Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇ കോൺസുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്തില്ലെങ്കിൽ സ്വർണ്ണക്കടത്തു കേസ് എങ്ങുമെത്തില്ല; സ്വപ്‌നയുടെ മൊഴികൾ പ്രതിക്കൂട്ടിൽ നിർത്തുന്നത് അറ്റാഷെയെ തന്നെ; ഓരോ തവണയും ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തുമ്പോൾ 1500 ഡോളർ അറ്റാഷെയ്ക്കും കോൺസുൽ ജനറലിനും പ്രതിഫലമായി നൽകിയെന്ന് സ്വപ്‌നയുടെ മൊഴി; ജൂൺ 30നും ജൂലെ അഞ്ചിനുമിടയിൽ ഇരുവരും തമ്മിൽ സംസാരിച്ചത് നൂറിലധികം തവണ; സ്വർണം കടത്തിയത് 18 തവണ; അറ്റാഷെ യുഎഇയിലേക്ക് പോയത് എൻഐഎ ചോദ്യം ചെയ്യുമെന്ന ഘട്ടത്തിൽ

യുഎഇ കോൺസുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്തില്ലെങ്കിൽ സ്വർണ്ണക്കടത്തു കേസ് എങ്ങുമെത്തില്ല; സ്വപ്‌നയുടെ മൊഴികൾ പ്രതിക്കൂട്ടിൽ നിർത്തുന്നത് അറ്റാഷെയെ തന്നെ; ഓരോ തവണയും ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തുമ്പോൾ 1500 ഡോളർ അറ്റാഷെയ്ക്കും കോൺസുൽ ജനറലിനും പ്രതിഫലമായി നൽകിയെന്ന് സ്വപ്‌നയുടെ മൊഴി; ജൂൺ 30നും ജൂലെ അഞ്ചിനുമിടയിൽ ഇരുവരും തമ്മിൽ സംസാരിച്ചത് നൂറിലധികം തവണ; സ്വർണം കടത്തിയത് 18 തവണ; അറ്റാഷെ യുഎഇയിലേക്ക് പോയത് എൻഐഎ ചോദ്യം ചെയ്യുമെന്ന ഘട്ടത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ വ്യക്തമാകുന്നത് കേസിലെ അന്വേഷണം യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ ചുറ്റിപ്പറ്റിയാണ് എന്നുതന്നെയാണ്. കോൺസുലേറ്റിലെ അറ്റാഷയെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തില്ലെങ്കിൽ അന്വേഷണം എങ്ങുമെത്താതെ പോകാനുള്ള സാധ്യതയാണ് കൂടുതലും. ഡിപ്ലോമാറ്റിക് ബാഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തതോടെയാണ് കേരളത്തിലേക്കുള്ള സ്വർണ്ണക്കടത്തിന്റെ ചുരുളഴിയുന്നത്.

നയതന്ത്ര ഉദ്യോഗസ്ഥരുടെ അറിവോടെയല്ലാതെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്ത് സാധ്യമല്ലെന്ന് നേരത്തെ അന്വേഷണ ഏജൻസികളും ചൂണ്ടിക്കാണിച്ചിരുന്നു. പിന്നീടാണ് യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്ന് കേസിലെ പ്രതികളിലൊരാളായ സ്വപ്ന സുരേഷ് മൊഴി നൽകുന്നത്. സ്വപ്‌നയുടെ മൊഴി ഏറ്റവും കുടുതൽ പ്രതിക്കൂട്ടിൽ നിർത്തുന്നത് അറ്റാഷയെ തന്നെയാണ്. അറ്റാഷെ പറഞ്ഞതു കൊണ്ടാണ് തങ്ങൾ ബാഗേജ് എടുക്കാൻ എത്തിയതെന്നാണ് സ്വപ്ന പറയുന്നത്. മാത്രമല്ല, ഓരോ തവണയും ബാഗേജ് കടത്തിയപ്പോൾ 1500 ഡോളർ അറ്റാഷെയ്ക്കും കോൺസുൽ ജനറലിനും പ്രതിഫലമായി നൽകിയെന്നും സ്വപ്‌നയുടെ മൊഴിയിൽ പറയുന്നുണ്ട്.

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും യുഎഇ കോൺസുലേറ്റ് അറ്റാഷെയും ഫോണിൽ സംസാരിച്ചതിന് തെളിവുകൾ കൂടിയാണ്. ഇരുവരും തമ്മിൽ നിരന്തരം സംസാരിച്ചതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്. സ്വപ്നയ്ക്ക് തുടർച്ചയായി ഫോൺ കോളുകൾ വന്നിരുന്നത് അറ്റാഷെയുടേതെന്ന് കരുതുന്ന രണ്ട് നമ്പറുകളിൽ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വപ്ന തിരിച്ചുവിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് നടന്ന ജൂൺ 30 മുതൽ ജൂലൈ അഞ്ച് വരെയുള്ള ദിവസങ്ങളിൽ മാത്രം ഇരുവരും തമ്മിൽ നൂറോളം തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. സ്വപ്നയുടെ ഒരു ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

യുഎഇ കോൺസുലൽ ജനറലിന്റെ പേരിൽ വന്ന ഡിപ്ലോമാറ്റിക് ബാജേഗിൽ സ്വർണ്ണമാണെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചത് ജൂലൈ മൂന്നിനാണ്. അന്നേ ദിവസം 20 തവണ സ്വപ്നയും അറ്റാഷെയും തമ്മിൽ സംസാരിച്ചിട്ടുണ്ട്. കസ്റ്റംസ് പാഴ്‌സൽ തടഞ്ഞുവെച്ച ദിവസങ്ങളിലും ഇരുവരും സംസാരിച്ചെന്നും കണ്ടെത്തിയിരുന്നു. ജൂണിൽ ഓരോ ദിവസവും ഒന്നിലേറെ തവണയായിരുന്നു ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം. ജൂൺ 30നും അതിന് മുമ്പുള്ള പത്തോളം തവണയും ഇരുവരും തമ്മിൽ സംസാരിച്ചിട്ടുണ്ട്. കസ്റ്റംസ് അധികൃതർ സ്വർണം പുറത്തെടുത്ത ജൂലൈ അഞ്ചിന് എട്ട് തവണയോളം സംസാരിച്ചിട്ടുണ്ട്. ഇതിന് ശേഷം സ്വപ്ന ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം ഒളിവിൽ പോയിരുന്നു. ഒന്നിലേറെ സിം കാർഡുകൾ സ്വപ്ന ഉപയോഗിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവയിൽ നിന്നുള്ള വിവരങ്ങൾ ഇനിയും ശേഖരിക്കേണ്ടതുണ്ട്.

ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്തിൽ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴി. യുഎഇ കോൺസുൽ ജനറൽ, അറ്റാഷെ എന്നിവരുടെ സഹായത്തോടെയാണ് സ്വർണ്ണക്കടത്ത് നടന്നിട്ടുള്ളതെന്നും മൊഴിയിൽ പറയുന്നു. സ്വർണ്ണക്കടത്ത് തുടങ്ങിയത് കോൺസുൽ ജനറലിന്റെ സഹായത്തോടെയാണ്. എന്നാൽ കൊറോണ വൈറസ് വ്യാപനമുണ്ടായപ്പോൾ കോൺസുൽ ജനറൽ യുഎഇയിലേക്ക് മടങ്ങിപ്പോയി. ഇതോടെയാണ് അറ്റാഷെയെ പങ്കാളിയാക്കിക്കൊണ്ട് സ്വർണ്ണക്കടത്ത് തുടരുന്നതെന്നും സ്വപ്ന കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്.

ഓരോ തവണയും ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തുമ്പോൾ 1500 ഡോളർ അറ്റാഷെയ്ക്കും കോൺസുൽ ജനറലിനും പ്രതിഫലമായി നൽകിയെന്നും മൊഴിയിൽ പറയുന്നു. 2019 ജൂലൈ മുതൽ 2020 ജൂൺ 30 വരെയുള്ള കാലയളവിൽ 18 തവണയാണ് സ്വർണം കടത്തിയിട്ടുള്ളതെന്നും സ്വപ്ന മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നയും സന്ദീപും എൻഐഎയുടെ പിടിയിലായതിന് പിന്നാലെയാണ് യുഎഇ അറ്റാഷെ കേരളത്തിൽ നിന്ന് ഡൽഹി വഴി ഇന്ത്യ വിട്ടത്. ഇതിന് പിന്നാലെയാണ് ഇവർക്ക് സ്വർണ്ണക്കടത്തുമായുള്ള കുടുതൽ ബന്ധം പുറത്തുവരുന്നത്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സ്വർണ്ണക്കടത്തിൽ പങ്കില്ലെന്നും തങ്ങൾ തമ്മിൽ സുഹൃത് ബന്ധം മാത്രമാണുള്ളതെന്നും സ്വപ്ന കസ്റ്റംസിനോട് വ്യക്തമാക്കി. യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരായ സരിത്തും സ്വപ്നയുമായി തനിക്ക് സുഹൃത് ബന്ധം മാത്രമാണുള്ളതെന്ന് ശിവശങ്കറും എൻഐഎയോടും കസ്റ്റംസിനോടും വ്യക്തമാക്കിയിരുന്നു. കേസിൽ അറസ്റ്റിലായ സന്ദീപിനെ നേരിട്ട് പരിചയമില്ലെന്നും സ്വപ്നയുടെ സുഹൃത്ത് എന്ന നിലയിൽ അറിയുക മാത്രമേയുള്ളൂവെന്നും ശിവശങ്കർ വ്യക്തമാക്കിയിരുന്നു.

സ്വപ്നയെയും സന്ദീപ് നായരെയും ചോദ്യംചെയ്യാൻ കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങും. തിങ്കളാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിച്ചേക്കും. കഴിഞ്ഞദിവസം നൽകിയ മൊഴിയുടെ വിശദാംശങ്ങൾ കസ്റ്റംസ് തേടുമെന്നാണ് വിവരം.സ്വർണക്കടത്തിൽ അറ്റാഷേക്കെതിരെ എൻ.ഐ.എയ്ക്ക് മൊഴിനൽകിയ സ്വപ്ന ജാമ്യഹർജിയിലും ഇക്കാര്യം ആവർത്തിച്ചിരുന്നു. അതിനിടെ സ്വർണക്കടത്തിനു പുറമെ, ഭൂമി കച്ചവടങ്ങളിലും സ്വപ്ന ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്നെന്ന് വ്യക്തമാകുന്നു. വൻകിട ഐ.ടി പദ്ധതികൾക്കും ഇടനിലക്കാരിയായിരുന്നു. സ്‌പേസ് പാർക്കിന്റെ ചുമതലക്കാരിയെന്ന സ്ഥാനം കച്ചവട നേട്ടത്തിനായി ഉപയോഗിച്ചെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.

ബാങ്കിൽനിന്ന് കണ്ടെത്തിയ പണം ഇടനില നിന്നതിനു ലഭിച്ച പ്രതിഫലമാണെന്ന് കസ്റ്റംസിനും എൻ.ഐ.എക്കും സ്വപ്ന മൊഴി നൽകിയതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ സ്വപ്ന സംസ്ഥാനത്ത് നടത്തിയ എല്ലാ ഇടപാടുകളെകുറിച്ചും അന്വേഷണം ആരംഭിച്ചു. യു.എ.ഇ കോൺസുലേറ്റിന് സ്വന്തം ഓഫിസ് നിർമ്മിക്കാനുള്ള പദ്ധതി അട്ടിമറിച്ചതിന് പിന്നിൽ സ്വപ്നയുടെയും ചില ഫ്‌ളാറ്റ് നിർമ്മാണ കമ്പനികളുടെയും ഇടപെടൽ സംശയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP