Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂലം പ്രജാസഭയിലെ അംഗം മുതൽ തിരുവിതാംകൂർ നിയമസഭയിലെ ആദ്യ പ്രധാനമന്ത്രി വരെ; സർ സി.പിയുടെ കണ്ണിലെ കരടായ പട്ടം എന്നും വാദിച്ചത് ജനാധിപത്യ മൂല്യമുള്ള സർക്കാരിനായി; രാജഭരണത്തിനെതിരെ പോരാടിയും ഇരുമ്പഴിയിൽ കിടന്ന നേതാവ്; തിരു-കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയും; സ്വതന്ത്രകേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രിയും; സോ കോൾഡ് കോൺഗ്രസ് മാനെന്ന് സർ.സി.പി വിധിയെഴുതിയ പട്ടം നാണുപിള്ള വിടപറഞ്ഞിട്ട് ഇന്ന് അരനൂറ്റാണ്ട്; കേരള രാഷ്ട്രീയത്തിലെ ഭീഷ്മാച്യരുടെ ഓർമകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനവന്തപുരം: രാജ ഭരണത്തിൽ നിന്നും സർ സി.പിയുടെ കിരാത വാഴ്ചയിൽ നിന്നും കേരളത്തിൽ സ്വതന്ത്ര ജനാധിപത്യ ബോധമുള്ള ഒരു സർക്കാർ നടപ്പിൽ വരുത്താൻ അഹോരാത്രം കഷ്ടപ്പെട്ട നേതാവ്. സ്വാതന്ത്ര ലബ്ധിക്ക് ശേഷം സ്വന്തതന്ത്ര കേരളത്തിലെ അതായത് തിരുവിതാംകൂറും തിരു-കൊച്ചിയും അടങ്ങുന്ന നാട്ടുരാജ്യത്തിന്റെ ആദ്യ മുഖ്യമന്ത്രി എന്നി നിലകളിൽ പ്രവർത്തിച്ച വ്യക്തിത്വം പട്ടം താണുപിള്ളയെന്ന നിയമസഭാ സാമാജികനും കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രിയും തിരു കൊച്ചിയുടെ പ്രധാനമന്ത്രിയും വിടപറഞ്ഞിട്ട് ഇന്ന് അരനൂറ്റാണ്ട് പിന്നിടുകാണ്.

കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രിയാണ് പട്ടം താണുപിള്ള. പി.എസ്‌പി.യുടെ പ്രതിനിധി. 1960 മുതൽ 62 വരെ മുഖ്യമന്ത്രിയായത് 947 ദിവസം-ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ഭരണത്തിന് ശേഷം വിവർത്തന പ്രസ്ഥാനവാദികൾ താഴെയിറക്കിയ ഇ.എം.എസ് മന്ത്രിയ്്ക പിന്നാലെ അധികാരത്തിലേറിയത് പട്ടം നാണുപിള്ളയായിരുന്നു. കേരള രാഷ്ട്രീയത്തിൽ പട്ടം താണുപിള്ളയുമായി ചേർത്തുവെക്കാൻ ചരിത്രം ഏറെയാണ്. തിരുവിതാംകൂർ പ്രധാനമന്ത്രി, തിരുക്കൊച്ചി മുഖ്യമന്ത്രി, പഞ്ചാബ്, ആന്ധ്ര ഗവർണർ എന്നിങ്ങനെ വഹിച്ച പദവികൾ ഏറെ. തിരുവിതാംകൂർ മഹാരാജാവിൽനിന്നു ജനകീയഭരണം ഏറ്റുവാങ്ങിയ ഭരണാധികാരി എന്ന നിലയിലും എ.താണുപിള്ള എന്ന പട്ടം താണുപിള്ള ചരിത്രത്തിൽ ഇടംനേടി.

1957-ൽ ട്രിവാൻഡ്രം രണ്ട് മണ്ഡലത്തിൽ നിന്നായിരുന്നു കേരള നിയമസഭയിലേക്കു പട്ടത്തിന്റെ മത്സരം. സിപിഐ.യിലെ കെ.അനിരുദ്ധനും ഐ.എൻ.സി.യുടെ ജനാർദനൻ ടി.പി.യുമായിരുന്നു എതിർപക്ഷത്ത്. 51.63 ശതമാനം വോട്ടോടെ പട്ടം തിരഞ്ഞെടുക്കപ്പെട്ടു. ഇതേ മണ്ഡലത്തിൽനിന്ന് 1960-ൽ അനിരുദ്ധനെതിരേ വീണ്ടും ജയം.

നാണുപിള്ളയെ അറിയപ്പെട്ടിരുന്നത് പട്ടം എന്ന പേരിൽ തന്നെയാണ്. . തിരുവനന്തപുരത്ത് പഠനം. സർക്കാർ സർവീസിൽ പ്രവേശിച്ച അദ്ദേഹം ന്യായമായി ലഭിക്കേണ്ട ആനുകൂല്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ജോലി രാജിവെച്ച് ലോകോളേജിൽ നിയമപഠനത്തിനു ചേർന്നു. ബി.എൽ. ജയിച്ച് അഭിഭാഷകനായി പ്രശസ്തനാവുകയും ചെയ്തു.

സർ സി.പിയുടെ കണ്ണിലെ കരടായ ജനാധിപത്യവാദി

1938-ൽ ഹരിപുര സമ്മേളനത്തിലാണ് നാട്ടുരാജ്യങ്ങളിൽ കോൺഗ്രസ് ശക്തമാക്കാൻ തീരുമാനിച്ചതും തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് വന്നതും. പട്ടം, സി.കേശവൻ, ടി.എം.വർഗീസ്, ആനിമസ്‌ക്രീൻ തുടങ്ങിയവർ നേതാക്കൾ. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച തിരുവിതാംകൂർ നിയമസഭ 1948-ൽ നിലവിൽ വന്നപ്പോൾ പട്ടം പ്രധാനമന്ത്രിയാവുകയായിരുന്നു. ഇടക്കാലത്ത് കോൺഗ്രസിൽനിന്നു തെറ്റിയാണ് പി.എസ്‌പി.യിലായത്. സമരങ്ങൾക്കിടെ പലതവണ പട്ടം താണുപിള്ള ജയിലിലും കിടന്നു.

കൊല്ലംങ്കോട്ടു നിന്ന് പട്ടത്തെത്തിയ താണുപിള്ള

കൊല്ലങ്കോട്ടുനിന്ന് തിരുവനന്തപുരം പട്ടത്ത് താമസമാക്കിയ നാണുപി്ള്ള അറിയപ്പെടുന്ന കുടുംബത്തിൽ തന്നെയാണ് വളർന്നത്. പിതാവ് വരദയ്യർ അറിയപ്പെടുന്ന വ്യക്തിത്വം. ഈശ്വരി അമ്മയുടെ മകനായി 1885 ജൂല. 15-ന് ഇദ്ദേഹം ജനിച്ചു. കൊല്ലങ്കോട് മുമ്പ് തെക്കൻ തിരുവിതാംകൂറിൽ ഉൾപ്പെട്ട പ്രദേശമായിരുന്നു അന്ന്. താണുപിള്ളയുടെ വിദ്യാഭ്യാസം തിരുവനന്തപുരത്തായിരുന്നു. 1903-ൽ മെട്രിക്കുലേഷൻ പരീക്ഷ ജയിച്ചു. തുടർന്ന് എഫ്.എ.യ്ക്ക് (ഇന്നത്തെ ഹയർ സെക്കൻഡറിക്കു തുല്യം) ചേർന്നുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം വിദ്യാഭ്യാസം മുടങ്ങി. അല്പകാലം അദ്ധ്യാപകവൃത്തിയിലേർപ്പട്ടശേഷം പഠനം തുടർന്ന ഇദ്ദേഹം 1907-ൽ എഫ്.എ. പരീക്ഷ ജയിച്ചു. രസതന്ത്രം ഐച്ഛികവിഷയമായെടുത്ത് 1909-ൽ ബി.എ. ബിരുദം സമ്പാദിച്ചു.

കുറച്ചുകാലം കൃഷിവകുപ്പിൽ ജോലിനോക്കി. അതിനുശേഷം അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചു. പിന്നീട് നിയമപഠനത്തിനു ചേർന്ന ഇദ്ദേഹം 1917-ൽ ബി.എൽ.ബിരുദമെടുത്തു. തിരുവനന്തപുരത്ത് അഭിഭാഷകവൃത്തിയിൽ ഏർപ്പെടുകയുണ്ടായി. സമർഥനായ അഭിഭാഷകനെന്ന ഖ്യാതി നേടി. 1919-ൽ സുമുഖിയമ്മയെ വിവാഹം കഴിച്ചു. രാഷ്ട്രീയരംഗത്ത് സജീവമായി പ്രവർത്തിച്ചുതുടങ്ങിയ താണുപിള്ള തിരുവനന്തപുരം നഗരസഭയിൽ അംഗമായി. ശ്രീമൂലം പ്രജാസഭയിൽ അംഗമാകാനും ഇദ്ദേഹത്തിനു കഴിഞ്ഞു. ഇതിനിടെ വിദ്യാലയങ്ങളിലെ ഫീസ് വർധിപ്പിച്ചതിനെതിരെ 1922-ൽ ആരംഭിച്ച വിദ്യാർത്ഥി പ്രക്ഷോഭണം അടിച്ചമർത്താൻ ഗവൺമെന്റ് ശ്രമിച്ചു. ദിവാൻ രാഘവയ്യയുടെ ഈ നടപടിയിൽ പ്രതിഷേധിച്ച് താണുപിള്ള സഭാംഗത്വം രാജിവച്ചു. തിരുവിതാംകൂറിലെ രാജഭരണ വ്യവസ്ഥയിലെ ദോഷവശങ്ങൾക്കെതിരെ ഇദ്ദേഹം പൊരുതുകയുണ്ടായി.

1931-ലെ തെരഞ്ഞെടുപ്പിൽ താണുപിള്ളയ്ക്ക് വാശിയേറിയ മത്സരം നേരിടേണ്ടിവന്നു. അന്നാ ചാണ്ടി ആയിരുന്നു എതിർ സ്ഥാനാർത്ഥി. താണുപിള്ള തെരഞ്ഞെടുക്കപ്പെട്ടു. 1934-ൽ ഇദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയാണുണ്ടായത്.938-നു ശേഷമുള്ള ഏതാനും വർഷങ്ങളിൽ താണുപിള്ള ഉത്തരവാദപ്രക്ഷോഭണത്തിലും മറ്റു രാഷ്ട്രീയ പ്രവർത്തനങ്ങളിലും മുഴുകിയിരുന്നു. ഇക്കാലത്ത് അറസ്റ്റും ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പട്ടം താണുപിള്ള, സി.കേശവൻ, ടി.എം.വർഗീസ് എന്നിവർ അക്കാലത്തെ തിരുവിതാംകൂർ രാഷ്ട്രീയത്തിലെ പ്രമുഖരായിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റേയും അറസ്റ്റിന്റേയും മറ്റും പേരിൽ 1939-നു ശേഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ താണുപിള്ളയ്ക്ക് അയോഗ്യത കല്പിച്ചിരുന്നു.

സ്റ്റേറ്റ് കോൺഗ്രസ്സിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന താണുപിള്ള പൗരാവകാശങ്ങളും ഉത്തരവാദപ്രക്ഷോഭവും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി. നിയമസഭാവേദിയിലും ഇദ്ദേഹം ഉത്തരവാദഭരണത്തിനുവേണ്ടി വാദിക്കുകയുണ്ടായി. ദിവാൻ സർ സി.പി.രാമസ്വാമി അയ്യരെ താണുപിള്ള ശക്തമായി എതിർത്തിരുന്നു. നിയമസഭാവേദിയിലെ പ്രഭാഷണവും വാദപ്രതിവാദ സാമർഥ്യവും മുഖേന ഗണനീയനായ പാർലമെന്റേറിയൻ എന്ന ഖ്യാതി ഇദ്ദേഹം സമ്പാദിച്ചു. ഇന്ത്യയുടെ സ്വാതന്ത്യാനന്തരം ഇദ്ദേഹം തിരുവിതാംകൂറിൽ രൂപവത്കരിക്കപ്പെട്ട ഭരണപരിഷ്‌കാര കമ്മിറ്റിയുടെ നേതൃപദവിയിലെത്തി. പിന്നീടുനടന്ന പ്രതിനിധിസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച താണുപിള്ള കോൺഗ്രസ് കക്ഷിയുടെ നേതാവായി.

1948 മാർച്ചിൽ താണുപിള്ള പ്രധാനമന്ത്രിയായുള്ള മൂന്നംഗ ജനകീയ മന്ത്രിസഭ തിരുവിതാംകൂറിൽ അധികാരത്തിൽ വന്നു. മന്ത്രിസഭയുടെ തലവൻ പ്രധാനമന്ത്രി എന്നായിരുന്നു അന്ന് അറിയപ്പെട്ടിരുന്നത്. ടി.എം.വർഗീസും സി.കേശവനും ആയിരുന്നു മറ്റു രണ്ട് മന്ത്രിമാർ. ഈ മന്ത്രിസഭ പിന്നീട് വിപുലീകരിച്ചു. കോൺഗ്രസിൽ അഭിപ്രായവ്യത്യാസം ഉടലെടുത്തതുമൂലം താണുപിള്ളയ്‌ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നതോടെ ഏഴുമാസത്തെ ഭരണത്തിനുശേഷം 1948-ൽ ഇദ്ദേഹം പ്രധാനമന്ത്രിപദം രാജിവച്ചു. ഇതോടെ താണുപിള്ള കോൺഗ്രസ് പാർട്ടിയുമായുള്ള ബന്ധം വിച്ഛേദിക്കുകയാണുണ്ടായത്. പിന്നീടിദ്ദേഹം പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പി.എസ്‌പി.) എന്ന രാഷ്ട്രീയ കക്ഷിയിലാണ് പ്രവർത്തിച്ചത്.

തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരു-കൊച്ചി സംസ്ഥാനം രൂപവത്കൃതമായശേഷം 1954-ലെ തെരഞ്ഞെടുപ്പിനെത്തുടർന്ന് കോൺഗ്രസ്സിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ താണുപിള്ള മുഖ്യമന്ത്രിയായി മന്ത്രിസഭ നിലവിൽ വന്നു. കോൺഗ്രസ് പാർട്ടി പിന്തുണ പിൻവലിച്ചതോടെ 1955 ഫെബ്രുവരിയിൽ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. 1956 ന. 1-ന് തിരുവിതാംകൂറും കൊച്ചിയും മലബാറും ചേർന്ന് കേരള സംസ്ഥാനം രൂപവത്കൃതമായി. 1957-ൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് എതിരായി വിമോചനസമരത്തിന് നേതൃത്വം നല്കിയവരുടെ കൂട്ടത്തിൽ താണുപിള്ളയും ഉൾപ്പെട്ടിരുന്നു. 1960-ൽ കോൺഗ്രസ്സും പി.എസ്‌പി.യും ചേർന്ന് താണുപിള്ള മുഖ്യമന്ത്രിയായുള്ള സംയുക്ത മന്ത്രിസഭ രൂപവത്കരിച്ചു. കോൺഗ്രസ് നേതൃത്വവും താണുപിള്ളയും തമ്മിൽ അഭിപ്രായഭിന്നത ഉണ്ടാവുകയും കോൺഗ്രസ്സിന്റെ കേന്ദ്രനേതൃത്വം ഇടപെട്ട് താണുപിള്ളയെ 1962 സെപ്.-റിൽ പഞ്ചാബ് ഗവർണറായി നിയമിക്കുകയും ചെയ്തു. തുടർന്ന് ആന്ധ്രയിലെ ഗവർണറായും താണുപിള്ള സേവനമനുഷ്ഠിച്ചു. 1968 ഏ.-ലിൽ ഗവർണർ പദവിയിൽ നിന്നു വിരമിച്ചശേഷം തിരുവനന്തപുരത്ത് പട്ടത്തുള്ള വസതിയിൽ വിശ്രമജീവിതം നയിച്ചുപോന്നു. 1970 ജൂല. 26-ന് പട്ടം താണുപിള്ള നിര്യാതനായി.

'സോ കോൾഡ് കോൺഗ്രസ് മാൻ'

കോൺഗ്രസ് നേതാവായിരു പട്ടം താണുപിള്ള തിരുവിതാംകൂർ നിയമസഭയിൽ അംഗമായിരുന്ന കാലം. തിരുവനന്തപുരം നഗരമധ്യത്തിലെ അയ്യങ്കാളി ഹാൾ (പഴയ വിജെടി ഹാൾ) ആയിരുന്നു അസംബ്ലി. അധ്യക്ഷ സ്ഥാനം വഹിക്കുന്നത് അധികാരത്തിന്റെ കേന്ദ്ര സ്ഥാനീയനായ ദിവാൻ സി.പി. രാമസ്വാമി അയ്യർ. പട്ടത്തിന്റെ മുഖ്യ എതിരാളി.പൊലീസ് അതിക്രമത്തിനെതിരെ പട്ടം ആഞ്ഞടിച്ചപ്പോൾ മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തെ 'സോ കോൾഡ് കോൺഗ്രസ് മാൻ' (കോൺഗ്രസുകാരനെന്ന് അറിയപ്പെടുന്ന) എന്നു വിശേഷിപ്പിച്ചു. അതിനെതിരെ പരാതിയുമായി ഏഴുന്നേറ്റപ്പോൾ അധ്യക്ഷനായ ദിവാന്റെ റൂളിങ് വന്നു; 'സോ കോൾഡ് പ്രയോഗത്തിൽ ആക്ഷേപമായൊന്നുമില്ല'.

തന്നെയടിച്ച വടി മനസ്സിൽ കരുതിവച്ച പട്ടം മറുപടി പ്രസംഗത്തിൽ അധ്യക്ഷനെ അഭിസംബോധന ചെയ്തു തുടങ്ങിയതിങ്ങനെ; 'സോ കോൾഡ് ദിവാൻ ഓഫ് ട്രാവൻകൂർ'! 'സോ കോൾഡ് പൊലീസ് കമ്മിഷണർ' എന്നതടക്കം ആ പ്രസംഗത്തിലുടനീളം പട്ടം 'സോ കോൾഡ്' കൊണ്ടു നിറച്ചു. സർവ ശക്തനായിരുന്ന ദിവാനും അനുചരന്മാർക്കും കേട്ടിരിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP