിപ്പെടുത്തി കൗൺസിലർ അവിടെ ഇരിക്കണമെന്നും താനേ ഇവർക്കൊപ്പം കാണൂ എന്നും പറഞ്ഞിരുന്നു. ശവം ദഹിപ്പിക്കുമ്പോൾ ഉയരുന്ന പുക വഴി രോഗം പകരുമെന്നാണ് ഇവർ ആരോപിക്കുന്നത്. കോട്ടയം മെഡിക്കൽ കോളെജിൽ തന്നെ മൃതദേഹം സംസ്‌ക്കാരിക്കണമെന്നാണ് കൗൺസിലർ ഹരികുമാർ പറഞ്ഞത്.

ഇതോടെ മുട്ടമ്പലത്ത് കോവിഡ് മൂലം മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റിവെക്കുകയായിരുന്നു. നാട്ടുകാരുടെ ആശങ്ക പരിഗണിച്ചാണ് സംസ്‌കാരം മാറ്റിവെച്ചത്. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മുട്ടമ്പലത്തെ ശ്മശാനത്ത് സംസ്‌കരിക്കില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സംസ്‌കാരത്തിന് ജില്ലാ ഭരണകൂടം മറ്റൊരു സ്ഥലം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ചുങ്കം സിഎംഎസ് കോളേജ് ഭാഗത്ത് നടുമാലിൽ ഔസേഫ് ജോർജ് (83) ശനിയാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളജിൽ വച്ച് മരിച്ചത്. ഇയാൾക്ക് മരണ ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം മൃതദേഹം ഇടവക പള്ളിയിൽ അടക്കാതെ മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ കൊണ്ടുവന്നതിനെതിരെയും ഒരു വിഭാഗം പ്രതിഷേധം ഉയർന്നിരുന്നു. എന്തുകൊണ്ടാണ് പള്ളി സെമിത്തേരിയിൽ സംസ്‌ക്കരിക്കാത്തത് എന്നാണ് ചോദിച്ചത്. നേരത്തെ മൃതദേഹം ചുങ്കം ചാലുകുന്നിലെ സി.എസ്‌ഐ പള്ളിയിൽ സംസ്‌കരിക്കാനായിരുന്നു ആദ്യം ആലോചന. എന്നാൽ ഇതിനുള്ള സൗകര്യമില്ലെന്ന് കാണിച്ച് പള്ളി അധികാരികൾ അനുമതി നിഷേധിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP