Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്പ്രിൻക്ലറിൽ അന്വേഷണം കൂടിയേ തീരുവെന്ന് യെച്ചൂരി; ഡാറ്റ ചോർന്നുവെങ്കിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും സിപിഎം നിർദ്ദേശം; സ്വർണ്ണ കടത്തിലെ വിവാദത്തിൽ മുഖ്യമന്ത്രിക്ക് എതിരെ പിടിമുറുക്കാൻ പാർട്ടി; ഉപദേശകനായ രാജീവ് സദാനന്ദന് പകരം അന്വേഷണ സമിതിയിലേക്ക് മറ്റൊരു വിശ്വസ്തനെ തേടി പിണറായി; ശിവശങ്കറിനെ കുടുക്കാൻ സ്പ്രിൻക്ലറിലും അന്വേഷണം സജീവമാകും; പഴയ വിശ്വസ്തനെ പിണറായി കൈവിടുമ്പോൾ

സ്പ്രിൻക്ലറിൽ അന്വേഷണം കൂടിയേ തീരുവെന്ന് യെച്ചൂരി; ഡാറ്റ ചോർന്നുവെങ്കിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും സിപിഎം നിർദ്ദേശം; സ്വർണ്ണ കടത്തിലെ വിവാദത്തിൽ മുഖ്യമന്ത്രിക്ക് എതിരെ പിടിമുറുക്കാൻ പാർട്ടി; ഉപദേശകനായ രാജീവ് സദാനന്ദന് പകരം അന്വേഷണ സമിതിയിലേക്ക് മറ്റൊരു വിശ്വസ്തനെ തേടി പിണറായി; ശിവശങ്കറിനെ കുടുക്കാൻ സ്പ്രിൻക്ലറിലും അന്വേഷണം സജീവമാകും; പഴയ വിശ്വസ്തനെ പിണറായി കൈവിടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്പ്രിൻക്ലർ വിവാദം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ പ്രവർത്തനം വീണ്ടും സജീവമാക്കും. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടതായാണ് സൂചന. കരാറിന് പിന്നിൽ കള്ളക്കളികൾ നടന്നിട്ടുണ്ടെങ്കിൽ അത് കണ്ടെത്താനാണ് നിർദ്ദേശം. സ്വർണ്ണ കടത്ത് കേസിലെ പ്രതികളുമായി മുൻ ഐടി സെക്രട്ടറി ശിവശങ്കറിനുള്ള ബന്ധമാണ് ഇതിന് കാരണം. മുഖ്യമന്ത്രിയുടെ സെക്രട്ടറി കൂടിയായിരുന്ന ശിവശങ്കർ താൻ സ്വന്തം ഇഷ്ട പ്രകാരമാണ് കരാർ നടപ്പാക്കിയതെന്ന് വെളിപ്പെടുത്തിയിരുന്നു. കൺസൾട്ടൻസി കരാറുകളിൽ ഗുരുതര പ്രശ്‌നങ്ങൾ പിന്നീട് കണ്ടെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സ്പ്രിൻക്ലറിലെ അന്വേഷണം വേണമെന്ന് സിപിഎം നിർദ്ദേശം

അന്വേഷണത്തിന് രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. ഇതിൽ സമിതി അംഗമായിരുന്ന മുൻ അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ സർക്കാരിന്റെ ഉപദേശകനായതോടെ ഇനി പകരക്കാരനെ നിയോഗിക്കും. ഇതിന് ശേഷം അന്വേഷണം തുടരും. വിവാദ സ്പ്രിൻക്ലർ ഇടപാടിൽ ഏപ്രിൽ 21നാണു കേന്ദ്ര വ്യോമയാന മുൻ സെക്രട്ടറി എം. മാധവൻ നമ്പ്യാർ അധ്യക്ഷനും രാജീവ് സദാനന്ദൻ അംഗവുമായ സമിതിയെ അന്വേഷണത്തിനു ചുമതലപ്പെടുത്തിയത്. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനായിരുന്നു നിർദ്ദേശം. ഇത് അട്ടിമറിക്കപ്പെട്ടു. ശിവശങ്കറായിരുന്നു ഇതിന് പിന്നിൽ.

ഡേറ്റ സൂക്ഷിച്ചിരിക്കുന്നതിന്റെയും കരാർ ഒപ്പിട്ടതിന്റെയും വിശദവിവരങ്ങൾ ലഭിക്കാതായതോടെ സമിതിക്കു കാര്യമായി മുന്നോട്ടു പോകാനായില്ല. ഇതിന് പിന്നിലും ഐടി വകുപ്പിലെ ലോബികളായിരുന്നു. സർക്കാരിനും തുടക്കത്തിൽ ഈ സമിതിയുടെ പ്രവർത്തനത്തിൽ താൽപ്പര്യമില്ലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ ശിവശങ്കർ ഭരിച്ചിരുന്നതു കൊണ്ടായിരുന്നു ഇത്. ശിവശങ്കർ തന്നെയായിരുന്നു പ്രധാനമായും വിവരങ്ങൾ നൽകേണ്ടിയിരുന്നത്. അദ്ദേഹത്തിന്റെ നിസ്സഹകരണമാണു സമിതിക്കു തടസ്സമായത്. എന്നാൽ ഈ തടസ്സമെല്ലാം ഇപ്പോൾ വഴി മാറി. ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സ്പ്രിൻക്ലറിൽ അന്വേഷണം വേണമെന്ന് സിപിഎം ആവശ്യപ്പെടുന്നത്.

തെറ്റുകൾ കണ്ടെത്തി തിരുത്തണമെന്നും ആവശ്യമെങ്കിൽ സ്പ്രിൻക്ലറിൽ അഴിമതി അന്വേഷണം നടത്തണമെന്നുമാണ് സിപിഎം നിലപാട്. കരാറിലെ കുറ്റങ്ങളിൽ എല്ലാം ശിവശങ്കർ പരസ്യ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്ക് പ്രശ്‌നവും ഉണ്ടാകില്ല. ഇത്തരം അന്വേഷണങ്ങളും നടപടികളും എടുത്ത് സർക്കാരിന്റെ വിശ്വാസ്യത വീണ്ടെടുക്കാനാണ് നീക്കം. സ്വർണക്കടത്തുകേസിൽ ശിവശങ്കർ സസ്‌പെൻഷനിലാകുകയും ഐടി വകുപ്പിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ആക്ഷേപങ്ങൾ ഉയരുകയും കൂടി ചെയ്ത സാഹചര്യത്തിൽ സമിതി റിപ്പോർട്ടിനു പ്രാധാന്യം കൂടിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാട് എടുത്തു കഴിഞ്ഞു.

ഈ സാഹചര്യത്തിൽ രജീവ് സദാനന്ദന് പകരക്കാരനെ നിയോഗിക്കും. സമിതി അംഗമായ രാജീവ് സദാനന്ദനു പകരക്കാരനെ എത്രയും വേഗം നിയോഗിക്കണമെന്ന അഭിപ്രായം മാധവൻ നമ്പ്യാർ പ്രകടിപ്പിച്ചുവെന്നു സൂചനയുണ്ട്. ഉയർന്ന സാങ്കേതിക വൈദഗ്ധ്യവും വിശ്വാസ്യതയുമുള്ള ഒരാൾ സമിതി അംഗമാകണമെന്ന അഭിപ്രായമാണ് ഉയർന്നത്. ഐടി, ഇഗവേണൻസ്, സൈബർ നിയമങ്ങളിൽ ഇന്ത്യയിലെ തന്നെ പ്രഗത്ഭരിലൊരാളായ ഗുൽഷൻ റായിയുടെ പേർ ചർച്ചകളിലുണ്ട്.

പ്രധാനമന്ത്രിയുടെ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫിസറായിരുന്ന റായി സൈബർ സുരക്ഷ, സൈബർ നിയമം എന്നിവ സംബന്ധിച്ച ദേശീയ നയരൂപീകരണങ്ങളിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ശിവശങ്കറിനെ മുഖ്യമന്ത്രി കൈവിട്ടുവെങ്കിലും സ്പ്രിൻക്ലർ ഇടപാടിനെ സർക്കാർ ശക്തിയായി ന്യായീകരിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ സർക്കാർ തന്നെ നിയോഗിച്ച സമിതി അതെക്കുറിച്ച് എന്തു പറയുമെന്നതു നിർണ്ണായകമാണ്. ശിവശങ്കറിനെ പൂർണ്ണമായും മുഖ്യമന്ത്രി കൈവിടുന്നതിന്റെ സൂചനകളും പുറത്തു വരുന്നുണ്ട്.

സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് വൻ വിവാദമായതിന് പിന്നാലെ പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിയെ ഒഴിവാക്കുന്നത് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ്. നേരത്തെ ഭരണത്തിൽ പാർട്ടിക്ക് യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. ഡാറ്റാ കൈമാറ്റത്തിലും മറ്റും സിപിഎമ്മിന്റെ കേന്ദ്ര മാർഗ്ഗ രേഖ പോലും തള്ളി കളഞ്ഞു. സ്പ്രിങ്‌ലറിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തീർത്തും അതൃപ്തനായിരുന്നു. പ്രകാശ് കാരാട്ടിനും താൽപ്പര്യക്കുറവുണ്ടായിരുന്നു. എന്നാൽ പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇവർക്ക് അന്ന് കഴിഞ്ഞില്ല. എന്നാൽ കോൺസുലേറ്റ് സ്വർണ്ണ കടത്തിൽ കൂടുതൽ കരുത്താർജ്ജിക്കുകയാണ് സീതാറാം യെച്ചൂരി.

ബംഗാളിലും ത്രിപുരയിലും തുടർച്ചയായ ഭരണം. കേരളത്തിൽ തുടർ ഭരണം. ഇതായിരുന്നു കുറച്ചു കാലം മുമ്പ് സിപിഎമ്മിന്റെ അവസ്ഥ. എന്നാൽ ബംഗാളിലും ത്രിപുരയിലും ഭരണം നഷ്ടമായി. ഇനി കേരളം മാത്രമാണ് പിടിവള്ളി. ഇങ്ങനെ പോയാൽ കേരളത്തിലും ഭരണം നഷ്ടമാകുമെന്ന് യെച്ചൂരി കണക്കുകൂട്ടുന്നു. ഇതോടെ ദേശീയ രാഷ്ട്രീയത്തിൽ തന്നെ സിപിഎം അപ്രസക്തമാകും. രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടേണ്ടി വരും. അതുകൊണ്ട് തന്നെ പിണറായി വിജയനെ നിയന്ത്രിക്കാനും പാർട്ടിക്ക് അതീതമായി മുഖ്യമന്ത്രി വളർന്നാൻ കേരളവും കൈവിടുമെന്ന സംശയം സിപിഎമ്മിനുണ്ട്. അതുകൊണ്ട് കൺസൾട്ടൻസിയിൽ യെച്ചൂരി വാളെടുത്തത്. പി ഡബ്ല്യൂ സിക്കെതിരെ അതിശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ തുടർച്ചയാണ് സ്പിൻക്ലറിലെ ഇടപെടലും.

നേരത്തെ സ്വപ്നാ സുരേഷിന്റെ വ്യാജ രേഖാ കേസു പോലും അന്വേഷിക്കില്ലന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. അതു പറ്റില്ലെന്ന് സിപിഎം നിർദ്ദേശിച്ചു. ഇതോടെയാണ് അന്വേഷണം തുടങ്ങിയത്. ഇതിന് പിന്നാലെയാണ് നേരത്തെ പ്രതിപക്ഷം ആരോപണം ഉന്നയിച്ച ഇ-മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി സ്ഥാനത്ത് നിന്നും പ്രൈസ് വാട്ടർ കൂപ്പറിനെ ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം. ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക് കൺസൾട്ടന്റ് സ്ഥാനത്ത് നിന്ന് നേരത്തെ കമ്പനിയെ ഒഴിവാക്കിയിരുന്നു. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ഉറച്ച നിലപാടാണ് ഇതിന് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP